സീറോ മലങ്കര ആഗസ്റ്റ് 17 ലൂക്കാ 7: 1-10 വിശ്വാസം

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

തിരുസഭാ മാതാവ് ഇന്ന് നമുക്ക് വിചിന്തനത്തിനായി നൽകുന്ന വചനഭാഗം വി. ലൂക്കാ എഴുതിയ സുവിശേഷം ഏഴാം അദ്ധ്യായം ഒന്ന് മുതൽ പത്തു വരെയുള്ള തിരുവചനങ്ങളാണ്. യേശു ശതാധിപന്റെ വിശ്വാസം കണ്ട് അവന്റെ ഭൃത്യനെ സുഖമാക്കുന്നതാണ് ഇതിലെ പ്രതിപാദ്യവിഷയം. ഇന്നും ലത്തീൻ ആരാധനാക്രമത്തിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനു മുമ്പായി ചൊല്ലുന്ന പ്രാർത്ഥനയും ഇതു തന്നെയാണ്. “കർത്താവേ, അങ്ങ് എന്റെ ഭവനത്തിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല; അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, എന്റെ ആത്മാവ് സുഖം പ്രാപിക്കും.”

ശതാധിപന്റെ ഈ വിശ്വാസം യേശുവിനെപ്പോലും വിസ്മയിപ്പിക്കുന്നു. എല്ലാത്തിന്മേലുമുള്ള യേശുവിന്റെ അധികാരത്തെ, യേശുവിന്റെ ദൈവത്വത്തെ അവൻ ഏറ്റുപറയുന്നു. അതുകൊണ്ടാണ് യേശു പറയുന്നത്, ഇസ്രായേലിൽ (തിരഞ്ഞെടുക്കപ്പെട്ട ജനത്തിനിടയിൽ) പോലും ഇങ്ങനെ ഒരു വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്ന്.

മൂന്നു കാര്യങ്ങൾ നമുക്ക് ഈ ശതാധിപനിൽ നിന്നും പഠിക്കാം. ഒന്നാമതായി അവന്റെ വിശ്വാസം. അവൻ പൂർണ്ണമായും വിശ്വസിക്കുന്നു. തന്റെ അധികാരത്തിൻ കീഴിൽ തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഭൃത്യന്മാർ ഉള്ളതുപോലെ തന്നെ ക്രിസ്തുവിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഭൃത്യന്മാർ ഉണ്ടെന്നും ക്രിസ്തു കല്പിച്ചാൽ അവർ തന്റെ ഭൃത്യനെ സുഖമാക്കുമെന്നും. ഈ വിശ്വാസം വഴി അവൻ യേശുവിന്റെ ദൈവത്വത്തെ ഏറ്റുപറയുന്നു. രണ്ടാമതായി, അവൻ തന്റെ ലൗകിക അധികാരങ്ങളെല്ലാം ഇറക്കിവച്ച് യേശുവിന്റെ അധികാരത്തിനു മുൻപിൽ തന്നെത്തന്നെ സമർപ്പിക്കുന്നു. മൂന്നാമതായി, അവൻ തന്റെ അയോഗ്യതയെ ഏറ്റുപറയുന്നു. നീ എന്നിലേക്ക് വരാനുള്ള യോഗ്യത എനിക്കില്ല എന്ന് അവൻ ഏറ്റുപറയുന്നു.

ഈ ശതാധിപന്റെ വിശ്വാസം മാമ്മോദീസ സ്വീകരിച്ച നമ്മെ വെല്ലുവിളിക്കുകയാണ്. ഈ ശതാധിപന്റെ വിശ്വാസത്തിൽ നിന്നുകൊണ്ട് നമ്മുടെ വിശ്വാസത്തെ വിശകലനം ചെയ്യുമ്പോൾ എവിടെയോ ചില താളപ്പിഴകൾ നമുക്ക് കണ്ടെത്താനാകും. ലോകശക്തികൾക്കു മീതെയാണ് യേശുവിന്റെ അധികാരം എന്ന് ശതാധിപനെപ്പോലെ നാമും വിശ്വസിച്ച് ഏറ്റുപറയണം. യേശുവിന്റെ കണ്ണുകളിൽ കൂടി നോക്കുമ്പോൾ നമ്മുടെ യേശുവിലുള്ള വിശ്വാസം യേശുവിനാൽ പ്രശംസനയോഗ്യമാണോ എന്ന് ചിന്തിക്കാം. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ അനുദിനം വളരാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.