
ഇന്നത്തെ വചനത്തിൽ, വിശ്വാസത്തിന്റെ ശക്തിയും പ്രാധാന്യവും യേശു വിശദീകരിക്കുന്നു. അത്തിവൃക്ഷത്തെ ശപിക്കാനും ഒറ്റരാത്രി കൊണ്ട് അത് ഉണക്കാനും ഈശോയ്ക്ക് അധികാരം നൽകിയത് ദൈവത്തിലുള്ള വിശ്വാസമാണ്. ശിഷ്യന്മാർക്കും ഇതുപോലുള്ള വിശ്വാസം വേണമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്.
“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട് ഇവിടെ നിന്നു മാറി കടലില്‍ ചെന്നു വീഴുക എന്നു പറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നത് സംഭവിക്കുമെന്ന് വിശ്വസിക്കുകയും ചെയ്താല്‍ അവനത് സാധിച്ചുകിട്ടും.” എങ്കിലും, കാര്യസാധ്യത്തിനായി വെറുതെ പ്രാർഥിച്ചാൽ മാത്രം പോരാ; പ്രാർഥിക്കുമ്പോൾ, ക്ഷമിക്കാനുള്ളവരോട് ക്ഷമിക്കണമെന്നും ഈശോ പറയുന്നു. “നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അത് ക്ഷമിക്കുവിന്‍. അപ്പോള്‍ സ്വര്‍ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും.” നമ്മുടെ പ്രാർഥനാജീവിതത്തിൽ ഭാവാത്മകമായ മാറ്റം വരുത്താൻ ഈ രണ്ടു കാര്യങ്ങൾ ചെയ്യുക – ഒന്ന്, വിശ്വാസത്തോടെ പ്രാർഥിക്കുക; രണ്ട്, ക്ഷമിച്ചുകൊണ്ട് പ്രാർഥിക്കുക.
ഫാ. ജി. കടൂപ്പാറയിൽ MCBS




