ഭാര്യവീട്ടിൽ പോകാൻ ഭർത്താവിന്റെ വിലക്ക്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ആ സ്ത്രീ വന്നത് ഭർത്താവിനെക്കുറിച്ച് ചില കാര്യങ്ങൾ പറയുന്നതിനു വേണ്ടിയാണ്.

“അച്ചാ, വിവാഹം കഴിഞ്ഞ് 12 വർഷമായി. ആദ്യനാളുകളിൽ ഒഴികെ പിന്നീടങ്ങോട്ട് എന്നെ വീട്ടിലേക്ക് പറഞ്ഞയക്കാനോ, എന്നോടൊപ്പം എന്റെ വീട്ടിൽ വന്നു താമസിക്കാനോ അദ്ദേഹത്തിന് താത്പര്യമില്ല. ഞാൻ വീട്ടിൽ പോയാൽ രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചു വരണം. അതാണ് കല്പന.”

ഭർത്താവിനോട് കാര്യം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “അവൾ പറഞ്ഞതു പോലെ വിവാഹത്തിന്റെ ആദ്യനാളുകളിൽ അവളുടെ വീട്ടിൽ പോകുകയും താമസിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ഞാനത് നിർത്തലാക്കി. അതിന് തക്ക കാരണവുമുണ്ട്. അവരുടെ വീട്ടിൽ സദാ സമയവും അയൽക്കാരുടെയും ബന്ധുക്കളുടെയും കുറ്റം പറഞ്ഞ് രസിക്കുന്ന രീതിയുണ്ട്. മൂന്നു പേർ ഒരുമിച്ചിരുന്നാൽ ആരുടെയെങ്കിലും കുറവുകൾ പറയുക എന്നല്ലാതെ മറ്റൊന്നും അവർക്ക് സംസാരിക്കാനില്ല. ഞാൻ എത്ര പറഞ്ഞിട്ടും ഈ ശീലം അവർ മാറ്റുന്നില്ല. എന്റെ ഭാര്യ രണ്ടു ദിവസം അവളുടെ വീട്ടിൽ പോയി താമസിച്ചാൽ മനസു നിറയെ വെറുപ്പും വിദ്വേഷവുമായാണ് തിരിച്ചുവരുന്നത്. അതൊക്കെ കേൾക്കുമ്പോൾ തന്നെ എനിക്ക് വെറുപ്പും ദേഷ്യവും തോന്നും. അതുകൊണ്ട് അവളോ മക്കളോ അങ്ങോട്ട് പോകുന്നതിനോട് എനിക്ക് തെല്ലും താത്പര്യമില്ല.”

ഈ ഭർത്താവ് പറഞ്ഞതിൽ കാര്യമില്ലേ? ചിലപ്പോഴെല്ലാം നമ്മുടെ കൂടിച്ചേരലുകളും കൂട്ടായ്മകളും കേവലം കുറ്റം പറയുന്നതിനും തെറ്റായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും മാത്രമായിത്തീരുന്നില്ലേ? ഇതേ മനോഭാവം തന്നെയായിരുന്നു യഹൂദർക്കിടയിലും ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: “ഉന്നതത്തില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്‌. ഭൂമിയില്‍ നിന്നുള്ളവന്‍ ഭൂമിയുടേതാണ്‌. അവന്‍ ഭൗമിക കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്‌. ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു” (യോഹ. 3: 31,34).

നാമെല്ലാം ദൈവമക്കളാണെങ്കിലും നമ്മുടെ കൂടിച്ചേരലുകളിലും സമ്പർക്കങ്ങളിലും ദൈവീക കാര്യങ്ങൾക്ക് ഇടമില്ലെങ്കിൽ നമ്മുടെ ഒത്തുചേരുകൾ നമ്മെ നാശത്തിലേക്കു തന്നെ നയിക്കും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.