രോഗീലേപനത്തിന്റെ കാര്‍മ്മികന്‍

ഫാ. ജോസ് ചിറമേല്‍

ക്രൈസ്തവ വിശ്വാസികള്‍ ഗുരുതരമായ രോഗം മൂലമോ, പ്രായാധിക്യം മൂലമോ മരണം സംഭവി ച്ചേക്കാം എന്ന് കരുതുമ്പോള്‍ അവര്‍ക്ക് നല്കുന്ന കൂദാശയാണല്ലോ രോഗീലേപനം. വൈദികരല്ലാ ത്തവര്‍ക്കു ഈ കൂദാശ പരികര്‍മ്മം ചെയ്യാമോ? വൈദികരെ ലഭിക്കുക അസാധ്യമെങ്കില്‍ ഡീക്ക ന്മാര്‍ക്കോ യോഗ്യരായ അല്മായര്‍ക്കോ ഈ കൂദാശ നല്കാമോ?

അഗസ്റ്റിന്‍ തോമസ്, തൊടുപുഴ

സഭയുടെ ഏഴ് കൂദാശകളില്‍പ്പെട്ട ഒന്നാണ് രോഗീലേപനം. രോഗികളുടെ മേല്‍ വിശുദ്ധതൈലം കൊണ്ട് പൂശുകയും കൈകള്‍വച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്ത് അവരെ സുഖപ്പെടുത്തുക എന്ന അപ്പസ്‌തോലിക പാരമ്പര്യമാണ് സഭ കൂദാശയായി അംഗീകരി ക്കുകയും അനുവര്‍ത്തിച്ചു പോരുകയും ചെയ്യുന്നത്. വൈദികര്‍ മാത്രമാണ് രോഗീലേപനം എന്ന കൂദാശയുടെ കാര്‍മ്മികര്‍. എല്ലാ വൈദികരും ഈ കൂദാശയുടെ കാര്‍മ്മികരാണെങ്കിലും ദൈവജനത്തിന്റെ അജപാലന ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള വൈദികരാണ് ഈ കൂദാശ നല്കുവാന്‍ പ്രത്യേക വിധത്തില്‍ കടപ്പെട്ടിരിക്കുന്നത്. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഏതൊരു വൈദികനും വിശ്വാസി കള്‍ക്ക് രോഗീലേപനം നല്കാവുന്നതാണ്.

ഈ അടുത്തകാലത്ത് രോഗീലേപനം എന്ന കൂദാശയെ സംബന്ധിച്ചുള്ള കത്തോലിക്കാസഭയുടെ പരമ്പരാഗതമായ പ്രബോധനത്തില്‍ നിന്ന് വ്യത്യസ്തമായ ചിന്താഗതികള്‍ കണ്ടുവരുന്നുണ്ട്. അമേരിക്കയിലും ജര്‍മ്മനിയിലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ഈ ചിന്താഗതി വ്യാപകമായി കാണുന്നത്. വൈദികരുടെ ക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളിലാണ് പ്രധാനമായും മേല്പറഞ്ഞ ചിന്താഗതി വളര്‍ന്നുവരുന്നത്. വൈദികക്ഷാമം മൂലം ഡീക്കന്മാരെയോ പരിശീലനം ലഭിച്ച അല്മായരെ യോ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ രോഗീലേപനം എന്ന കൂദാശ വിശ്വാസികള്‍ക്ക് നല്കുവാന്‍ നിയോഗിക്കേണ്ടതാണെന്നാണ് ഇക്കൂട്ടരുടെ വാദം.

വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം (Congregation for the Doctrine of the Faith)) 2005 ഫെബ്രുവരി 11-ാം തീയതി ഇത് സംബന്ധിച്ച് നല്കിയ ഖണ്ഡിതമായ പ്രഖ്യാപനത്തില്‍ വൈദികനോ മെത്രാനോ മാത്രമാണ് രോഗീലേപനം എന്ന കൂദാശയുടെ കാര്‍മ്മികന്‍ എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സഭയുടെ അവിതര്‍ക്കിതമായ പ്രബോധനം (defenitive tenenda)) ആണെന്നും വിശ്വാസകാര്യാലയം അറിയിക്കുകയുണ്ടായി. ലത്തീന്‍ നിയമസംഹിതയിലെ (defenitive tenenda) 1003-ാം കാനോനയും പൗരസ്ത്യ നിയമ സംഹിതയിലെ (Code of Canons of the Eastern Churches) 739-ാം കനോനയും തെന്ത്രോസ് സൂനഹദോസിന്റെ (Sessio XIV, canon 4: DS 1719; Cfr. also the Catechism of the Catholic Church, no. 1516.) ഇതു സംബന്ധിച്ച പ്രബോധനം കൃത്യമായി ആവര്‍ത്തിക്കുകയാണെ ന്നും വിശ്വാസകാര്യാലയത്തിന്റെ പ്രഖ്യാപനത്തില്‍ പറയുന്നു. തന്മൂലം, ഡീക്കന്മാര്‍ക്കോ അല്മായര്‍ക്കോ ഈ കൂദാശ പരികര്‍മ്മം ചെയ്യാന്‍ പാടില്ലെന്നും വൈദികനോ മെത്രാനോ ഒഴികെ ആരെങ്കിലും ഈ കൂദാശ പരികര്‍മ്മം ചെയ്യുന്നത് കൂദാശയുടെ വ്യാജമായ പരികര്‍മ്മമായിരിക്കും (imulation of the Sacrament) അതെ ന്നും വിശ്വാസകാര്യാലയം വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസകാര്യാലയത്തിന്റെ അന്നത്തെ ഫ്രീഫെക്ടറായിരുന്ന കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ (ഇപ്പോഴത്തെ മാര്‍പാപ്പ) ആണ് ഈ പ്രഖ്യാപനത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.

ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ അടുത്തകാലത്ത് വൈദികരുടെ ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ ഉയര്‍ന്നുവന്ന ചിന്താഗതികളേയും വാദമുഖങ്ങളേയും തള്ളിക്കളഞ്ഞുകൊണ്ടാണ് വിശ്വാസകാര്യാലയം സഭയുടെ പരമ്പരാഗതമായ പ്രബോധനം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. മേല്പറഞ്ഞ ചിന്താഗതികള്‍ സഭയുടെ വിശ്വാസത്തിന് കോട്ടം വരുത്തുന്നവയും രോഗിയുടെ ആത്മീയ നന്മയ്ക്ക് ഹാനികരമാകുന്നതുമാണെന്നാണ് വിശ്വാസകാര്യാലയം വിലയിരുത്തിയത്.

1983 -ല്‍ പുറത്തിറക്കിയ ലത്തീന്‍ നിയമസംഹിതയുടെ പരിഷ്‌ക്കരണത്തിന്റെ അവസരത്തില്‍ ഡീക്കന്മാര്‍ക്കും ഈ കൂദാശ പരികര്‍മ്മം ചെയ്യാം എന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്ന നിര്‍ദ്ദേശം ചിലര്‍ ഉന്നയിച്ചെങ്കിലും പ്രസ്തുത നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടില്ല. വിശുദ്ധ യാക്കോബിന്റെ ലേഖനത്തിലെ പ്രദിപാദനവും (യാക്കോ. 5:14-15) രോഗീലേപനം എന്ന കൂദാശയും തമ്മിലുള്ള ബന്ധവും പരിരക്ഷിക്കപ്പെടുന്നതിന്റെ ഭാഗമായിട്ടാണ് നിയമപരി ഷ്‌ക്കരണ സമയത്ത് ഉയര്‍ന്നു വന്ന മേല്പറഞ്ഞ നിര്‍ദ്ദേശം നിരാകരിക്കപ്പെട്ടത്. വിശുദ്ധ യാക്കോബി ന്റെ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു: ”നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ”. ഇവിടെ ശ്രേഷ്ഠന്മാരെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിശ്വാസികളുടെ സമൂഹത്തിലെ പ്രായമായവര്‍ എന്നല്ല; മറിച്ച്, കൈവ യ്പ് വഴി പരിശുദ്ധാത്മാവിനെ സ്വീകരിച്ച് അജപാലന ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടവര്‍ എന്നാണ്.

സഭയിലെ രോഗീലേപനം എന്ന കൂദാശയുടെ വേദ ഗ്രന്ഥാടിസ്ഥാനം വിശുദ്ധ യാക്കോബിന്റെ ലേഖനത്തിലാണ് നാം കാണുന്നത് (5:14-15). ക്രിസ്തീയ ജീവിതത്തെപ്പറ്റിയുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ നല്കിയ ശേഷം യാക്കോബ് രോഗികള്‍ക്കു വേണ്ടിയുള്ളൊരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുകയാണ്: ”നിങ്ങളില്‍ ആരാണ് രോഗിയായിട്ടുള്ളത്? രോഗിയായവന്‍ സഭയിലെ വൈദികരെ വിളിക്കട്ടെ. അവര്‍ അവനെ ദൈവത്തിന്റെ നാമത്തില്‍ തൈലാഭിഷേകം ചെയ്യുകയും അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന വഴി രോഗിക്ക് രോഗശാന്തി ലഭിക്കും. ഒപ്പം രോഗിയുടെ പാപങ്ങള്‍ക്ക് മോചനം ലഭിക്കുകയും ചെയ്യും. വിശുദ്ധ യാക്കോബിന്റെ ലേഖനത്തിലെ പ്രതിപാദ്യം രോഗീലേപനത്തിന്റെ അടിസ്ഥാനമായി സഭ കണക്കാ ക്കിപോന്നു. പിന്നീട് തെന്ത്രോസ് സൂനഹദോസ്സിന്റെ 14-ാം സെക്ഷനിലെ നാലുവരെയുള്ള കാനോനകള്‍ ഈ കൂദാശയ്ക്ക് നിയതമായ രൂപം നല്കുകയു ണ്ടായി. അതനുസരിച്ച് രോഗീലേപനം എന്ന കൂദാശ നല്കുന്നതിനുള്ള വ്യവസ്ഥകള്‍ താഴെപറയുന്ന വയാണ്: 1. Subject: (സ്വീകര്‍ത്താവ്) ഗുരുതരമായ രോഗാവസ്ഥയില്‍ കഴിയുന്നവര്‍; 2. Minister:(കാര്‍മ്മികന്‍) വൈദികര്‍; 3. Matter:(കര്‍മ്മസാധനം) വിശുദ്ധതൈലം കൊണ്ടുള്ള പൂശല്‍; 4. Form: (കര്‍മ്മസ്വരൂപം) വൈദികന്റെ പ്രാര്‍ത്ഥന; 5. Effect: (ഫലം) ദൈവാനുഗ്രഹം, പാപങ്ങളുടെ മോചനം, രോഗശാന്തി.

രോഗീലേപനം എന്ന കൂദാശയെ സംബന്ധിച്ചുള്ള സഭയുടെ ആദ്യത്തെ ആധികാരികരേഖ 416 മാര്‍ച്ച് 19 ന് ഇന്നസെന്റ് ഒന്നാമന്‍ മാര്‍പാപ്പയുടേതായിരുന്നു. വിശുദ്ധ യാക്കോബിന്റെ ലേഖനപ്രകാരം വൈദികര്‍ക്കു മാത്രമേ ഈ കൂദാശയുടെ പരികര്‍മ്മണം പാടുള്ളൂ എന്ന വ്യാഖ്യാനത്തിനെതിരായിട്ടായിരുന്നു മാര്‍പാപ്പയുടെ ഈ രേഖ. വൈദികരും മെത്രാന്മാരും ഈ കൂദാശയുടെ കാര്‍മ്മികരാണെന്ന് മാര്‍പാപ്പ വ്യക്തമാക്കി. ഇന്നസെന്റ് ഒന്നാമന്‍ മാര്‍പാപ്പയുടെ പ്രസ്തുത രേഖ രോഗീലേപനം എന്ന കൂദാശ പരികര്‍മ്മണം ചെയ്യുന്നതിന് അവൈദികരെ നിയമിക്കുന്നതിനുള്ള സാധ്യത തള്ളിക്കളഞ്ഞു. തന്മൂലം, തെന്ത്രോസ് കൗണ്‍സിലിനു മുമ്പും രോഗീലേപനം എന്ന കൂദാശയുടെ കാര്‍മ്മികന്‍ വൈദികന്‍ മാത്രമാ ണെന്ന് തന്നെയാണ് പഠിപ്പിച്ചിരുന്നത്. 1439 ല്‍ ഫ്‌ളോറന്‍സില്‍ കൂടിയ കൗണ്‍സിലും രോഗീലേപനത്തിന്റെ കാര്‍മ്മികന്‍ വൈദികന്‍ മാത്രമാണെന്ന് സംശയാതീതമായി വ്യക്തമാക്കി.

പിന്നീട് സഭയിലെ നവോത്ഥാനവാദികള്‍ (Reformers) രോഗീലേപനം ഒരു കൂദാശയല്ലെന്നും മറിച്ച് മാനു ഷികമായൊരു കണ്ടുപിടുത്തമാണെന്നും വാദിക്കാന്‍ തുടങ്ങി. അവരുടെ അഭിപ്രായത്തില്‍ വി. യാക്കോബിന്റെ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്ന “presbyters” എന്നവാക്ക്‌കൊണ്ട് ഉദ്ദേശിക്കുന്നത് പൗരോഹിത്യം സ്വീകരിച്ച വൈദികര്‍ മാത്രമല്ലെന്നും പ്രായമായവര്‍ (elders) കൂടി ഈ കൂട്ടത്തില്‍ പെടുമെന്നും ഇക്കൂട്ടര്‍ വാദിച്ചു. തന്മൂലം തെന്ത്രോ (Trendo) യില്‍ ചേര്‍ന്ന കൗണ്‍സില്‍ ഇക്കാര്യം സംബന്ധിച്ച് സഭ യുടെ നിലപാട് വ്യക്തമായും സംശയാതീതമായും അവതരിപ്പിക്കുകയുണ്ടായി. മാത്രമല്ല, രോഗീലേപനം സഭയുടെ ഏഴ് കൂദാശകളില്‍ ഒന്നാണെന്നും വൈദികന്‍ മാത്രമാണ് ഈ കൂദാശയുടെ കാര്‍മ്മികന്‍ എന്നു മുള്ള സഭയുടെ പ്രബോധനത്തെ തള്ളിപ്പറഞ്ഞവരെ സഭയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

തെന്ത്രോസ് കൗണ്‍സിലിനുശേഷം 1917 ല്‍ സഭാ നിയമങ്ങള്‍ ആദ്യമായി ക്രോഡീകരിക്കപ്പെട്ട കാലം വരെ ഇതുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന രേഖ കളാണ് ഉണ്ടായിട്ടുള്ളത്. 1742 ലെ ”ഏത്‌സി പാസ് ത്തോറാലീസ് (Etsi pastoralis) എന്ന അപ്പസ്‌തോലിക കോണ്‍സ്റ്റിറ്റിയൂഷനും 1756 ല്‍ ബനഡിക്ട് പതിനാ ലാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച “Ex Quo primum” എന്ന ചാക്രിക ലേഖനവുമായിരുന്നു അവ. സഭാനിയ മങ്ങള്‍ ആദ്യമായി ക്രോഡീകരിക്കപ്പെട്ടത് 1917 ല്‍ ആയിരുന്നുവെന്ന് നാം കാണുകയുണ്ടായി. ലത്തീന്‍ സഭയ്ക്കു വേണ്ടി നിലവില്‍ വന്ന ഈ കാനന്‍ നിയമ സംഹിതയിലെ 938-ാം കാനോനയിലെ ഒന്നാം ഖണ്ഡിക തെന്ത്രോസ് സൂനഹദോസ് രോഗീലേപനം എന്ന കൂദാശയുടെ കാര്‍മ്മികന്‍ ആരാണ് എന്നത് സംബന്ധിച്ച് പഠിപ്പിച്ച അതേകാര്യം തന്നെ ആവര്‍ത്തിച്ചു. അതുതന്നെ 1983 ല്‍ ലത്തീന്‍ നിയമസംഹിത പരിഷ്ക്കരിച്ച് പുറത്തിറക്കിയപ്പോഴും (CIC-1983,c. 1003/1) 1990 ല്‍ പൗരസ്ത്യ നിയമസംഹിത പുറത്തിറക്കിയ പ്പോഴും (CCEO-1990, c. 739/1) ആവര്‍ത്തിക്കുകയാ ണുണ്ടായത്. അതനുസരിച്ച് രോഗീലേപനം എന്ന കൂദാശയുടെ കാര്‍മ്മികന്‍ മെത്രാനോ വൈദികനോ മാത്രമാണ്. ഡീക്കനോ അല്മായനോ ഏതെങ്കിലും സാഹചര്യത്തില്‍ ഈ കൂദാശ പരികര്‍മ്മം ചെയ്യുന്നതി നെപ്പറ്റി യാതൊരു പരാമര്‍ശവും ഇവയിലൊന്നുമില്ല.

സഭയുടെ ഈ പ്രബോധനമനുസരിച്ച് രോഗീലേപനം എന്ന കൂദാശ ഏതെങ്കിലും സാഹചര്യത്തില്‍ ഡീക്കനോ അല്മായനോ പരികര്‍മ്മം ചെയ്യാനിടയാ യാല്‍ ആ കൂദാശ ഒരിക്കലും സാധുവായിരിക്കുകയില്ല. മാത്രമല്ല, ഇക്കൂട്ടരെ സഭാനിയമം അനുസരിച്ച് ശിക്ഷിക്കാവുന്നതുമാണ് (CIC.c.1379). പൗരസ്ത്യ നിയമം നിഷ്‌ക്കര്‍ഷിക്കുന്നതനുസരിച്ച്, വി. കുര്‍ബാനയുടേയോ മറ്റ് കൂദാശകളുടേയോ പരികര്‍മ്മം കപടമായി (simulation) നടത്തുന്നവര്‍ക്ക് വലിയ മഹറോന്‍ ശിക്ഷയോ അനുയോജ്യമായ മറ്റു ശിക്ഷകളോ നല്ക ണമെന്ന് ആവശ്യപ്പെടുന്നുണ്ട് (CCEO.c.1443). ഓര്‍ത്ത ഡോക്‌സ് സഭകളിലും രോഗീലേപനം എന്ന കൂദാശ മെത്രാനോ വൈദികനോ മാത്രമേ പരികര്‍മ്മം ചെയ്യാന്‍ പാടുള്ളൂ.

ഫാ. ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.