സീറോ മലബാര്‍ നോമ്പുകാലം പെസഹാവ്യാഴം മാർച്ച് 28 യോഹ. 13: 1-14 പാദക്ഷാളനവും കുര്‍ബാന സ്ഥാപനവും

ഭൂമിയോളം താഴ്ന്ന് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും, എന്നും കൂടെ വസിക്കാന്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ എന്നുപറഞ്ഞ് സ്നേഹത്തിന്റെ പുതിയ കല്‍പന നല്‍കിയതിന്റെയും, പൗരോഹിത്യ സ്ഥാപനത്തിന്റെയും ഓര്‍മ്മയാണ് പെസഹാ. അതിനാൽ പെസഹാ അതിമനോഹരമായ ദിനമാണ്.

ഈ നാല് മഹനീയകാര്യങ്ങള്‍ പെസഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പഴയനിയമ പെസഹാ കടന്നുപോകലാണെങ്കില്‍, പുതിയനിയമ പെസഹാ കൂടെവസിക്കലാണ്. പരിപൂര്‍ണ്ണമായ മാറ്റം. ആദ്യത്തേതിന്റെ തികച്ചും വിരുദ്ധദിശയിലുള്ള അര്‍ഥം. പഴയ പെസഹായ്ക്ക്, ദൂതന്‍ ഇസ്രായേല്‍ ഭവനങ്ങളെ കടന്നുപോയെങ്കില്‍ പുതിയ പെസഹായ്ക്ക് ദൂതനെ അയച്ചവന്‍ ഹൃദയഭവനങ്ങളിലേക്ക് അപ്പത്തിന്റെ രൂപത്തില്‍ കൂടെവന്നു വസിക്കുന്നു. എപ്പോഴും കൂടെ വസിക്കാന്‍ ആഗ്രഹിക്കുന്നവനെ കൂടെനിര്‍ത്താന്‍ സാധിക്കുന്നുണ്ടോ എന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു ഈ ദിവസത്തില്‍. കൂടെയുള്ളവന്റെ പാദം കഴുകാന്‍ സാധിക്കുന്നുണ്ടോ എന്നും പരിധികളില്ലാതെ ക്ഷമിച്ച് സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ എന്നും ഈ പെസഹാദിനത്തില്‍ ധ്യാനിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.