സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം എട്ടാം തിങ്കള്‍ (മൂശ രണ്ടാം തിങ്കൾ) ഒക്ടോബര്‍ 23 മത്തായി 18: 10-14 ആരും നശിക്കാൻ പിതാവ് ഇഷ്ടപ്പെടുന്നില്ല 

ദൈവത്തിന്റെ കണ്ണുകളില്‍ വിലയില്ലാത്തതായി ഒന്നുമില്ല. എല്ലാത്തിനും വിലയുണ്ട്‌; മൂല്യവുമുണ്ട്. തൊണ്ണൂറ്റിയൊൻപതിനേയും മലയില്‍ വിട്ടിട്ടുപോകാന്‍ മാത്രമുള്ള മൂല്യം ‘ഒന്നിന്’ ഉണ്ട്. ഈ ‘ഒന്ന്’ ആരാണെന്നത് ഒരു പ്രധാന ചോദ്യമാണ്. ഈ ഒന്ന് ഞാനാണെങ്കില്‍ അതിനായിരിക്കില്ലേ ഏറ്റവും മൂല്യം.

ഈ ‘ഒന്ന്’ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാളാണെങ്കിലും വിലയുള്ളതായി മാറും. ഒന്നിന്റെ മൂല്യം നമ്മള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല. ഓരോ ക്രിസ്ത്യാനിയും മറ്റൊരു വ്യക്തിയെ സഹായിച്ചിരുന്നെങ്കില്‍ ഇവിടെ ദാരിദ്ര്യം ഇല്ലാതായേനെ. ഒരാള്‍ മറ്റൊരാളെ സഹായിച്ചാല്‍മതി – മറ്റൊരാളെ മാത്രം. ഒരാള്‍ മറ്റൊരാള്‍ക്ക്‌ സുവിശേഷം അറിയിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലോകംമുഴുവന്‍ സുവിശേഷം എത്തിയേനെ – മറ്റൊരാളെ മാത്രം. നമ്മുടെ പ്രശ്നം നമ്മള്‍ തൊണ്ണൂറ്റിയൊൻപതിനേയും, ഒന്നിനെയും ഒരുപോലെ അവഗണിക്കുന്നു എന്നതാണ്. നമ്മളെ എല്പിച്ചിരിക്കുന്ന ആ ഒരാള്‍ ആരാണ്? ആരും നശിക്കാൻ പിതാവ് ഇഷ്ടപ്പെടുന്നില്ല എന്നോർമ്മിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.