

ഈ ലോകം എന്നും ഇതുപോലെ തന്നെ നിലനിൽക്കില്ല എന്നും, യുഗാന്ത്യം സുനിശ്ചിതമായ യാഥാർത്ഥ്യമാണെന്നുള്ള സത്യം ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നു. വ്യാജപ്രബോധകരും ലോകാവസാനത്തെക്കുറിച്ചു പ്രവചിക്കുന്ന പ്രവാചകന്മാരും എല്ലാ കാലത്തും ഉണ്ടാകുമെന്ന മുന്നറിയിപ്പും അവിടുന്ന് നൽകുന്നു. ഇപ്പോഴുള്ള ഈ മഹാമാരിയൊക്കെ ഇഹലോകത്തിന്റെ ചില ക്ഷണികമായ സ്വഭാവത്തെ കുറിക്കുന്ന ഓർമ്മപ്പെടുത്തലുകളായി കാണാൻ സാധിക്കും. ഭയവും ഉൽകണ്ഠയുമല്ല, മറിച്ച് ജാഗ്രത പുലർത്താനുള്ള ആഹ്വാനമായി ഇന്നത്തെ സുവിശേഷഭാഗത്തെ നാം മനസിലാക്കണം.
“ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത ഉന്നതത്തിലുള്ളവയിൽ ശ്രദ്ധിക്കുവിൻ” എന്ന് വി. പൗലോസ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നു (കൊളോ. 3:1-2). നാം ഭൂമിയിൽ ജീവിക്കുമ്പോഴും സ്വർഗത്തിനു വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ഉത്തമബോധ്യം നമ്മിൽ ഉളവാകണം. “ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരമില്ല” (ഹെബ്രാ. 13:14). നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലി. 3:20). പക്ഷേ, നാം മറക്കാൻ പാടില്ലാത്ത മറ്റൊരു കാര്യം എന്നത് മരണശേഷം മാത്രമല്ല സ്വർഗം അല്ലെങ്കിൽ നിത്യജീവൻ ആരംഭിക്കുക. അത് ഈ ഭൂമിയിൽ വച്ചു തന്നെ ആരംഭിക്കുന്നു.
ദൈവവുമായുള്ള സംസർഗ്ഗമാണ് നിത്യജീവൻ. യേശുവിൽ വിശ്വസിക്കുന്നവൻ യേശുവുമായി അഭേദ്യമായ ഐക്യത്തിൽ പ്രവേശിക്കുന്നു (യോഹ. 11:25; 5:24). ദൈവവുമായുള്ള സംസർഗം ശാരീരികമരണത്തിനു പോലും ഇല്ലാതാക്കാൻ കഴിയുകയില്ല (റോമാ 8:35-39). ഈ പ്രത്യാശയിൽ നമുക്ക് ആനന്ദിക്കാം (റോമാ 12:12).
ഫാ. ജോളി കരിമ്പിൽ