
മനുഷ്യരാശിയുടെ കൈവശമുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള ബൈബിൾ വചനങ്ങൾ രണ്ടു ചെറിയ വെള്ളിച്ചുരുളുകളിലായിട്ടാണെന്ന വസ്തുത ആരെയും അദ്ഭുതപ്പെടുത്തും. കൈവെള്ളയിലൊതുങ്ങുന്ന, വിരലിന്റെ അത്രമാത്രം പോന്ന രണ്ടു ചെറിയ വെള്ളിച്ചുരുളുകളിലാണ് 2,600 വർഷത്തിലേറെ പഴക്കമുള്ള ആ വചനങ്ങൾ ഇന്നും സൂക്ഷിക്കുന്നത്.
യാദൃച്ഛികമായി കണ്ടെത്തിയ നിധി
1979-ൽ ഇസ്രായേലി പുരാവസ്തു ഗവേഷകനായ ഗബ്രിയേൽ ബാർകെയുടെ (Gabriel Barkay) നേതൃത്വത്തിൽ ജറുസലേമിലെ ‘കെറ്റെഫ് ഹിന്നോം’ (Ketef Hinnom) എന്ന പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്ത് ഖനനം നടക്കുകയായിരുന്നു. നൂറ്റാണ്ടുകളായി കവർച്ചക്കാർ കൊള്ളയടിച്ചും ഓട്ടോമൻ ഭരണകാലത്ത് സൈനികരുടെ ആയുധപ്പുരയായും ഉപയോഗിച്ചിരുന്ന ഒരു പഴയ ശവകുടീരത്തിലായിരുന്നു അവർ ഗവേഷണം നടത്തിക്കൊണ്ടിരുന്നത്.
ഗവേഷണം മുന്നോട്ട് നീങ്ങിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനാകാതെ പ്രതീക്ഷളൊക്കെ അസ്തമിച്ച ഘട്ടത്തിലാണ് സംഘത്തിലുണ്ടായിരുന്ന 13 വയസ്സുകാരനായ ഒരു വോളണ്ടിയർ തകർന്നുപോകാത്ത ഒരു രഹസ്യ അറ കണ്ടെത്തുന്നത്. അവിടെ മൺപാത്രങ്ങൾക്കും ആഭരണങ്ങൾക്കുമൊപ്പം തികച്ചും ആകസ്മികമായി തുരുമ്പിച്ച രണ്ടു ചെറിയ വെള്ളിച്ചുരുളുകൾ കണ്ടെത്തി. കണ്ടെത്തിയ വലിയ ചുരുളിന് ഏകദേശം 97 × 27 മില്ലീമീറ്റർ (3.8 ഇഞ്ച്) മാത്രമായിരുന്നു വലുപ്പം. ചെറിയതിനാകട്ടെ 39 × 11 മില്ലീമീറ്ററും. അതായത് നമ്മുടെ കൈവിരലിന്റെ അത്ര മാത്രം! ഇവ രണ്ടും കഴുത്തിൽ ഏലസ്സുകളായി ധരിക്കാൻ പാകത്തിൽ നിർമ്മിച്ചവയായിരുന്നു.
തുറക്കാൻ മാത്രം എടുത്തത് മൂന്നു വർഷം
കാലപ്പഴക്കം കൊണ്ട് തകർച്ച പൂർണ്ണമായ നിലയിലായിരുന്ന വെള്ളിച്ചുരുളുകൾ പൊടിഞ്ഞുപോകാതെ നിവർത്തിയെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഇതിനായി മാത്രം ശാസ്ത്രജ്ഞർക്ക് പുതിയൊരു ലാബ് സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടി വന്നു. നീണ്ട മൂന്ന് വർഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ചുരുളുകൾ കേടുപാടുകളില്ലാതെ തുറക്കാൻ കഴിഞ്ഞത്. അതിനുള്ളിൽ അതീവ സൂക്ഷ്മമായി കൊത്തിവച്ച പുരാതന ഹീബ്രു അക്ഷരങ്ങൾ കണ്ട് ഗവേഷകർ ഞെട്ടിപ്പോയി!
“കർത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. കർത്താവ് തന്റെ മുഖം നിന്റെമേൽ പ്രകാശിപ്പിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ. കർത്താവ് തന്റെ തിരുമുഖം നിന്റെമേൽ തിരിക്കുകയും നിനക്ക് സമാധാനം നൽകുകയും ചെയ്യട്ടെ” എന്ന, സംഖ്യയുടെ പുസ്തകത്തിലെ വചനമായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. ദൈവത്തിന്റെ വിശുദ്ധ നാമമായ യാഹ്‌വെ എന്നത് ചരിത്രത്തിലാദ്യമായി ലിഖിതരൂപത്തിൽ കാണപ്പെടുന്നത് ഈ ചുരുളുകളിലായിരുന്നു.
പ്രത്യേകതകൾ
ബി.സി. 600 (ബിസി ഏഴാം നൂറ്റാണ്ടിന്റെ അവസാനം) അതായത് ബാബിലോണിയക്കാർ ജറുസലേം ആക്രമിക്കുന്നതിന് തൊട്ടുമുൻപ് എഴുതപ്പെട്ട വചനമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഒപ്പം ചാവുകടലിൽ കണ്ടെത്തിയ ചുരുളുകളേക്കാൾ 400 വർഷത്തെ പഴക്കവുമുണ്ട് ഇതിന് എന്നാണ് ഗവേഷകർ പറയുന്നത്. പഴയനിയമ പരിഭാഷകൾക്ക് അടിസ്ഥാനമായ മസൊററ്റിക് കൈയെഴുത്തുപ്രതികളേക്കാൾ 1,000 വർഷവും പഴക്കമുണ്ട് ഇവയ്ക്ക്. 2,600 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട അതേ വാചകങ്ങളാണ് ഇന്നും ലോകമെമ്പാടുമുള്ള ക്രൈസ്തവ-യഹൂദ ആരാധനകളിൽ ആശീർവാദമായി ഉപയോഗിക്കുന്നത്. ഒപ്പം ദൈവാലയം നിലനിന്നിരുന്ന കാലത്തുപോലും ഈ ബൈബിൾ വചനങ്ങൾ ജനങ്ങൾ കാണാതെ പഠിക്കുകയും ഏലസ്സുകളിൽ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്തിരുന്നുവെന്ന വസ്തുതയിലേക്കും ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നു.
ഇന്ന് ജറുസലേമിലെ ഇസ്രായേൽ മ്യൂസിയത്തിൽ ഈ രണ്ട് കുഞ്ഞു വെള്ളിച്ചുരുളുകൾ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. മാനവചരിത്രത്തിലെ തന്നെ ഏറ്റവും വിലമതിക്കാനാവാത്ത അമൂല്യവസ്തുക്കളിൽ ഒന്നായി ഈ കുഞ്ഞുനിധികൾ ഇന്നും ലോകശ്രദ്ധ ആകർഷിക്കുന്നു.




