ഞായർ പ്രസംഗം: ശ്ലീഹാക്കാലം നാലാം ഞായർ, ജൂൺ 26, നിത്യജീവന്റെ വചസ്സുകള്‍

ബ്ര. ജിജോ വെള്ളക്കിഴങ്ങില്‍ MSJ

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന പ്രിയ മാതാപിതാക്കളേ, സഹോദരീസഹോദരന്മാരേ,

വിവാദപരമായ പ്രസംഗങ്ങളും പ്രസ്താവനകളും അതേ തുടര്‍ന്നുണ്ടാകുന്ന കോലാഹലങ്ങളും നാം ഒത്തിരി കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. പത്രം, ടി.വി. തുടങ്ങി സോഷ്യല്‍ മീഡിയകളിലെല്ലാം നാം ഇങ്ങനെ വിവാദപരമായ ഒട്ടേറെ പ്രസംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവരാണ്. അത് കാണുകയും അതിനെക്കുറിച്ച് വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യാറുണ്ട്.

ഇന്നത്തെ സുവിശേഷത്തിലും അത്തരമൊരു വിവാദവിഷയമായ ഒരു പ്രസ്താവനയാണ് നാം വായിച്ചുകേട്ടത്. എന്താണ് വിവാദമായ ആ പ്രസ്താവന? വി. യോഹന്നാന്റെ സുവിശേഷം 6: 54-55 വാക്യങ്ങള്‍. “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍ എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്.” ഈ വചനം കേട്ട യഹൂദജനതയുടെ മറുപടി ഇപ്രകാരമാണ്: “ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?”

ഇവിടെ എന്തുകൊണ്ട് ഈ പ്രസ്താവന വിവാദമായി എന്നു മനസിലാകണമെങ്കില്‍ അല്‍പം പഴയനിയമ പശ്ചാത്തലം കൂടി നാം മനസിലാക്കേണ്ടതുണ്ട്. യഹൂദജനതയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രശ്‌നം തന്നെയായിരുന്നു. കാരണം, ഒരു മനുഷ്യന്റെ ശരീരവും രക്തവും ഭക്ഷിക്കുക എന്നത് വളരെ ഹീനവും വിലക്കപ്പെട്ടതുമായി അവര്‍ കണ്ടിരുന്നു. മാത്രമല്ല, രക്തത്തില്‍ ജീവന്റെ സാന്നിധ്യമുണ്ട് എന്ന് അവര്‍ വിശ്വസിച്ചിരുന്നു. ലേവ്യരുടെ പുസ്തകം 17-ാം അധ്യായം 14-ാം വാക്യത്തില്‍ നാം ഇത് കാണുന്നുണ്ട്. “എന്തെന്നാല്‍ എല്ലാ ജീവികളുടെയും ജീവന്‍ അവയുടെ രക്തത്തിലാണ്. ഒരു ജീവിയുടെയും രക്തം ഭക്ഷിക്കരുതെന്ന് ഞാന്‍ ഇസ്രായേല്‍ ജനത്തോടു പറഞ്ഞിരിക്കുന്നതും അതുകൊണ്ടു തന്നെ. ആരെങ്കിലും അതു ഭക്ഷിച്ചാല്‍ അവന്‍ ആ ജനത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം.” ദേവാലയത്തില്‍ ബലിയര്‍പ്പിച്ചിരുന്ന മൃഗത്തിന്റെ രക്തം ബലിപീഠത്തില്‍ ഒരുക്കിയിരുന്ന ചാലിലൂടെ കെദ്രോണ്‍ നദിയിലേക്ക് ഒഴുക്കിവിട്ടിരുന്നതിന്റെ കാരണം പോലും ഇതായിരുന്നു. ഇക്കാരണം മൂലമാണ് പലര്‍ക്കും ക്രിസ്തുവിന്റെ വചനം ഗ്രഹിക്കാന്‍ സാധിക്കാതെ പോയത്.

സഭയുടെ ആദിമ കാലഘട്ടം മുതല്‍ സഭാമക്കള്‍ വിശ്വസിച്ചിരുന്ന ഒരു സത്യമായിരുന്നു വിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ സാന്നിധ്യം. എന്നാല്‍ നീറോ ചക്രവര്‍ത്തിയുടെ ഭരണകാലം മുതല്‍ ക്രിസ്ത്യാനികളുടെ ഈ ആരാധനയെ ദുര്‍വ്യാഖ്യാനം ചെയ്തുപോന്നു. ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാവേളകളെക്കുറിച്ച്, രഹസ്യത്തില്‍ കുറ്റകൃത്യങ്ങള്‍ രൂപീകരിക്കുന്ന സമ്മേളനങ്ങളാണെന്നും ക്രിസ്ത്യാനികളെല്ലാവരും മനുഷ്യശരീരം ഭക്ഷിക്കുന്നവാരണെന്നും പലരും ആരോപിച്ചു. വിശുദ്ധ കുര്‍ബാനയില്‍ മിശിഹായുടെ തിരുശരീര-രക്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനെയാണ് ശത്രുക്കള്‍ ഇങ്ങനെ വ്യാഖ്യാനിച്ചത്. പക്ഷേ, സത്യം എന്തെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന സഭാമക്കള്‍ നീറോയുടെ പീഡനങ്ങള്‍ക്കു മുന്നില്‍ അടിപതറാതെ നിലനിന്നു. അങ്ങനെ രക്തസാക്ഷികളുടെ ചുടുനിണത്താല്‍ സഭ വളര്‍ന്നു.

ഒരിക്കല്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ക്ലാസെടുക്കാന്‍ വന്ന ഒരു വൈദികന്‍ പറഞ്ഞ ഒരു അനുഭവം ഇങ്ങനെയായിരുന്നു: അമേരിക്കയില്‍ പഠിക്കുകയും സേവനം ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന സമയം. ഒരു ദിവസം, പള്ളിയിലെ സെക്രട്ടറി, അച്ചന്റെ വാതിലില്‍ മുട്ടി. അച്ചന്‍ വാതില്‍ തുറന്നയുടനെ സെക്രട്ടറി പറഞ്ഞു, ഒരാള്‍ ഏതെങ്കിലും ഒരു വൈദികനെ കാണാന്‍ സാധിക്കുമോ എന്നു ചോദിച്ച് പുറത്ത് കാത്തുനില്‍ക്കുന്നു. വികാരിയച്ചനോ, മറ്റ് അച്ചന്മാരോ ഇല്ലാത്തതിനാല്‍ ഈ അച്ചന്‍ അയാളെ കാണാനായി ചെന്നു. അദ്ദേഹം ജനിച്ചതും വളര്‍ന്നതുമെല്ലാം ഒരു കത്തോലിക്കനായിട്ടാണ്. പക്ഷേ, പിന്നീടുള്ള ജീവിതത്തില്‍ മറ്റു പലരാലും ആകര്‍ഷിക്കപ്പെട്ട് ലൂഥറന്‍ സഭയിലും പെന്തക്കോസ്ത് സഭയിലും മറ്റു സഭകളിലുമെല്ലാം കുറേ നാള്‍ ജീവിച്ചു. പക്ഷേ, എനിക്ക് എന്റെ കത്തോലിക്കാ വിശ്വാസത്തിലേക്ക് വീണ്ടും തിരിച്ചുവരണം. എന്താണ് ഇപ്പോള്‍ അങ്ങനെ തോന്നാന്‍ കാരണം എന്ന ചോദ്യത്തിന് അയാളുടെ മറുപടി ഇപ്രകാരമായിരുന്നു: എല്ലാ സഭകളിലും കൂട്ടായ്മകളും പ്രാര്‍ത്ഥനകളുമെല്ലാമുണ്ട്. പക്ഷേ, കത്തോലിക്കാ സഭയില്‍ മാത്രമേ വിശുദ്ധ കുര്‍ബാനയ്ക്ക് ഒരു പ്രത്യേക ശക്തിയുള്ളതായി എനിക്ക് തോന്നിയിട്ടൂള്ളൂ. മറ്റു സഭകളില്‍ ഈശോയുടെ അന്ത്യത്താഴം വെറുമൊരു വിരുന്നായി മാത്രം കണക്കാക്കുമ്പോള്‍ കത്തോലിക്കാ സഭ നമ്മെ പഠിപ്പിക്കുന്നു – വിശുദ്ധ കുര്‍ബാന ക്രിസ്തുവിന്റെ കുരിശിലെ ത്യാഗമാണ്. അതില്‍ അവന്റെ ജീവന്റെ തുടിപ്പുണ്ട്. തിരുവോസ്തിയില്‍ ഈശോയുടെ സാന്നിധ്യമുണ്ട്.

പ്രിയമുളളവരേ, ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഈശോയുടെ ചോദ്യത്തിന് പത്രോസ് വ്യക്തമായി മറുപടി പറയുന്നത്. ഈശോ ചോദിച്ചു: “നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?” പത്രോസിന്റെ മറുപടി ഇപ്രകാരമായിരുന്നു: “കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും? നിത്യജീവന്റെ വചസ്സുകള്‍ നിന്റെ പക്കലുണ്ട്.” പോകാന്‍ മറ്റൊരു സ്ഥലവും ഇല്ലാത്തതുകൊണ്ടല്ല പത്രോസ് അങ്ങനെ പറഞ്ഞത്. മറിച്ച് ജീവിതത്തില്‍ സ്വന്തമാക്കേണ്ടത് ക്രിസ്തുവിനെ മാത്രമാണെന്ന് അവന്‍ തിരിച്ചറിഞ്ഞിരുന്നു. ഇന്നത്തെ ലേഖനത്തിലൂടെ പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും പഠിപ്പിക്കുന്നതും ഇതു തന്നെയാണ്. റോമാ ലേഖനം 10-ാം അധ്യായം 9-ാം വാക്യം, “ആകയാല്‍, യേശു കര്‍ത്താവാണെന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും.”

വെറുതെ ഒരു സുപ്രഭാതത്തില്‍ ജനത്തിന്റെ മുമ്പില്‍ വന്ന് എന്തെങ്കിലും വിളിച്ചുപറഞ്ഞവനല്ല ക്രിസ്തു. യോഹന്നാന്റെ സുവിശേഷം 6-ാം അധ്യായം ആരംഭിക്കുന്നത്, ഈശോ അപ്പം വര്‍ദ്ധിപ്പിക്കുന്ന സംഭവത്തോടെയാണ്. തുടര്‍ന്ന് ജനങ്ങള്‍ അവനെ രാജാവാക്കാന്‍ ശ്രമിക്കുന്നതും നമുക്കു കാണാം. തുടര്‍ന്നു വായിക്കുമ്പോള്‍, ഈശോ വെള്ളത്തിനു മീതെ നടക്കുന്ന സംഭവമാണ് നാം കാണുക. അമാനുഷികമായ ഈ അടയാളങ്ങള്‍ക്കെല്ലാം ശേഷമാണ് ക്രിസ്തു നിത്യജീവന്റെ അനശ്വരമായ അപ്പത്തെക്കുറിച്ച് സംസാരിക്കുന്നത്. അ പ്പോഴും അവര്‍ക്ക് നശ്വരമായ അപ്പത്തിലായിരുന്നു ശ്രദ്ധ. അതുകൊണ്ടാണ് അവര്‍ ക്രിസ്തുവിനെ ഉപേക്ഷിച്ചു പോകുന്നതും. ഇവിടെയാണ് പത്രോസ് ശ്ലീഹാ നമുക്ക് മാതൃകയാവുന്നത്. നിത്യജീവന്റെ വചസ്സുകള്‍ ക്രിസ്തുവിലാണെന്ന സത്യം മനസിലാക്കിയതുകൊണ്ടാണ് നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണ് എന്ന് പത്രോസിന് ഏറ്റുപറയാന്‍ സാധിച്ചത്.

എന്താണ് സത്യമെന്നും എന്താണ് നിത്യജീവനെന്നും മനസിലാക്കാന്‍ ക്രിസ്തുവിനെ തിരക്കി ഇരുട്ടിന്റെ മറവിലെത്തുന്ന ഒരുവനെ യോഹന്നാന്റെ സുവിശേഷം 3-ാം അധ്യായത്തില്‍ നാം കണ്ടുമുട്ടുന്നുണ്ട് – നിക്കോദേമോസ്. ഈശോയുമായുള്ള അവന്റെ സംഭാഷണത്തിനു ശേഷം അവന്‍ ക്രിസ്തുവിന്റെ ഒരു അനുയായി ആയി മാറുന്നതും അവസാനം കല്ലറയില്‍ ഈശോയെ സംസ്‌ക്കരിക്കുന്ന നിമിഷം വരെയും അവനെ അനുഗമിക്കുന്നതായും സുവിശേഷത്തില്‍ നാം വായിക്കുന്നു. പത്രോസിനെപ്പോലെ എത്തിച്ചേരേണ്ട ഇടം ക്രിസ്തുവിലാണെന്ന് തിരിച്ചറിയാന്‍ സാധിച്ചവനാണ് നിക്കോദേമോസും. രാത്രിയില്‍ ക്രിസ്തുവിനെ തിരക്കി വന്നവന്‍ പിന്നീട് പകല്‍വെളിച്ചത്തില്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശിഷ്യനായി മാറി.

ബെനഡിക്ട് പതിനാറാമന്‍ പാപ്പായോട് ഒരിക്കല്‍ ഒരു ജേര്‍ണലിസ്റ്റ് ചോദിച്ചു: “ഒരു ഏകാന്തദ്വീപില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട് കൂടെ രണ്ടു പുസ്തകങ്ങള്‍ മാത്രം കൊണ്ടുപോകാന്‍ അനുവദിച്ചാല്‍ എന്തായിരിക്കും കൊണ്ടുപോവുക? അദ്ദേഹം പറഞ്ഞു: ഒന്നാമത് വിശുദ്ധ ഗ്രന്ഥം. രണ്ടാമത്, അഗസ്റ്റിന്റെ ആത്മകഥ. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ജീവിതത്തില്‍ തമ്പുരാന്റെ ദിവ്യവചനം പോലെ നമുക്ക് അടിയന്തരാവശ്യമുള്ള മറ്റെന്താണുള്ളത്. വചനത്തിന്റെ വെളിച്ചത്തില്‍ അനുതപിച്ച വി. അഗസ്റ്റിനെപ്പോലെ നമ്മെ പ്രേരിപ്പിക്കുന്ന മറ്റ് ഏത് വിശുദ്ധനാണുള്ളത്? നിത്യജീവന്റെ വചസുകള്‍ കൊണ്ട് ജീവിതം പുതുക്കിപ്പണിത മഹാവിശുദ്ധനാണ് അദ്ദേഹം.”

സ്‌നേഹമുള്ളവരേ, ക്രിസ്തുവും അവന്റെ വാക്കുകളും എന്നും സത്യമുള്ളതാണ്. ആ വചനത്തില്‍ വിശ്വസിച്ച് നമുക്കു മുമ്പില്‍ ജീവിച്ച് കടന്നുപോയ വിശുദ്ധാത്മാക്കള്‍ ഏറെയുണ്ട്. ഓരോ ദിവസവും നാം പങ്കെടുക്കുന്ന ദിവ്യബലിയിലും പ്രാര്‍ത്ഥനകളിലും ക്രിസ്തു സന്നിഹിതനാണ് എന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം. നിത്യജീവനിലേക്കുള്ള വഴിയും നമുക്കായുള്ള നിത്യരക്ഷയും ഈശോമിശിഹായിലാണെന്ന സത്യം നമുക്ക് തിരിച്ചറിയാം. ഓരോ ദിവ്യബലിയിലൂടെയും ഈശോ നമ്മിലേക്ക് ഒത്തിരി കൃപകളും അനുഗ്രഹങ്ങളും ചൊരിയുന്നുണ്ട്. അതിന് നമുക്ക് നന്ദിയുള്ളവരാകാം.

ഒരു നിമിഷം കണ്ണുകളടച്ച് പ്രാര്‍ത്ഥിക്കാം. കാരുണ്യവാനായ നല്ല ദൈവമേ, ഓരോ വിശുദ്ധ കുര്‍ബാനയിലും നീ സന്നിഹിതനാണെന്ന ബോധ്യം ഞങ്ങള്‍ക്ക് തരേണമേ. നീ ഞങ്ങള്‍ക്കു വേണ്ടി പീഡകളേറ്റുവെന്നും മരിച്ചുവെന്നും ഉയിര്‍ത്തുവെന്നും ഇന്നും ഞങ്ങള്‍ക്കായി ജീവിക്കുന്നുവെന്നും വിശ്വസിക്കാനും ആ ഒരു ബോധ്യത്തോടു കൂടി നിന്റെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമ്മേന്‍.

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജിജോ വെള്ളക്കിഴങ്ങില്‍ MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.