
മണിപ്പൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഒളിമ്പിക്സിന്റെ പോഡിയം വരെ നീളുന്ന സൈഖോം മീരാഭായ് ചാനുവിന്റെ ജീവിതം കേവലമൊരു കായികതാരത്തിന്റെ വളർച്ച മാത്രമല്ല, അത് നിശ്ചയദാർഢ്യത്തിന്റെയും തിരിച്ചുവരവിന്റെയും മഹത്തായ പാഠപുസ്തകമാണ്.
വിറകുകെട്ടുകളിൽ നിന്ന് തുടങ്ങിയ കഠിനാധ്വാനം
മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റിലുള്ള നങ്പോക് കാക്ചിംഗ് എന്ന കൊച്ചുഗ്രാമത്തിലാണ് മീരാഭായ് ജനിച്ചത്. പാവപ്പെട്ട കുടുംബ പശ്ചാത്തലത്തിൽ വളർന്ന മീരയ്ക്ക് ചെറുപ്പത്തിൽ തന്നെ കഠിനാധ്വാനം ശീലമായിരുന്നു. വീട്ടിലെ ആവശ്യത്തിനായി കാട്ടിൽ നിന്ന് ഭാരമേറിയ വിറകുകെട്ടുകൾ ചുമന്നുകൊണ്ടു വന്നിരുന്നത് കൊച്ചുമീരയായിരുന്നു. മുതിർന്ന സഹോദരന്മാർക്ക് പോലും ഉയർത്താൻ കഴിയാത്തത്ര ഭാരം തോളിലേറ്റിയപ്പോൾ, ആ കുഞ്ഞുതോളുകളിൽ ഭാവിയിൽ ഇന്ത്യയുടെ അഭിമാനം മുഴുവൻ ചുമക്കാനുള്ള ശേഷിയുണ്ടെന്ന് ആരും കരുതിയിരുന്നില്ല.
തകർത്തുകളഞ്ഞ റിയോ ഒളിമ്പിക്സും വിമർശനങ്ങളും
2016 – ലെ റിയോ ഒളിമ്പിക്സ് മീരാഭായിയുടെ ജീവിതത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു. കഠിനമായ പരിശീലനം നടത്തി മത്സരത്തിനെത്തിയ മീരയ്ക്ക് മൂന്ന് ശ്രമങ്ങളിലും ഭാരം ഉയർത്താനായില്ല. റിസൾട്ട് ബോർഡിൽ ‘Did Not Finish’ എന്ന് എഴുതിക്കാണിച്ചപ്പോൾ രാജ്യം മുഴുവൻ അവരെ വിമർശിച്ചു. മാനസികമായി കടുത്ത വിഷാദത്തിലേക്ക് വീണുപോയ നിമിഷങ്ങളായിരുന്നു അത്. ഭാരോദ്വഹനം അവസാനിപ്പിച്ചാലോ എന്ന് പോലും അവർ ചിന്തിച്ചു.
ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷി
എന്നാൽ യഥാർത്ഥ വിജയികൾ പരാജയങ്ങളിൽ തളരുന്നവരല്ല, മറിച്ച് അവിടെനിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ ശക്തമായി തിരിച്ചുവരുന്നവരാണ്. പരിശീലകരുടെ പിന്തുണയോടെ മീര തന്റെ തെറ്റുകൾ തിരുത്തി. കൂടുതൽ കഠിനമായി പരിശീലനം ആരംഭിച്ചു. 2017-ലെ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി മീര ലോകത്തിന് മുന്നിൽ തന്റെ കുതിപ്പിന്റെ ആദ്യ സിഗ്നലുകൾ നൽകി. തുടർന്ന് കോമൺവെൽത്ത് ഗെയിംസുകളിലും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറി.
ടോക്കിയോയിലെ ചരിത്ര വിജയം
2020 ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങുമ്പോൾ മീരയ്ക്ക് മുന്നിൽ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ – അഞ്ച് വർഷം മുമ്പ് നഷ്ടപ്പെട്ട പേരും പ്രശസ്തിയും തിരികെപ്പിടിക്കുക. 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോഗ്രാം ഭാരം ഉയർത്തി വെള്ളി മെഡൽ കഴുത്തിലണിഞ്ഞപ്പോൾ ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ ഇന്ത്യക്കായി വെള്ളി നേടുന്ന ആദ്യ താരം എന്ന ചരിത്രം മീരാഭായ് ചാനു കുറിച്ചു.
മെഡൽ നേടിയ ശേഷം കണ്ണീരോടെ പുഞ്ചിരിച്ച ആ മുഖം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ് പതിഞ്ഞത്.
വിജയത്തിന് ശേഷം, തനിക്ക് പരിശീലനത്തിന് പോകാൻ സൗജന്യമായി ലിഫ്റ്റ് നൽകിയിരുന്ന ട്രക്ക് ഡ്രൈവർമാരെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണം നൽകി ആദരിച്ച മീരയുടെ എളിമ അവരുടെ വ്യക്തിത്വത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
നമുക്ക് നൽകുന്ന പ്രചോദനം
ജീവിതത്തിൽ തടസ്സങ്ങളും പരാജയങ്ങളും സ്വാഭാവികമാണ്. എന്നാൽ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് മുന്നിൽ വാക്കുകൾ കൊണ്ടല്ല പ്രവർത്തി കൊണ്ടാണ് മറുപടി നൽകേണ്ടതെന്ന് മീരാഭായ് ചാനു വീണ്ടും വീണ്ടും തെളിയിച്ചു. 2020 -ലെ ടോക്കിയോ ഒളിമ്പിക്സിന് ശേഷവും തന്റെ വിജയക്കുതിപ്പ് തുടർന്ന മീര 2026 -ലെ കോമൺവെൽത്ത് ഗെയിംസിലും സ്വർണ്ണമെഡൽ നേട്ടത്തോടെ തൻ്റെ ചാമ്പ്യൻ പട്ടം നിലനിർത്തി രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി. വീഴുന്ന ഓരോ ഘട്ടത്തിലും സ്വയം കെട്ടിപ്പടുക്കാനും ലക്ഷ്യബോധത്തോടെ അധ്വാനിക്കാനും തയ്യാറായാൽ ഏത് സാധാരണക്കാരനും ചരിത്രം സൃഷ്ടിക്കാനാകും എന്നതിന്റെ ഉജ്വലമായ ഉദാഹരണമാണ് ഈ ഭാരതീയ വനിത.
സീനിയ എൽസ ഇഗ്‌നേഷ്യസ്


