
“നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇത് നിങ്ങളോട് പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.” ഈ ലോകത്തില്‍ നമുക്ക് എന്തുമാത്രം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും ഭയപ്പെടേണ്ട എന്ന യേശുവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ വചനം. ഭയം നമ്മെ കീഴ്‌പ്പെടുത്തിയേക്കുമെന്ന് തോന്നിപ്പോകുന്ന സാഹചര്യങ്ങളും നമുക്കുണ്ടായേക്കാം.
ലോകത്തിന്റേതായ ദുരിതങ്ങളും പ്രലോഭനങ്ങളും ആകുലതകളും രോഗങ്ങളുമൊക്കെ നമ്മുടെ ജീവിതത്തിലുണ്ടാകുമെന്ന് ഉറപ്പാണ്. സമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങളും സംഭവിക്കാം. പക്ഷേ, ഭയപ്പെടരുത്. സമാധാനത്തിന്റെ ഉറവിടമായ യേശുവിലേക്ക് നമ്മള്‍ തിരിയുക. സ്വന്തമരണത്തിലൂടെയും ഉയിര്‍പ്പിലൂടെയും ലോകത്തെ കീഴടക്കുകയും നമുക്ക് രക്ഷ പ്രദാനം ചെയ്യുകയും ചെയ്ത യേശുവില്‍ നമുക്ക് അഭയം തേടാം. വചനം നമുക്കും കരുത്തു നല്‍കട്ടെ.
ഫാ. ജി. കടൂപ്പാറയിൽ MCBS




