
ദക്ഷിണ കൊറിയയിൽ അടുത്ത വർഷം നടക്കുന്ന ആഗോള യുവജന സമ്മേളനത്തിന്റെ ഔദ്യോഗിക തീം സോങ്ങിന്റെ നാല് ആഗ്യഭാഷാ പതിപ്പുകൾ പുറത്തിറക്കി സംഘാടകർ. സംസാര-കേൾവി വൈകല്യമുള്ള യുവജനങ്ങൾക്കും സമ്മേളനത്തിന്റെ ആത്മീയ ഒരുക്കങ്ങളിൽ പൂർണ്ണമായി പങ്കുചേരാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ ഉദ്യമം.
പ്രാദേശിക സംഘാടകരായ സീയൂൾ അതിരൂപത നവംബർ 19-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കൊറിയൻ ആംഗ്യഭാഷയിലും (Korean Sign Language) അന്താരാഷ്ട്ര ആംഗ്യഭാഷയിലുമായി (International Sign) ഗാനത്തിന്റെ ക്ലാസിക്, പോപ്പ് പതിപ്പുകളാണ് വീഡിയോ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ബധിരരും സംസാരശേഷി ഇല്ലാത്തവരുമായ യുവജനങ്ങൾക്ക് ഗാനത്തിന്റെ ആശയവും ആത്മീയ അനുഭവവും തൊട്ടറിയുന്നതിനുള്ള ബദൽ മാർഗമായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാത്തലിക് പീസ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ, സിയൂൾ അതിരൂപതയിലെ ബധിരരായ കത്തോലിക്കർക്കായുള്ള ഇടവകയുടെ വികാരിയും ബധിര വൈദികനുമായ ഫാ. ബെനഡിക്ട് മിൻ-സിയോ പാർക്ക് എന്നിവരുടെ സഹകരണത്തോടെയാണ് വീഡിയോകൾ നിർമ്മിച്ചിരിക്കുന്നത്. കൊറിയൻ ആംഗ്യഭാഷയും അന്താരാഷ്ട്ര ആംഗ്യഭാഷയും കൈകാര്യം ചെയ്യുന്ന രണ്ട് സന്നദ്ധ പരിഭാഷകരാണ് ഗാനം അവതരിപ്പിക്കുന്നത്. സംഗീതത്തിന്റെ താളവും വാദ്യോപകരണങ്ങളുടെ ശബ്ദവും വൈകാരിക ഭാവവും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന വിവരണാത്മക അടിക്കുറിപ്പുകളും വീഡിയോകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1985-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് യുവജനങ്ങൾക്ക് പാട്ടിലൂടെയും നൃത്തത്തിലൂടെയും പ്രാർഥനയിലൂടെയും വിശ്വാസം ആഘോഷിക്കുന്നതിനായി ലോക യുവജന സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് 1986-ൽ റോമിലായിരുന്നു ആദ്യ സമ്മേളനം നടന്നത്. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ആഗോള കത്തോലിക്കാ യുവജന സംഗമത്തിന്റെ 17-ാമത് പതിപ്പാണ് 2027-ൽ സീയുളിൽ അരങ്ങേറുന്നത്. 1995-ൽ ഫിലിപ്പീൻസിലെ മനിലയിൽ നടന്ന സമ്മേളനത്തിന് ശേഷം ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ആഗോള യുവജന സമ്മേളനമാണിത്.




