വിവാഹം ആശീര്‍വ്വദിക്കല്‍

ഫാ. ജോസ് ചിറമേല്‍

വിവാഹത്തിന്റെ കാനോനികക്രമം എന്നു പറ ഞ്ഞാല്‍ മനസ്സിലാക്കേണ്ടത് എന്താണ്? ഈ ക്രമം പാലിക്കാതെ വിവാഹങ്ങള്‍ നടത്താമോ? കോല്‍ ക്കത്തയില്‍ താമസിക്കുന്ന സീറോമലബാര്‍ സഭാം ഗമായ ഞാന്‍ ലത്തീന്‍ ദേവാലയത്തിലാണ് പതി വായി പോകുന്നത്. ഇവിടെ പല വിവാഹങ്ങളും നടത്തുന്നത് ഡീക്കന്മാരാണ്. എന്റെ വിവാഹവും ലത്തീന്‍ സഭയിലെ എന്റെ സുഹൃത്തായ ഒരു ഡീക്കന് നടത്താമോ?

ടോമി ജോര്‍ജ്ജ്, കല്‍ക്കട്ട

കാലക്രമേണ കൈവന്ന അധികാരം

വിവാഹത്തെ സംബന്ധിച്ചുള്ള കാനന്‍നിയമത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ സഭയ്ക്ക് കത്തോലിക്കാവിശ്വാസികളുടെ വിവാഹങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരം (competence) കൈവന്നത് കാലക്രമേണയാണെന്ന് കാണാം. കത്തോലിക്കാ വിവാഹങ്ങളുടെമേലുള്ള സഭയുടെ നിയന്ത്രണാധികാരത്തിന് ദൈവശാസ്ത്രപരവും, ആദ്ധ്യാത്മികവും, ചരിത്രപരവും, രാഷ്ട്രീയവും, നിയമപരവുമായിട്ടുള്ള കാരണങ്ങളുണ്ട്. സഭ കത്തോലിക്കാവിശ്വാസികളുടെ സംഘടിതമായൊരു സമൂഹമാണ്. അതുകൊണ്ടുതന്നെ വിശ്വാസികളുടെ വിവാഹങ്ങളുടെമേല്‍ സഭയ്ക്ക് നിയന്ത്രണാധികാരമുണ്ട്. വിവിധ രാജ്യങ്ങളുടെ സിവില്‍ നിയമങ്ങള്‍ വിവാഹം സംബന്ധിച്ചുള്ള സഭാനിയമങ്ങളെ സിവില്‍ നിയമം ബാധകമാകുന്ന കാര്യങ്ങളൊഴിച്ച് (civil effects) വ്യക്തിഗത നിയമമായി (personal laws) അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിവില്‍ നിയമവും ഇന്ത്യയിലെ കാനോനിക വിവാഹത്തെ അംഗീകരിക്കുന്നുണ്ടല്ലോ.

കാനോനികക്രമം

വിവാഹം സഭയില്‍ എപ്രകാരം നടത്തണം എന്നതു സംബന്ധിച്ച് വിവാഹത്തിന്റെ സാധുതയ്ക്ക് അവശ്യം പാലിക്കേണ്ട വ്യവസ്ഥാപിത നിയമങ്ങളുണ്ട്. കാനന്‍ നിയമം നിര്‍ദ്ദേശിക്കുന്ന പ്രസ്തുത രീതിയെയാണ് കാനോനികക്രമം എന്നുപറയുന്നത്. വിവാഹ ത്തിന്റെ കാനോനികക്രമം ലത്തീന്‍ സഭയിലും പൗരസ്ത്യസഭകളിലും വ്യത്യസ്തമായ രീതിയിലാണ് രൂപപ്പെട്ടിട്ടുള്ളത്. വിവാഹത്തിന് കാനോനിക ക്രമം (Canonical form) വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് തെന്ത്രോസ് സൂനഹദോസാണ് (1545-1563). “Tametsi” (താംഎത്‌സി) എന്ന ഡിക്രി വഴിയാണ് ഈ സൂനഹദോസ് മേല്പറഞ്ഞ നിയമം 1563 – ല്‍ പ്രസിദ്ധീകരി ച്ചത്. ഇതനുസരിച്ച് വിവാഹം സാധുവായിരിക്കുന്നതിന് വിവാഹത്തിലേര്‍പ്പെടുന്ന ദമ്പതിമാരില്‍ ആരുടെയെങ്കിലും മെത്രാന്റെയോ ഇടവക വികാരിയുടെയോ, അവരില്‍ ആരെങ്കിലും അധികാരപ്പെടുത്തുന്ന വൈദികന്റെയോ സാന്നിധ്യത്തില്‍ വിവാഹം നടന്നിരിക്കണം. ഈ നിയമം എല്ലായിടത്തും പ്രാബല്യത്തില്‍ വരുത്തുക എളുപ്പമായിരുന്നില്ല. ചില പ്രദേശങ്ങളില്‍ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം (Promulgation) വഴി ഇത് നടപ്പിലാക്കിയുള്ളൂ. ത്രെന്തോസ് സൂനഹദോസിന്റെ ഈ ഡിക്രി സഭ മുഴുവനുമായി ഉദ്ദേശിക്കപ്പെട്ടിരുന്നുമില്ല. തന്മൂലം, 1907-ല്‍ സഭ മുഴുവനും ബാധകമാക്കത്തക്കവിധത്തില്‍ “ne temere”(നേ തെമേരേ) എന്ന പേരില്‍ പുതിയൊരു ഡിക്രി പത്താം പീയൂസ് മാര്‍പാപ്പ പുറത്തിറക്കി. ഇതനുസരിച്ച് മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്നവരുള്‍പ്പെടെ എല്ലാ കത്തോലിക്കരുടേയും വിവാഹം സാധുവായിരിക്കണമെങ്കില്‍ സഭയുടെ കാനോനികക്രമം പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തു. 1917-ല്‍ ലത്തീന്‍ സഭയ്ക്കുവേണ്ടി പുറത്തിറക്കിയ കാനന്‍ നിയമ സംഹിതയിലും “ne temere”അനുസരി ച്ചുള്ള കാനോനികക്രമം അതേപടി സ്വീകരിക്കുകയാണുണ്ടായത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം (1962- 65) പരിഷ്‌ക്കരിച്ച് പുറത്തിറക്കിയ ലത്തീന്‍ നിയമസം ഹിതയും (CIC-1983) 1990- ല്‍ പുറത്തിറക്കിയ പൗരസ് ത്യനിയമസംഹിതയും (CCEO-1990) വിവാഹത്തിന്റെ പുത്തന്‍ ദൈവശാസ്ത്രമാനങ്ങള്‍ ആവിഷ്‌ക്കരിക്കു കയും വിവാഹനിയമങ്ങളുടെ അജപാലനമാനം ഊന്നിപ്പറയുകയും ചെയ്തുവെങ്കിലും, വിവാഹത്തി ന്റെ കാനോനികക്രമം പഴയപടി നിലനിര്‍ത്തുകയാണുണ്ടായത്. അതനുസരിച്ച് കത്തോലിക്കരുടെ വിവാഹം സാധുവാകണമെങ്കില്‍ സഭാ നിയമം നിഷ് ക്കര്‍ഷിക്കുന്ന കാനോനിക ക്രമം പാലിച്ചേ മതിയാകൂ. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ മാമ്മോദീസ സ്വീകരിച്ച കത്തോലിക്കര്‍ കാനോനികക്രമം പാലിക്കാതെ വിവാ ഹം കഴിച്ചാല്‍ അവരുടെ വിവാഹം കൂദാശയായിരി ക്കുകയില്ല.

സഭയുടെ കാനോനികക്രമം

സഭയുടെ കാനോനികക്രമത്തെ രണ്ടായി തരം തിരി ക്കാം: 1. സാധാരണക്രമം Ordinary Canonical form); 2. അസാധാരണ ക്രമം (Extra ordinary Canonical form)

1. സാധാരണക്രമം

ലത്തീന്‍ നിയമസംഹിതയിലെ 1108-ാം കാനോനയും പൗരസ്ത്യനിയമസംഹിതയിലെ 828-ാം കാനോ നയും നിഷ്‌ക്കര്‍ഷിക്കുന്നതനുസരിച്ച്, മെത്രാന്റേയും അല്ലെങ്കില്‍ വിവാഹം ആശീര്‍വ്വദിക്കാന്‍ അധികാര മുള്ള വൈദികന്റേയും രണ്ട് സാക്ഷികളുടേയും സാന്നിധ്യത്തില്‍ വേണം വിവാഹ കര്‍മ്മം നടക്കാന്‍. ലത്തീന്‍ നിയമമനുസരിച്ച് വൈദികനു പകരം ഡീക്കനുമാകാം.

വിവാഹം ആശീര്‍വ്വദിക്കാന്‍ അധികാരം

വിവാഹം ആശീര്‍വ്വദിക്കുന്നതിന് സ്ഥലത്തെ മെത്രാനും വികാരിക്കും ഔദ്യോഗികമായി അധികാരമുണ്ട്. അര്‍പ്പിതാധികാരം (Delegated) ഉണ്ടെങ്കില്‍ മറ്റൊരു വൈദികനും വിവാഹം ആശീര്‍വ്വദിക്കാം. വിവാഹാശീര്‍വ്വാദകര്‍മ്മത്തില്‍ ദമ്പതിമാരുടെ ഉഭയസമ്മതം പ്രകടമാക്കിയശേഷം നിശ്ചയിക്കപ്പെട്ട പ്രാര്‍ത്ഥനയോടുകൂടിയോ അല്ലെങ്കില്‍ കുരിശടയാളം മാത്രമുള്ള ആശീര്‍വ്വാദമോ മാത്രമേ വിവാഹത്തിന്റെ സാധുതയ്ക്ക് ആവശ്യമുള്ളൂ.

രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം

വിവാഹ ഉടമ്പടിക്ക് രണ്ടുപേര്‍ സാക്ഷികളായി സന്നിഹിതരായിരിക്കണം. വിവാഹത്തില്‍ സംബന്ധി ക്കുകയും അവിടെ നടക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുക യും മനസ്സിലാക്കുകയും ചെയ്യാന്‍ കഴിവുള്ളവരായിരിക്കണം സാക്ഷികള്‍. സാക്ഷികള്‍ക്ക് പ്രത്യേക യോഗ്യതകളൊന്നും കാനന്‍നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടില്ല. പുരുഷനോ, സ്ത്രീയോ, ക്രൈസ്തവനോ, അക്രൈസ്തവനോ വിവാഹത്തിന് സാക്ഷിയാകാവു ന്നതാണ്. ഇപ്പോള്‍ പാലിച്ചുപോരുന്ന ക്രമമനുസരിച്ച് വരന്റെ ഭാഗത്തുനിന്നും, വധുവിന്റെ ഭാഗത്തുനിന്നും പ്രായപൂര്‍ത്തിയായ ഓരോ പുരുഷനെയാണ് സാക്ഷി യായി നിറുത്തുക.

ദമ്പതിമാരുടെ ഉഭയസമ്മതം

ദമ്പതിമാര്‍ ഒരുമിച്ച് സന്നിഹിതരായി തങ്ങളുടെ ഉഭയസമ്മതം പ്രകടിപ്പിക്കേണ്ടത് വിവാഹ ഉടമ്പടിയുടെ സുപ്രധാന ഘടകമാണ്. മനസമ്മതത്തില്‍ വരുന്ന പോരായ്മകള്‍ യാതൊരു സഭാധികാരിക്കും നികത്താന്‍ പറ്റുന്നവയല്ല. ദമ്പതികള്‍ സംസാരശേഷിയുള്ളവ രാണെങ്കില്‍ ഉഭയസമ്മതം വാക്കുകളില്‍ പ്രകടിപ്പിക്കു കയും വേണം. സംസാരശേഷിയില്ലാത്തവര്‍ക്ക് ആംഗ്യങ്ങള്‍ വഴിയും ഉഭയസമ്മതം പ്രകടമാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട് (CIC.c.1104). ലത്തീന്‍ നിയമത്തി ല്‍ പകരക്കാരന്‍ (Proxy). വഴിയുള്ള വിവാഹം അനുവദനീയമാണ്(CIC.c.1105). എന്നാല്‍ പൗരസ്ത്യനിയമമനുസരിച്ച് ദമ്പതിമാര്‍ സന്നിഹിതരായി പരസ്പര സമ്മതം നടത്തണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. തന്മൂലം കത്തുകള്‍, ഫോണ്‍, ടെലഗ്രാം, മറ്റ് ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ വഴി സാധുവായി വിവാഹം നടത്താന്‍ പൗരസ്ത്യനിയമം അനുവദിക്കുന്നില്ല.

2. അസാധാരണക്രമം

ലത്തീന്‍ നിയമത്തിലെ 116-ാം കാനോനയും പൗര സ്ത്യനിയമത്തിലെ 832-ാം കാനോനയുമാണ് അസാ ധാരണക്രമത്തെപ്പറ്റി പ്രതിപാദിക്കുന്നത്. ഇതനുസ രിച്ച് വിവാഹം ആശീര്‍വ്വദിക്കുന്നതിന് അധികാരമുള്ള വൈദികന്റെ സാന്നിധ്യമോ ആശീര്‍വ്വാദമോ ആവശ്യമില്ല. രണ്ട് സാക്ഷികള്‍ മാത്രം മതി. ഇപ്രകാരം വിവാഹം നടത്തുന്നതിന് താഴെ പ്പറയുന്ന വ്യവസ്ഥകള്‍ ഉണ്ട്:1. ദമ്പതികള്‍ രണ്ടുപേരോ, ആരെങ്കിലും ഒരാളോ മരണാവസ്ഥയിലായിരിക്കണം. 2. വിവാഹം ആശീര്‍വ്വ ദിക്കാന്‍ അധികാരമുള്ള വൈദികന് സന്നിഹിതനാകാ ന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരിക്കണം. 3. രണ്ടു സാക്ഷികളെങ്കിലും സന്നിഹിതരായിരിക്കണം. ദമ്പതിമാര്‍ പ്രകടിപ്പിക്കുന്ന ഉഭയസമ്മതത്തിന് സാ ക്ഷ്യം വഹിക്കുക മാത്രമാണ് ഇവരുടെ ജോലി. ഇപ്ര കാരം വിവാഹം നടത്തുന്ന ദമ്പതിമാര്‍ ഇത്തരത്തില്‍ നടത്തുന്നതിനുണ്ടായ ഗുരുതരാവസ്ഥ തരണം ചെയ് താല്‍ കഴിയുംവേഗം വിവാഹം ആശീര്‍വ്വദിക്കാന്‍ അ ധികാരമുള്ള വൈദികന്റെ പക്കല്‍ നിന്നും ആശീര്‍ വ്വാദം വാങ്ങേണ്ടതാണെന്ന് പൗരസ്ത്യ സഭാ നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട് (CCEO.c.832/3).

കാനോനിക്രമത്തില്‍ നിന്നും ഒഴിവ്

കാനോനിക ക്രമത്തില്‍ നിന്നും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴിവുനല്കാനുള്ള അധികാരം ല ത്തീന്‍സഭയില്‍ പരിശുദ്ധസിംഹാസനത്തിനും രൂപ താമെത്രാന്മാര്‍ക്കുമുണ്ട്. എന്നാല്‍ പൗരസ്ത്യ നിയമ മനുസരിച്ച് ഈ അധികാരം പരിശുദ്ധ സിംഹാസന ത്തിനും പാത്രിയര്‍ക്കീസ്/മേജര്‍ ആര്‍ച്ച് ബിഷപ്പുമാര്‍ ക്കും മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. വളരെ ഗൗരവമേറിയ സാഹചര്യത്തില്‍ മാത്രമേ കാനോനികക്രമത്തില്‍ നിന്നുള്ള ഒഴിവാക്കല്‍ നല്കാവൂ എന്നാണ് നിയമം അനുശാസിക്കുന്നത് (CCEO.c. 835). കാനോനികക്രമത്തില്‍ നിന്നും ഒഴിവാക്കല്‍ ലഭിച്ചു നടത്തുന്ന വിവാഹത്തിനുപോലും ഏതെങ്കിലും തര ത്തിലുള്ള പരസ്യമായ അനുഷ്ഠാനം വേണമെന്നാണ് സീറോമലബാര്‍ സഭയുടെ വിവാഹത്തെ സംബന്ധി ക്കുന്ന പ്രത്യേക നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ലത്തീന്‍-പൗരസ്ത്യസഭകളിലെ വ്യത്യസ്തമായ രീതികള്‍

വിവാഹത്തിന്റെ കാനോനിക ക്രമം ലത്തീന്‍ സഭ യിലും പൗരസ്ത്യസഭകളിലും വ്യത്യസ്തമായ രീതി യിലാണ് രൂപപ്പെട്ടതെന്ന് നാം കാണുകയുണ്ടായല്ലോ. ലത്തീന്‍ സഭ വിവാഹത്തിലേര്‍പ്പെടുന്ന ദമ്പതികളുടെ ഉഭയസമ്മതത്തിനാണ് വിവാഹ രൂപീകരണത്തില്‍ പ്രാധാന്യം നല്കുന്നത്. തന്മൂലം വിവാഹമെന്ന കൂദാ ശയുടെ കാര്‍മ്മികരും ദമ്പതികള്‍ തന്നെയാണ്. വിവാഹം ആശീര്‍വ്വദിക്കുന്ന വൈദികന് ഔദ്യോഗിക സാ ക്ഷിയുടെ സ്ഥാനമേയുള്ളൂ. മാത്രവുമല്ല, ആശീര്‍വ്വാദ കര്‍മ്മം ലത്തീന്‍സഭയില്‍ വിവാഹത്തിന്റെ സാധുത യ്ക്ക് അവശ്യഘടകമായി കരുതുന്നുമില്ല. പൗരസ്ത്യ സഭകളും വിവാഹത്തില്‍ ദമ്പതികളുടെ ഉഭയസമ്മതം പ്രധാനപ്പെട്ടതായിട്ടാണ് കണക്കാക്കുന്നത്. അത്രത്തോളം തന്നെ പ്രധാനപ്പെട്ടതായി വൈദികന്റെ സാന്നിധ്യ ത്തേയും ആശീര്‍വ്വാദത്തേയും കണക്കാക്കുന്നുണ്ട്. ചുരുക്കത്തില്‍ പൗരസ്ത്യസഭകളില്‍ വൈദികന്റെ സാന്നിധ്യവും ആശീര്‍വ്വാദവും വിവാഹത്തിന്റെ സാധുതയ്ക്ക് അവശ്യഘടകമാണ്. തന്മൂലം പൗരസ്ത്യ സഭകളില്‍ വിവാഹത്തിന്റെ കാര്‍മ്മികന്‍ വൈദികന്‍ തന്നെയാണ്. പൗരസ്ത്യസഭകളില്‍ (Catholic and non- Catholic) വിവാഹത്തിന്റെ സാധുതയ്ക്ക് ആവശ്യമായ ആ ശീര്‍വ്വാദം വൈദികനുമാത്രമായി സംവരണം ചെയ് തിരിക്കുകയാണ്. തന്മൂലം പൗരസ്ത്യസഭകളില്‍ (Catholic and non- Catholic) ഡീക്കന് വിവാഹം ആശീര്‍ വ്വദിക്കാനുള്ള അധികാരമില്ല.

പൗരസ്ത്യസഭകളുടെ പൗരാണിക പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും എക്യുമെനിക്കല്‍ നിര്‍ദ്ദേശ ങ്ങളും കണക്കിലെടുത്ത് പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള കാനന്‍നിയമസംഹിതയുടെ ക്രോഡീക രണാവസരത്തില്‍ ഈ തീരുമാനം ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയാണുണ്ടായത് (Nuntia 8 (1979) 21). തന്മൂലം പൗരസ്ത്യസഭകളിലെ വിവാഹം ആശീര്‍വ്വദിക്കാന്‍ അധികാരമുള്ള മെത്രാനോ വികാരിക്കോ തങ്ങളുടെ സഭയിലെ വിശ്വാസികളുടെ വിവാഹം ആ ശീര്‍വ്വദിക്കാന്‍ ഒരു ഡീക്കനെ അധികാരപ്പെടുത്താനാവില്ല. എന്നാല്‍ പൗരസ്ത്യ സഭാംഗങ്ങള്‍ക്ക് സ്വന്തം രൂപതയോ, മെത്രാനോ ഇല്ലാത്തിടത്ത് അവര്‍ ലത്തീന്‍ മെത്രാന്മാരുടെ കീഴിലായിരിക്കും. അത്തരം സാഹച ര്യങ്ങളില്‍ അവരുടെ വിവാഹം ആശീര്‍വ്വദിക്കാന്‍ ലത്തീന്‍ സഭയിലെ ഡീക്കനെ ലത്തീന്‍ മെത്രാന് അധി കാരപ്പെടുത്താമോ എന്ന ചോദ്യം ഉന്നയിക്കപ്പെടാനിടയുണ്ട്. ഇപ്രകാരം അധികാരപ്പെടുത്തുവാനാവില്ല. കാരണം, മുമ്പ് പ്രസ്താവിച്ചതുപോലെ പൗരസ്ത്യ നിയമമനുസരിച്ച് വിവാഹത്തിന്റെ സാധുതയ്ക്ക് വൈദികന്റെ ആശീര്‍വ്വാദ ശുശ്രൂഷ ആവശ്യമാണെന്നതിനാല്‍ ഒരു ഡീക്കനെ, പൗരസ്ത്യസഭാംഗങ്ങള്‍ തമ്മി ലുള്ള വിവാഹം ആശീര്‍വ്വദിക്കാന്‍, അവര്‍ ലത്തീന്‍ മെത്രാന്റെ കീഴിലായാലും അധികാരപ്പെടുത്തുവാനാ വില്ല.

പൗരസ്ത്യ സഭാംഗങ്ങളും ലത്തീന്‍ സഭാംഗങ്ങളും തമ്മിലുള്ള വിവാഹങ്ങള്‍ ആശീര്‍വ്വദിക്കാനും ഡീക്കനെ അധികാരപ്പെടുത്താനാവില്ല. സീറോമലബാര്‍ സഭാംഗമായ സ്ത്രീയും ലത്തീന്‍ സഭാംഗമായ പുരു ഷനും തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ പുരുഷന് ബാധകമായിട്ടുള്ളത് ലത്തീന്‍ നിയമവും സ്ത്രീക്ക് ബാധകമായിട്ടുള്ളത് പൗരസ്ത്യ നിയമവുമാണ്. പൗരസ്ത്യസഭാംഗത്തിന് എന്തെങ്കിലും കാരണത്താല്‍ സാധുവായി വിവാഹം കഴിക്കുന്നതിന് പൗരസ്ത്യ നിയമം അയോഗ്യത കല്പിക്കുന്നുണ്ടെങ്കില്‍ ലത്തീന്‍ സഭാംഗവുമായി ആ വ്യക്തി നടത്തുന്ന വിവാഹവും അക്കാരണം കൊണ്ടുതന്നെ അസാധുവായിരിക്കും. കാരണം, പൗരസ്ത്യനിയമ സംഹിതയിലെ 790-ാം കാനോനയനുസരിച്ച് കക്ഷികളില്‍ ഒരാളുടെ ഭാഗത്തു മാത്രമേ വിവാഹതടസ്സം ഉള്ളൂവെങ്കില്‍പ്പോലും പ്രസ് തുത തടസ്സം വിവാഹത്തെ അസാധുവാക്കും (CCE O.c.790/2) എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലത്തീന്‍ നിയമ ത്തില്‍ ഇല്ലാത്തതും എന്നാല്‍ വിവാഹത്തെ അസാധു വാക്കുന്നതുമായ വിവാഹ തടസ്സങ്ങള്‍ പൗരസ്ത്യ നിയമ സംഹിതയിലുണ്ട് എന്ന വസ്തുതയും നാം മറന്നുകൂടാ.

ഫാ. ജോസ് ചിറമേല്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.