കുടുംബാംഗങ്ങൾ ഒന്നിച്ചു പ്രാർഥിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ

“ഒരുമിച്ച് പ്രാർഥിക്കുന്ന കുടുംബം എന്നും ഒന്നിച്ചുനിൽക്കും” എന്നത് കേവലം ഒരു പഴഞ്ചൊല്ലല്ല, വലിയൊരു സത്യമാണ്. പ്രാർഥന എന്നാൽ ഏതാനും വാക്കുകൾ ഉരുവിടൽ മാത്രമല്ല, മറിച്ച് അത് കുടുംബാംഗങ്ങളുടെ മനസ്സുകളെ തമ്മിൽ അടുപ്പിക്കുന്ന ദിവ്യമായൊരു ശീലമാണ്. ഈ ചെറിയൊരു ശീലം നമ്മുടെ കുടുംബബന്ധങ്ങളിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ക്ഷമിക്കാനും ചേർത്തുപിടിക്കാനും പഠിക്കുന്നു

വീട്ടിൽ എന്തെങ്കിലും പിണക്കങ്ങളോ ദേഷ്യമോ ഉണ്ടെങ്കിൽ പോലും, എല്ലാവരും ഒരുമിച്ച് പ്രാർഥിക്കാനിരിക്കുമ്പോൾ ആ ദേഷ്യം മാറിപ്പോകുന്നു. പരസ്പരം ക്ഷമിക്കാനും സ്നേഹിക്കാനും പ്രാർഥന നമ്മെ പഠിപ്പിക്കുന്നു.

നല്ല ചിന്തകളും സഹാനുഭൂതിയും

രോഗികൾക്കും വേദന അനുഭവിക്കുന്നവർക്കും വേണ്ടി കുടുംബം ഒന്നിച്ചു പ്രാർഥിക്കുമ്പോൾ, കുട്ടികളുടെ മനസ്സിൽ കരുണയും ദയയും വളരുന്നു. മറ്റുള്ളവരുടെ സങ്കടങ്ങൾ മനസ്സിലാക്കാൻ അവർ പ്രാപ്തരാകുന്നു.

ഹൃദയം തുറന്നുള്ള സംഭാഷണങ്ങൾ

കുടുംബാംഗങ്ങൾ തമ്മിൽ എത്ര വലിയ ദേഷ്യത്തിലാണെങ്കിലും, സന്ധ്യാപ്രാർഥനയ്ക്കായി കൈകൂപ്പുമ്പോൾ ആ പിണക്കങ്ങളെല്ലാം അകന്നുപോകുന്നു .ഫോണോ മറ്റ് തിരക്കുകളോ ഇല്ലാതെ കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കുന്ന ഈ സമയം മനസ്സിലെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാൻ ഉപകരിക്കുന്നു. പരസ്പരം ക്ഷമിക്കാനും ചേർത്തുപിടിക്കാനും പ്രാർഥന നമ്മെ പഠിപ്പിക്കുന്നു.

കരുതലോടെയുള്ള ചേർത്തുപിടിക്കൽ

ജീവിതത്തിൽ വലിയ തകർച്ചകളോ സങ്കടങ്ങളോ വരുമ്പോൾ, ഒരുമിച്ചുള്ള പ്രാർഥന മനസ്സിന് വലിയൊരു ആശ്വാസമാണ്. “ഞാൻ കൂടെയുണ്ട്” എന്ന് പരസ്പരം പറയാതെ പറയുന്ന മനോഹരമായ നിമിഷങ്ങളാണവ.

കുടുംബത്തോടൊപ്പമുള്ള പ്രാർഥന ഓരോ വീട്ടിലേക്കും സന്തോഷവും ദൈവാനുഗ്രഹവും കൊണ്ടുവരുന്ന വെളിച്ചമാണ്. തിരക്കുകൾ മാറ്റിവച്ച് ഒന്നിച്ച് പ്രാർഥിക്കാൻ നാം കണ്ടെത്തുന്ന ആ കൊച്ചു നിമിഷങ്ങൾ, നമ്മുടെ വീടിനെ സ്നേഹവും സമാധാനവും പൂത്തുലയുന്ന മനോഹരമായ ഇടമാക്കി മാറ്റും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.