സീറോ മലങ്കര സെപ്റ്റംബർ 01 യോഹ. 2: 1-11 കാനായിൽ വെള്ളം വീഞ്ഞാക്കിയത്

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിന് ഒരുങ്ങുന്ന എട്ടുനോമ്പിന്റെ ആദ്യ ദിവസമാണിന്ന്. ഈ ദിവസത്തെ ധ്യാനത്തിനായി മാതാവിന്റെ, കാനായിലെ കല്യാണവിരുന്നിലെ സാന്നിധ്യമാണ് നമുക്ക് നല്‍കപ്പെട്ടിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷമനുസരിച്ച്, യേശു തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിക്കുന്നത്‌ മാതാവിന്റെ അഭ്യർഥന മാനിച്ചാണ്. യേശുവിനെയും മാതാവിനെയും ശിഷ്യന്മാരെയും ഈ കല്യാണത്തിന് വിളിച്ചിരുന്നതിൽനിന്നും ഇവർക്ക് വളരെ വേണ്ടപ്പെട്ട ആരുടെയോ വിവാഹമായിരുന്നു ഇതെന്ന് അനുമാനിക്കാം. അതുമാത്രമല്ല, അവിടെ വീഞ്ഞ് തീർന്നുപോയി എന്ന് മാതാവ് ആകുലപ്പെടുന്നതിൽനിന്നും ഇവർ ഒരു ബന്ധു ആയിരുന്നുവെന്നും ചിന്തിക്കുന്നതിൽ തെറ്റില്ല.

യേശു, തന്റെ മാതാവിനെ “സ്ത്രീയേ” എന്നുവിളിക്കുന്നതിനെ പലരും ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. എന്നാൽ സഭാപിതാക്കന്മാർ ഇതിനെ വിശദീകരിക്കുന്നത് ആദ്യസ്ത്രീയായ ഹവ്വയുമായി ബന്ധപ്പെടുത്തിയാണ്. അനുസരണക്കേടിന്റെ ആദ്യപാപം മൂലമാണ് ‘മരണം’ മനുഷ്യജീവിതത്തിൽ പ്രവേശിക്കുന്നത്. ഹവ്വയെ വഴിതെറ്റിച്ച സർപ്പത്തോട് ദൈവം പറയുന്നു: “നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തലതകർക്കും” (ഉൽ. 2:15). ഈ സർപ്പത്തിന്റെ തലയെ തകർത്ത സ്ത്രീയുടെ മകൻ യേശുക്രിസ്തുവാണ്. ആദ്യത്തെ സ്ത്രീ പിശാചിന്റെ പരീക്ഷണത്തിൽ പരാജയപ്പെട്ടെങ്കിൽ രണ്ടാമത്തെ സ്ത്രീ – മറിയം പിശാചിനെ തോല്പിക്കുന്നു. കുരിശിൽ മരിക്കുന്ന വേളയിലും യേശു തന്റെ മാതാവിനെ “സ്ത്രീയേ” എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഇവിടെ ദൈവികപദ്ധതികളോട് സഹകരിച്ച പുതിയ നിയമത്തിലെ “സ്ത്രീ”യാണ് മറിയം.

കാനായിലെ കല്യാണവിരുന്നിൽ മാതാവ് വലിയൊരു മധ്യസ്ഥയാണെന്ന് നാം തിരിച്ചറിയുന്നു. നമ്മുടെ ഏതാവശ്യങ്ങളിലും എപ്പോഴും ആശ്രയിക്കാവുന്ന മധ്യസ്ഥ. പക്ഷേ, അന്നും ഇന്നും മാതാവ് പറയുന്നത് ഒരേയൊരു കാര്യമാണ്: “അവൻ പറയുന്നത് നിങ്ങൾ ചെയ്യുവിൻ.” മാതാവിനെപ്പോലെ ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ നമുക്കും ദൈവം ഉത്തരവാദിത്വങ്ങൾ നൽകിയിരിക്കുന്നു. ദൈവം നമുക്ക് നൽകിയിരിക്കുന്ന കൃപകളും വരങ്ങളും ഉപയോഗിച്ചുകൊണ്ട് ഇന്നത്തെ ലോകത്തിൽ വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ യേശുവിന് നാം വേദിയൊരുക്കണം. യേശു ആരെന്ന് ശരിയായ അറിവില്ലാതിരുന്ന കാനായിലെ ജനത്തിന്, യേശുവിന്റെ ദൈവത്വത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന മറിയം തന്റെ ഇടപെടലിലൂടെ കാട്ടിക്കൊടുന്നു. അതുവഴിയായി ശിഷ്യന്മാരുൾപ്പെടെയുള്ളവരിൽ വലിയ വിശ്വാസമുളവായി. യേശുവിനെ കർത്താവും രക്ഷകനുമായി തിരിച്ചറിഞ്ഞിരിക്കുന്ന നമ്മുടെ പ്രവർത്തനങ്ങളിലൂടെ ഇന്ന് അനേകർക്ക് യേശുവിനെ കണ്ടെത്താനുള്ള ഉപാധിയായി നമുക്കും മാറാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.