സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം രണ്ടാം വ്യാഴം നവംബര്‍ 16 ലൂക്കാ 10: 8-16 എന്നെ നിരസിക്കുന്നവൻ 

യേശുവിനുവേണ്ടി ജീവിക്കുന്നവരുടെ ജീവിതത്തില്‍ എത്രമാത്രം ഭാവാത്മകമായി, ശക്തമായി യേശു ഇടപെടും എന്ന സൂചന നല്‍കുന്ന വചനമാണ് നമ്മളിന്ന് ധ്യാനിക്കുന്നത്. “നിങ്ങളുടെ വാക്ക് കേള്‍ക്കുന്നവന്‍ എന്റെ വാക്ക് കേള്‍ക്കുന്നു. നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു” (16). ഭൂമിയില്‍ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുന്നവന്റെ ക്രിസ്തുവുമായുള്ള ബന്ധവും അത് എത്തിനില്‍ക്കുന്ന ദൈവവുമായുള്ള ബന്ധവും നമ്മള്‍ ഇവിടെ കാണുന്നു.

ക്രിസ്തുവിനുവേണ്ടി സാക്ഷ്യംനല്‍കുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നതെന്തും – അവഹേളനമോ, അപമാനമോ – യഥാര്‍ഥത്തില്‍ ക്രിസ്തുവാണ് അനുഭവിക്കുന്നതെന്ന സൂചന ഇവിടെയുണ്ട്. “ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്” എന്ന വി. പൗലോസിന്റെ വചനം നമ്മള്‍ ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ക്രിസ്തുവിന്റെ സന്ദേശവുമായി വരുന്ന ഒരാളെ – അധികാരിയെ, അധീനനെ, ശുശ്രൂഷകനെ, സ്ത്രീയെ, പുരുഷനെ – അപമാനിക്കുമ്പോഴും തള്ളിക്കളയുമ്പോഴും നമ്മള്‍ ക്രിസ്തുവിനെയാണ് തള്ളിക്കളയുന്നത് എന്നോര്‍മ്മിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.