സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ബുധൻ സെപ്റ്റംബർ 23 ലൂക്കാ 24: 13-35 എമ്മാവൂസിലേക്കു പോയവരോടൊപ്പം ഈശോയും യാത്ര ചെയ്തു

എമ്മാവൂസിലേക്കു പോയവർക്കൊപ്പം യാത്ര ചെയ്ത ഈശോയെയാണ് ഇന്നത്തെ വചനത്തില്‍ നമ്മള്‍ കാണുന്നത്. ആ യാത്രയ്ക്കിടയില്‍, “ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ” (26) എന്ന, ശിഷ്യന്മാരോടുള്ള ഈശോയുടെ ചോദ്യം നമ്മളും ഹൃദയങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്. ഈശോയ്ക്കുണ്ടായ സഹനങ്ങളിലും കുരിശുമരണത്തിലും ആ ശിഷ്യന്മാര്‍ക്ക് അതിയായ വിഷമമുണ്ട്. അതിനാലാണ് വഴിയില്‍ വച്ചു കണ്ട ‘അപരിചിതനോട്’ അവര്‍ അവരുടെ സങ്കടം പറയുന്നത്. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍, അവരെ ‘ഭോഷന്മാരേ’ എന്ന് അഭിസംബോധന ചെയ്ത് ഈശോ പറഞ്ഞ വാക്യമാണ് നമ്മള്‍ ആദ്യം കണ്ടത് – “ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ” എന്ന്.

സഹനത്തിലൂടെയാണ് മഹത്വത്തിലേക്ക് പ്രവേശിക്കുന്നത്. ദൈവപുത്രന്‍ സഹനത്തെ മഹത്വത്തിലേക്ക് നടന്നടുക്കാനുള്ള മാര്‍ഗമായിട്ടാണ് കണ്ടത്. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന സഹനങ്ങളെ മഹത്വത്തിലേക്കുള്ള പാതയായിട്ടാണോ ഞാന്‍ കാണുന്നത്? ഏത് സഹനവേളകളിലും ഈശോ നമ്മോടൊപ്പമുണ്ട് എന്ന ബോധ്യം ഈ വചനഭാഗം നമുക്ക് നല്‍കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.