സീറോ മലങ്കര ഡിസംബര്‍ 28 മത്തായി 22: 41-46 ക്രിസ്തു ദാവീദിന്റെ പുത്രന്‍

കര്‍ത്താവില്‍ അനുഗ്രഹിക്കപ്പെട്ടവരേ, ഇന്നത്തെ നമ്മുടെ ചിന്തയ്ക്കും വിചിന്തനത്തിനുമായി ലഭിച്ചിരിക്കുന്ന സുവിശേഷഭാഗം വി. മത്തായിയുടെ സുവിശേഷം 22-ാം അധ്യായം 41 മുതല്‍ 46 വരെയുള്ള വാക്യങ്ങളാണ്. ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോട് ഒരു ചോദ്യം ചോദിക്കുന്നു: “നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്?” “ദാവീദിന്റെ” എന്ന് അവര്‍ ഉത്തരം പറഞ്ഞു. അവര്‍ക്ക് ക്രിസ്തു കര്‍ത്താവല്ല. ദാവീദിന്റെ പുത്രന്‍ മാത്രമാകുന്നു.

ഈ ഒരു ചോദ്യം ക്രിസ്തു നമ്മോടാണ് ചോദിക്കുന്നതെങ്കില്‍ എന്തായിരിക്കും നമ്മുടെ ഉത്തരം? ക്രിസ്തു നിനക്ക് ആരാണ്? – ക്രിസ്തുവിനെപ്പറ്റി നീ എന്തു വിചാരിക്കുന്നു? – മാമ്മോദീസ എന്ന കൂദാശയിലൂടെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മുദ്രകുത്തി ക്രിസ്തുവിന്റെ അനുയായി ആയിമാറിയ നമുക്ക് ക്രിസ്തു ആരാണ്? വെറും ദാവീദിന്റെ പുത്രന്‍ മാത്രമാണോ? അതോ നിന്റെ ദൈവമായ കര്‍ത്താവാണോ? ഉത്തരം കണ്ടെത്തേണ്ടത് നീയാണ്.

പലവിധത്തിലുള്ള കുറവുകള്‍മൂലം നാം ദൈവത്തില്‍നിന്ന് അകന്നുപോകാറുണ്ട്. കുറവുകള്‍ മാനുഷികമാണ്. ഈ കുറവുകള്‍ നിറവുകളാകുന്ന ഇടമാണ് കുമ്പസാരക്കൂട്. കുമ്പസാരക്കൂടുകളില്‍ നാം നമ്മുടെ കുറവുകള്‍ ഇറക്കിവയ്ക്കുമ്പോള്‍ ആത്മീയവും മാനസികവും ശാരീരികവുമായ സൗഖ്യം ലഭിക്കുന്നു. ദൈവത്തിലേക്ക് നാം വീണ്ടും തിരിച്ചുനടക്കുന്നു. ജീവിതത്തില്‍ ഒരു തിരിച്ചുവരവിന്റെ സന്തോഷം, അനുഭവം നമുക്ക് ഉണ്ടായിട്ടുണ്ടോ? നമ്മുടെ ജീവിതത്തില്‍ തിരിച്ചറിവിനായി തിരിച്ചുവരവ് സംഭവിക്കട്ടെ, ആമ്മേന്‍.

ഫാ. റാബി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.