ട്രംപ് ഭരണകൂടത്തിന്റെ അഭയാര്‍ത്ഥി നയങ്ങള്‍ക്കെതിരെ പ്രതിഷേധം! വൈദികരും സന്യസ്തരും ഉള്‍പ്പെടെ 70 പേര്‍ അറസ്റ്റില്‍

അമേരിക്കയുടെ ദക്ഷിണാതിര്‍ത്തിയില്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രത്യേകിച്ച്, അഭയാര്‍ത്ഥികളായ കുട്ടികളുടെ അറസ്റ്റിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിവന്ന വൈദികരെയും സന്യസ്തരെയും അത്മായരെയും കാപ്പിറ്റല്‍ ഹില്ലിലെ റസല്‍ സെനറ്റ് ബില്‍ഡിംഗില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സമൂഹത്തിലെ അനീതികള്‍ക്കെതിരെ വ്യക്തവും കൃത്യവുമായ പ്രതികരണം നടത്തുന്നതിനും ഇത്തരം പ്രശ്‌നങ്ങളിലേയ്ക്ക് ആഗോളസഭയിലെയും രാജ്യത്തെയും കത്തോലിക്കരുടെ ശ്രദ്ധ പതിപ്പിക്കുന്നതിനും വേണ്ടി, കത്തോലിക്കാ പ്രതിഷേധ ദിനം എന്ന പേരില്‍ നടത്തിവന്ന പ്രതിഷേധയോഗത്തിനിടെയായിരുന്നു അറസ്റ്റ്.

പ്രോലൈഫ് വിഷയങ്ങളിലും കുടിയേറ്റ നയങ്ങളിലും ട്രംപ് ഭരണകൂടത്തിന്റെയും ഇതരപാര്‍ട്ടികളുടെയും പ്രതിനിധികളും അതേസമയം കത്തോലിക്കരുമായവര്‍ വേണ്ട ശ്രദ്ധ ചെലുത്തുമെന്നും ആവശ്യമായ നടിപടികള്‍ എടുക്കുമെന്നും തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സിയുടെ നീതിന്യായ സംഘത്തിലെ അംഗമായ മാഗി കോണ്‍ലി പറയുന്നു.

സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി അംഗങ്ങളെ കൂടാതെ, ബോണ്‍ സെകോഴ്‌സ് സിസ്‌റ്റേഴ്‌സ്, ഗ്രാന്‍ഡ് റാപിഡ്‌സിലെ ഡോമിനിക്കന്‍ സിസ്സറ്റേഴ്‌സ്, ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍ എന്നിവരാണ് പ്രതിഷേധയോഗത്തില്‍ പങ്കെടുത്തത്. മഞ്ഞ ബ്രേസ്ലെറ്റുകളും യുഎസ് കസ്റ്റഡിയില്‍ മരണപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ പതിച്ച വസ്ത്രങ്ങള്‍ ധരിച്ചും, കുരിശിന്റെ ആകൃതിയില്‍ നിലത്ത് കിടന്നുമെല്ലാമായിരുന്നു പ്രതിഷേധം.

തൊണ്ണൂറുകാരിയും സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സിയിലെ അംഗവുമായ സി. പാറ്റ് മുര്‍ഫിയും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അഭയാര്‍ത്ഥി, കുടിയേറ്റ ശുപാര്‍ശകയായി സേവനം ചെയ്യുകയും പതിറ്റാണ്ടുകള്‍, ഇമിഗ്രേഷന്‍ കസ്റ്റംസ് ഓഫീസിന് മുമ്പില്‍ പ്രതിവാര പ്രാര്‍ത്ഥന സംഘടിപ്പിക്കുകയും ചെയ്തുവന്നിരുന്ന വ്യക്തിയായിരുന്നു സി. പാറ്റ്.

മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന രീതിയിലുള്ള നയങ്ങളും നടപടികളുമാണ് അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രത്യേകിച്ച്, അഭയാര്‍ത്ഥികളായ കുട്ടികള്‍ക്കെതിരെ രാജ്യത്ത് നടന്നുവരുന്നതെന്നും മികച്ച ജീവിതം ആഗ്രഹിച്ചെത്തുന്ന അവര്‍ക്ക് പിന്നീട് സംഭവിക്കുന്നത് ഭീതിജനകമായ കാര്യങ്ങളാണെന്നും, മതിലുകള്‍ പണിയുന്നതിനു പകരം നീതിന്യായ വ്യവസ്ഥകളില്‍ അഴിച്ചുപണി നടത്തുകയാണ് ആവശ്യമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത വ്യക്തികള്‍ പറയുന്നു.

ദക്ഷിണാതിര്‍ത്തിയിലൂടെ അഭയം തേടിയെത്തുന്നവര്‍ക്കെതിരെയുള്ള നിയമങ്ങളും നടപടികളും കര്‍ശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ യുഎസ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പരസ്യമായി അപലപിച്ചതിനു പിന്നാലെയാണ് ഇത്തരമൊരു പ്രതിഷേധയോഗം അരങ്ങേറിയത്.

ഭരണകേന്ദ്രങ്ങളുടെ ഇത്തരം നയങ്ങള്‍ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെ മുഴുവനായും നശിപ്പിക്കാന്‍ മാത്രമേ ഉതകൂ എന്ന് കര്‍ദ്ദിനാള്‍ ഡാനിയല്‍ ഡിനാര്‍ദോ അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയങ്ങളില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് രാജ്യത്തെ സഭാനേതാക്കളില്‍ പലരും പ്രസിഡന്റിന് കത്തയയ്ക്കുകയും ചെയ്തിരുന്നു.