പ്രസംഗം: ദനഹാത്തിരുനാള്‍

ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

ദൈവികകാരുണ്യത്തിന്റെ നിദാനമെന്നോണം ഒരു ദനഹാക്കാലംകൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്. ആദ്യമേതന്നെ ഏവര്‍ക്കും ദനഹാത്തിരുനാളിന്റെ ആശംസകള്‍ നേരുന്നു.

പൗരസ്ത്യസഭയില്‍ ഏറ്റവും പ്രാധാന്യമുള്ള തിരുനാളുകളിലൊന്നാണിത്. കേരളത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ ‘പിണ്ടികുത്തിപ്പെരുനാള്‍’ എന്നും തെക്കന്‍ഭാഗങ്ങളില്‍ ‘രാക്കുളിപ്പെരുനാള്‍’ എന്നും വിശേഷണമുള്ള ദനഹാത്തിരുനാള്‍. ദനഹാ എന്ന വാക്കിന്റെ അര്‍ഥം പ്രത്യക്ഷീകരണം, ആവിഷ്‌ക്കാരം, വെളിപാട് എന്നെല്ലാമാണ്. ക്രിസ്തു ലോകത്തിന് തന്നെ വെളിപ്പെടുത്തിയ ദിനമാണ് ദനഹാ. പുത്രന്റെ വെളിപ്പെടുത്തലിന് പിതാവും പരിശുദ്ധാത്മാവും സാക്ഷ്യമേകിയ ദിവസം. ഈ തിരുനാളിനോടുകൂടി ആരംഭിക്കുന്ന ദനഹാക്കാലത്തില്‍ സഭാമാതാവ് നല്‍കുന്ന ദൈവവചനവായനകള്‍ ഈശോയുടെ പരസ്യജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ പ്രഘോഷിക്കുന്നതാണ്. കാരണം, ജോര്‍ദാനിലെ മാമ്മോദീസായിലൂടെയാണ് ഈശോയുടെ രക്ഷാകരദൗത്യം പരസ്യമാക്കപ്പെട്ടത്.

ദനഹാത്തിരുനാളിന്റെ ഏറ്റവും വലിയ സന്ദേശം, അത് ലോകത്തിന് ആദ്യമായി പരിശുദ്ധ ത്രിത്വത്തെ വെളിപ്പെടുത്തുന്നു എന്നതാണ്. അപ്രകാരമുള്ള സന്ദേശം തന്നെയാണ് ഇന്നത്തെ തിരുവചനവായനകള്‍ വെളിപ്പെടുത്തുന്നതും. ആദ്യവായനയായ പുറപ്പാടിന്റെ പുസ്തകം 19-ാം അധ്യായം 16 മുതല്‍ 25 വരെയുള്ള വാക്യങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്, ദൈവം ഇസ്രായേല്‍ ജനത്തിന് സീനായ് മലമുകളില്‍ പ്രത്യക്ഷപ്പെടുന്ന രംഗമാണ്. രണ്ടാം വായനയായ ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍, പ്രവാചകനിലൂടെ ദൈവം പരിശുദ്ധാത്മാവിനെ വാഗ്ദാനംചെയ്യുന്നതാണ്. മാമ്മോദീസായിലൂടെ ലഭിച്ച പരിശുദ്ധാത്മാവിനെ സങ്കടപ്പെടുത്തരുതെന്നും ക്ലേശങ്ങളിലും സഹനങ്ങളിലും പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെടണമെന്നും വി. പൗലോസ് ശ്ലീഹാ തിമോത്തിയോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

ക്രിസ്തു ദൈവപുത്രനാണെന്ന് സ്വര്‍ഗത്തില്‍നിന്നുള്ള പിതാവിന്റെ സ്വരം വെളിപ്പെടുന്ന വചനഭാഗമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ മര്‍ക്കോസ് സുവിശേഷകന്‍ പങ്കുവയ്ക്കുന്നത്. സ്‌നാപകയോഹന്നാനില്‍നിന്നു മാമ്മോദീസ സ്വീകരിച്ച് വെള്ളത്തില്‍നിന്നു പുറത്തുവന്നപ്പോള്‍ പിതാവായ ദൈവം ഈശോയെ സാക്ഷ്യപ്പെടുത്തിക്കൊണ്ടു പ്രഖ്യാപിച്ചു: “ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” ഈശോയുടെ ജ്ഞാനസ്‌നാനം ത്രിതൈ്വകരഹസ്യത്തിന്റെ വെളിപ്പെടുത്തലിന്റെ അവസരമായിരുന്നെന്ന് സഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്നു.

പാപമൊഴികെ മറ്റെല്ലാക്കാര്യങ്ങളിലും ദൈവം നമ്മോട് താദാത്മ്യംപ്രാപിച്ചു. വേദനയും പരിഹാസവും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ഒറ്റിക്കൊടുക്കപ്പെടലും ഭാരംചുമക്കലും പീഡനവുമെല്ലാം സ്വയം ഏറ്റെടുത്തു. മനുഷ്യകുലത്തിന്റെ പാപത്തിനുവേണ്ടി ഈശോ ഏറ്റെടുത്ത പരിഹാരകര്‍മ്മങ്ങളുടെ തുടക്കമായിരുന്നു ജോര്‍ദാനിലെ മാമ്മോദീസ. ഈശോയെ ലോകത്തിനു വെളിപ്പെടുത്താന്‍ നാമോരോരുത്തര്‍ക്കുമുള്ള കടമയെ ഈ തിരുനാള്‍ അനുസ്മരിപ്പിക്കുന്നു.

മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവസഭയില്‍ അംഗങ്ങളായ ഓരോ ക്രൈസ്തവനും ദൈവരാജ്യത്തിന്റെ സന്ദേശങ്ങള്‍ പ്രഘോഷിക്കാന്‍ ബാധ്യസ്ഥരാണ്. മാമ്മോദീസ സ്വീകരിക്കുന്നവരും അതിനു സാക്ഷികളാകുന്നവരും ഈ ദൗത്യം അനുദിനം ജീവിതത്തില്‍ ഏറ്റുപറഞ്ഞുകൊണ്ടിരിക്കുകയാണ്.

രാജാവ്, ജോണ്‍ ഓഫ് ആര്‍ക്കിനോടു കഹലിച്ചു. “എന്താണ് ദൈവം നിന്നോടുമാത്രം സംസാരിക്കുന്നത്?” അവള്‍ പറഞ്ഞു: “ദൈവം താങ്കളോടും സംസാരിക്കുന്നുണ്ട്. പക്ഷേ, അങ്ങ് കേള്‍ക്കാന്‍ തയ്യാറാകുന്നില്ല എന്നുമാത്രം. കേള്‍ക്കാന്‍തുടങ്ങിയാല്‍ താങ്കള്‍ക്ക് പലതും ഉപേക്ഷിക്കേണ്ടിവരും.”

ദൈവം എന്നും നമ്മെ ദൗത്യങ്ങള്‍ക്കായി ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. പലരും അത് കേള്‍ക്കുന്നില്ല. ശിഷ്യനാകാന്‍ കൊതിയോടെ കടന്നുവന്ന യുവാവിനെപ്പോലെ ‘ഉപേക്ഷയ്ക്ക്’ മടിച്ച് പലരും തിരിഞ്ഞുപോകുന്നു. ക്രിസ്തുവിനെപ്പോലെ ദൈവഹിതത്തിനു വിധേയനായാല്‍ പലതും മറക്കേണ്ടിവരും, പലതും ത്യജിക്കേണ്ടിവരും. പ്രഷോഷിക്കുന്ന സുവിശേഷം നേട്ടങ്ങളുടെ വാഗ്ദാനമല്ല അവതരിപ്പിക്കുന്നത്, മറിച്ച് ഉപേക്ഷയുടെ പ്രത്യയശാസ്ത്രമാണ്.

“സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ” എന്ന തിരുവചനത്തിലധിഷ്ഠിതമായി നമ്മുടെ ജീവിതസാഹചര്യങ്ങള്‍, കുടുംബങ്ങള്‍, സമൂഹജീവിതം ഒക്കെ നവീകരിക്കാന്‍ പരിശുദ്ധ ത്രിത്വം പ്രചോദനമാകട്ടെ. പ്രത്യേകിച്ച് ഈ ദനഹാക്കാലത്തില്‍ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന, ജീവിക്കുന്ന സാക്ഷികളാകാന്‍ നമ്മളോരോരുത്തര്‍ക്കും കഴിയട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

സര്‍വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജിബിന്‍ താക്കോല്‍ക്കാരന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.