ഞായർ പ്രസംഗം, കൈത്താക്കാലം ആറാം ഞായർ ആഗസ്റ്റ് 28, ഈശോയുടെ സമാധാനം നമ്മെ ഭരിക്കട്ടെ

ബ്ര. ജെറിന്‍ കിളിയന്തറ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

വിശ്വാസത്തിന്റെ ഫലങ്ങളാല്‍ സമ്പന്നമായിരിക്കുന്ന സഭയെ അനുസ്മരിക്കുന്ന കൈത്താക്കാലത്തിലെ ആറാം ആഴ്ചയില്‍ തിരുസഭ നമ്മുടെ പ്രാര്‍ത്ഥനക്കും വിചിന്തനത്തിനുമായി നല്‍കിയിരിക്കുന്നത് വി. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം 16 മുതല്‍ 24 വരെയുള്ള വാക്യങ്ങളാണ്.

ഗലീലിയില്‍ വച്ച് അഞ്ച് അപ്പവും രണ്ടു മീനും അയ്യായിരത്തോളം ആളുകള്‍ക്കായി വര്‍ദ്ധിപ്പിച്ച അടയാളത്തിനു ശേഷം തിബേരിയാസ് എന്നുകൂടി വിളിപ്പേരുള്ള ഗലീലി കടലിനു മീതെ നടന്ന് കാറ്റിലും കോളിലും ഭയചകിതരായിരുന്ന ശിഷ്യരുടെ വള്ളത്തിനടുത്തെത്തി, ഭയപ്പെടേണ്ട; ഞാനാണ് എന്ന് അരുള്‍ചെയ്യുന്ന യേശുവിനെയാണ് ഇന്നത്തെ സുവിശേഷത്തില്‍ യോഹന്നാന്‍ ശ്ലീഹാ നമുക്കു മുമ്പില്‍ വരച്ചുകാട്ടുന്നത്.

സമവീക്ഷണ സുവിശേഷങ്ങളില്‍ വി. മത്തായിയും വി. മര്‍ക്കോസും ഈശോയുടെ ഈ അത്ഭുതത്തെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും യോഹന്നാന്റെ സുവിശേഷത്തില്‍, ഈ അത്ഭുതം ജനത്തിനും ശിഷ്യസമൂഹത്തിനും മുമ്പില്‍ ഈശോ തന്റെ ദൈവത്വം വെളിപ്പെടുത്തുന്ന ഒരു അടയാളമായിട്ടാണ് അനാവരണം ചെയ്യപ്പെടുന്നത്. ഗലീലിയില്‍ ഈശോ പ്രവര്‍ത്തിച്ച അടയാളത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഗ്രഹിക്കാതെ ഈശോയെ ഒരു അത്ഭുതപ്രവര്‍ത്തകനായി മാത്രം കണ്ട ജനക്കൂട്ടത്തിന്റെ അവിശ്വാസത്തെയും തെറ്റിധാരണയെയും തിരുത്തി, ഈശോ എന്ന വ്യക്തിയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. അങ്ങനെ തന്നിലൂടെയാണ് യഥാര്‍ത്ഥമായ രക്ഷയും സമാധാനവും കൈവരിക്കാന്‍ സാധിക്കുക എന്ന സാര്‍വ്വത്രിക സത്യത്തിലേക്ക് ജനക്കൂട്ടത്തെ നയിക്കുവാനായിട്ടാണ് ഈ അത്ഭുതം ഈശോ പ്രവര്‍ത്തിക്കുന്നത്.

ഈശോ സഭയെ സ്ഥാപിച്ചത് സ്വര്‍ഗമാകുന്ന മറുകരയിലേക്ക് യാത്ര ചെയ്യുവാനാണ്. ഈ യാത്രയില്‍ ശിരസ്സായ ഈശോയുടെ ശരീരമാകുന്ന സഭയുടെ അവയവങ്ങള്‍ എന്ന നിലയില്‍ നമ്മുടെ ജീവിതങ്ങളില്‍ നാം ചെവികൊടുക്കേണ്ടത് ഈശോയുടെ വാക്കുകള്‍ക്കാണ്. ‘ഭയപ്പെടേണ്ട; ഞാനാണ്.’ നമ്മുടെ ജീവിതത്തിലെ വിവിധ സാഹചര്യങ്ങളില്‍ ഭയപ്പെട്ടുപോകുമ്പോള്‍, സങ്കടം അനുഭവിക്കുമ്പോള്‍ നാം ധൈര്യം കണ്ടെത്തേണ്ടത് ഈശോയില്‍ നിന്നാണ്. കാരണം, ക്രിസ്ത്യാനിയെന്ന നിലയില്‍ ക്ലേശങ്ങള്‍ അനുഭവിക്കേണ്ട സാഹചര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളുടെ കൊടുങ്കാറ്റില്‍ ജീവിതത്തിന് ശാന്തി തരുന്നത് യേശുവാണ്. ആ സമാധാനം ലോകം തരുന്നതുപോലെയല്ല, പ്രത്യുത ശാശ്വതമാണ്; യഥാര്‍ത്ഥമാണ്.

തെക്കേ അമേരിക്കയിലെ ചിലി-അര്‍ജന്റീന രാജ്യങ്ങളുടെ അതിര്‍ത്തിയാലണ് ആന്‍ഡീസ് പര്‍വ്വതനിരകള്‍. അവിടെ ക്രിസ്തുവിന്റെ വലിയ ഒരു ലോഹപ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഈ രൂപം സ്ഥാപിച്ചതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്.

ചിലിയും അര്‍ജന്റീനയും ഏറെക്കാലം യുദ്ധത്തിലായിരുന്നു. അത് അവസാനിച്ചത് 1904-ലാണ്. യുദ്ധം അവസാനിച്ചപ്പോഴാണ് അതിന്റെ കെടുതികളെക്കുറിച്ച്, അതിന് തങ്ങള്‍ കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ച് ഇരു രാജ്യക്കാര്‍ക്കും ബോധ്യപ്പെട്ടത്. അതിനാല്‍ ഇനിയൊരു യുദ്ധം അരുത് എന്ന് ഇരുകൂട്ടരും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് എപ്പോഴും തങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ പോന്ന എന്തെങ്കിലുമൊരു സ്മാരകം ഉണ്ടാക്കണമെന്ന് അവര്‍ തീരുമാനിച്ചു. ‘നിങ്ങള്‍ക്ക് സമാധാനം’ എന്ന് ആശംസിച്ചുകൊണ്ട് സംഭ്രാന്തരായി കഴിഞ്ഞുകൂടിയ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനായ ഈശോയെ അവര്‍ സ്മരിച്ചു. രണ്ടു രാജ്യക്കാരും യുദ്ധത്തിനു വേണ്ടി സ്വരുക്കൂട്ടിയ പീരങ്കിയുണ്ടകള്‍ ശേഖരിച്ച് ഉരുക്കി അതുകൊണ്ട് സമാധാനരാജാവായ യേശുവിന്റെ രൂപമുണ്ടാക്കി ആന്‍ഡീസ് പര്‍വ്വതത്തില്‍ സ്ഥാപിച്ചു. പ്രതിമയുടെ ചുവട്ടില്‍ അവര്‍ ഇങ്ങനെ എഴുതിവച്ചു: ‘അര്‍ജന്റീനയും ചിലിയും തങ്ങളുടെ സംരക്ഷകനായ ക്രിസ്തുവിന്റെ മുമ്പാകെ ചെയ്ത വാഗ്ദാനമനുസരിച്ച് നിലവില്‍ വന്ന സമാധാനം ഈ പര്‍വ്വതനിര തകര്‍ക്കപ്പെടും വരെ നിലനില്‍ക്കും.’

പ്രിയമുള്ളവരേ, അനുദിന ജീവിതത്തില്‍ നാമെല്ലാം സമാധാനം ആഗ്രഹിക്കുന്നവരാണ്. അതിനായി പരിശ്രമിക്കുന്നവരുമാണ്. എന്നാല്‍ ഏതൊക്കെ വഴികളിലൂടെ നാം സമാധാനം നേടാന്‍ ശ്രമിച്ചാലും കൂടെ യേശുവില്ലെങ്കില്‍ നമുക്ക് യഥാര്‍ത്ഥമായ ആത്മീയസമാധാനം ലഭിക്കില്ല. കാരണം ഈശോയുള്ള ഹൃദയത്തിലേ സമാധാനം വസിക്കുന്നുള്ളൂ. വി. പൗലോസ് ശ്ലീ ഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു: ‘വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.’

യേശു ഉള്ള ഇടങ്ങളില്‍ മാത്രമേ യഥാര്‍ത്ഥ സമാധാനമുള്ളൂ. സമാധാനം നമ്മുടെ ജീവിതങ്ങളില്‍ നിലനില്‍ക്കാന്‍, അങ്ങനെ സ്വര്‍ഗീയ ജെറുസലേമിനെ ലക്ഷ്യം വച്ചുകൊണ്ട് നമ്മുടെ ജീവിതനൗക തുഴയാന്‍ ഒരുക്കമുള്ള ഹൃദയത്തോടെ ജീവിതത്തില്‍ വിശ്വസ്തത പുലര്‍ത്തി മുന്നേറാന്‍ ഇന്നത്തെ പഴയനിയമ വായനകളും പുതിയനിയമ വായനകളും നമ്മെ അനുസ്മരിപ്പിക്കുന്നു.

മനുഷ്യഹൃദയത്തിലെ ചിന്തയും ഭാവനയും ദുഷിച്ചതായി മാറിയപ്പോള്‍ തിരുസഭയുടെ പ്രതീകം എന്ന് സഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്ന, നോഹയുടെ പേടകത്തിലൂടെ രക്ഷയുടെ തീരത്തേക്ക് മനുഷ്യവംശത്തെയും മറ്റു ജീവജാലങ്ങളെയും നയിച്ച ദൈവത്തിന്റെ സംരക്ഷണത്തിന്റെ മുഖമാണ് ഉല്‍പത്തി പുസ്തകത്തില്‍ നിന്നുള്ള വായനയില്‍ നാം ദര്‍ശിച്ചത്. ദൈവത്തിന്റെ മണവാട്ടി എന്ന നിലയില്‍ ഇസ്രായേല്‍ ജനം ദൈവത്തോട് വിശ്വസ്തത പുലര്‍ത്തണമെന്നും അതിലൂടെ മാത്രമേ രക്ഷയും സമാധാനവും കൈവരികയുള്ളൂ എന്നും രണ്ടാമത്തെ വായന നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പഴയനിയമത്തില്‍ ഇസ്രായേല്‍ ദൈവത്തിന്റെ മണവാട്ടിയെങ്കില്‍ പുതിയ നിയമത്തില്‍ സ്വര്‍ഗീയ ജെറുസലേമിനെ ലക്ഷ്യമാക്കി ജീവിക്കുന്ന സഭയാണ് ഈശോയുടെ മണവാട്ടി. എല്ലാ ജനങ്ങളെയും അവര്‍ ഏതു നിലയിലുള്ളവരാണെങ്കിലും, ഉള്‍ക്കൊള്ളുന്ന സഭയില്‍ രക്ഷയും സമാധാനവും ഏവരുടെയും ജീവിതങ്ങളിലേക്ക് ഈശോ വഴി വര്‍ഷിക്കപ്പെടുമെന്നുള്ള ഉറപ്പാണ് വെളിപാട് പുസ്തകം നമുക്ക് നല്‍കുന്നത്.

യൂറോപ്പിന്റെ ഭാവി നിര്‍ണ്ണയിക്കാനുള്ള ചര്‍ച്ചയില്‍ വത്തിക്കാന്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ നിര്‍ദ്ദേശിച്ചപ്പോള്‍ സ്റ്റാലിന്‍ പരിഹാസത്തോടെ ചോദിച്ചു, മാര്‍പാപ്പയ്ക്ക് എത്ര സൈന്യവ്യൂഹങ്ങളുണ്ട് എന്ന്. എന്നാല്‍ 1989-ലെ ജനകീയവിപ്ലവത്തില്‍ സ്റ്റാലിന്‍ കെട്ടിപ്പെടുത്ത കമ്മ്യൂണിസ്റ്റ് സാമ്രാജ്യം തകര്‍ന്നുവീണു. സോവിയറ്റ് യൂണിയനില്‍ മാറ്റത്തിന്റെ വിപ്ലവത്തിനു ചുക്കാന്‍ പിടിച്ച മിഖായേല്‍ ഗോര്‍ബച്ചേവ്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചതിനു ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായി ചര്‍ച്ച നടത്തി ചരിത്രപ്രധാനമായ ആ പ്രഖ്യാപനം നടത്തി – ഇനി സോവിയറ്റ് യൂണിയനും അമേരിക്കയും ശത്രുക്കളല്ല. യേശുവിന്റെ സമാധാനം ഹൃദയത്തിലുള്ളവര്‍ ആ സമാധാനം മറ്റുള്ളവരുമായി പങ്കുവയ്ക്കണം.

യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായം 27-ാം വാക്യം, ‘ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടുപോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതു പോലെയല്ല ഞാന്‍ നല്‍കുന്നത്.’ മാമ്മോദീസാ സ്വീകരിച്ച് കര്‍ത്താവിനാല്‍ പ്ര ത്യേകമായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ എല്ലാവരുടെയും ജീവിതങ്ങളിലൂടെ യേശു പങ്കുവയ്ക്കപ്പെടണമെന്ന പ്രത്യേക നിയോഗമുണ്ട്. നാം ആയിരിക്കുന്ന സാഹചര്യങ്ങളില്‍, കണ്ടുമുട്ടുന്ന വ്യക്തികള്‍ക്ക് ഈശോയെ പങ്കുവയ്ക്കാന്‍ ശ്രമിക്കാം. കാരണം ഈശോ ഉള്ള ഇടങ്ങളിലേ യഥാര്‍ത്ഥ സമാധാനമുള്ളൂ. ആ സമാധാനം കൈവരുമ്പോഴേ യഥാര്‍ത്ഥമായ ആനന്ദത്തിലേക്ക് കടന്നുവരാന്‍ നമുക്ക് സാധിക്കൂ. അതിനായി ദൈവത്തിനു മുമ്പില്‍ വിശ്വസ്തതയോടെ ജീവിക്കാന്‍ നമുക്ക് ശ്രമിക്കാം.

വിശുദ്ധ കുര്‍ബാന മധ്യേ നാം ആയിരിക്കുമ്പോള്‍ ഈശോയെ നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വീകരിക്കാന്‍ അങ്ങനെ അവിടുത്തെ സമാധാനം നമ്മില്‍ കുടികൊള്ളാന്‍ നമ്മുടെ ജീവിതങ്ങളെ പ്രാപ്തമാക്കേണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. ജെറിന്‍ കിളിയന്തറ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.