സീറോ മലബാർ നോമ്പുകാലം അഞ്ചാം ബുധൻ മാർച്ച് 22 യോഹ. 8: 1-11 ഇനിമേല്‍ പാപം ചെയ്യരുത്

“അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം ഇവളെ കല്ലെറിയട്ടെ.”  വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണം എന്ന ഉദ്ദേശത്താല്‍ മാത്രം വന്നവരാണ് ആ ജനക്കൂട്ടത്തിലുള്ളത്. അതിനായി അവര്‍ മോശയുടെ നിയമം ഉദ്ധരിക്കുകയും ചെയ്യുന്നു. ഒന്നോ, രണ്ടോ പ്രാവശ്യമല്ല ‘കല്ലെറിഞ്ഞു കൊല്ലണം’ എന്ന ആവശ്യം അവര്‍ ഉന്നയിക്കുന്നത്. വചനം രേഖപ്പെടുത്തിയിരിക്കുന്നത് ‘അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു’ എന്നാണ്.

ചിലപ്പോഴൊക്കെ ഈയൊരു സ്വഭാവവിശേഷം നമ്മളും പുലര്‍ത്താറില്ലേ? നമ്മുടെ ദൃഷ്ടിയില്‍ തെറ്റുകാരെന്നു തോന്നുന്നവരെക്കുറിച്ച് ‘ആവര്‍ത്തിച്ച്’ പറഞ്ഞുകൊണ്ടിരിക്കുന്ന സ്വഭാവം നമുക്കുണ്ടോ? ഒരു വ്യക്തിയോടല്ല, പല വ്യക്തികളോട് പലയിടങ്ങളില്‍ വച്ച്, പല സമയങ്ങളില്‍ ‘ആവര്‍ത്തിച്ച്’ കുറ്റം പറയുന്ന ശീലം പുലര്‍ത്തുന്നവരാണ് നമ്മളെങ്കില്‍ ഓര്‍ക്കുക, ദൈവം വിധിക്കുന്നത് നമ്മുടെ ആവര്‍ത്തിച്ചുള്ള കുറ്റം പറച്ചിലുകള്‍ കേട്ടിട്ടല്ല എന്ന കാര്യം. ദൈവം കരുണയുള്ളവനാണ്.

ഈശോ ഒരു കാര്യം മാത്രമാണ് ആ സ്ത്രീയോടു പറഞ്ഞത്: “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.” ഇതാണ് നമുക്കുള്ള മാതൃക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.