സീറോ മലങ്കര സെപ്റ്റംബർ 29 യോഹ. 1: 47-51 മുഖ്യദൂതന്മാരുടെ തിരുനാള്‍

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

മുഖ്യദൂതന്മാരായ മിഖായേലിന്റെയും ഗബ്രിയേലിന്റെയും റഫായേലിന്റെയും തിരുനാൾദിനമാണിന്ന്. “മിഖായേൽ” (מִיכָאֵל) എന്ന ഹീബ്രുവാക്കിന്റെ അർഥം “ദൈവത്തെപ്പോലെ ആരുണ്ട്” എന്നാണ്. എപ്പോഴും ദൈവത്തിനായി പടപൊരുതാൻ തയാറായിനില്‍ക്കുന്ന മിഖായേൽ അറിയപ്പെടുന്നത് ‘സ്വർഗീയസൈന്യത്തിന്റെ രാജകുമാരൻ’ എന്നാണ്. ബൈബിളിൽ ദാനിയേലിന്റെ പുസ്തകത്തിലും (10:13-21; 12:1), യൂദാസിന്റെ ലേഖനത്തിലും (1:9), വെളിപാട് പുസ്തകത്തിലും (12:7-9) മിഖായേലിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ഇസ്രായേലിന്റെ സംരക്ഷകനായിട്ടാണ് ദാനിയേലിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതെങ്കിൽ, ലൂസിഫറിനും മറ്റു പിശാചുക്കൾക്കുമെതിരായി പോരാടി അവരെ പരാജയപ്പെടുത്തുന്നവനായിട്ടാണ് വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. ഇക്കാരണത്താലാണ് പിശാചിനെതിരായ പോരാട്ടത്തിൽ മിഖായേൽ മാലാഖയുടെ സഹായം നാം അഭ്യർഥിക്കുന്നത്.

“ഗബ്രിയേൽ” (גַּבְרִיאֵל) എന്ന ഹീബ്രുവാക്കിന്റെ അർഥം ‘ദൈവം എന്റെ ബലം’ എന്നാണ്. മിശിഹായെക്കുറിച്ചുള്ള ദർശനം വെളിപ്പെടുത്തുന്നതിനായും അറിവും ജ്ഞാനവും പകർന്നുനല്‍കുന്നതിനുമായി ദാനിയേൽ പ്രവാചകന്റെ അടുത്തേക്ക്  ദൈവം ഗബ്രിയേലിനെ അയയ്ക്കുന്നു (8:15–26, 9:21–27). പുതിയ നിയമത്തിൽ വളരെ പ്രകടമായ ദൈവികദൗത്യവുമായി കടന്നുവരുന്ന മാലാഖയാണ് ഗബ്രിയേൽ. പുരോഹിതനായ സഖറിയായ്ക്ക് ജറുസലേം ദേവാലയത്തിലെ ധൂപാർപ്പണസമയത്ത് സ്നാപകയോഹന്നാന്റെ ജനത്തെക്കുറിച്ച് അറിയിക്കാനായി ഈ ദൂതൻ പ്രത്യക്ഷപ്പെടുന്നു (ലൂക്ക 1:5–7). രക്ഷകന്റെ ജനത്തെക്കുറിച്ചുള്ള മംഗളവാർത്ത മറിയത്തോട് അറിയിച്ച (ലൂക്കാ 1:26-38) ഈ മാലാഖയുടെ “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ!” എന്ന വചനം ഓരോ ദിവസവും അനേകായിരം തവണ നമ്മുടെ പ്രാർഥനയിലൂടെ ആവർത്തിക്കപ്പെടുന്നു.

“റഫായേൽ” (רְפָאֵל) എന്ന ഹീബ്രു വാക്കിന്റെ അർഥം ‘ദൈവം സൗഖ്യപ്പെടുത്തി’ എന്നാണ്. ഈ പേരുകാരണമായിരിക്കാം യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്ന ബത്‌സയ്ദായിലെ അത്ഭുതരോഗശാന്തി നല്‍കുന്ന കുളത്തിലെ വെള്ളം ഇളക്കുന്നത് റഫായേൽ മാലാഖയാണെന്ന ക്രിസ്തീയപാരമ്പര്യം ഉണ്ടായിരിക്കുന്നത്. റഫായേലിനെക്കുറിച്ചുള്ള നമ്മുടെ അറിവ് പ്രധാനമായും വരുന്നത് തോബിത്തിന്റെ പുസ്തകത്തിൽനിന്നാണ്. സൗഖ്യദായകനും സഹയാത്രികനായി തോബിയാസിനെ അനുയാത്ര ചെയ്യുന്ന റഫായേൽ, അവന്റെ സംരക്ഷകനായി മാറുന്നു. ഇതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ജീവിതത്തിലെ നിർണ്ണായകയാത്രകളിൽ കൂടെനടക്കുന്നതിനായി വിശ്വാസികൾ റഫായേൽ മാലാഖയുടെ സഹായം അപേക്ഷിച്ചുപ്രാർഥിക്കുന്നത്. തോബിത്തിന്റെ പുസ്തകത്തിൽ ദൈവത്തിന്റെ സന്നിധിയിൽ പ്രവേശിക്കുന്ന ഏഴ് വിശുദ്ധ ദൂതന്മാരിലൊരുവനായിട്ടാണ് തന്നെത്തന്നെ റഫായേൽ പരിചയപ്പെടുത്തിയിരിക്കുന്നത് (തോബിത് 12:15).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.