
യേശുവിന്റെയും യോഹന്നാന്റെയും ജനനവും ജീവിതവുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മേരിയും എലിസബത്തും തമ്മിൽ രക്തബന്ധം മാത്രമല്ല, അവരുടെ പുത്രന്മാരുടെ ദൗത്യവും പരസ്പരപൂരകങ്ങളാണ്. എന്നാൽ, ലൂക്കോസ് ഈ സുവിശേഷഭാഗത്ത് യേശുവിന്റെ മഹത്വം എത്ര വലുതാണെന്ന് ഓരോ വരിയിലും പറയാതെപറയുന്നു. എലിസബത്ത് പ്രായം ചെന്നവളും മറിയം കന്യകയുമാണ്. സഖറിയ ദൂതന്റെ വാക്കിനെ അവിശ്വസിക്കുകയും സംസാരശേഷി കുറേനാളത്തേക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു. മറിയം ശങ്കിച്ചെങ്കിലും ദൈവഹിതം പൂർണ്ണമായും മനസ്സിലാക്കി “ഇതാ, ഞാൻ കർത്താവിന്റെ ദാസി” എന്ന് പറഞ്ഞുകൊണ്ട് അത് അംഗീകരിക്കുന്നു.
ഗബ്രിയേൽ മാലാഖയാണ് എലിസബത്ത് അമ്മയാകുന്നെവെന്ന വാർത്ത മറിയത്തെ അറിയിക്കുന്നത്. മാതാവിനെ ‘ശാലോം’ എന്ന സാധാരണ ഹെബ്രായ അഭിവാദനത്തിനു പകരം “കൃപ നിറഞ്ഞവളേ” എന്ന് പറഞ്ഞുകൊണ്ടാണ് ദൂതൻ അഭിസംബോധന ചെയ്യുന്നത്. ഇത് ഒരു മാറ്റത്തെയും പുതിയനിയമത്തിന്റെ ആരംഭത്തെയുമാണ് കാണിക്കുന്നതെന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറയുന്നു (നാസറത്തിലെ യേശു, വാല്യം III, 29). ഒരുപാട് വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ് പിറക്കാൻ പോകുന്ന ശിശുവെന്ന് ദൂതന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. ഗബ്രിയേൽ മാലാഖയുടെ വാക്കുകൾക്ക് സെഫാനിയ പ്രവാചകന്റെ സന്ദേശവുമായി വലിയ സാമ്യമുണ്ട്: “സീയോൻ പുത്രീ, ആനന്ദഗാനം ആലപിക്കുക; ഇസ്രായേലിന്റെ രാജാവായ കർത്താവ് നിങ്ങളുടെ മധ്യേയുണ്ട്” (3:14,16). ഈ രാജാവ് മറിയത്തിന്റെ ഉള്ളിൽ ഉരുവായിക്കഴിഞ്ഞു, കാരണം മറിയമാണ് പുതിയ സീയോൻ പുത്രി.
ദൈവാലയ-ദൈവശാസ്ത്ര ഭാഷയാണ് സുവിശേഷകൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ‘ഷെക്കീന’ എന്ന ഹീബ്രുവാക്ക് മലയാളത്തിൽ ‘വസിക്കുക’ എന്നാണ് പരിഭാഷപ്പെടുത്തിരിക്കുന്നത്. എന്നാൽ, അത് പഴയനിയമത്തിൽ “സമാഗമ കൂടാരത്തെ ആവരണം ചെയ്ത കർത്താവിന്റെ മഹത്വം പോലെ” (പുറ. 40:35) മറിയത്തെ ദൈവം ‘പരിശുദ്ധാത്മാവിനാൽ ആവരണം ചെയ്തിക്കുന്നു’ എന്ന അർഥത്തിലാണ് നാം മനസ്സിലാക്കേണ്ടത്. മറ്റുള്ളവരുടെ നയനങ്ങൾക്ക് ഈ സത്യങ്ങൾ അഗോചരമാണ്; അതേസമയം മറിയത്തിന് ദൈവീക വെളിപാടിനാൽ കാണാവുന്ന വലിയ സത്യവും. അങ്ങനെ പുതിയനിയമത്തിൽ, മനുഷ്യരുടെ ഇടയിൽ കൂടാരമടിക്കാൻ കടന്നുവരുന്ന ദൈവപുത്രനെ വഹിക്കുന്ന ജീവനുള്ള വാഗ്ദാനപേടകമായി മറിയം മാറിയിരിക്കുന്നു. മറിയത്തെപ്പോലെ യേശുവിനെ എപ്പോഴും ഹൃദയത്തിൽ വഹിക്കുന്ന സജീവ കൂടാരങ്ങളായി നമ്മെയും പരിവർത്തനപ്പെടുത്താം.
ഫാ. മാത്യു ചാര്ത്താക്കുഴിയില്




