സീറോ മലങ്കര ഒക്ടോബർ 15 യോഹ. 12: 24-26 ക്രിസ്തുവിന്റെ സുവിശേഷം

ചങ്ക് പിളര്‍ന്നുകൊണ്ട് ലോകത്തിന്റെ ഭക്ഷണമായിത്തീരുന്ന അദ്ഭുതത്തിന്റെ കാഴ്ചയിലൂടെയാണ് ഇന്നത്തെ സുവിശേഷം നമ്മോടു സംസാരിക്കുന്നത്. രണ്ടായി പിളരാതെ ഒരു ഗോതമ്പുമണിയില്‍ നിന്നും ചെടിക്ക് പുറത്തേക്കു വരാന്‍ സാധ്യമല്ല. അടിമുടി മുറിക്കപ്പെട്ടവന്റെ വഴിത്താരയിലൂടെയുള്ള യാത്രയ്ക്കാണ് ക്രിസ്തു നമ്മെ ക്ഷണിക്കുന്നത്. ശിഷ്യനുള്ള ഉപദേശം “യാത്രയ്ക്ക് വടിയോ, സഞ്ചിയോ, രണ്ട് ഉടുപ്പോ ഒന്നും പാടില്ല” എന്നാണ്. സമൃദ്ധിയുടെ, ധൂര്‍ത്തിന്റെ ഉപഭോഗസംസ്കാരത്തിന്റെ സുവിശേഷമല്ല ക്രിസ്തുവിന്റെ സുവിശേഷം.

“തന്റെ ജീവനെ സ്നേഹിക്കുന്നവന്‍ അത് നഷ്ടപ്പെടുത്തുന്നു. ഇന്ന് നിന്റെ ആത്മാവിനെ നിന്നോടു ചോദിച്ചാല്‍ കൂട്ടിവച്ചതൊക്കെ ആര്‍ക്കാകും” എന്ന ചോദ്യമൊക്കെ ഇതിനോട് ചേര്‍ത്തുവയ്ക്കാം. തനിക്കു വേണ്ടി മാത്രം ജീവിക്കുന്ന സ്വാര്‍ഥതയുടെ കാവല്‍ക്കാരോടാണ് ക്രിസ്തു പറയുന്നത്, “എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ” എന്ന്. തന്നെത്തന്നെ മുറിച്ച് മറ്റുള്ളവര്‍ക്ക് ഭക്ഷണമായി കൊടുക്കുന്നവന്റെ വഴി ആര്‍ഭാടത്തിന്റെ വിശാലവാതിലല്ല എന്ന് നമുക്ക് മറക്കാതിരിക്കാം.

ഇന്നത്തെ സുവിശേഷം ക്രിസ്തുവിന്റെ രാജ്യത്തിലേക്കാണ് എന്നെ ക്ഷണിക്കുന്നത്. ചങ്ക് പിളര്‍ന്ന് മറ്റുള്ളവര്‍ക്ക് ഭക്ഷണമായിത്തീരാന്‍ മനസ്സുള്ളവര്‍ക്കു മാത്രമാണ് ആ രാജ്യത്തിലേക്ക് പ്രവേശനം. മാനവസേവ മാധവസേവയായിത്തീരുന്ന പുണ്യം നിറയുന്ന രാജ്യം. ആ ക്രിസ്തുവിന്റെ രാജ്യത്തിലേക്കു നടക്കാന്‍ സഹായിക്കണമേ എന്ന് പ്രാർഥിക്കാം. ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ, ആമേന്‍.

ഫാ. നിര്‍മ്മലാനന്ദന്‍ OIC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.