സീറോ മലബാർ ഉയിർപ്പുകാലം രണ്ടാം വ്യാഴം ഏപ്രിൽ 11 മത്തായി 15: 21-28 കാനാൻകാരിയുടെ വലിയ വിശ്വാസം

തുടർച്ചയായ അപേക്ഷയാണ് കാനാൻകാരിയെ ‘വലിയ വിശ്വാസത്തിന്റെ ഉടമ’ എന്നു വിശേഷിപ്പിക്കാൻ ഈശോയെ പ്രേരിപ്പിച്ചത്. തന്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു എന്ന അവളുടെ ആദ്യ അപേക്ഷയ്ക്ക് ഈശോ ഒരു വാക്കു പോലും ഉത്തരം പറഞ്ഞില്ല (23). പിന്നീട് അവൾ പിന്നാലെ വന്നു നിലവിളിച്ചപ്പോൾ നൽകിയ ഉത്തരം, താൻ ഇസ്രായേൽ മക്കൾക്കുവേണ്ടി വന്നവനാണ് എന്നായിരുന്നു. തന്നെ സഹായിക്കണമെന്ന് അവള്‍ വീണ്ടും അപേക്ഷിച്ചപ്പോൾ നിഷേധാത്മകമായ മറുപടിയായിരുന്നു ലഭിച്ചത്. എങ്കിലും നിരാശയാകാതെ അവൾ അപേക്ഷിക്കുകയാണ്. അവിടെ യേശു, അവൾ ആഗ്രഹിച്ചതു നൽകുകയും അവളുടെ വിശ്വാസത്തെ പ്രകീർത്തിക്കുകയും ചെയ്തു.

മൂന്നുവട്ടം നിഷേധിച്ചിട്ടും തുടർച്ചയായി അപേക്ഷിക്കാൻ മനസ്സു കാണിച്ച അവളുടെ വിശ്വാസം വലുതു തന്നെയാണ്. പ്രാർഥനയിൽ ചോദിക്കുമ്പോഴേ ലഭിക്കാതെവരുമ്പോൾ നിരാശരാകുന്ന ആളുകളാണ് നമ്മൾ. പ്രാർഥന കേൾക്കുന്നില്ല എന്നു തോന്നുമ്പോഴും പ്രാർഥിച്ചതിന്റെ നേർവിപരീതം സംഭവിക്കുമ്പോഴും പ്രാർഥിച്ചുകൊണ്ടേയിരിക്കുക. കാനാൻകാരിയാണ് അതിനു മാതൃക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.