ഞായർ പ്രസംഗം, ദനഹാക്കാലം ആറാം ഞായർ ഫെബ്രുവരി 06 മര്‍ക്കോ. 2: 1-12 തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു

ബ്ര. റെലിന്‍ പടിഞ്ഞാറേവീട്ടില്‍

“ജനനം എന്ന മൂന്നക്ഷരത്തിനും മരണം എന്ന മൂന്നക്ഷരത്തിനും ഇടയിലുള്ള മൂന്നക്ഷരമാണ് ജീവിതം.” ജീവിതം സങ്കടങ്ങള്‍ മാത്രം സമ്മാനിക്കുമ്പോള്‍, പ്രതിസന്ധികള്‍ പേമാരി പോലെ പെയ്തിറങ്ങുമ്പോള്‍, പ്രശ്‌നങ്ങള്‍ ഒന്നൊഴിയാതെ ജീവിതത്തെ വേട്ടയാടുമ്പോള്‍ ദൈവത്തോട് പരാതിപ്പെടുന്നവരാണ് നമ്മളില്‍ കൂടുതല്‍ പേരും. ചിലപ്പോഴൊക്കെ നമ്മുടെ ക്രിസ്തീയ വിശ്വാസജീവിതത്തെ പോലും അടിയുലക്കുന്ന സംഭവങ്ങള്‍ നാം കണ്ടുമുട്ടാറുണ്ട്. അവിടെയാണ് ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്, ദൈവത്തിലുള്ള ആഴമായ വിശ്വാസം എങ്ങനെ നമ്മുടെ ഇരുളടഞ്ഞ വഴികളില്‍ പ്രകാശവും വേദനയുടെ നിമിഷങ്ങളില്‍ രക്ഷയും സൗഖ്യവുമായി മാറുന്നു എന്ന്.

കഫര്‍ണാമിലെ ഒരു വീട്ടില്‍ ഈശോയുണ്ട് എന്ന് ജനങ്ങള്‍ അറിയുമ്പോള്‍ അവനെ ഒരുനോക്ക് കാണാനും അവന്റെ അത്ഭുതസിദ്ധികള്‍ നേരിട്ട് അനുഭവിച്ചറിയാനും ജനം ആര്‍ത്തിരമ്പുന്നുണ്ട്. അവിടെയാണ് തളര്‍വാതം പിടിച്ച തങ്ങളുടെ സുഹൃത്തിനെ, പല വൈദ്യന്മാരെ കാണിച്ചിട്ടും സൗഖ്യം ലഭിക്കാത്ത തങ്ങളുടെ സുഹൃത്തിനെ ഈശോയ്ക്ക് സൗഖ്യമാക്കാന്‍ കഴിയുമെന്ന് അവര്‍ അടിയുറച്ച് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ജനനിബിഡമായിരുന്ന പത്രോസിന്റെ ഭവനത്തിന്റെ മേല്‍ക്കൂര പൊളിച്ച് തങ്ങളുടെ സുഹൃത്തിനെ ഈശോയുടെ സമീപത്ത് അവര്‍ എത്തിക്കുന്നത്. ഇവരുടെ ആഴമായ വിശ്വാസം കണ്ടിട്ടാണ് ഈശോ തളര്‍വാതരോഗിയോടു പറഞ്ഞത് മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നുവെന്നും നിന്റെ രോഗങ്ങള്‍ സുഖപ്പെട്ടിരിക്കുന്നുവെന്നും.

ഇന്നത്തെ വചനവിചിന്തനത്തിന് നാം ധ്യാനവിഷയമാക്കുന്നത് തളര്‍വാതരോഗിയുടെയും നാല് സുഹൃത്തുക്കളുടെയും വിശ്വാസത്തെക്കുറിച്ചാണ്. വിശ്വാസത്തിന്റെ മൂന്നു പ്രത്യേകതകള്‍ ഇവരുടെ ജീവിതങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. ഒന്നാമതായി, തളര്‍വാതരോഗിയുടെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍ അവര്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വിശ്വാസത്തെ മുറുകെപ്പിടിച്ചവരായിരുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അതിനെ വേറിട്ട രീതിയില്‍ അഭിമുഖീകരിക്കുകയാണ് ഇവര്‍ ചെയ്തത്. മര്‍ക്കോസിന്റെ സുവിശേഷം 2-ാം അധ്യായം 4-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നുണ്ട്: “ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.” ആള്‍ക്കൂട്ടവും തിരക്കും കണ്ട് അവര്‍ അവരുടെ ശ്രമം ഉപേക്ഷിച്ചിട്ട് വീട്ടില്‍ പോയി തങ്ങളുടെ സുഹൃത്തിനു വേണ്ടി കണ്ണുകളടച്ചു പ്രാര്‍ത്ഥിച്ചു എന്നല്ല നാം സുവിശേഷത്തില്‍ കാണുന്നത്. മറിച്ച്, അവര്‍ വീടിന്റെ മേല്‍ക്കൂര പൊളിച്ച് തളര്‍വാതരോഗിയെ ഈശോയുടെ അടുക്കല്‍ എത്തിച്ചുവെന്നാണ് നാം കാണുന്നത്. ജീവിതത്തില്‍ ക്രിസ്തുവിനെ നേടാന്‍ മുന്‍വാതിലിലൂടെ തന്നെ പോകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അടഞ്ഞുപോയ വാതില്‍പ്പാളികളിലേക്കു നോക്കി വെറുതെ സമയം കളയാതെ നമുക്കായി അനേകം വാതിലുകള്‍ ദൈവത്തിലേക്ക് എത്തിച്ചേരാന്‍ ക്രിസ്തു തന്നെ നമ്മുടെ ചുറ്റിലും തുറന്നിടുന്നുണ്ട്. ആ വാതിലിലൂടെ പ്രവേശിക്കുക. അവന്‍ നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തും, നിന്റെ മുറിവ് വച്ചുകെട്ടും, നിന്റെ സങ്കടങ്ങള്‍ സന്തോഷമാക്കി മാറ്റും.

രണ്ടാമതായി, അവരുടെ ജീവിതങ്ങളില്‍ അനുകമ്പയുള്ള വിശ്വാസമുണ്ടായിരുന്നു. അനുകമ്പയുടെ ഹൃദയം പേറുന്നവരായിരുന്നു ആ തളര്‍വാതരോഗിയുടെ സുഹൃത്തുക്കള്‍. ഖലീല്‍ ജിബ്രാന്റെ ‘പ്രവാചകന്‍’ എന്ന കൃതിയില്‍ ഇപ്രകാരം ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ‘ആരാണ് ദൈവം?’ തനിക്കു വേണ്ടിയല്ലാതെ മറ്റൊരാളെ സ്‌നേഹിക്കുന്ന ഒരാള്‍, കപടതയില്ലാതെ കണ്ണില്‍ കാരുണ്യം പേറുന്നവര്‍. എങ്കില്‍ ഞാന്‍ കണ്ടുമുട്ടുന്ന പലരിലും ദൈവമുണ്ട്. ആ തളര്‍വാതരോഗിക്ക് നാല് സുഹൃത്തുക്കള്‍ ഒരു നിറഞ്ഞ ദൈവസാന്നിധ്യമായിരുന്നു. അപരന്റെ വിഷമങ്ങളില്‍ അവനോട് ഒരു ആശ്വാസവാക്ക് പറയു മ്പോള്‍, സഹജന്റെ നൊമ്പരങ്ങളില്‍ കേള്‍ക്കാന്‍ ചെവി ചായ്ക്കുമ്പോള്‍, അപരന്റെ ജീവിത തളര്‍ച്ചകളില്‍ അവനൊരു കൈത്താങ്ങാകുമ്പോള്‍ നമ്മള്‍ അവരുടെ ജീവിതങ്ങളില്‍ ഒരു ദൈവസാന്നിധ്യം ആയി മാറാറുണ്ട്. നമുക്ക് പരിശ്രമിക്കാം, മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു നുറുങ്ങുവെട്ടമാവാന്‍, ഒരു ചെറു ദൈവസാന്നിധ്യാമാവാന്‍.

മൂന്നാമതായി, അവരുടെ ജീവിതങ്ങളില്‍ ഐക്യപൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. നാലു സുഹൃത്തുക്കളും എല്ലാ കാര്യങ്ങളും ഐക്യപൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നത് നമുക്ക് കാണുവാന്‍ സാധിക്കും. മര്‍ക്കോസിന്റെ സുവിശേഷം 2-ാം അധ്യായം 5-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നുണ്ട്: “അവരുടെ വിശ്വാസം കണ്ട് ഈശോ തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”

ഒരുമയോടും വിശ്വാസത്തോടും കൂടിയുള്ള പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന ആഹ്വാനമാണ് ഇന്നത്തെ സുവിശേഷം നല്‍കുന്നത്. വി. അഗസ്തീനോസ് ഇപ്രകാരം പറയുന്നുണ്ട്: “ആത്മാവ് ശരീരത്തോട് എത്രമാത്രം ഐക്യത്തിലായിരിക്കുന്നുവോ അതുപോലെ നമ്മുടെ ഹൃദയം ദൈവത്തോട് അത്രമാത്രം ചേര്‍ന്നിരിക്കണം.”

നമുക്കൊന്ന് വിചിന്തനം ചെയ്യാം, ഒരുമിച്ചുള്ള കുടുംബപ്രാര്‍ത്ഥനകളിലും സമൂഹപ്രാര്‍ത്ഥനകളിലും മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും ഞാന്‍ എത്രമാത്രം ശ്രദ്ധ പുലര്‍ത്താറുണ്ട് എന്ന്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ നമുക്ക് അതിനെ തിരുത്തി ജീവിതത്തെ കൂടുതല്‍ അനുഗ്രഹപ്രദമാക്കി മാറ്റാം.

വിശ്വാസത്തിന്റെ ഏറ്റവും വലിയ കൂദാശയാണ് വിശുദ്ധ കുര്‍ബാന. ഈ പരിശുദ്ധ കുര്‍ബാനയുടെ മധ്യത്തില്‍ നമുക്ക് തളര്‍വാതരോഗിയുടെയും സുഹൃത്തുക്കളുടെയും വിശ്വാസജീവിതത്തെ മാതൃകയാക്കാം. ഈ വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, എന്റെ ജീവിതത്തിലെ സ്വാര്‍ത്ഥതയാകുന്ന മേല്‍ക്കൂരകള്‍ പൊളിച്ച് അവിടെ അങ്ങയുടെ സ്‌നേഹക്കൂടാരങ്ങള്‍ എന്റെ ഹൃദയത്തില്‍ പണിയണമെന്നും തളര്‍വാതം പിടിച്ച എന്റെ ആത്മീയജീവിതത്തില്‍ അങ്ങയുടെ സ്‌നേഹസ്പര്‍ശനം കൊണ്ട് സുഖമാക്കണമെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം.

ബ്ര. റെലിന്‍ പടിഞ്ഞാറേവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.