ഉത്കണ്ഠകളിൽ നിന്ന് മോചിതരാകുവാൻ സഹായിക്കുന്ന തിരുവചനങ്ങൾ

ഭയവും ആശങ്കയുമെല്ലാം ജീവിതത്തിൽ സാധാരണമാണ്. കോവിഡ് മഹാമാരിയിൽ ഇത്തരം ആകുലതകൾ നമ്മുടെ മനസ്സിൽ നിന്നും എടുത്തു മാറ്റേണ്ടത് ആരോഗ്യപരമായ ഒരു തീരുമാനമാണ്. മനസ്സിന്റെയും ശരീരത്തിന്റെയും ആകുലതകൾ എടുത്തുമാറ്റുവാൻ അവിടുത്തേയ്ക്കല്ലാതെ മറ്റാർക്കും കഴിയും! ഇക്കാലഘട്ടത്തിൽ ശരീരത്തെയും മനസിനെയും ഒരുപോലെ ആരോഗ്യകരമായ അന്തരീക്ഷത്തിൽ നിർത്തേണ്ടത് വളരെ അത്യാവശ്യമാണ്.

അതിനു ഉപകാരപ്രദമായ ഏറ്റവും മികച്ച മാർഗ്ഗമാണ് നമുക്ക് പ്രത്യാശയും മികച്ച ഭാവിയും പ്രദാനം ചെയ്യുന്ന തിരുവെഴുത്തുകളിലൂടെ ആശ്വാസവും പ്രതീക്ഷയും കണ്ടെത്തുക എന്നത്. ഒരു നല്ല ആന്റി ഡിപ്രെസന്റ് ആണ് തുടർന്ന് വരുന്ന തിരുവചന ഭാഗങ്ങൾ. അതിനു മുന്നോടിയായി ഒരു ചെറിയ പ്രാർത്ഥന ചൊല്ലി നമ്മുടെ മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട് നമുക്ക് വചനത്തെ ഹൃദയത്തോട് ചേർക്കാം.

കർത്താവായ ദൈവമേ, എത്ര വലുതും ചെറുതുമായ കാരണങ്ങളുണ്ടെങ്കിലും എനിക്ക് ഏതു സമയത്തും അങ്ങയെ സമീപിക്കുവാൻ സാധിക്കുന്നതിൽ ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ ഭയാശങ്കകൾക്കിടയിൽ എന്നെ എത്രയും പെട്ടന്ന് സഹായിക്കേണമേ. എത്രയും പെട്ടന്ന് ഞാൻ അങ്ങയിൽ അഭയം പ്രാപിച്ചതുപോലെ എനിക്കും എന്റെ ആശങ്കകളിൽ ഉത്തരം നൽകേണമേ. എന്നെ അങ്ങയുടെ പ്രകാശത്താൽ നിറയ്ക്കേണമേ. എന്റെ മനസ്സിനെ അങ്ങയുടെ സമാധാനത്താൽ നിറയ്ക്കേണമേ. ആമേൻ .

ഉത്കണ്ഠകളിൽ ഈ വചന ഭാഗങ്ങൾ നമുക്ക് ആശ്വാസം നൽകട്ടെ:

“സ്‌നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്‌.” (1 യോഹന്നാൻ 4:8)

“നീതിക്കുവേണ്ടി കഷ്‌ടതകൾ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാൻമാർ. അവരുടെ ഭീഷണി നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങൾ അസ്വസ്‌ഥരാവുകയും വേണ്ടാ.” (1 പത്രോസ് 3:14)

“എന്തെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‌കിയത്‌; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്‌.” (2 തിമോത്തേയോസ്‌ 1:7)

“ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിൻ; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിൻ. ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാൻ വരുന്നു; ദൈവത്തിന്റെ പ്രതിഫലവുമായി വന്ന്‌ അവിടുന്ന്‌ നിങ്ങളെ രക്‌ഷിക്കും.”
(ഏശയ്യാ 35:4)

“എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്‌തി പ്രാപിക്കും; അവർ കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല.” (ഏശയ്യാ 40:31)

“നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ.”
(യോഹന്നാൻ 14:1)

“ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാൻ കൽപിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കർത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.”
(ജോഷ്വ 1 : 9)

“ഞാൻ കർത്താവിനെ തേടി,അവിടുന്ന്‌ എനിക്കുത്തരമരുളി; സർവ ഭയങ്ങളിലും നിന്ന്‌ അവിടുന്ന്‌എന്നെ മോചിപ്പിച്ചു.” (സങ്കീർത്തനങ്ങൾ 34:4)

“എന്റെ ഹൃദയത്തിന്റെ ആകുലതകൾ വർധിക്കുമ്പോൾ അങ്ങ്‌ നൽകുന്ന ആശ്വാസം എന്നെ ഉൻമേഷവാനാക്കുന്നു.” (സങ്കീർത്തനങ്ങൾ 94:19)

“എന്നെക്കുറിച്ചുള്ള തന്റെ നിശ്‌ചയംകർത്താവു നിറവേറ്റും; കർത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്‌; അങ്ങയുടെ സൃഷ്‌ടിയെ ഉപേക്‌ഷിക്കരുതേ!” (സങ്കീർത്തനങ്ങൾ 138:8)

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.