സീറോ മലങ്കര മാർച്ച് 27 (ഹശാ ബുധൻ) മത്തായി 26: 14-16 യൂദാസിന്റെ വഞ്ചന

യേശു തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ “തന്നോടു കൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി പന്ത്രണ്ടു പേരെ നിയോഗിച്ചു” (മര്‍ക്കോ. 3:13-15). യേശു മലമുകളിലേക്കു കയറി പ്രാർഥിച്ച് ഒരുങ്ങിയാണ് തനിക്ക്‌ ഇഷ്‌ടമുള്ളവരെ ശിഷ്യന്മാരായി തെരഞ്ഞെടുത്തത്. എന്നിട്ടും ശിഷ്യന്മാരിൽ പന്ത്രണ്ടാമനായി തിരഞ്ഞെടുക്കപ്പെട്ട യൂദാസ് എന്തിന് യേശുവിനെ ഒറ്റിക്കൊടുത്തു?

ഇതിനുള്ള ഉത്തരം വി. യോഹന്നാൻ ശ്ലീഹായുടെ സുവിശേഷം 13:2-ൽ നൽകുന്നുണ്ട്. “അത്താഴസമയത്ത്‌ പിശാച്‌ ശിമയോന്റെ പുത്രനായ യൂദാസ്‌ സ്‌കറിയോത്തായുടെ മനസില്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ തോന്നിപ്പിച്ചു.” ഒരു വ്യക്തിയിൽ പാപമാകുന്ന പിശാച് ആദ്യം പ്രവേശിക്കുന്നത് ചിന്തയിലാണ്. ചിന്ത പ്രവർത്തിയായി മാറുകയാണ്. “ദുര്‍മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂർണ്ണവളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു” (യാക്കോബ്‌ 1:15). അത്താഴസമയത്ത് യേശുവിനെ ഒറ്റുകൊടുക്കാൻ യൂദാസിന്റെ മനസിൽ ഒരു തോന്നലുണ്ടായപ്പോൾ ആ തോന്നൽ പ്രിയസ്നേഹിതന്മാരായ സഹശിഷ്യന്മാരോട് പങ്കുവയ്ക്കാമായിരുന്നു. അല്ലെങ്കിൽ ഉള്ളും ഉള്ളതും അറിയുന്ന യേശുവിനോട് പങ്കുവയ്ക്കാമായിരുന്നു. എന്നാൽ അവൻ ആരോടും അത് പങ്കുവച്ചില്ല. അതിന്റെ അനന്തരഫലം പാപവും പാവത്തിന്റെ ശിക്ഷയായ മരണവും ആയിരുന്നു.

ദുർമോഹങ്ങളാകുന്ന പിശാചുക്കൾ നമ്മെ ഭരിക്കാൻ തുടങ്ങുമ്പോൾ, പിശാച് നമ്മുടെ ചിന്തയിൽ പ്രവേശിച്ചു കഴിയുമ്പോൾ, പഴയ പാപങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ നമ്മെ വേട്ടയാടുമ്പോൾ നമ്മൾ ഉടനെ അനുതപിച്ച് പാപങ്ങൾ ദൈവസന്നിധിയിൽ ഏറ്റുപറയണം. അല്ലെങ്കിൽ യൂദാസിനെപ്പോലെ പാപം പ്രവർത്തിയിലേക്കും, പ്രവർത്തി മരണത്തിലേക്കും നമ്മെ നയിക്കും.

“ഞാന്‍ അവനെ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചുതന്നാല്‍ നിങ്ങള്‍ എനിക്ക്‌ എന്തു തരും?”(മത്തായി 26:15). സ്വന്തം ഇഷ്ടത്തിന്, ആഗ്രഹത്തിന്, പണത്തിനു വേണ്ടി ക്രിസ്തുവിനെ വിൽക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ഇവിടെ മുപ്പത് വെള്ളിക്കാശിനു വേണ്ടി യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കാൻ തീരുമാനിക്കുകയാണ്. പലപ്പോഴും ക്രൈസ്തവജീവിതത്തിൽ നമ്മുടെ ഇഷ്ടത്തിന്, ആഗ്രഹത്തിന്, ലാഭത്തിന് ക്രിസ്തുവിനെ പലപ്പോഴായി ഒറ്റിക്കൊടുക്കാറുണ്ട്. ക്രിസ്ത്യാനി എന്ന വാക്കിന്റെ അർഥം ക്രിസ്തുവിനെ അനുഗമിക്കുന്നവൻ എന്നാണ്. എന്നാൽ പലപ്പോഴും നാം ക്രിസ്തുവിനെ അനുഗമിക്കാതെ, ക്രിസ്തുവിനെ മാതൃകയായി ജീവിക്കാതെ, ക്രിസ്തുവിനെ അറിയാത്തവരുടെ ഇഷ്ടത്തിനൊത്ത് ഈ ലോകത്തിലെ സുഖത്തിനുവേണ്ടി ക്രിസ്തുവിൽ നിന്ന് ലഭിച്ച നന്മകൾ തെറ്റായി വ്യാഖ്യാനിക്കുമ്പോൾ, ദൈവത്തിന്റെ വചനം തെറ്റായി വളച്ചൊടിക്കുമ്പോൾ, ക്രിസ്തീയഗാനങ്ങൾ മോശമായ രീതിയിലും അർഥത്തിലും ആലപിക്കുമ്പോൾ, ക്രിസ്തുവിന് എതിർസാക്ഷിയായി ജീവിക്കുമ്പോൾ നമ്മൾ ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുകയാണ്. ഇവിടെ പലപ്പോഴും നമ്മൾ യൂദാസ് ആയി മാറുകയാണ്.

നമ്മുടെ പാപങ്ങളെ ഓർത്ത് അനുതപിക്കാൻ ഇവിടെ ക്രിസ്തു നമുക്ക് ഒരു അവസരം നൽകുകയാണ്. നമുക്കു വേണ്ടി കുരിശിൽ മരിച്ച, നമുക്കു വേണ്ടി ഉഥാനം ചെയ്ത ക്രിസ്തുവിനെ മാതൃകയാക്കി നമുക്ക് ജീവിക്കാം. ഈ ലോകത്തിലെ ജഡികസുഖങ്ങളും പണത്തിനോടുള്ള അമിതമായ ആഗ്രഹവും പലപ്പോഴും ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്നു. ക്രിസ്തുവിനെ ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുന്ന ഈ ലോകത്ത് ക്രിസ്തുവിന് സാക്ഷിയായി ജീവിക്കാൻ, മറ്റൊരു ക്രിസ്തുവായിത്തീരാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. വിമൽ വിൻസെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.