സിനിമയിലൂടെ സുവിശേഷം പറയുന്ന കപ്പൂച്ചിന്‍ വൈദികന്‍

കീര്‍ത്തി ജേക്കബ്

“വൈദികന്‍ ജനത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരിക്കുകയും സിനിമ ജനത്തിന്റെ പ്രധാന വിനോദങ്ങളിലൊന്നായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ എന്ന നിലയില്‍ ജനത്തിനിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ കഥപറച്ചിലിനെ ഞാനെന്റെ വിളിയ്ക്കുള്ളിലെ വിളിയായി സ്വീകരിച്ചിരിക്കുന്നു” – കത്തോലിക്കാ സഭയിലെ ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ സഭാംഗവും മലയാളത്തില്‍ ഒരു ഫീച്ചര്‍ സിനിമ സംവിധാനം ചെയ്ത ആദ്യ വൈദികനും 44- ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനുമായ ഫാ. റോയ് കാരക്കാട്ടിന്റെ വാക്കുകളാണിത്.

വൈദികജീവിതത്തെക്കുറിച്ചും സിനിമയെ, സുവിശേഷപ്രഘോഷണത്തിനുള്ള മാര്‍ഗ്ഗമായി തിരഞ്ഞെടുത്തതിനെക്കുറിച്ചും ആ തീരുമാനം ശരിവച്ചുകൊണ്ടുള്ള പുരസ്‌കാരലബ്ധിയെക്കുറിച്ചും തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം ലൈഫ്‌ഡേ വായനക്കാരോട് സംസാരിക്കുകയാണ് ഫാ. റോയ് കാരക്കാട്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്…

വൈദികജീവിതത്തിലേയ്ക്കുള്ള കടന്നുവരവ്

വൈദികജീവിതത്തിലേയ്ക്കുള്ളത് ആദ്യ ദൈവവിളിയായും, സിനിമാ മേഖലയിലേയ്ക്കുള്ളത് വിളിക്കുള്ളിലെ വിളിയായുമാണ് ഞാന്‍ കണക്കാക്കുന്നത്. എരുമേലി കൊല്ലമുളയിലാണ് വീട്. ജോസഫ് – അന്നമ്മ ദമ്പതികളുടെ ആറ് ആണ്‍മക്കളില്‍ ഏറ്റവും ഇളയമകനാണ് ഞാന്‍. പ്രാര്‍ത്ഥനയ്ക്കും ആത്മീയകാര്യങ്ങള്‍ക്കും വളരെയധികം പ്രാധാന്യം നല്‍കിയിരുന്ന കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും. കൂടാതെ, എന്റെ ജേഷ്ഠസഹോദരന്‍ വൈദികന്‍ കൂടിയായ സ്ഥിതിയ്ക്ക് എനിക്കും വൈദികജീവിതത്തോടും പ്രത്യേകിച്ച്, ചേട്ടന്‍ അംഗമായിരുന്ന കപ്പൂച്ചിന്‍ സഭയോടും കൂടുതല്‍ ആകര്‍ഷണം തോന്നിയിരുന്നു.

കപ്പൂച്ചിന്‍ സഭാംഗങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിച്ച സന്തോഷവും സമാധാനവും എന്നെ ആകര്‍ഷിച്ചു. സ്‌കൂളില്‍ പഠിക്കുന്ന സമയത്തു തന്നെ അവധിക്കാലങ്ങളില്‍ ദൈവവിളി ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു. പിന്നീട് പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് വീട്ടിലെത്തിയ ഒരു കപ്പൂച്ചിന്‍ അച്ചനോട് ഞാനും അച്ചന്റെ കൂടെ പോരുകയാണ് എന്ന് പറഞ്ഞു. അതായിരുന്നു വൈദികജീവിതത്തിലേയ്ക്കുള്ള കാല്‍വയ്പ്പ്. നിലവില്‍ കോട്ടയം കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് അംഗമാണ്.

പുരസ്‌കാരത്തിനരികെ എത്തിച്ച ‘കാറ്റിനരികെ’

ഞാന്‍ സംവിധാനം ചെയ്ത ‘കാറ്റിനരികെ’ എന്ന ചിത്രത്തിനാണ് 44- ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത്. മലയാളത്തില്‍ ഒരു വൈദികന്‍ സംവിധാനം ചെയ്ത് പൂര്‍ത്തീകരിച്ച ആദ്യ ഫീച്ചര്‍ ഫിലിം എന്ന വിശേഷണവും അതോടെ സിനിമയ്ക്ക് ലഭിച്ചു. അശോകനും സിനി എബ്രഹാമുമാണ് നായികാ-നായകന്മാരായി അഭിനയിച്ചത്.

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അന്യനാട്ടില്‍ എത്തപ്പെടുന്ന ഒരു മലഞ്ചെരുവില്‍ ഒറ്റയ്ക്ക് താമസിക്കുന്ന അപ്പനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അവരുടെ അതിജീവനവുമാണ് കാറ്റിനരികെയുടെ പ്രമേയം. സിനിമയ്ക്ക് കാമറ ചെയ്തിരിക്കുന്നത് ഷിനൂബ് ടി. ചാക്കോയാണ്. സംഗീതം നോബിള്‍ പീറ്ററും എഡിറ്റിംഗ് വര്‍ക്കുകള്‍ വിശാഖ് രാജേന്ദ്രനുമാണ്.

സിനിമാ മേഖലയില്‍ നമ്മുടെ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പുരസ്‌കാരമായ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ആദ്യ സിനിമയ്ക്കു തന്നെ അംഗീകാരം ലഭിച്ചത് കൂടുതല്‍ സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നു. എന്റെ ടീം അംഗങ്ങള്‍ക്കുകൂടി അവകാശപ്പെട്ട അംഗീകരമായതിനാല്‍ അവരും വളരെയധികം സന്തോഷത്തിലാണ്. മേയ് മാസത്തില്‍ സിനിമ റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശമെങ്കിലും കോവിഡ് പ്രതിസന്ധികള്‍ മൂലം സാധിച്ചില്ല. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. സിനിമയ്ക്കു ലഭിച്ച അംഗീകാരം റിലീസിന് ഗുണകരമായി ഭവിക്കും എന്നാണ് പ്രതീക്ഷ.

നന്മയുടെ സന്ദേശം പകരുന്ന സിനിമ

എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടുന്ന സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകളുടെ സഹായസഹകരണങ്ങളോടെയാണ് ‘കാറ്റിനരികെ’ സാധ്യമായത്. നന്മയുടെ സന്ദേശവും ആദര്‍ശങ്ങളുമാണ് ഈ സിനിമ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതും. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളും കാഴ്ചപ്പാടുകളും തിരക്കഥയെ സ്വാധീനിച്ചിട്ടുണ്ട്.

പ്രചോദനമായത് കഥകളോടുള്ള ഇഷ്ടം

ചെറുപ്പം മുതല്‍ തന്നെ കഥകളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കഥ എഴുതാനും കേള്‍ക്കാനും താല്‍പര്യമായിരുന്നു. സ്‌കൂളില്‍ വച്ച് നാടകങ്ങളിലും പങ്കെടുത്തിരുന്നു. സെമിനാരിയില്‍ ചേര്‍ന്നതിനുശേഷവും ആ ഇഷ്ടങ്ങള്‍ക്ക് കുറവു വന്നില്ല. കോളജ് മാഗസിനില്‍ എഴുതിയിരുന്നു. പിന്നീട് ജേര്‍ണലിസം പഠിച്ചു. അസീസി മാസികയുടെ എഡിറ്ററായും ജീവന്‍ ബുക്സിന്റെ മാനേജരായും പ്രവര്‍ത്തിച്ചു.

സിനിമയെക്കുറിച്ച് കൂടുതല്‍ അറിവും ബോധ്യവും ലഭിച്ചത് ചങ്ങനാശേരി മീഡിയ വില്ലേജിലെ ബിരുദാനന്തരബിരുദ പഠനകാലത്താണ്. പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകളും നിര്‍ദ്ദേശങ്ങളും, സിനിമയെ സ്‌നേഹിക്കുന്ന കൂട്ടുകാരെയും ലഭിച്ചതിനുപുറമേ ധാരാളം നല്ല സിനിമകള്‍ കാണാനും അവയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും ഈ കാലഘട്ടത്തില്‍ സാധിച്ചു. പഠനത്തിന്റെ ഭാഗമായും അതിനുശേഷവും ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സ്വന്തമായി സംവിധാനം ചെയ്തു.

അസീസി മാസികയുടെ ജൂബിലിയോടനുബന്ധിച്ച് ചെയ്ത ഒരു ഡോക്യുമെന്ററിയാണ് വഴിത്തിരിവായത്. 2011-ല്‍ പുറത്തിറക്കിയ ‘ദൂത്’ എന്ന സംഗീത ആല്‍ബവും കൂട്ടുകാരോടൊപ്പം ചെയ്ത ‘മൈ ഫാദര്‍’ എന്ന ഷോര്‍ട്ട് ഫിലിമും ശ്രദ്ധേയമായിരുന്നു. അപ്പൂസിന്റെ ചേച്ചി എന്ന ടെലിഫിലിമും തുരുമ്പ് എന്ന ഷോര്‍ട്ട് ഫിലിമും ശാലോം ടിവിയില്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.

മൂന്നാം നാള്‍ എന്ന പേരില്‍ ഏഷ്യാനെറ്റില്‍ ചെയ്ത ടെലിഫിലിമും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ കാലയളവില്‍ത്തന്നെ ഫാ. ബര്‍ക്കുമാന്‍സ് കപ്പൂച്ചിനെക്കുറിച്ചുള്ള നമുക്കൊരു സ്വര്‍ഗ്ഗീയമദ്ധ്യസ്ഥന്‍ എന്ന ഡോക്യുമെന്ററിയും കപ്പൂച്ചിന്‍ സെന്റ് ജോസഫ് പ്രൊവിന്‍സിനെക്കുറിച്ച് The Chosen Ones എന്ന ഡോക്യുമെന്ററിയും ചെയ്തു. 2015-ല്‍ നോഹയുടെ പക്ഷി എന്ന പേരില്‍ ചെറുകഥകളുടെ ഒരു സമാഹാരം ജി. എം. പബ്ലിക്കേഷന്‍സ് പുറത്തിറക്കുകയുമുണ്ടായി. 2018-ല്‍ ഞാന്‍ സംവിധാനം ചെയ്ത ‘ദി ലാസ്റ്റ് ഡ്രോപ്പ്’ എന്ന ഹ്രസ്വചിത്രത്തിന് കല്‍ക്കട്ട രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് ലഭിച്ചു. നിലവില്‍ എംജി യൂണിവേഴ്‌സിറ്റിയില്‍, ഡോ. ജോസ് കെ. മാനുവലിന്റെ കീഴില്‍ സിനിമയില്‍ പിഎച്ച്ഡി ചെയ്യുന്നുമുണ്ട്.

കുഞ്ഞുന്നാള്‍ മുതല്‍ അക്ഷരങ്ങളോടും എഴുത്തിനോടും അവയുടെ ദൃശ്യാവിഷ്‌കാരത്തോടുമുള്ള താല്‍പര്യവും കൗതുകവുമായിരിക്കണം വിളിയ്ക്കുള്ളിലെ വിളിയെ പെട്ടെന്നു തന്നെ തിരിച്ചറിയാനും അതില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനും നിലനില്‍ക്കാനും സഹായിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സിനിമയിലൂടെ സുവിശേഷപ്രഘോണം

സിനിമയിലൂടെ എങ്ങനെ സുവിശേഷപ്രഘോഷണം സാധ്യമാകും എന്ന് തോന്നിയേക്കാം. എന്നാല്‍ ദൈവരാജ്യപ്രഘോഷണത്തിന് സിനിമ മികച്ച മാധ്യമമാണെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. കാരണം, ഒരു വൈദികനെന്ന നിലയില്‍ ഞാന്‍ ചെയ്യുന്ന ഒരു സിനിമയില്‍ എന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും എനിക്ക് വ്യക്തിപരമായി സമൂഹത്തോട് പറയാനുള്ള കാര്യങ്ങളും നല്‍കാനുള്ള സന്ദേശങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. വൈദികജീവിതത്തിന്റെയും സിനിമ എന്ന മാധ്യമത്തിന്റെയും കൈപിടിച്ച് എന്തൊക്കെയോ എനിക്ക് സമൂഹത്തോട് പറയാനുണ്ട് എന്ന് ഉള്ളിലുദിച്ച ബോധ്യവും ഉറപ്പുമാണ് എന്നെ ഈ മേഖലകളില്‍ പിടിച്ചുനിര്‍ത്തുന്നതെന്നും ഞാന്‍ കരുതുന്നു. ഓരോ സിനിമയും ഓരോ സന്ദേശം പകരുന്ന രീതിയില്‍ നന്മയുടെ സുവിശേഷങ്ങള്‍ എനിക്ക് സമൂഹത്തോട് പറയാനുണ്ട്. അത് സിനിമ എന്ന മാധ്യമത്തിലൂടെ സാധിക്കുമെന്ന വിശ്വാസവുമുണ്ട്. അതുകൊണ്ടു തന്നെ രണ്ട് മേഖലയിലും പരിപൂര്‍ണ്ണ സംതൃപ്തനുമാണ്. സഭാധികാരികളുടേയും ഗുരുക്കന്മാരായ വൈദികരുടേയും പിന്തുണയും പ്രോത്സാഹനവും പ്രാര്‍ത്ഥനയുമാണ് ഇതുവരെയുള്ള യാത്രയില്‍ എനിക്ക് കരുത്തും ശക്തിയുമായത്. തുടര്‍ന്നും ദൈവാനുഗ്രഹത്തിന്റെ തണലില്‍ മുന്നോട്ടുതന്നെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് അടിയുറച്ച് വിശ്വസിക്കുന്നു.

കീര്‍ത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.