
ആയുധധാരികളായ ഫുലാനി തീവ്രവാദികൾ തന്റെ വീടിന് നേരെ ഭീഷണി മുഴക്കിയത് നൈജീരിയക്കാരിയായ അസാബെ ഇന്നും ഓർക്കുന്നു: “എവിടെയാണ് നിങ്ങളുടെ ദൈവം? അവന്റെ അനുയായികളായ നിങ്ങളെ കൊല്ലുന്നതിന് മുമ്പ് ഞങ്ങൾ അവനെ കൊല്ലേണ്ടതിന് അവൻ താഴേക്ക് വരട്ടെ.” 2025 ഏപ്രിൽ 14-ന് അർദ്ധരാത്രിയിലാണ് വടക്കൻ നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തുള്ള അസാബെയുടെ ഗ്രാമത്തിലേക്ക് തീവ്രവാദികൾ ഇരച്ചുകയറിയത്.
അസാബെയുടെ മൂത്ത മകൻ 14 വയസ്സുള്ള ജെറിയെ (Jerry) അക്രമികൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ഇളയ മക്കളായ ജെയിംസ് (10), ജേക്കബ് (2) എന്നിവരെ ജീവനോടെ തീ കൊളുത്തി കൊന്നു. പുറത്തിറങ്ങിയ ഉടൻ ആ അക്രമികൾ തങ്ങളെ വെടിവച്ചോ വെട്ടിയോ കൊല്ലുമെന്ന് ഉറപ്പായിരുന്നതിനാൽ അസാബെയും മകൾ ജോവാനയും അമ്മായിയമ്മയും കുളിമുറിക്കുള്ളിൽ പേടിച്ചരണ്ട് ഒളിച്ചിരുന്നു. ചില അക്രമികൾ വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചെങ്കിലും, അസാബെയും അമ്മായിയമ്മയും ഉള്ളിലുള്ള സർവ ശക്തിയുമെടുത്ത് വാതിൽ അടച്ചുപിടിച്ചു. എന്നാൽ മേൽക്കൂരയിൽ ഒളിച്ചിരുന്ന ഭർത്താവ് മോസസിന് (Moses) ഗുരുതരമായി പൊള്ളലേൽക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. അന്ന് നടന്ന ആക്രമണത്തിൽ ആകെ 52 പേരാണ് കൊല്ലപ്പെട്ടത്.
കുറ്റബോധവും സഹിക്കാനാവാത്ത ദുഃഖവും
തന്റെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം അസാബെയെ വേട്ടയാടിക്കൊണ്ടിരുന്നു. ഭർത്താവിന്റെയും മകന്റെയും മൃതദേഹങ്ങൾ അവസാനമായി കാണാൻ പോലും അവർക്ക് കഴിഞ്ഞില്ല. എന്നാൽ ആറുവയസ്സുകാരിയായ മകൾ ജോവാന അസാബെയ്ക്ക് വലിയ ആശ്വാസമായി മാറി. “ദൈവം തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുന്ന ഒരു ദിവസം വരും, നമ്മൾ വീണ്ടും പപ്പയെയും സഹോദരങ്ങളെയും കാണും,” എന്ന കുഞ്ഞിന്റെ വാക്കുകൾ അവർക്ക് കരുത്തേകി.
ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ച അസാബെയ്ക്ക്, ‘ഓപ്പൺ ഡോർസ്’ (Open Doors) എന്ന സംഘടനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘ഷാലോം ട്രോമ സെന്ററിൽ’ ലഭിച്ച അഞ്ചു ദിവസത്തെ കൗൺസിലിംഗാണ് വഴിത്തിരിവായത്.
മാനസിക സൗഖ്യം നേടിയ ശേഷം, തന്റെ കുടുംബത്തെ നശിപ്പിച്ച ഫുലാനി ജനവിഭാഗത്തോടുപോലും ക്ഷമിക്കാനും അവരോട് സ്നേഹത്തോടെ പെരുമാറാനും അസാബെയ്ക്ക് സാധിച്ചു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് തന്റെ വീടിന് മുന്നിലൂടെ പോയ ഫുലാനി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ വീട്ടിനുള്ളിലേക്ക് വിളിച്ച് ഭക്ഷണവും പലഹാരങ്ങളും നൽകി അസാബെ അവരെ സൽക്കരിച്ചു.
ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്ന തനിക്കും നൈജീരിയയിലെ മറ്റ് വിധവകൾക്കും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കും വേണ്ടി പ്രാർഥിക്കണമെന്ന് അസാബെ അഭ്യർഥിക്കുന്നു. തന്റെ ശേഷിക്കുന്ന ജീവിതത്തെക്കുറിച്ച് അസാബെ പറയുന്നു: “ദൈവം എന്നെ ഈ ഭൂമിയിൽ ബാക്കിവച്ചത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്. ആ ലക്ഷ്യം പൂർത്തീകരിക്കാൻ എന്നെ സഹായിക്കണമേ എന്നാണ് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നത്.”




