വൈദികന് തലതൊട്ടപ്പനാകാമോ?

ഡോ. ജോസ് ചിറമേല്‍

ഡോ. ജോസ് ചിറമേല്‍

എന്റെ കുഞ്ഞിന് മാമ്മോദീസ നല്‍കുന്നത് എന്റെ സഹോദരനായ വൈദികനാണ്. അദ്ദേഹത്തെയാണ് കുഞ്ഞിന്റെ തലതൊട്ടപ്പനായി(godfather) ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതും. മാമ്മോദീസ നല്‍കുന്ന വൈദികന് ശിശുവിന്റെ ജ്ഞാനസ്‌നാനപിതാവ് (godfather) ആകുന്ന തിന് തടസ്സമുണ്ടോ?

ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നതിന് മുമ്പ് മാമ്മോദീസായില്‍ തലതൊടുന്നവരുടെ പ്രാധാന്യവും ദൗത്യവും അവര്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങളും അറിഞ്ഞിരി ക്കേണ്ടത് ആവശ്യമാണ്. ചോദ്യകര്‍ത്താവിന്റെ സംശയത്തിന് ശരി യായ ഉത്തരം കണ്ടുപിടിക്കുവാന്‍ ഈ വസ്തുതകള്‍ സഹായിക്കും.

തലതൊടുന്നവര്‍: അല്‍പം ചരിത്രം

സഭയുടെ ആദ്യനൂറ്റാണ്ടുമുതല്‍ മാമ്മോദീസയ്ക്ക് തലതൊടുന്നവര്‍ (god parents) ഉണ്ടായിരിക്കണമെന്ന പാരമ്പര്യം നിലവിലിരുന്നു. സഭ പ്രത്യേകം നിയോഗിക്കുന്ന വ്യക്തികളുടെ പ്രബോധനങ്ങള്‍ക്കും പരിശീലനത്തിനും ശേഷമാണ് അവരെ ആദ്യകാലങ്ങളില്‍ സഭ യിലേക്ക് സ്വീകരിച്ചിരുന്നത്. ക്രിസ്തുവിന്റെ സഭയ്ക്ക് ആദിമ നൂറ്റാണ്ടുകളില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളും ഭീഷണികളും നിര വധിയാണ്. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ റോമാ സാമ്രാജ്യത്തില്‍ സഭയ്ക്ക് ശക്തമായ മതമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. തന്മൂലം മതപീഡനം ഒഴിവാക്കാനും അവിശ്വാസികള്‍ (pagans) സഭയിലേക്ക് നുഴഞ്ഞു കയറുന്നത് തടയാനും വേണ്ടി മാനസാന്തരപ്പെട്ട് സഭയിലേക്ക് വരുന്നവരെ സ്വീകരിക്കുമ്പോള്‍ ഓരോ അംഗങ്ങള്‍ക്കും ഓരോ സ്‌പോണ്‍സര്‍മാര്‍ ഉണ്ടായിരിക്കണമെന്ന് സഭ നിഷ്‌ക്കര്‍ഷിച്ചു.

സഭാനിയമത്തിന്റെ ലത്തീന്‍ ഭാഷയിലുള്ള ഔദ്യാഗിക ടെക് സ്റ്റില്‍ തലതൊടുന്നവര്‍ക്ക് ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍ ‘Patrinus’ എന്നും “Matrina’ എന്നുമാണ്. ഈ ലത്തീന്‍ പദങ്ങളെ ശരിയായി ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്താല്‍ “godfather’, “godmother'(തലതൊട്ടപ്പന്‍, തലതൊട്ടമ്മ) എന്ന വാക്കുകളാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ സഭാനിയമത്തിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ സ്‌പോണ്‍സര്‍ (Sponsor) എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്.

സ്‌പോണ്‍സര്‍മാരുടെ ദൗത്യങ്ങള്‍

സ്‌പോണ്‍സര്‍മാര്‍ ആകുന്നവര്‍ക്ക് രണ്ട് ദൗത്യങ്ങളാണ് ഉണ്ടായിരുന്നത്:
1. മാനസാന്തരപ്പെട്ട് സഭയില്‍ അംഗങ്ങളാകുന്നവരുടെ സത്യ സന്ധത യഥാര്‍ത്ഥമെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് സഭയെ സംര ക്ഷിക്കുക;
2. സഭയിലേക്ക് പുതുതായി ചേരുന്നവരെ സഹായിക്കുക.
മധ്യശതകംവരെ പ്രായപൂര്‍ത്തിയായവരുടെ മാമ്മോദീസക്കാണ് സഭ ഊന്നല്‍ നല്‍കിയിരിക്കുന്നത്. മാമ്മോദീസയോടൊപ്പം വി.കുര്‍ബാനയും സ്ഥൈര്യലേപനവും നല്‍കിപ്പോന്നു. എന്നാല്‍ തെന്ത്രോസ് സൂനഹദോസ് (1545-1563) മുതല്‍ ശിശുക്കള്‍ക്കും മാമ്മോദീസ നല്‍ കാന്‍ തുടങ്ങി (CCC.403). ശിശു മാമ്മോദീസയില്‍ ശിശുക്കള്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ ശിശുക്കള്‍ക്കുവേണ്ടി വിശ്വാസ സത്യങ്ങള്‍ ഏറ്റുപറയുവാന്‍ സഭ തല തൊടുന്നവരെ നിയോഗിക്കാന്‍ തുടങ്ങി. ശിശുക്കള്‍ക്ക് വിശ്വാസ പരിശീലനം നല്‍കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെടുമ്പോള്‍ ഈ ദൗത്യം നിര്‍വ്വഹിക്കാന്‍ മാമ്മോ ദീസയില്‍ തലതൊടുന്നവര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
സഭാനിയമം വ്യക്തമാക്കുന്നതുപോലെ സഭാധികാരികളുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് വിശ്വാസ പരിശീലനം നല്‍കുകയെന്നത് എല്ലാ ക്രിസ്തീയ വിശ്വാസികളുടെയും ഉത്തരവാദിത്തമാണ് (CCEO.c.624/3; CIC.c.774/1). എന്നിരുന്നാലും ഇടവകയിലെ വിശ്വാസ പരിശീലനത്തിന്റെ ഉത്തരവാദിത്വം പ്രധാനമായും ഇടവക വികാരിക്കാണ്. ഇടവകയുമായി ബന്ധപ്പട്ട എല്ലാവര്‍ക്കും തങ്ങള്‍ക്ക് ആവുന്ന വിധത്തില്‍ ഈ ദൗത്യത്തില്‍ ഇടവക വികാരിയെ സഹായിക്കുവാന്‍ കടമയുണ്ട്. വിശ്വാസ പരിശീലനത്തില്‍ സഹകരിക്കുവാന്‍ സന്ന്യസ്തര്‍ക്കും കടമയുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ രൂപത മെത്രാന് ഇക്കാര്യത്തിനായി സന്യസ്തരുടെ സഹായം ആവശ്യപ്പെടാവുന്നതാണ്. ഇടവക വികാരിമാര്‍ക്കും തങ്ങളുടെ ഇടവകയിലുള്ള സമര്‍പ്പിത ജീവിത സമൂഹാംഗങ്ങളോട് സഹകരണം ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ മറ്റാരേയുംകാള്‍ ഇത് മാതാപിതാക്കളുടെ ഉത്തരവാദിത്വ മാണ്. വാക്കാലും മാതൃകയാലും തങ്ങളുടെ മക്കളെ വിശ്വാസത്തി ലും ക്രിസ്തീയ ജീവിതത്തിലും രൂപപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം കൂടുതലായി മാതാപിതാക്കന്മാര്‍ക്കുണ്ട്. ഇതേ ഉത്തരവാദിത്വം തന്നെ യാണ് മാതാപിതാക്കളുടെ സ്ഥാനം വഹിക്കുന്ന തലതൊടുന്നവര്‍ക്കുമുള്ളത് (CCEO.c. 618; CIC.c.774/2).

തലതൊടുന്നതുവഴി ഉണ്ടാകുന്ന ആത്മീയബന്ധം

മാമ്മോദീസ സ്വീകരിക്കുന്നയാളും മാമ്മോദീസയില്‍ തല തൊടു ന്നവരും തമ്മിലുള്ള ബന്ധത്തെ ഒരു ആത്മീയബന്ധമായാണ് നാം കണക്കാക്കുന്നത്. തന്മൂലം മാമ്മോദീസയില്‍ തല തൊടുന്നവര്‍ക്ക് മാമ്മോദീസ സ്വീകരിച്ചയാളുമായും അയാളുടെ മാതാപിതാക്കളു മായും വിവാഹം സഭ അനുവദിക്കുന്നില്ല. രക്ത ബന്ധത്തേക്കാള്‍ വലിയ ബന്ധമാണല്ലോ ആത്മീയബന്ധം. അതനുസരിച്ച് മാമ്മോദീസ സ്വീകരിക്കുന്നയാളും അയാളുടെ മാതാപിതാക്കളും തലതൊടുന്ന വ്യക്തികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നത് അസാധുവാ ക്കുന്ന ഒരു ആത്മീയബന്ധം മാമ്മോദീസ വഴി ഉളവാകുന്നുവെന്നാണ് പൗരസ്ത്യ നിയമം അനുശാസിക്കുന്നത് (CCEO.c. 811/1). 1917-ലെ ലത്തീന്‍ നിയമസംഹിതയില്‍ മേല്‍പ്പറഞ്ഞ ബന്ധം വിവാഹ തടസ്സമായി ചേര്‍ത്തിരുന്നുവെങ്കിലും 1983-ലെ ലത്തീന്‍ നിമയസംഹിത പ്രസ്തുത തടസ്സം ഉപേക്ഷിക്കുയാണുണ്ടായത്. പൗരസ്ത്യ നിയമസംഹിതയിലും ഇത് വിവാഹതടസ്സമായി ചേര്‍ക്കേണ്ടതില്ലെന്ന് അഭിപ്രായം നിയമസംഹിതയുടെ ക്രോഡീകരണ അവസരത്തില്‍ ഉണ്ടായെങ്കിലും ചില പൗരസ്ത്യസഭകളുടെ ഈ പാരമ്പര്യം മാനിക്കുന്നതിന് വേണ്ടി പൗരസ്ത്യ നിയമസംഹിത ആത്മീയബന്ധം (Spritual Relationship) വിവാഹ തടസ്സമായി നിലനിര്‍ത്തി.

മാമ്മോദീസയുടെ സാധാരണ കാര്‍മ്മികന്‍

പൗരസ്ത്യ സഭകളില്‍ മാമ്മോദീസയുടെ സാധാരണ കാര്‍മ്മികന്‍ മെത്രാനോ, വൈദികനോ മാത്രമാണ്. ഇടവക വികാരിയോ അദ്ദേഹത്തിന്റെ അനുമതിയോടെ മറ്റൊരു വൈദികനോ ആണ് മാമ്മോദീസ പരികര്‍മ്മം ചെയ്യേണ്ടത്. എന്നാല്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഏതൊരു വൈദികനും തനിക്ക് ഇതിനുള്ള അനുവാദം നല്‍കപ്പെടുമെന്ന വിശ്വാസത്തില്‍ മാമ്മോദീസ നല്‍കാവുന്നതാണ് (CCEO.c.677/1). വൈദികരുടെ അഭാവത്തിലും അത്യാവശ്യസന്ദര്‍ഭങ്ങളിലും ഡീക്കനോ ശെമ്മാശന്മാര്‍ക്കോ, സമര്‍പ്പിതജീവിതം നയിക്കുന്നവര്‍ക്കോ അര്‍ത്ഥി യുടെ മാതാപിതാക്കള്‍ക്കോ മാമ്മോദീസ നല്‍കാന്‍ അറിയാവുന്ന ഏതെ ങ്കിലും ക്രൈസ്തവ വിശ്വാസിക്കോ മാമ്മോദീസ നല്‍കാവുന്നതാണ്. (CCEO.c.677/2). ശരീയായ രീതിയില്‍ മാമ്മോദീസ നല്‍കുന്നതിനെപ്പറ്റി ഇടവക വികാരിമാര്‍ ജനങ്ങളെ പഠിപ്പിക്കേണ്ടതാണ്.

ലത്തീന്‍ നിയമസംഹിതയനുസരിച്ച് വൈദികര്‍ക്ക് പുറമേ ഡീക്കനും മാമ്മോദീസയുടെ സാധാരണ കാര്‍മ്മികനായിട്ടാണ് കണക്കാക്കപ്പെടുന്നത് (CIC.c.861/1). 1917-ലെ ലത്തീന്‍ നിയമസംഹിതയില്‍ ഡീക്കന്‍മാരെ മാമ്മോദീസയുടെ സാധാരണ കാര്‍മ്മികരായി കണക്കാക്കിയിരുന്നില്ല (CIC-1917; c.741). രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡീക്കന്‍ സ്ഥാനത്തെ ഹൈരാര്‍ക്കിയിലെ വ്യത്യസ്തവും ശാശ്വതവുമായ ഘടകമായി പുനരുദ്ധരിച്ചതോടെ അവരെ മാമ്മോദീസയുടെ സാധാരണ കാര്‍മ്മികരായി ലത്തീന്‍ സഭ കണക്കാക്കാന്‍ തുടങ്ങി (LG-29). ലത്തീന്‍ നിയമമനുസരിച്ച് അകത്തോലിക്കരേയും അക്രൈസ്തവരെപ്പോലും മാമ്മോദീസയുടെ അസാധാരണ കാര്‍മ്മികരായി കണക്കാക്കുന്നുണ്ട് (CIC.c. 861/2). എന്നിരുന്നാലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ലത്തീന്‍ സഭയിലെ ഡീക്കന്മാര്‍ക്ക് പൗരസ്ത്യസഭയിലെ ശിശുക്കള്‍ക്ക് മാമ്മോദീസ നല്‍കുവാന്‍ പാടുള്ളൂ.

കാരണം അത്തരം സന്ദര്‍ഭങ്ങളില്‍ പൗരസ്ത്യസഭകളില്‍പ്പെട്ടവര്‍ക്ക് ബാധകമായിട്ടുള്ളത് പൗരസ്ത്യനിയമങ്ങളാണ്. അതുകൊണ്ടാണ് പൗരസ്ത്യ നിയമസംഹിതയില്‍ താഴെ പറയും പ്രകാരം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്: തങ്ങളുടെ സ്വയാധികാര സഭയുടെ നിബന്ധനകള്‍ക്കനുസരിച്ച് ദൈവാരാധന നടത്തുന്നതിനും സഭയുടെ പ്രബോധനങ്ങള്‍ക്കനുസൃതമായി തങ്ങളുടെ ആദ്ധ്യാത്മിക ജീവിത രീതി പിഞ്ചെല്ലുന്നതിനും ക്രൈസ്തവ വിശ്വാസികള്‍ക്ക് അവകാശമുണ്ട് (CCEO.c. 17). മാത്രവുമല്ല, തങ്ങള്‍ അംഗങ്ങളായിരിക്കുന്ന സ്വയാധികാരസഭയില്‍പ്പെട്ട സ്വന്തം ഇടവകവികാരിയില്ലാത്ത ക്രൈസ്തവ വിശ്വാസികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍, രൂപതാമെത്രാന്‍ സാധി ക്കുമെങ്കില്‍ അതേ സഭയില്‍പ്പെട്ട ഒരു വൈദികനെ മാമ്മോദീസ പരി കര്‍മ്മം ചെയ്യുവാന്‍ നിയോഗിക്കേണ്ടതാണെന്നും പൗരസ്ത്യനിയമം നിഷ്‌കര്‍ഷിക്കുന്നു (CCEO.c.678/2).

മാമ്മോദീസയുടെ സാധാരണ കാര്‍മ്മികന്‍ മെത്രാനോ, വൈദി കരോ ആണെന്ന് നിഷ്‌ക്കര്‍ഷിക്കുന്നതിന് പൗരസ്ത്യ നിയമസംഹിത യ്ക്കുള്ള മറ്റൊരു കാരണം, പൗരസ്ത്യസഭകളില്‍ മാമ്മോദീസ യോടൊപ്പം സ്ഥൈര്യലേപനവും നല്‍കിവരുന്നുവെന്നതാണ്. പൗര സ്ത്യനിയമമനുസരിച്ച് സ്ഥൈര്യലേപനം മെത്രാനോ, വൈദികനോ മാത്രമേ പരികര്‍മ്മം ചെയ്യാന്‍ പാടുള്ളൂ (CCEO.c.695/1).

കാര്‍മ്മികന് തന്നെ തലതൊട്ടപ്പനും ആകാമോ?

മാമ്മോദീസയില്‍ കാര്‍മ്മികനാകുന്ന വൈദികന് ശിശുവിന്റെ തലതൊട്ടപ്പനും കൂടി ആകാമോ എന്നതാണല്ലോ ഉന്നയിക്കപ്പെട്ട പ്രധാന ചോദ്യം. 1917-ലെ ലത്തീന്‍ നിയമസംഹിതയനുസരിച്ച് പൗരോഹിത്യ പദവിയിലുള്ളവര്‍ക്ക് മാമ്മോദീസയില്‍ തലതൊട്ടപ്പനാകുന്നത് നിയമാനുസൃതമല്ലായിരുന്നു. പൗരോഹിത്യപദവയി ലുള്ളവര്‍ക്ക് മാമ്മോദീസയില്‍ തലതൊട്ടപ്പനാകണമെങ്കില്‍ രൂപതാ മെത്രാന്റെ അനുമതി ആവശ്യമായിരുന്നു. അതുപോലെതന്നെ നൊവീഷ്യേറ്റ് നടത്തുന്നവര്‍ക്കും ഏതെങ്കിലും സന്യാസസഭയില്‍ വ്രതവാഗ് ദാനം നടത്തിയിട്ടുള്ളവര്‍ക്കും മാമ്മോദീസയില്‍ തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആകുന്നത് നിയമാനുസൃതമായി കണക്കാക്കിയിരു ന്നില്ല. മാമ്മോദീസയില്‍ തലതൊടുന്നതിന് ആരും ഇല്ലാതിരിക്കു കയും സന്യാസസമൂഹത്തിന്റെ സ്ഥലത്തെ മേലധികാരിയുടെ അനു വാദം ഉണ്ടായിരിക്കുകയും ചെയ്താലേ ഇക്കൂട്ടര്‍ക്ക് നിയമാനുസൃതം തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആകാന്‍ സാധിക്കുമായിരുന്നുള്ളൂ.

എന്നാല്‍, മാമ്മോദീസയില്‍ തലതൊടുന്നതിന് പൗരോഹിത്യ പദവയിലുള്ളവര്‍ക്കും സന്ന്യസ്തര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ 1983ലെ ലത്തീന്‍ നിയമസംഹിത എടുത്തു കളഞ്ഞു. നിലവിലുള്ള ലത്തീന്‍ നിയമസംഹിതയനുസരിച്ചും പൗരസ്ത്യ നിയമ സംഹിതയനുസരിച്ചും, പൗരോഹിത്യപദവിയിലുള്ളവര്‍ക്കും സന്യസ്തര്‍ക്കും മാമ്മോദീസയില്‍ തലതൊടുന്നതിന് യാതൊരു നിയമ തടസ്സവുമില്ല.

തലതൊടുന്നതിന് എത്ര പേര്‍ വേണം

ലത്തീന്‍ നിയമമനുസരിച്ച് മാമ്മോദീസയില്‍ തലതൊടുന്നതിന് ഒരാളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ് (CIC.c.822).  പൗരസ്ത്യനിയമ സംഹിതയും തലതൊടാനായി ഒരാളെങ്കിലും ഉണ്ടായിരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട് (CCEO.c.684/1). കാനോന്‍ നിയമത്തില്‍ തല തൊടുന്നവര്‍ക്ക് ഉപയോഗിച്ചിരിക്കുന്നത് “Patrinus”, “”matrina” എന്നീ രണ്ട് ലത്തീന്‍ പദങ്ങളാണെന്ന് നാം കാണുകയുണ്ടായി. തന്മൂലം തല തൊടുന്നതിനായി രണ്ടു പേരുണ്ടെങ്കില്‍ ഒരാള്‍ പുരുഷനും മറ്റേയാള്‍ സ്ത്രീയുമായിരിക്കണമെന്ന് ലത്തീന്‍ നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട് (CIC.c.873). എന്നാല്‍ ഇത്തരം നിബന്ധനകളൊന്നും പൗരസ്ത്യ നിയമത്തിലില്ല (CCEO.c. 684/1).

തലതൊടുന്നവരുടെ യോഗ്യതകള്‍

തലതൊടുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകളെപ്പറ്റി ലത്തീന്‍ നിയമത്തിലും പൗരസ്ത്യ നിയമത്തിലും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
1. തലതൊടുന്നയാള്‍ ജ്ഞാനസ്‌നാനാര്‍ത്ഥിയോ അയാളുടെ മാതാപിതാക്കളോ രക്ഷകര്‍ത്താക്കളോ, അങ്ങനെ ആരുമില്ലെങ്കില്‍ ഇടവക വൈദികനോ, മാമ്മോദീസയുടെ കാര്‍മ്മികനോ നിയോഗിച്ച വ്യക്തിയായിരിക്കണം;
2. തലതൊടുന്നവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന് സഭ നിശ്ചയിച്ചിരിക്കുന്ന പ്രായമുണ്ടായിരിക്കുകയും വിശ്വാസത്തിനും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വത്തിനും അനുസൃതമായ ജീവിതം നയി ക്കുന്ന ആളുമായിരിക്കണം. ലത്തീന്‍ നിയമമനുസരിച്ച് തലതൊടുന്നവര്‍ക്ക് 16 വയസ്സെങ്കിലും പൂര്‍ത്തിയായിരിക്കണമെന്നാണ് നിഷ് ക്കര്‍ഷിച്ചിരിക്കുന്നത് (CIC.c.874/1,2). എന്നിരുന്നാലും രൂപതാമെത്രാന് തന്റെ രൂപതയില്‍ മറ്റൊരു പ്രായപരിധി നിശ്ചയിക്കാവുന്നതാണ്. എന്നാല്‍ പൗരസ്ത്യ നിയമസംഹിതയില്‍ ഇക്കാര്യം ഓരോ സ്വയാധി കാരസഭയുടേയും പ്രത്യേക നിയമത്തിന് വിട്ടിരിക്കുകയാണ്. അത നുസരിച്ച്, സീറോമലബാര്‍ സഭയുടെ പ്രത്യേക നിയമത്തില്‍ മാമ്മോ ദീസായില്‍ തലതൊടുന്നവര്‍ക്ക് 18 വയസ്സ് തികഞ്ഞിരിക്കണമെന്നാണ് നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്;
3. തലതൊടുന്നയാള്‍ കത്തോലിക്ക സഭാംഗമായിരിക്കണം. സ്ഥൈര്യലേപനവും വി.കുര്‍ബാനയും സ്വീകരിച്ചിട്ടുള്ളയാളുമാ യിരിക്കണം (CCEO.c.685/1,1; CIC.c.874/1,3);

4. മഹറോന്‍ ശിക്ഷ, സസ് പെന്‍ഷന്‍, നീക്കം ചെയ്യല്‍ അല്ലെങ്കില്‍ തലതൊടുന്നതിനുള്ള അവ കാശം എടുത്തുകളയല്‍ എന്നീ ശിക്ഷകള്‍ ഇല്ലാത്ത ആളായിരിക്കണം;

5. മാമ്മോദീസ സ്വീകരിക്കുന്നയാളുടെ മാതാവോ, പിതാവോ വിവാഹപങ്കാളിയോ ആകരുത്;

6. പൗരസ്ത്യ അകത്തോലിക്കര്‍ക്ക് കത്തോലിക്കാ വിശ്വാസിയോടൊപ്പം തലതൊട്ടപ്പനോ, തലതൊട്ടമ്മയോ ആകാന്‍ അനുവാദമുണ്ട്.

അകത്തോലിക്കര്‍ തലതൊടുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

അകത്തോലിക്കരെ തലതൊടാന്‍ അനുവദിക്കുന്ന കാര്യത്തിലും പൗരസ്ത്യനിയമവും ലത്തീന്‍നിയമവും തമ്മില്‍ വ്യത്യാസമുണ്ട്. പൗരസ്ത്യനിയമമനുസരിച്ച് അകത്തോലിക്കരെ തലതൊടുന്നവരായി എടുക്കണമെങ്കില്‍ തക്കതായ കാരണവുമുണ്ടായിരിക്കണം. മാത്രവു മല്ല, പൗരസ്ത്യ അകത്തോലിക്കാ സഭാംഗത്തെ മാത്രമേ ഇപ്രകാരം അനുവദിക്കുകയുള്ളൂ (CCEO.c. 685/3). എന്നാല്‍ ലത്തീന്‍ നിയമത്തില്‍ ഇത്തരം വ്യവസ്ഥകളൊന്നും തന്നെ കൊടുത്തിട്ടില്ല. അകത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവരായിരുന്നാല്‍ മാത്രം മതി. മാത്രവുമല്ല, ലത്തീന്‍ നിയമം ഇത്തരം സാഹചര്യങ്ങളില്‍ കത്തോലിക്ക സഭാംഗത്തോ ടൊപ്പം തലതൊടുന്ന അകത്തോലിക്ക സഭാംഗത്തെ ഒരു സാക്ഷി യായി മാത്രം പരിഗണിക്കുമ്പോള്‍ പൗരസ്ത്യനിയമം കത്തോലിക്ക സഭാംഗത്തോടൊപ്പം തലതൊടുന്ന പൗരസ്ത്യ അകത്തോലിക്ക സഭാംഗത്തെ തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആയിട്ടാണ് പരി ഗണിക്കുന്നത് (CCEO.c.685/3).

തലതൊടാന്‍ അസ്വീകാര്യരായവര്‍

മാമ്മോദീസ സ്വീകരിച്ചിട്ടുണ്ടെങ്കിലും വിശ്വാസപരമായ ജീവിതം നയിക്കാത്തവരേയും സഭ അംഗീകരിക്കാത്ത വിവാഹബന്ധത്തില്‍ കഴിയുന്നവരേയും മറ്റും തലതൊടുന്നവരായി നിയോഗിക്കുന്നതു ശരിയല്ല. സഭാപ്രബോധനങ്ങള്‍ക്കനുസൃതമായി ജീവിക്കാത്തവര്‍ എങ്ങനെയാണ് തലതൊടുന്നവരെന്ന നിലയില്‍ മാമ്മോദീസ സ്വീകരിച്ച ശിശുക്കളെ സഭാപ്രബോധനങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ സഹായിക്കുക എന്നത് ന്യായമായ സംശയം മാത്രമാണ്. തന്മൂലം യഥാര്‍ത്ഥമായ വിശ്വാസജീവിതം നയിക്കുന്ന കത്തോലിക്കരെ വേണം ജ്ഞാനസ്‌നാനപിതാക്കളായി തെരഞ്ഞെടുക്കേണ്ടത്. മാമ്മോദീസ സ്വീകരിക്കുന്ന ശിശുവിന്റെ ബന്ധുക്കളെയോ മുത്തശ്ശന്മാരെ യോ മുത്തശ്ശിമാരെയോ (grand parents)  ഒക്കെ ഇതിനായി പരിഗണിക്കാ വുന്നതാണ്. ജ്ഞാനസ്‌നാന മാതാപിതാക്കളാകാന്‍ ശുപാര്‍ശ നല്‍കു മ്പോള്‍ ഇടവക വികാരിയും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

തലതൊടുന്നവരുടെ ദൗത്യങ്ങള്‍

ശിശുമാമ്മോദീസയെ സംബന്ധിക്കുന്ന അനുഷ്ഠാന ക്രമത്തില്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് താഴെ വിവരിക്കുന്ന മൂന്ന് ദൗത്യങ്ങളാണ് തലതൊടുന്നവര്‍ക്ക് നിര്‍വ്വഹിക്കാനുള്ളത്.
1. മാമ്മോദീസ സ്വകരിക്കുന്ന ശിശുവിന്റെ ക്രൈസ്തവ മാതാ പിതാക്കളെന്ന നിലയില്‍ ശിശുവിനോടുള്ള അവരുടെ ദൗത്യം നിര്‍വ്വഹിക്കാന്‍ സഹായിക്കുക;

2. ശിശുവിന്റെ വിശ്വാസത്തിലുള്ള വളര്‍ച്ചയില്‍ മാതാപിതാക്കളോടൊപ്പം പങ്കുചേരുക;

3. ശിശുവിന് മാമ്മോദീസ നല്‍കണമെന്ന് ശിശുവിന്റെ മാതാപിതാക്കളോടൊപ്പം ആവശ്യപ്പെടുക.

ശിശുവിന് മാമ്മോദീസ നല്‍കുന്ന വൈദികന്‍ തന്നെയാണ് ശിശുവിന്റെ തലതൊട്ടപ്പനാകുന്നതെങ്കില്‍ അദ്ദേഹത്തിനും മേല്‍ പ്പറഞ്ഞ മൂന്ന് ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാവുന്നതേയുള്ളൂ. കാര്‍മ്മികന്‍ മാമ്മോദീസയുടെ അവസരത്തില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തലതൊട്ടമ്മയോടൊപ്പം ചേര്‍ന്ന് അദ്ദേഹത്തിനും ഉത്തരങ്ങള്‍ നല്‍കാ വുന്നതാണ്. മാമ്മോദീസയില്‍ കാര്‍മ്മികന്റേയും തല തൊടുന്നവരു ടേയും ദൗത്യങ്ങള്‍ വ്യത്യസ്തങ്ങളാണെങ്കിലും അവ പരസ്പരം പൊരുത്തപ്പെടാത്തവയല്ല. കൂദാശ പരികര്‍മ്മം ചെയ്യുന്ന വൈദികന്‍ തലതൊട്ടപ്പന്‍കൂടിയാകുന്നത് ഒരു വിധത്തിലും കൂദാശയുടെ പരികര്‍ മ്മത്തെ ബാധിക്കുകയുമില്ല.

തലതൊടുന്നവരുടെ പ്രധാനപ്പെട്ട ദൗത്യം മാമ്മോദീസയ്ക്കു ശേഷം

മാമ്മോദീസ സ്വീകരിക്കുന്ന ശിശുവിന്റെ നേര്‍ക്കുള്ള തലതൊ ടുന്നവരുടെ പ്രധാനപ്പെട്ട ദൗത്യം മാമ്മോദീസയ്ക്കു ശേഷമാണ് നിര്‍വ്വഹിക്കപ്പെടേണ്ടത്. മാമ്മോദീസ സ്വീകരിച്ചയാള്‍ മാമ്മോദീസയ്ക്ക് യോജിച്ച ക്രിസ്തീയ ജീവിതം നയിക്കുവാനും അതിന് അനുയോജ്യമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും തലതൊടുന്നവര്‍ സഹായിക്കണം. ഈ ദൗത്യങ്ങള്‍ വൈദികനും നിര്‍വ്വഹിക്കാനാവും. തന്മൂലം മാമ്മോദീസയുടെ കാര്‍മ്മികനായ വൈദികനോ മറ്റ് വൈദികര്‍ക്കോ മാമ്മോദീസയില്‍ തലതൊട്ടപ്പനാകുന്നതിന് കാനോനിക തടസ്സങ്ങളില്ല.

ഡോ. ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.