സീറോ മലങ്കര ജൂൺ 25 യോഹ. 8: 41-47 പിശാച് നിങ്ങളുടെ പിതാവ്

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

തന്റെ അധികാരത്തിന്റെ ഉറവിടം പിതാവാണെന്ന് യേശു പറയുമ്പോൾ, യേശു ഉദ്ദേശിക്കുന്നത് ദൈവത്തെയാണെന്ന് യേശുവിന്റെ ശത്രുക്കൾ തിരിച്ചറിയുന്നില്ല. ഇനിയും യേശുവിനെ എതിർക്കുന്ന യഹൂദർ തങ്ങളുടെ പിതാവ് അബ്രഹാം എന്നു പറയുമ്പോൾ അത് ശരിയാകണമെങ്കിൽ ചില കാര്യങ്ങൾ അവർ ചെയ്യേണ്ടതുണ്ട്. ഒന്നാമതായി, അവർ അബ്രഹാമിന്റെ മക്കൾക്ക് അനുയോജ്യമായ ജീവിതക്രമം ഉള്ളവരായിരിക്കണം. ആ ശ്രേഷ്ഠമായ ആത്മീയപൈതൃകം തങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിപ്പിക്കണം. യേശുവിന്റ വിശകലനത്തിൽ ഇപ്പോൾ അവർ ശാരീരികമായി മാത്രമാണ് അബ്രഹാമിനോട് ബന്ധപ്പെട്ടിരിക്കുന്നത്, ആത്മീയമായി വളരെ അകലെയാണ്. രണ്ടാമതായി യേശുവിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതു വഴി തങ്ങളുടെ പ്രവൃത്തികളിലൂടെ അവർ അബ്രഹാമിനെയും തള്ളിപ്പറയുന്നു. കാരണം, അബ്രഹാത്തിലൂടെയും ദൈവം വെളിപ്പെടുത്തിയ സത്യത്തിനെതിരെ അവർ പ്രവൃത്തിക്കുന്നു. മൂന്നാമതായി യേശുവിന്റെ എതിരാളികൾ പ്രവർത്തിക്കുന്നതൊന്നും അബ്രഹാം ഒരിക്കലും ചെയ്തിട്ടില്ല. ഇത് അബ്രഹാമുമായി ഇവർ വളരെ അകലത്തിലാണ് കഴിയുന്നതെന്ന് വെളിപ്പെടുത്തുന്നു. നാലാമതായി അവരുടെ പ്രവൃത്തികൾ യഥാർത്ഥത്തിൽ മറ്റൊരാളുടേതിന് സമാനമെന്ന് യേശു പറയുന്നു: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവരാണ്.”

തങ്ങൾ ജാരസന്തതികളല്ലായെന്ന് യേശുവിന്റെ ആരോപണത്തിനു മറുപടിയായി അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നു. “വ്യഭിചാരം” പഴയനിയമത്തിൽ മിക്കപ്പോഴും വിഗ്രഹാരാധനയുടെ പ്രതീകം കൂടിയാണ് (ജറ. 2:20–21; ഹോസി. 1:2; 2:4). ഇവിടെ നേരിട്ടു പറയാതെ, യേശുവിന്റെ ദൈവികജനനത്തെക്കുറിച്ചുള്ള അവകാശത്തിനെതിരായുള്ള ഒരു ആരോപണമാകാനും സാധ്യതയുണ്ട്. അവർ ഉദ്ദേശിച്ചത് ഒരുപക്ഷേ, ഞങ്ങൾ ജാരസന്തതികളല്ല പക്ഷേ നീ അങ്ങനെയാണ് എന്നാകാം. ഇത് കൂടുതലായി അവരുടെ ദൈവികമായ അറിവിന്റെ കുറവിനെ എടുത്തുകാണിക്കുകയും ചെയ്യുന്നു. കാരണം, ദൈവത്തെ അവർ ശരിയായി അറിഞ്ഞിരുന്നെങ്കിൽ ദൈവപുത്രനെയും അവർ അറിയേണ്ടതാണ്. അയയ്ക്കപ്പെട്ട ഒരുവനു കൊടുക്കുന്ന ബഹുമാനം യഥാർത്ഥത്തിൽ ആ ആളെ അയച്ചവന് കൊടുക്കുന്നതാണ്.

യഹൂദർ എന്ത് അവകാശപ്പെടുന്നുവോ അതിന്റെ വിപരീതമായത് ജീവിതത്തിലൂടെ ചെയ്തുകാണിക്കുന്നു. പിശാച് ആദിമുതലേ ദൈവത്തിനും മനുഷ്യനുമെതിരായി പ്രവർത്തിക്കുന്നു. ആത്യന്തികമായി യേശുവിനെ നിരസിക്കുന്നത് ദൈവത്തെ തള്ളിപ്പറയുന്നതിനു തുല്യമായതിനാൽ, അന്ത്യവിധിയുടെ സമയത്ത് അവർക്ക് ദൈവദർശനം നിഷേധിക്കപ്പെടും. ഇന്നും യേശുവിനെ പൂർണ്ണമായി അറിയുന്നു എന്ന് അവകാശപ്പെടുന്ന ക്രിസ്തീയവിശ്വാസികളിൽ അനേകർ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ദൈവത്തെ നിഷേധിക്കുന്നു. വിശ്വാസത്തിനനുസരിച്ചുള്ള ഒരു ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹത്തിനായി നമുക്കിന്ന് പ്രാർത്ഥിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.