
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നീലക്കടലും പർവതസമാനമായ തിരമാലകളും കടന്ന് ലോകത്തിലെ ഏറ്റവും വിദൂരമായ പ്രദേശത്ത് ഇന്ത്യയുടെ പെരുമ ഉയർത്തിയ രണ്ട് ധീര വനിതകൾ. ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് കമാൻഡർ കെ. ദിൽനയും ലെഫ്റ്റനന്റ് കമാൻഡർ രൂപ അളഗിരിയും ചേർന്നാണ് ‘ഐ.എൻ.എസ്.വി താരിണി’ എന്ന പായ്ക്കപ്പലിൽ ലോകം ചുറ്റിവരുന്ന ചരിത്രപരമായ യാത്ര പൂർത്തിയാക്കിയത്. 238 ദിവസങ്ങൾ നീണ്ടുനിന്ന ഈ സാഹസിക യാത്രയിൽ 47,500 കിലോമീറ്ററിലധികം ദൂരമാണ് ഇവർ കടൽമാർഗം താണ്ടിയത്.
ലോകത്തിൽ മനുഷ്യവാസമില്ലാത്തതും കരയിൽ നിന്ന് ഏറ്റവും അകലെ കിടക്കുന്നതുമായ സമുദ്രഭാഗമാണ് ‘പോയിന്റ് നിമോ’. പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഏറ്റവും അടുത്തുള്ള കരയിൽ നിന്ന് 2,688 കിലോമീറ്റർ അകലെയാണ്. അതുകൊണ്ടുതന്നെ ഈ ഭാഗത്തിന് മുകളിലൂടെ പോകുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളാണ് ഇവിടെയുള്ളവർക്ക് ഏറ്റവും അടുത്തുള്ള മനുഷ്യർ. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങൾ വീഴ്ത്തുന്ന ഇടമായതിനാൽ ‘ഉപഗ്രഹങ്ങളുടെ ശ്മശാനം’ എന്നും പോയിന്റ് നിമോ അറിയപ്പെടുന്നു. ഇതുവരെ ഒരു പായ്ക്കപ്പലിലും ആരും എത്തിച്ചേരാത്ത ഈ ഭീകരമായ പോയിന്റിൽ എത്തിച്ചേരുക എന്നത് ഇവരുടെ മുൻകൂട്ടി നിശ്ചയിച്ച യാത്ര പദ്ധതിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ റിസ്ക് ഏറ്റെടുക്കാനുള്ള ധൈര്യത്തോടെ ചുഴലിക്കാറ്റിന്റെ വെല്ലുവിളികൾ പോലും അവഗണിച്ച് ഇരുവരും പോയിന്റ് നിമോയിലേക്ക് കപ്പൽ തിരിക്കുകയും അവിടെയെത്തുന്ന ആദ്യ പായ്ക്കപ്പൽ യാത്രക്കാരായി ചരിത്രം കുറിക്കുകയും ചെയ്തു.
മൂന്നു നില കെട്ടിടത്തിന്റെ അത്രയും ഉയരത്തിൽ ഉയർന്നുവരുന്ന പർവതസമാനമായ തിരമാലകളും കഠിനമായ തണുപ്പുമായിരുന്നു കടലിൽ ഇവർ നേരിട്ട പ്രധാന വെല്ലുവിളികൾ. മൈനസ് 10 മുതൽ 20 ഡിഗ്രി വരെ അനുഭവപ്പെടുന്ന തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഏഴു പാളികളുള്ള വസ്ത്രങ്ങളാണ് ഇവർ ധരിച്ചിരുന്നത്. സംസാരിക്കുമ്പോൾ പോലും പല്ലുകൾ വേദനിക്കുന്നത്ര കഠിനമായ തണുപ്പും കൂരിരുട്ടും നിറഞ്ഞ രാത്രികളും യാത്രയിലുടനീളം ഉണ്ടായിരുന്നു. ഓരോ തിരമാല വന്ന് അടിക്കുമ്പോഴും പായ്ക്കപ്പൽ രണ്ടു കഷണമായിപ്പോകുമോ എന്ന് ഭയപ്പെടുത്തുന്ന ശബ്ദങ്ങളാണ് ഉയർന്നിരുന്നത്. ഇത്തരം പ്രതീകൂല സാഹചര്യങ്ങളിൽ സർവൈവൽ മോഡിൽ കഴിയേണ്ടി വന്നതിനാൽ തുടർച്ചയായി അരമണിക്കൂറിൽ കൂടുതൽ ഇവർക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല.
എന്നാൽ പ്രതിസന്ധികൾക്കിടയിലും കടലിന്റെ അതിമനോഹരമായ കാഴ്ചകൾ ഇവർക്ക് അനുഭവിക്കാൻ കഴിഞ്ഞു. കപ്പലിനൊപ്പം നീന്തുന്ന ഡോൾഫിനുകൾ, തിമിംഗലങ്ങൾ, അപൂർവ കടൽപക്ഷികൾ, അതിമനോഹരമായ സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും എന്നിവ യാത്രയെ മനോഹരമാക്കി. കൂടാതെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിക്കായി പോയിന്റ് നിമോയിൽ നിന്ന് സമുദ്രജല സാമ്പിളുകൾ ശേഖരിക്കാനും ഇവർക്ക് സാധിച്ചു. വീട്ടുകാരെയും നാടിനെയും പിരിഞ്ഞിരിക്കുമ്പോൾ കപ്പലിലെ ചെറിയ അടുപ്പിൽ തനിയെ ഭക്ഷണം പാകം ചെയ്തും, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി നൽകിയ റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ കഴിച്ചുമാണ് ഇവർ മുന്നോട്ടുപോയത്.
ഏതു നിമിഷവും അപായം സംഭവിക്കാവുന്ന കടൽയാത്രയിൽ ‘ഐ.എൻ.എസ്.വി താരിണി’ എന്ന പായ്ക്കപ്പൽ ഇവർക്ക് ഒരു വീടുപോലെയും ഒരു സുഹൃത്തിനെപ്പോലെയുമായിരുന്നു. പ്രതിസന്ധികളെയും പേടികളെയും നേരിട്ട് വിജയിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് ഈ യാത്രയിലൂടെ ദിൽനയും രൂപയും തെളിയിച്ചു. റിസ്കുകൾ ഏറ്റെടുക്കാനും ആഗ്രഹങ്ങൾക്കായി പരിശ്രമിക്കാനും പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് വലിയൊരു പ്രചോദനമാണ് ഈ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരുടെ സമാനതകളില്ലാത്ത നേട്ടം.




