കാൻസറിനെയും കോവിഡിനെയും തടയാൻ ആൽക്കലൈൻ ഡയറ്റിനു സാധിക്കുമോ?

കാൻസറിനെക്കുറിച്ചുള്ള ഒരു സെമിനാറാണ് വേദി.

“ഡോക്ടറേ, ആൽക്കലി വെള്ളം കുടിച്ചാൽ കാൻസർ വരാതിരിക്കുമോ?”

സെമിനാറിൽ പങ്കെടുത്ത ഒരാളുടെ ചോദ്യമാണ്.

“അങ്ങനെ ആരു പറഞ്ഞു?” ഞാനും തിരിച്ചൊരു ചോദ്യം ഉയർത്തി.

മറുപടി പല ഭാഗത്തു നിന്നും വന്നു.

“പലരും അങ്ങനെ പറയുന്നു. അത്തരം പരസ്യങ്ങൾ കാണുന്നുമുണ്ട്.”

പല സെമിനാറുകളിലും പങ്കെടുക്കുമ്പോൾ സാധാരണക്കാർ മാത്രമല്ല ഉയർന്ന വിദ്യാഭ്യാസമുള്ളവർ വരെ ചോദിക്കുന്ന ചോദ്യമാണിത്. ആൽക്കലി വെള്ളം കുടിച്ചാൽ കാൻസർ വരില്ല, ആൽക്കലി ഭക്ഷണം കഴിച്ചാൽ കാൻസർ വരാതിരിക്കും, ശരീരത്തിന്റെ പ്രതിരോധശേഷി കൂടും തുടങ്ങിയ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്ന നിരവധി വാർത്താ ഉറവിടങ്ങൾ നമുക്ക് ചുറ്റുമുണ്ട്. മാത്രമല്ല, ആൽക്കലൈൻ ഭക്ഷണം കഴിച്ചാൽ കൊറോണ വരില്ല എന്നും ഇപ്പോൾ പലരും പറഞ്ഞുപരത്തുന്നുണ്ട്.

ആദ്യമേ തന്നെ പറയാം, ഇത് തികച്ചും തെറ്റായ ഒരു വിവരമാണ്; പ്രചാരണമാണ്. കാൻസർ വരാതിരിക്കാനും കൊറോണ വരാതിരിക്കാനും സൗന്ദര്യം വർദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ആൽക്കലൈൻ ഡയറ്റ് ഉത്തമമാണ് എന്ന ചില സെലിബ്രിറ്റികളുടെ പ്രചരണമാണ് സാധാരണക്കാരുടെ അടുത്ത് ഈ ആശയം വളരെ പെട്ടന്ന് എത്താനുള്ള കാരണം. സെലിബ്രിറ്റികളിൽ നിന്നും ഇത്തരം കാര്യങ്ങൾ വന്നതുകൊണ്ടു തന്നെ സാധാരണക്കാരിൽ അതിന് വിശ്വാസ്യതയും ലഭിച്ചു.

കാൻസറും ആൽക്കലൈൻ ഡയറ്റും

കാൻസറും ആൽക്കലൈൻ ഡയറ്റും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമുക്ക് ശാസ്ത്രീയമായി പരിശോധിക്കാം. അതിനു മുമ്പ്, മനുഷ്യശരീരത്തിലെ അസിഡിറ്റിയേയും ആൽക്കലിനിറ്റിയേയും (ക്ഷാരാംശം) കുറിച്ച് മനസിലാക്കണം. ഒപ്പം അവയെ അളക്കാൻ ഉപയോഗിക്കുന്ന പി.എച്ച്. സ്കെയിൽ (pH Scale) എന്താണെന്നും അറിയണം.

എന്താണ് പി.എച്ച്. സ്കെയിൽ (pH Scale)?

അസിഡിറ്റിയും ആൽക്കലിനിറ്റിയും അളക്കുന്നത് പി.എച്ച്. സ്കെയിൽ (pH Scale) ഉപയോഗിച്ചാണ്. ഇത് പൂജ്യം മുതൽ 14 വരെയുള്ള ഒരു സ്കെയിൽ ആണ്. പൂജ്യം സൂചിപ്പിക്കുന്നത് ഏറ്റവും ഉയർന്ന അസിഡിറ്റിയും 14 എന്നത് ആൽക്കലിനിറ്റിയുടെ ഏറ്റവും കൂടുതലായ അവസ്ഥയും ആണ്. pH 7.0 എന്ന് പറയുമ്പോൾ ഏറ്റവും ന്യൂട്രൽ (Neutral) – അമ്ലമോ, ക്ഷാരമോ അല്ലാത്ത – അവസ്ഥ ആണ്.

മനുഷ്യരക്തത്തിനും ശരീരത്തിനുള്ളിലെ ഫ്ലൂയിഡുകൾക്കും ഉള്ള PH 7.35 മുതൽ 7.45 വരെ ആണ്. ഇതിന് വ്യത്യാസം സംഭവിച്ചാൽ മരണം വരെ സംഭവിക്കാവുന്ന സ്ഥിതിവിശേഷം ശരീരത്തിലുണ്ടാകുന്നു. അതിനാൽ ശരീരം, ശ്വാസകോശം, കിഡ്നി എന്നിവയുടെ പ്രവർത്തനം മൂലം ശരീരത്തിനുള്ളിലെ pH വളരെ കൃത്യതയോടെ കാത്തുസൂക്ഷിക്കുന്നു. ഇതിനാണ് നമ്മൾ ആസിഡ് ബേസ് ബാലൻസ് (Acid-Base Balance) എന്ന് പറയുന്നത്. pH 7.45- ന്‌ മുകളിലേക്ക്‌ പോകുമ്പോൾ വിറയൽ, ഛർദ്ദി, ബോധം മറയുക തുടങ്ങിയവ സംഭവിക്കുന്നു. ഇനി pH 7.35 – ന് താഴേക്കു പോയാലും ഇതു തന്നെയാണ് സംഭവിക്കുക. ഈ അവസ്ഥയിൽ ഇത് ശരിയാക്കിയില്ലെങ്കിൽ മരണം സംഭവിക്കുന്നു. എന്നുവച്ചാൽ, ശ്വാസകോശവും കിഡ്നികളും പ്രവർത്തനസജ്ജമായിരിക്കുന്നിടത്തോളം നമ്മൾ എന്ത് കഴിച്ചാലും നമ്മുടെ ശരീരത്തിനുള്ളിലെ pH മാറ്റാൻ നമുക്ക് കഴിയില്ല എന്നർത്ഥം. എന്നാൽ അമിതമായി കഴിച്ചാൽ അത് വിഷമായി മാറും (Poisoning); അപകടമായിത്തീരും.

എന്നാൽ ശരീരത്തിന്റെ പുറത്തും അതായത് തൊലി പുറമെയും സ്ത്രീജനനേന്ദ്രിയത്തിലും ആമാശയത്തിലും അസിഡിറ്റി കൂടുതലായിരിക്കും. എന്നാൽ വൻകുടലിൽ ആൽക്കലിയിൽ ആയിരിക്കും (pH Level). ഇത് നമ്മുടെ രോഗപ്രതിരോധത്തെ സഹായിക്കുന്നുണ്ട്.

ഇത്രയും ഞാൻ വിശദീകരിച്ചത് ആൽക്കലി വെള്ളം കുടിക്കുമ്പോൾ തന്നെ ഭൂരിഭാഗവും അസിഡിക് ആയ ആമാശയത്തിൽ ന്യൂട്രലൈസ് ചെയ്യപ്പെടുന്നു എന്നും ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നവ ശ്വാസം വഴിയും മൂത്രം വഴിയും പുറത്തേക്ക് തള്ളപ്പെടുകയും ചെയ്യുന്നു എന്നും പറയാനാണ്.

ആൽക്കലൈൻ ഡയറ്റ്, വെള്ളം എന്നിവയുടെ പ്രചാരകർ പറയുന്നത് അസിഡിക് മീഡിയത്തിൽ കാൻസർ സെല്ലുകൾ വളരെവേഗം പെരുകുന്നു എന്നാണ്. എന്നാൽ, ആൽക്കലൈൻ ഡയറ്റും വെള്ളവും അസിഡിക് മീഡിയത്തിലെ കാൻസർ സെല്ലുകളെ നശിപ്പിക്കുകയും അതുവഴി കാൻസറിനെ ഇല്ലാതാക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അവർ വാദിക്കുന്നു. എന്നാൽ അമേരിക്കൻ ഇൻസ്റിറ്യൂട്ട് ഫോർ കാൻസർ റിസേർച് (American Institute for Cancer Research) പോലുള്ള കാൻസർ ചികിത്സാ-ഗവേഷണരംഗത്തെ ഏറ്റവും വിശ്വസ്തനീയ കേന്ദ്രങ്ങൾ ഇത്തരം ‘അൽക്കലീയൻ’ സിദ്ധാന്തങ്ങളെ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തള്ളിക്കളയുന്നു.

ആൽക്കലി ഡയറ്റ്, വെള്ളം ശരീരത്തിന്റെ ഉള്ളിൽ ചെല്ലുമ്പോൾ തന്നെ, ഭൂരിഭാഗവും അസിഡിക് ആയ ആമാശയത്തിൽ അവ ന്യൂട്രലൈസ് ചെയ്യപ്പെടുന്നു. ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നവ, ശ്വാസം വഴിയും മൂത്രം വഴിയും പുറത്തേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. പിന്നെങ്ങനെയാണ് അൽക്കലീയൻ ഡയറ്റും വെള്ളവും അസിഡിക് മീഡിയത്തിലെ കാൻസർ സെല്ലുകളെ നശിപ്പിക്കുന്നത്? അതിനാൽ ആൽക്കലി വെള്ളം കുടിച്ചോ, ആൽക്കലൈൻ ഡയറ്റു കഴിച്ചോ കാൻസറിനെ നശിപ്പിക്കാം അല്ലെങ്കിൽ വൈറസിനെ കൊല്ലാം എന്നത് വെറും മിഥ്യാധാരണ മാത്രമാണ്.

കൊറോണയും ആൽക്കലൈൻ ഡയറ്റും

ആൽക്കലൈൻ ഡയറ്റ് കൊറോണയെ ഇല്ലാതാക്കും, തടയും എന്നുള്ള പ്രചാരണവും ഇന്ന് ശക്തമാണ്. ഇങ്ങനെ വാദിക്കുന്നവർ പറയുന്ന ആദ്യത്തെ കാര്യം, കൊറോണാ വൈറസിന്റെ pH അഞ്ചിൽ താഴെയാണ് എന്നാണ്. പക്ഷേ, വൈറസിസിന്റെ pH അളക്കാൻ പറ്റില്ല എന്നതാണ് യാഥാർഥ്യം. വൈറസിസിന് അങ്ങനെയൊരു pH ഇല്ല. കാരണം pH നിർണ്ണയിക്കുന്നത് ഒരു സൊലൂഷന്റെ – ലിക്വിഡിന്റെ – യാണ്. വൈറസ് ഒരു ലിക്വിഡ് അല്ല. pH അളക്കാൻ പറ്റാത്ത വൈറസിന്റെ pH അഞ്ചിൽ താഴെയാണ് എന്ന് പിന്നെങ്ങനെയാണ് പറയാൻ സാധിക്കുന്നത്?

രണ്ടാമത് ഇവർ പറയുന്നത് വൈറസ് അസിഡിക് മീഡിയത്തിലാണ് വളരുന്നത്. അതുകൊണ്ട് ആൽക്കലൈൻ ഭക്ഷണം കൊടുത്താൽ അതിനെ നശിപ്പിക്കാൻ പറ്റും എന്നാണ്. ഇങ്ങനെ അവർ പറയുന്നതിന്റെ കാരണം ആൽക്കലൈൻ സ്വഭാവത്തിലുള്ള സൊലൂഷന്റെ pH എട്ട് ആണ് എന്നതിനാലാണ്. അതിനാൽ ആൽക്കലൈൻ സ്വഭാവത്തിലുള്ള സൊലൂഷൻ വഴി വൈറസിനെ ഇല്ലാതാക്കാൻ പറ്റും എന്നാണ് അവർ വാദിക്കുന്നത്. പക്ഷേ, എട്ട് pH മനുഷ്യശരീരത്തിൽ നിലനിൽക്കില്ല; ശരീരത്തിന് അപകടകരമാണ് അത്. അപ്പോൾ അതും തെറ്റായ ഒരു പ്രചാരണമാണ്.

കോവിഡിനെ അതിജീവിച്ച ചിലർ കഴിച്ച ഭക്ഷണത്തെ അടിസ്ഥാനപ്പെടുത്തി, മറ്റു ചിലർ രൂപപ്പെടുത്തിയ ഒരു വാദമാണ് ആൽക്കലൈൻ ഭക്ഷണം കഴിച്ചാൽ കോവിഡ് വരില്ല എന്നത്. ഇതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. അറിയപ്പെടുന്ന കുറച്ചു വസ്തുതകളുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാത്ത ഒന്നിനെ കണക്കു കൂട്ടി കണ്ടുപിടിക്കുക എന്ന കാര്യമാണ് ഇവർ ചെയ്തിരിക്കുന്നത്; അത് ശാസ്ത്രീയമല്ല. ആൽക്കലൈൻ ഭക്ഷണം കഴിക്കുന്നതും കൊറോണ വൈറസുമായി യാതൊരു ബന്ധവുമില്ല. സാമൂഹിക അകലം പാലിക്കുക, കൂട്ടം കൂടി നിൽക്കാതിരിക്കുക, ശരിയായ രീതിയിൽ മാസ്ക് ധരിക്കുക, കൃത്യമായ രീതിയിൽ കൈ കഴുകുക ഇവയൊക്കെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടത്. ഒപ്പം വാക്സിൻ എടുക്കുക എന്നതും. അതുവഴി മരണനിരക്കും അപകടകരമായ രീതിയിൽ വെന്റിലേറ്ററിലേയ്ക്കുള്ള ഒഴുക്കും നമുക്ക് കുറയ്ക്കാൻ സാധിക്കും.

കാൻസറിനെയും കോവിഡിനെയും തടയാൻ ആൽക്കലൈൻ ഡയറ്റിനു സാധിക്കില്ല

രോഗം ശമിപ്പിക്കാൻ സാധ്യമല്ല എന്ന് ശാസ്ത്രം പറയുമ്പോഴും ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം കൊണ്ടുമാത്രം വൈറസിനെ മാറ്റാം, കാൻസറിനെ ഭേദമാക്കാം എന്നുള്ള ചില പ്രത്യേക താല്പര്യക്കാരുടെ പ്രചാരണം ജനം വളരെപ്പെട്ടന്ന് വിശ്വസിക്കുകയാണ്. അതിനാലാണ് ആൽക്കലൈൻ ഭക്ഷണം കഴിക്കുക, വായിൽ ആൽക്കലി കൊള്ളുക, ആൽക്കലി വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പ്രചുരപ്രചാരം ലഭിക്കുന്നത്.

ഒന്നോ രണ്ടോ പേരിൽ ഒരു കാര്യം നടന്നു എന്ന ഒറ്റക്കാര്യത്താൽ അതിനെ പൊതുതത്വമായും സത്യമായും അവതരിപ്പിക്കാൻ ഒരിക്കലും പറ്റില്ല (എങ്ങനെയാണ് ഒരു കാര്യം പൊതുതത്വമായും സത്യമായും വരുന്നത് – ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നത് – എന്നതിന്റെ അടിസ്ഥാനം എന്താണെന്ന് പിന്നീടൊരിക്കൽ വിശദമാക്കാം).

ആൽക്കലൈൻ ഡയറ്റിന്റെയും വെള്ളത്തിന്റെയും കാര്യത്തിൽ യാഥാർഥ്യത്തിന്റെ വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. സെലിബ്രിറ്റി സംസ്ക്കാരത്തിന്റെ ഭാഗമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം ‘അൽക്കലീയൻ’ സിദ്ധാന്തങ്ങളിൽ വീണ് സ്വയം കബളിപ്പിക്കപ്പെടാതിരിക്കുക. കാൻസറിനെയും കോവിഡിനെയും തടയാൻ ആൽക്കലൈൻ ഡയറ്റിനു സാധിക്കില്ല എന്നതാണ് യാഥാർഥ്യം.

ഡോ. ജോജോ ജോസഫ്

ഡോ. ജോജോ ജോസഫ്
സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്
കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.