സീറോ മലങ്കര ജൂൺ 24 ലൂക്കാ 1: 57-66 യോഹന്നാൻ സ്നാപകന്റെ ജനനം

ഫാ. ഷീൻ പാലക്കുഴി

യേശുവിന് വഴിയൊരുക്കാൻ വന്ന യോഹന്നാൻ സ്നാപകന്റെ ജനനമാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രമേയം. യോഹന്നാന്റെ ജനനം ഒരു സാധാരണ ജനനമായിരുന്നില്ല. പ്രായം കവിഞ്ഞവനായിരുന്നിട്ടും യോഹന്നാന്റെ പിതാവായ സഖറിയാക്ക് ഈ പുത്രന്റെ ജനനത്തെക്കുറിച്ച് ദൈവദൂതന്റെ അറിയിപ്പ്  ലഭിച്ചിരുന്നു. വന്ധ്യയായിരുന്നിട്ടും അമ്മയായ എലിസബത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരുന്നു. മാത്രവുമല്ല, പരിശുദ്ധ മറിയത്തിന്റെ അടുക്കൽ യേശുവിന്റെ ജനനത്തെപ്പറ്റി അറിയിപ്പ് നൽകുമ്പോൾ ഗബ്രിയേൽ മാലാഖ എലിസബത്തിന്റെ അത്ഭുതകരമായ ഗർഭധാരണത്തെക്കുറിച്ച് പറയുകയും അത് ഒരു അടയാളമായി മറിയത്തിന് നൽകുകയും ചെയ്യുന്നു. ചുരുക്കത്തിൽ യോഹന്നാൻ ദൈവത്തിന്റെ പദ്ധതി പ്രകാരം പിറന്ന പുത്രനാണ്.

എന്തായിരുന്നു യോഹന്നാനെപ്പറ്റിയുള്ള ദൈവത്തിന്റെ പദ്ധതി? ലൂക്കാ 1: 13-17 ഭാഗത്ത് യോഹന്നാനെപ്പറ്റിയുള്ള ദൈവത്തിന്റെ പദ്ധതി ഗബ്രിയേൽ മാലാഖ വിവരിക്കുന്നുണ്ട്. എന്നാൽ ബൈബിളിലെ മറ്റു പ്രവാചകന്മാരിൽ നിന്നു വ്യത്യസ്തമായി യോഹന്നാൻ പൂർത്തിയാക്കേണ്ട ദൗത്യം സംവേദനം ചെയ്യപ്പെടുന്നത് യോഹന്നാനോടല്ല മറിച്ച്, അവന്റെ പിതാവായ സഖറിയായോടാണ്. ഒരുപക്ഷേ, യോഹന്നാനോടൊപ്പം ഓർമ്മിക്കപ്പെടേണ്ട ഒരു വ്യക്തിയാണ് സഖറിയ. കാരണം, എല്ലാ മാതാപിതാക്കൾക്കും സഖറിയ ഒരു വലിയ മാതൃകയാണ്. സഖറിയ മാതാപിതാക്കൾക്കു മാതൃകയാകുന്നത് എങ്ങനെയാണ്?

അതായത്, യോഹന്നാൻ എന്ന പേരുള്ള  പുത്രനെക്കുറിച്ചുള്ള ദൈവഹിതം വെളിവാക്കപ്പെടുന്നത് പിതാവായ സഖറിയാക്കു മാത്രമാണ്. ആ ദൈവഹിതം തന്റെ മകനിലേക്ക് സംവേദനം ചെയ്യുന്നത് സഖറിയയാണ്. ദൈവഹിതത്തിനനുസരിച്ച് തന്റെ മകനെ വളർത്തിയെടുക്കുന്നത് സഖറിയയാണ്. തന്റെ ഹിതമനുസരിച്ച് യോഹന്നാനെ രൂപപ്പെടുത്തിയെടുക്കാനുള്ള നിയോഗം ഭരമേൽപ്പിക്കപ്പെടുന്ന വ്യക്തി സഖറിയയാണ്. അദ്ദേഹം ആ ചുമതല ഭംഗിയായും വിശ്വസ്തതയോടെയും നിറവേറ്റി.

സഖറിയാക്കു മാത്രമല്ല എല്ലാ മാതാപിതാക്കൾക്കും ദൈവം നൽകിയിരിക്കുന്ന ഒരു ദൗത്യമാണത്. ദൈവം തങ്ങൾക്കു നൽകിയിരിക്കുന്ന മക്കളെ ദൈവഹിതം പഠിപ്പിക്കുക, അതനുസരിച്ച് വളർത്തുക. അതിനു വേണ്ടിയാണ് ദൈവം അവരെ ഒരു കുടുംബമായി ഒരുമിപ്പിച്ചതെന്നും ഓർക്കണം.

ആണ്ടുവട്ടത്തിൽ വിശുദ്ധരുടെ തിരുനാളുകളെല്ലാം അവരുടെ മരണദിവസം അതായത് അവർ സ്വർഗ്ഗത്തിലേക്കു പോയ ദിവസം ആഘോഷിക്കപ്പെടുമ്പോൾ പൗരസ്ത്യ പാരമ്പര്യത്തിൽ യോഹന്നാന്റെ ജനനമാണ് പ്രധാന തിരുനാളായി ആഘോഷിക്കപ്പെടുന്നത്. അതിന്റെ കാരണം ആ ജനനം അത്രമേൽ അനന്യവും പ്രസക്തവുമായിരുന്നു എന്നതാണ്. യേശുവിനോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രവാചകൻ എന്ന നിലയിലാണ് യോഹന്നാന്റെ ജീവിതം അത്രയും പ്രസക്തമാകുന്നത്.

സത്യത്തിൽ നമ്മളും പ്രസക്തരാകുന്നത് നമുക്ക് ദൈവവുമായി എത്രയടുപ്പമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. കുടുംബത്തിലെ അപ്പൻ എന്ന നിലയിൽ, അമ്മ എന്ന നിലയിൽ, മക്കളും സഹോദരങ്ങളും എന്ന നിലയിൽ നമുക്ക് എത്ര പ്രസക്തരാകാൻ കഴിയുന്നുണ്ട്. പരിസരങ്ങളെ ഗുണപരമായി എങ്ങനെ സ്വാധീനിക്കാൻ കഴിയുന്നുണ്ട്. ക്രിസ്മസ് ദൈവ-മനുഷ്യ അടുപ്പത്തിന്റെയും ബന്ധത്തിന്റെയും ആഘോഷമാണ്.

ഫാ. ഷീന്‍ പാലക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.