മാമ്മോദീസ നിഷേധിക്കാമോ

ഫാ. ജോസ് ചിറമേല്‍

ഒരു വ്യക്തിയുടെ കത്തോലിക്കാ വിശ്വാസവും, കൂദാശയുടെ സ്വീകരണം ആവശ്യപ്പെടുന്ന പ്രതിബദ്ധതയും എങ്ങനെ കാണണമെന്നതാണ്.
സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതും കാനോനികവും ദൈവശാസ്ത്ര പരവുമായ ഒരു ചോദ്യമാണിത്. ഇതിന് ലേഖനത്തിന്റെ പരിമിതമായ താളുകളില്‍ വിശദമായൊരു പ്രതിപാദനം സാദ്ധ്യമല്ല. എങ്കിലും ഏതാനും സഭാനിയമതത്വങ്ങള്‍ ഇവിടെ മനസ്സിലാക്കുന്നത് ചോദ്യത്തിലെ നിയമവശങ്ങള്‍ ഗ്രഹിക്കുവാന്‍ സഹായിക്കും.

ചില സഭാനിയമ തത്വങ്ങള്‍

തങ്ങളുടെ ഇടയന്മാരില്‍ നിന്ന് ആദ്ധ്യാത്മിക ജീവിതത്തിന്റെ വിജയത്തിന് ആവശ്യമായ സഹായം, പ്രത്യേകിച്ച് ദൈവവചനവും കൂദാശകളും സഭയുടെ ഇടയന്മാരിലൂടെ ലഭിക്കുവാന്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്ന് സഭാനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (CCEO.c.16;CIC.c.213). മാമ്മോദീസയുടെ സ്വീകരണം വഴിയാണ് ഒരാള്‍ക്ക് സഭയില്‍ അവകാശങ്ങളും ഉത്തരവാദിത്വവും ലഭി ക്കുന്നത്. കൂദാശകള്‍ സ്വീകരിക്കുക ക്രൈസ്തവരുടെ അവകാശമായതുകൊണ്ട് ശരിയായ ഒരുക്കത്തോടെ കൂദാശകള്‍ ആവശ്യപ്പെടുന്ന വിശ്വാസികള്‍ക്ക് അവ ലഭ്യമാക്കാന്‍ വൈദികര്‍ക്ക് കടമയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ കൂദാശകള്‍ നിരസിക്കുവാന്‍ പാടില്ല.

കൂദാശ സ്വീകരണത്തിന് വേണ്ട മനോഭാവം

കൂദാശ സ്വീകരിക്കുവാന്‍ വരുന്ന വ്യക്തിക്ക് അതിനുവേണ്ട ശരിയായ മനോഭാവം ഉണ്ടാകണമെന്നും സഭാനിയമത്തിന്റെ തടസ്സം ഉണ്ടാകരുതെന്നും മാത്രമേ നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളൂ (CCEO.c.381/2; CIC.c.843/1). കൂദാശ സ്വീകരിക്കുന്നതിന് ആവശ്യമായ ശരിയായ മനോഭാവം എന്നു പറയുമ്പോള്‍ കൂദാശയിലുള്ള വിശ്വാസവും കൂദാശ സ്വീകരിക്കാനുള്ള തീരുമാനവും ഉണ്ടായിരിക്കണമെന്ന് വ്യക്തമാണല്ലോ. അവരുടെ വിശ്വാസത്തിന്റെ അളവ് പരിശോധിച്ച ശേഷമേ കൂദാശ നല്‍കാവൂ എന്ന് നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടില്ല.
വിശ്വാസികള്‍ക്ക് പരിശീലനം നല്‍കേണ്ടത് സഭയിലെ പുരോഹിത ശുശ്രൂഷികളുടേയും വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവ രുടേയും വിശ്വാസികളുടെ സമൂഹത്തിന്റേയുമൊക്കെ ഉത്തരവാദിത്വമാണ്. കൂദാശ സ്വീകരിക്കുന്ന വ്യക്തി തന്റെ വിശ്വാസം പ്രകടിപ്പി ക്കണമെന്നുള്ളതല്ല സഭാനിയമത്തിന്റെ ചൈതന്യം. ലത്തീന്‍ നിയമ സംഹിതയിലെ 836-ാം കാനോനയില്‍ പറയുന്നതുപോലെ, വിശ്വാസത്തെ ശ്രദ്ധാപൂര്‍വ്വം വളര്‍ത്തേണ്ടതും, പരിപോഷിപ്പിക്കേണ്ടതും, പുരോഹിത ശുശ്രൂഷികളുടേയും ആത്മാക്കളുടെ രക്ഷയില്‍ താല്‍പര്യമുള്ളവരുടേയും കടമയാണ്. ദൈവവചനത്തിലൂടെയാണ് വിശ്വാസം ഉണ്ടാകുന്നതും പരിപോഷിപ്പിക്കപ്പെടുന്നതും. വീണ്ടും, ലത്തീന്‍ നിയമ സംഹിതയില്‍ പറയുന്നതുപോലെ പുരോഹിത ശുശ്രൂഷികള്‍ക്കും ദൈവജനത്തിന് മൊത്തത്തിലും, കൂദാശ സ്വീകരിക്കുവാന്‍ വരു ന്നവര്‍, സ്വീകരണത്തിനാവശ്യമായ ഒരുക്കത്തോടും, ശരിയായ പരി ശീലനത്തിന് ശേഷവുമാണ് വരുന്നതെന്ന് ഉറപ്പുവരുത്തുവാന്‍ കടമയുണ്ട് (CIC.c.843/2).

ക്രൈസ്തവ വിശ്വാസികള്‍ക്ക് സഭയുടെ ആദ്ധ്യാത്മിക സമ്പ ത്തില്‍ നിന്നും, പ്രത്യേകിച്ച് ദൈവവചനത്തില്‍ നിന്നും കൂദാശകളില്‍ നിന്നും സഭയുടെ ഇടയന്മാരിലൂടെ സഹായം ലഭിക്കുവാന്‍ അവകാശമുണ്ടെന്ന് നാം കാണുകയുണ്ടായല്ലോ (CCEO.c.16; CIC.c. 213). ഗൗരവമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിശ്വാസി കളുടെ ഈ അവകാശം നിഷേധിക്കുവാനോ ഇക്കാര്യത്തില്‍ കാലതാമസം ഉളവാക്കാനോ സാധിക്കുകയുള്ളൂ. സഭാനിയമത്തിന്റെ ചൈ തന്യം ഉള്‍ക്കൊണ്ട് പുരോഹിത ശുശ്രൂഷികളും വിശ്വാസപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ദൈവവചനത്താല്‍ വിശ്വാസത്തെ പരിപോഷിപ്പിക്കുന്ന തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയാല്‍ മറ്റെല്ലാം ദൈവനിശ്ചയത്തിന് വിട്ട് കൊടുക്കാവുന്നതേയുള്ളൂ. കൂദാശയിലൂടെ സംലബ്ധമാകുന്ന ദൈവവരപ്രസാദം കൂദാശ സ്വീകരിക്കുന്ന വ്യക്തിയുടെ വിശ്വാസത്തേയും മനോഭാവത്തേയും ആശ്രയിച്ചാണിരിക്കുന്നത്. മാനുഷിക വീക്ഷണത്തില്‍ അയോഗ്യരെന്ന് തോന്നുന്നവരിലും ദൈവകൃപ പ്രവര്‍ത്തിക്കുമെന്ന തിരിച്ചറിവ് ഉണ്ടായിരിക്കേണ്ടതാണ്.

2. ദേവാലയത്തില്‍ പോകാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്ക് മാമ്മോദീസ നല്‍കാമോ?
ദേവാലയത്തില്‍ പോകാത്തവരോ വളരെ വിരളമായി മാത്രം പോകുന്നവരോ ആയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് മാമ്മോദീസ നല്‍കാമോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ഇത്തരക്കാരുടെ കുട്ടികള്‍ക്കും മാമ്മോദീസ നല്‍കണം. മാമ്മോദീസ സ്വീകരിക്കുന്ന കുട്ടി കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ന്ന് വരാനുള്ള സാദ്ധ്യതയില്ലെന്ന് ഉറപ്പുള്ളപ്പോള്‍ മാത്രമേ മാമ്മോദീസ നിഷേധിക്കാന്‍ പാടുള്ളൂ. ഇത് സംബന്ധിച്ച് സഭാ നിയമം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ശിശുവിനെ കത്തോലിക്കാ സഭയില്‍ വളര്‍ത്തിക്കൊണ്ടുവരാമെന്നുള്ള പ്രതീക്ഷ ഉണ്ടായിരിക്കണം. അപ്രകാരമുള്ള പ്രതീക്ഷ ഇല്ലെങ്കില്‍ പ്രാദേശിക നിയമത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാമ്മോദീസ നീട്ടി വയ്ക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ മാമ്മോദീസ നീട്ടി വയ്ക്കാനുള്ള കാരണങ്ങള്‍ ബന്ധപ്പെട്ടവര്‍ മാതാപിതാക്കളെ അറിയിക്കുകയും വേണം (CCEO.c. 681/1; CIC.c.868/1,2).

ശിശുക്കള്‍ക്ക് മാമ്മോദീസ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍

ശിശുക്കള്‍ക്ക് നിയമാനുസൃതം മാമ്മോദീസ നല്‍കുന്നതിന് പൗരസ്ത്യ-ലത്തീന്‍ നിയമസംഹിതകള്‍ ചില വ്യവസ്ഥകള്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്:
ശിശു കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തപ്പെടുമെന്ന ന്യായമായ പ്രതീക്ഷയുണ്ടായിരിക്കണം (CCEO.c.681/1;CIC.c.868/1). ഇത്തരമൊരു പ്രതീക്ഷയ്ക്ക് യാതൊരു സാദ്ധ്യതയുമില്ലെങ്കില്‍ ഓരോ സഭയുടേയും പ്രത്യേക നിയമത്തിന് വിധേയമായി മാമ്മോദീസ നീട്ടി വയ്ക്കാവുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ നീട്ടിവയ്ക്കാനുള്ള കാരണം ബന്ധപ്പെട്ട മാതാപിതാക്കളെ അറിയിക്കുകയും വേണം. തങ്ങളുടെ കുട്ടിക്ക് മാമ്മോദീസ നല്‍കണമെന്ന് ആവശ്യപ്പെട്ടുവരുന്ന ചെറുപ്പക്കാരായ മാതാപിതാക്കള്‍ പലപ്പോഴും ഇടവകയിലെ ‘ആത്മ സ്ഥിതി പുസ്തകത്തില്‍’ ഇടവകാംഗമായി രജിസ്റ്റര്‍ ചെയ്യാത്തവരും ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കാത്തവരുമാകാം. എന്നാല്‍ ഇവരുടെ ശിശുവിന് മാമ്മോദീസ നീട്ടിവയ്ക്കുവാന്‍ മേല്‍പ്പറഞ്ഞവ മതിയായ കാരണങ്ങളല്ല. മാമ്മോദീസയ്ക്കായി നടത്തുന്ന ഒരുക്ക ങ്ങളും മാമ്മോദീസ എന്ന കൂദാശയുടെ പരികര്‍മ്മവും കുട്ടിയുടെ മാതാപിതാക്കളെ ബോധവല്‍ക്കരിക്കാനും, ക്രൈസ്തവരെന്ന നിലയിലും മാതാപിതാക്കളെന്ന നിലയിലുമുള്ള അവരുടെ ഉത്തരവാദിത്വ ങ്ങളെപ്പറ്റി അവരെ ഓര്‍മ്മിപ്പിക്കുവാനും ലഭിക്കുന്ന ഏറ്റവും അനുയോജ്യമായ അവസരമായി ഇതിനെ കാണണം. ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിക്കുന്നതും ഇടവക ആത്മസ്ഥിതി പുസ്തകത്തില്‍ ഇടവകാംഗമായി രജിസ്റ്റര്‍ ചെയ്യുന്നതുമല്ലല്ലോ ശിശുവിന് മാമ്മോദീസ നല്‍കുന്നതിന് ആവശ്യമായ കാര്യങ്ങള്‍. മാതാപിതാക്കള്‍ കത്തോലിക്കാ വിശ്വാസത്തില്‍ ജീവിച്ചു കൊള്ളാമെന്ന് ഒരു ഉറപ്പ് അവരില്‍ നിന്ന് വാങ്ങുന്നതുകൊണ്ടും പ്രയോജനമില്ല. ശിശുവിന്റെ മാതാപിതാക്കളെ സ്‌നേഹപൂര്‍വ്വം ക്ഷണിച്ച് മാമ്മോദീസയെപ്പറ്റിയും, ശിശുവിനെ കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാ ക്കള്‍ക്കുള്ള ഉത്തരവാദിത്വത്തെപ്പറ്റിയും അവരെ ബോധവാന്മാരാ ക്കുകയെന്നതാണ് ശരിയായ അജപാലന സമീപനം. ഇതുവഴി തങ്ങ ളുടെ കുട്ടികള്‍ക്കുവേണ്ടി വിശ്വാസത്തിന്റെ ഏറ്റവും നല്ല മാതൃക കളായി ജീവിക്കണമെന്ന ബോദ്ധ്യത്തിലേക്ക് വളരാനും അവര്‍ക്ക് കഴിയും. നിര്‍ബന്ധിതമായ മാനസാന്തരം കൊണ്ട് പ്രയോജനമില്ലെന്ന് നാം ഓര്‍മ്മിക്കണം.

മാമ്മോദീസ നീട്ടിവയ്ക്കാനുള്ള സാഹചര്യം

ശിശു കത്തോലിക്കാ വിശ്വാസത്തില്‍ വളരില്ലായെന്ന് ബോദ്ധ്യ മുള്ളപ്പോള്‍ മാമ്മോദീസ നീട്ടിവയ്ക്കാമെന്ന് വ്യക്തമാണ്. രണ്ട് ഉദാഹരണങ്ങള്‍ നോക്കുക:
1. അകത്തോലിക്കരായ മാതാപിതാക്കള്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന തൊട്ടടുത്തുള്ള കത്തോലിക്കാ സ്‌കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്നതിനുവേണ്ടി മാത്രം തങ്ങളുടെ കുട്ടിക്ക് മാമ്മോദീസ നല്‍കാനാഗ്രഹിക്കുന്നു.
2. സഭയുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന കത്തോലിക്കരായ മാതാപിതാക്കള്‍, ശിശുവിനെ കത്തോലിക്കാവിശ്വാസ ത്തില്‍ വളര്‍ത്തുമെന്ന് ഉറപ്പുനല്‍കാന്‍ തയ്യാറല്ല. ശിശു പ്രായപൂര്‍ത്തി യാകുമ്പോള്‍ വിശ്വാസത്തില്‍ ജീവിക്കണമോയെന്ന് സ്വയം തീരുമാനിക്കട്ടെയെന്നാണ് അവരുടെ നിലപാട്. വൃദ്ധരായ തങ്ങളുടെ മാതാപിതാക്കളെ തൃപ്തിപ്പെടുത്താനാണ് ഇവര്‍ കുട്ടിയുടെ മാമ്മോദീസ ആവശ്യപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കളിലാരെങ്കിലും ശിശു കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്തപ്പെടുമെന്നുറപ്പ് നല്‍കുന്നതു വരേയോ മറ്റൊരാളെ ശിശുവിന്റെ കത്തോലിക്കാ വിശ്വാസത്തിലുള്ള വളര്‍ച്ചയ്ക്ക് സഹായിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അനുവദിക്കുന്നതുവരേയോ മാമ്മോദീസ നീട്ടി വയ്ക്കാവുന്നതാണ്.
ചില സാഹചര്യങ്ങളില്‍ മാമ്മോദീസയുടെ തല തൊട്ടപ്പനോ തലതൊട്ടമ്മയോ അവരില്‍ ആരെങ്കിലുമൊരാളോ, അതുമല്ലെങ്കില്‍ മൂന്നാമതൊരാളോ മാമ്മോദീസ സ്വീകരിക്കുന്ന ശിശുവിന്റെ കത്തോ ലിക്കാ വിശ്വാസത്തിലുള്ള വളര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു വെന്ന് വരാം. അത്തരം സാഹചര്യങ്ങളില്‍ ശിശുവിന്റെ മാതാപിതാ ക്കള്‍ക്ക് ഇക്കാര്യത്തില്‍ തടസ്സമില്ലാതിരുന്നാല്‍ ശിശു കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തപ്പെടുമെന്നതിനുള്ള ഉറപ്പായി കണക്കാക്കാ വുന്നതാണ് (CCEO.c.681/1,2;CIC.c.868/1,1).

വത്തിക്കാന്‍ കാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍

1970ല്‍ വിശ്വാസസംബന്ധമായ കാര്യങ്ങള്‍ക്കായുള്ള വത്തി ക്കാന്‍ കാര്യാലയം (Congregation for the Doctrine of the Faith) ക്രിസ്തീയ വിശ്വാസം സ്വീകരിച്ചിട്ടില്ലാത്തവരും സഭാനിയമ വിരുദ്ധ ജീവിതം നയിക്കുന്നവരുമായ ക്രൈസ്തവര്‍ തങ്ങളുടെ കുട്ടികളുടെ മാമ്മോദീസയ്ക്ക് ആവശ്യപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഏതാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സഭാനിയമ വിരുദ്ധ ജീവിതം നയിക്കുന്നവര്‍ എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് പ്രധാനമായും താഴെ പറയുന്നവരെയാണ്:
1. ഒരേ സമയം ഒന്നിലധികം ഭാര്യമാരോടൊപ്പം കഴിയുന്നവര്‍;
2. വിവാഹം കഴിക്കാതെ തന്നെ സ്ത്രീയോടൊപ്പം കഴിയുന്നവര്‍;
3. വിശ്വാസജീവിതം പൂര്‍ണ്ണമായും ഉപേക്ഷിച്ച ദമ്പതിമാര്‍;
4. സാമൂഹികാചാരത്തിന്റെ പേരില്‍ മാത്രം ശിശുവിന്റെ മാമ്മോദീസ ആവശ്യപ്പെടുന്നവര്‍.
വിശ്വാസകാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍
വിശ്വാസകാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് സഭാ നിയമങ്ങള്‍ ക്കുള്ള (Canons of the Code) അത്രയും പ്രാധാന്യം ഇല്ലെങ്കിലും മാമ്മോദീസയ്ക്ക് കൊണ്ടുവന്നിരിക്കുന്ന ശിശു കത്തോലിക്കാ വിശ്വാസ ത്തില്‍ വളര്‍ത്തപ്പെടുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലാത്ത സാഹചര്യ ങ്ങളെ കൈകാര്യം ചെയ്യാന്‍ അവ സഹായിക്കുമെന്നതിന് സംശയമില്ല. വിശ്വാസകാര്യാലയം പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു:
1. മാമ്മോദീസ ആവശ്യപ്പെടുന്ന ശിശുക്കളുടെ മാതാപിതാക്കളെ ഇതു സംബന്ധമായി അവര്‍ക്കുള്ള ഉത്തരവാദിത്വങ്ങളെപ്പറ്റി ബോധ വാന്മാരാക്കുക;
2. ശിശുവിന്റെ കത്തോലിക്കാവിശ്വാസത്തിലുള്ള വളര്‍ച്ച സംബന്ധിച്ച ഉറപ്പ്, ആ കുടുംബത്തിലെ ഏതെങ്കിലും ഒരംഗമോ, ശിശുവിന്റെ തലതൊട്ടപ്പനോ തലതൊട്ടമ്മയോ, വിശ്വാസസമൂഹമോ, നല്കിയാല്‍ മാമ്മോദീസ സ്വീകരിക്കുന്ന ശിശു കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തപ്പെടുമെന്നതിനുള്ള ഉറപ്പായി പരിഗണിക്കാവുന്നതാണ്;
3. മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ തൃപ്തികരമെന്ന് ഇടവകവികാ രിക്ക് ബോധ്യപ്പെട്ടാല്‍ ശിശുവിന് മാമ്മോദീസ നല്‍കാവുന്നതാണ്. കാരണം, മാമ്മോദീസ നല്‍കുന്നത് സഭയുടെ വിശ്വാസത്തിന്റെ പേരിലാണ്.
4. വ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് ഇടവക വികാരിക്ക് തോന്നിയാല്‍ മാമ്മോദീസ നീട്ടിവയ്ക്കാനുള്ള തീരുമാനം കൈക്കൊ ള്ളാവുന്നതാണ്. തീരുമാനം ശിശുവിന്റെ മാതാപിതാക്കളെ അറിയി ക്കണം. മാത്രവുമല്ല, ശിശുവിന് മാമ്മോദീസ സ്വീകരിക്കുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുങ്ങാനായി ആ കുടുംബവുമായി അജപാലനബന്ധം തുടര്‍ന്ന് കൊണ്ടിരിക്കുകയും വേണം.

അതുപോലെതന്നെ 1980 ഒക്‌ടോബര്‍ 20-ാം തീയതി വത്തിക്കാന്‍ വിശ്വാസകാര്യാലയം (Congregation for the Doctrine of the Faith) പുറപ്പെടു വിച്ച നിര്‍ദ്ദേശങ്ങളും ഇതുമായി ബന്ധപ്പെട്ടതുതന്നെയാണ്. പ്രസ്തുത നിര്‍ദ്ദേശക രേഖയില്‍ വത്തിക്കാന്‍ കാര്യാലയം ചരിത്രപരവും, ദൈവശാസ്ത്രപരവും, അജപാലനപരവുമായ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൂട്ടത്തില്‍ ശിശുക്കളുടെ മാമ്മോദീസയുടെ അവ സരത്തില്‍ അവര്‍ കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്തപ്പെടും എന്നതു സംബന്ധിച്ച് ഉണ്ടാകേണ്ട ഉറപ്പിനെപ്പറ്റിയും പ്രതിപാദിക്കു ന്നുണ്ട്. പ്രതിപാദ്യം ഇപ്രകാരമാണ്:”തലതൊട്ടപ്പനോ, തലതൊട്ടമ്മയോ ശിശുവിനെ കത്തോലി ക്കാവിശ്വാസത്തില്‍ വളര്‍ത്തിക്കൊള്ളാമെന്നോ, അതുമല്ലെങ്കില്‍ വിശ്വാസസമൂഹം ഇപ്രകാരമൊരു ഉറപ്പ് നല്‍കുകയോ ചെയ്യുന്ന പക്ഷം, ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഇടവക വികാരിക്ക് ശിശു ക്കള്‍ക്ക് മാമ്മോദീസ നല്‍കാവുന്നതാണ്”.

പ്രായപൂര്‍ത്തിയായ ആള്‍ക്ക് മാമ്മോദീസ നല്‍കുമ്പോള്‍

പ്രായപൂര്‍ത്തിയായ വ്യക്തി മാമ്മോദീസ സ്വീകരിക്കുമ്പോള്‍ ഈ കൂദാശയുടെ ഉത്തരിവാദിത്വങ്ങളെപ്പറ്റിയുള്ള സാമാന്യമായ അറിവില്ലാത്തയാളായി കാണപ്പെടുകയാണെങ്കില്‍ മാമ്മോദീസ നല്‍കാമോ എന്നതാണ് അടുത്തചോദ്യം. പ്രായപൂര്‍ത്തിയായ വ്യക്തി മാമ്മോദീസ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ മാത്രമേ ഈ ചോദ്യത്തിന് പ്രസക്തിയുള്ളൂ. പ്രായപൂര്‍ത്തിയായവര്‍ക്ക് മാമ്മോദീസ നല്‍കാന്‍ അവരുടെ സമ്മതത്തിന് പുറമേ കത്തോലിക്കാ വിശ്വാസത്തിലുള്ള പരിശീലനവും ആവശ്യമാണ് ((CCEO.c.682/1; CIC.c.851/1). ഈ പരി ശീലനത്തെ സംബന്ധിച്ച കാര്യങ്ങള്‍ ഓരോ സ്വയാധികാരസഭയുടേയും പ്രത്യേക നിയമത്തില്‍ നിഷ്‌ക്കര്‍ഷിക്കേണ്ടതാണെന്ന് പൗര സ്ത്യനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിശീലനം കഴിഞ്ഞിട്ടും മാമ്മോദീസയുടെ പ്രാധാന്യത്തെപ്പറ്റി ഈ കൂദാശ സ്വീകരണത്തിന് വരുന്നവര്‍ക്ക് അറിവില്ലെങ്കില്‍ അവര്‍ക്ക് നല്‍കിയ പരിശീലന ത്തിന്റെ പോരായ്മയാണ് കാരണമെന്ന് അനുമാനിക്കാവുന്നതാണ്. അഥവാ മറ്റ് കാരണങ്ങളാണെങ്കില്‍ അവ അപഗ്രഥിച്ച് വിലയിരുത്തപ്പെടണം. ഗ്രഹിക്കാന്‍ പറ്റാത്ത വിധം മാനസിക പ്രശ്‌നങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശീലനം ഇല്ലാതെ തന്നെ അവര്‍ക്ക് മാമ്മോദീസ നല്‍കാവുന്നതുമാണ്. എന്നാല്‍ മരണാസന്നരായ മുതിര്‍ന്നവര്‍ക്ക് മാമ്മോദീസ നല്‍കുവാന്‍ ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച അടിസ്ഥാനപരമായ അറിവും മാമ്മോദീസ സ്വീകരിക്കണമെന്ന ആഗ്രഹവും മതിയാകുന്നതാണ്. പറ്റുമെങ്കില്‍, പ്രസ്തുത വ്യക്തികളെ അടുത്തറിയാവുന്നവരുമായും സഭയുടെ നന്മയില്‍ ശ്രദ്ധയുള്ളവരുമായും ആലോചിച്ച് ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍മ്മികന് തീരുമാനം എടുക്കാവുന്നതാണ്.

ഫാ. ജോസഫ്‌ ചിറമേല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.