സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം ഒന്നാം ശനി സെപ്റ്റംബർ 05 മത്തായി 22: 23-33 മരിച്ചവരുടെ ഉത്ഥാനം

വി. മത്തായിയുടെ സുവിശേഷത്തിലെ 22-ാം അധ്യായത്തില്‍, യേശുവിനെ വാക്കില്‍ കുടുക്കാന്‍ ചോദിക്കുന്ന മൂന്നു ചോദ്യങ്ങളിലെ രണ്ടാമത്തെ ചോദ്യഭാഗമാണിത്. ആദ്യത്തെയും മൂന്നാമത്തെയും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് ഫരിസേയരാണ്; രണ്ടാമത്തേത് സദുക്കായരും. പുനരുത്ഥാനത്തെക്കുറിച്ചാണ് സദുക്കായരുടെ ചോദ്യം. അതിന് യേശു നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്. “വിശുദ്ധ ലിഖിതങ്ങളോ, ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാൽ നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു.” ഇതിൽ തെളിയുന്നത് സദുക്കായര്‍ക്ക് രണ്ടു കാര്യങ്ങളില്‍ തെറ്റുപറ്റി എന്നതാണ്. ഒന്ന്, വിശുദ്ധ ലിഖിതങ്ങള്‍ മനസ്സിലാക്കുന്നതിൽ, രണ്ട്, ദൈവത്തിന്റെ ശക്തി മനസ്സിലാക്കുന്നതിൽ. ഈ രണ്ടു കാര്യങ്ങളെ വേണ്ടവിധം മനസ്സിലാക്കാന്‍ പറ്റാത്തതിനാലാണ് അവര്‍ക്ക് ജീവിതത്തില്‍ തെറ്റുപറ്റുന്നത്. നമ്മുടെ ജീവിതത്തിലും സംഭവിക്കുന്ന തെറ്റുകള്‍ക്കുള്ള യഥാര്‍ഥ കാരണം അന്വേഷിച്ചുപോയാല്‍ നമ്മളും ചെന്നെത്തുക ഈ ഉത്തരത്തിലായിരിക്കും.

ദൈവത്തിന് നമ്മുടെ ജീവിതത്തില്‍ ചെലുത്താന്‍ സാധിക്കുന്ന ശക്തിയെക്കുറിച്ചുള്ള അജ്ഞത നമുക്കെല്ലാവര്‍ക്കുമുണ്ട്. എല്ലാം ചെയ്യാന്‍ സാധിക്കുന്നവനാണ് യേശു എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണ്. അക്കാര്യം കൃത്യമായി എഴുതിവച്ചിരിക്കുന്ന വിശുദ്ധ ലിഖിതങ്ങളെ മനസ്സിലാക്കുന്നതിലും നമ്മള്‍ പിന്നാക്കമാണ്. വചനത്തിലൂടെ വിരിയുന്ന വസന്തത്തെയും ദൈവത്തില്‍നിന്നു പുറപ്പെടുന്ന വലിയ ശക്തിയെയും മരണത്തിനുശേഷമുള്ള ഉയിര്‍പ്പിനെയും മനസ്സിലാക്കാന്‍ ഇനിയെങ്കിലും നമ്മള്‍ ശ്രമിക്കുക – ജീവിതത്തില്‍ വിജയിക്കും.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.