ബുര്‍ക്കീനോ ഫാസോയിലെ പ്രധാന നിരത്തിന് ഇനി പോപ്പ് എമരിത്തൂസ് ബെനഡിക്ട് പതിനാറാമന്റെ പേര്

പോപ്പ് എമരിത്തൂസ് ബെനഡിക്ട് പതിനാറാമന് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയുടെ ആദരം. തലസ്ഥാന നഗരിയായ ഔഗാഡൗഗോയിലെ പ്രധാന നിരത്തുകളില്‍ ഒന്നിന് ‘ബെനഡിക്ട് XVI സ്ട്രീറ്റ്’ എന്നു പേര് നല്‍കിക്കൊണ്ടാണ് അവര്‍ മുന്‍ പാപ്പായ്ക്ക് ആദരവ് നല്‍കിയത്. ‘സ്ട്രീറ്റ് 54’ എന്ന് പേരുണ്ടായിരുന്ന നിരത്താണ് കഴിഞ്ഞ ദിവസം ഔഗാഡൗഗോ നഗരസഭ ‘ബെനഡിക്ട് XVI സ്ട്രീറ്റ്’ എന്ന് പുനര്‍നാമകരണം ചെയ്തത്.

വത്തിക്കാന്‍ ന്യൂണ്‍ഷ്യോയുടെ കാര്യാലയവും വെസ്റ്റ് ആഫ്രിക്ക കാത്തലിക് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ബുര്‍ക്കിനോ ഫാസോയുടെയും നൈജറിന്റെയും അപ്പസ്തോലിക് ന്യുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് മൈക്കിള്‍ ഫ്രാന്‍സിസ് ക്രോട്ടി, ഔഗാഡൗഗോ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഫിലിപ്പ് ഔഡ്രാഗോ, ഔഗാഡൗഗോ മേയര്‍ അര്‍മാന്‍ഡ് പിയറേ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സ്ട്രീറ്റിന്റെ പുനര്‍നാമകരണം.

സംഘര്‍ഷങ്ങളും ദാരിദ്രവും കൊണ്ട് വലയുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും വിശിഷ്യാ, വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലും പ്രത്യാശ കൊണ്ടുവരാനും ബുര്‍ക്കിനോ ഫാസോയില്‍ വത്തിക്കാന്‍ നയതന്ത്ര കാര്യാലയം സ്ഥാപിക്കുകയും ന്യുണ്‍ഷ്യോയെ നിയമിക്കുകയും ചെയ്ത പാപ്പാ എമരിത്തൂസിനോടുള്ള ആദരവിന്റെ അടയാളവുമാണ് ഈ നടപടിയെന്ന് ഔഗാഡൗഗോ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഫിലിപ്പ് ഔഡ്രാഗോ പറഞ്ഞു.

അനുരജ്ഞന – മതാന്തര സംവാദരംഗങ്ങളില്‍ ബെനഡിക്ട് 16-ാമന്‍ പാപ്പായെക്കുറിച്ചുള്ള സ്മരണകള്‍ രാജ്യത്തെ ജനങ്ങളില്‍ കൊണ്ടുവരാന്‍ ഈ നടപടി സഹായിക്കുമെന്ന് ആര്‍ച്ച്ബിഷപ്പ് മൈക്കിള്‍ ക്രോട്ടിയും വ്യക്തമാക്കി. ബുര്‍ക്കിനോ ഫാസോയുമായി നയതന്ത്രബന്ധം സ്ഥാപിച്ചുകൊണ്ട് 2007-ല്‍ ബെനഡിക്ട് 16-ാമന്‍ പാപ്പായാണ് അവിടെ ന്യുണ്‍ഷ്യോയെ നിയമിച്ചതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.