
ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹമുള്ളവരേ,
ഉയിര്‍പ്പ് ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവും പ്രത്യാശയുടെ സന്ദേശവുമാണ്. സാത്താന്റെ മേലും മരണത്തിന്റെ മേലും കര്‍ത്താവ് നേടിയ മഹത്തായ വിജയമായിരുന്നല്ലോ അവിടുത്തെ പുനരുത്ഥാനം. അതിനാല്‍ ആരാധനാവത്സരത്തിന്റെ സുവര്‍ണ്ണകാലമായ ഉയിര്‍പ്പുകാലം ഏഴാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുമ്പോള്‍ കര്‍ത്താവിലുള്ള വിശ്വാസത്തില്‍ നിന്നുകൊണ്ട് എങ്ങനെ പ്രേഷിതപ്രവര്‍ത്തനത്തിനായി മുന്നേറാമെന്ന് ഇന്നത്തെ വായനകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢമാക്കിയും ദൈവവചനം അനുസരിച്ചും, പതറാത്ത വിശ്വാസത്തിന്റെ പ്രതിഫലമായി ലഭിക്കുന്ന ആത്മരക്ഷയെ സ്വന്തമാക്കിയും ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്ന് ലോകമെങ്ങും സമാധാനം പകരുക എന്നതാണ് ഇന്നത്തെ വായനകളുടെയെല്ലാം കാതല്‍.
നാളയെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. നാളെ എന്ത് സംഭവിക്കും എന്നത് എല്ലാ മനുഷ്യരുടെയും ആശങ്കയാണ്. ചിലര്‍ ഇന്നിന്റെ വെളിച്ചത്തില്‍ നാളുകളെ വിലയിരുത്തുമ്പോള്‍, ഒരു കൂട്ടര്‍ ഇന്നലെകളുടെ വെളിച്ചത്തില്‍ നാളയെ വിവരിക്കുന്നു. ഇങ്ങനെ നാളയെക്കുറിച്ച് ഓരോ നിമിഷവും നെടുവീര്‍പ്പെടുമ്പോള്‍ ഉയര്‍ത്തെഴുന്നേറ്റ മിശിഹാ നമ്മുടെ മുമ്പില്‍ വിസ്മയത്തിന്റെ ഒരു ഉത്തരമായി മാറുന്നു. പ്രത്യാശയുടെ വിജയക്കൊടി പാറിച്ച അവന്‍ എന്റെ നാളെകളെ രൂപപ്പെടുത്തുമെന്ന വിശ്വാസം. ഇവിടെയാണ് ഉയിര്‍പ്പ് എനിക്ക് ഉറവായി മാറുന്നത്. യേശുവിന്റെ സ്വര്‍ഗാരോഹണത്തിനും പെന്തക്കുസ്താ തിരുനാളിനുമിടയിലുള്ള ഞായറാഴ്ച സഭ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് രണ്ട് കാര്യങ്ങളാണ്:
ഒന്നാമതായി, ശിഷ്യന്മാര്‍ യേശുവിന്റെ സ്വര്‍ഗാരോഹണത്തിന് സാക്ഷികളായതും പരിശുദ്ധാത്മാവിനെ സ്വീകരിക്കാനായി അവര്‍ ജെറുസലേമില്‍ പ്രാര്‍ഥനയോടെ കാത്തിരുന്നതും. രണ്ടാമതായി, ലൂക്കായുടെ സുവിശേഷം യേശുവിന്റെ ഭൗമികജീവിതത്തിന്റെ അവസാനമാണെങ്കിലും, ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച് ഇതൊരു അവസാനമല്ല, മറിച്ച് സഭയുടെ വലിയൊരു ദൗത്യത്തിന്റെ തുടക്കമാണ്. ലൂക്കാ തന്റെ സുവിശേഷം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ജറുസലേം ദൈവാലയത്തിന്റെ പശ്ചാത്തലത്തിലാണ്. ഉല്‍പത്തി പുസ്തകത്തില്‍ യാക്കോബിന് ദൈവദര്‍ശനമുണ്ടായ സ്ഥലം ബേഥേല്‍ എന്ന് വിളിക്കപ്പെടുന്നതുപോലെ, ശ്ലീഹന്മാര്‍ ഉന്നതത്തില്‍ നിന്ന് ശക്തി നേടിയ സ്ഥലം ‘ദൈവാലയമായിത്തീരുകയാണ്.’
ഈ സുവിശേഷഭാഗം കൃത്യമായി വ്യാഖ്യാനിക്കാനും വ്യക്തമായി മനസ്സിലാക്കാനും മൂന്ന് ഭാഗങ്ങളായിട്ട് തിരിക്കാവുന്നതാണ്. ഈ മൂന്നിന്റെയും കാതല്‍ ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ പ്രത്യാശയിലേക്കു നയിക്കുന്നു എന്നതാണ്. അതിനോടൊപ്പം കര്‍ത്താവ് നമ്മെ ഏല്‍പിച്ച പ്രേഷിതദൗത്യം പൂര്‍ത്തിയാക്കാന്‍ അവിടുത്തെ ശക്തിയാല്‍ നമ്മള്‍ ശക്തരാക്കപ്പെടുന്നു.
1. മനസ്സ് തുറക്കുന്ന അനുഗ്രഹം (The Blessing of Enlightenment):
ഈ സുവിശേഷഭാഗത്തിന്റെ ആദ്യപകുതിയില്‍ നാം കാണുന്നത്, യേശു ശിഷ്യന്മാരുടെ അജ്ഞതയെ നീക്കം ചെയ്യുകയാണ്. ശിഷ്യന്മാര്‍ക്ക് പഴയ നിയമത്തെക്കുറിച്ച് അറിവില്ലാഞ്ഞിട്ടല്ല, മറിച്ച് ആ വചനങ്ങള്‍ എങ്ങനെ അവരുടെ ജീവിതത്തോടും യേശുവിന്റെ കുരിശുമരണത്തോടും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ലൂക്കാ 24: 44 ല്‍ ”വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവര്‍ അവരുടെ മനസ്സ് തുറന്നു” എന്ന് നാം വായിക്കുന്നു. ശിഷ്യന്മാരുടെ കണ്ണ് തുറക്കുന്നതിനേക്കാളുപരിയായി യേശു അവരുടെ മനസ്സാണ് തുറന്നത്.
വിശുദ്ധഗ്രന്ഥം വായിച്ചാല്‍ മാത്രം പോരാ, അത് ഗ്രഹിക്കണമെങ്കില്‍ ക്രിസ്തുവിന്റെ ചൈതന്യം ആവശ്യമാണെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പഴയനിയമത്തിലെ പ്രവചനങ്ങളും തന്റെ ജീവിതവും തമ്മിലുള്ള ആഴമേറിയ ബന്ധം വെളിപ്പെടുത്തിക്കൊണ്ട്, ജീവിതത്തിലെ പ്രതിസന്ധികളെ ദൈവഹിതമായി കാണാന്‍ അവന്‍ അവരെ പഠിപ്പിച്ചു. കുരിശിലെ കഷ്ടാനുഭവവും മരണവും ഒരു പരാജയമല്ല, മറിച്ച് ദൈവഹിതത്തിന്റെ പൂര്‍ത്തീകരണമാണെന്ന് യേശു അവരെ ബോധ്യപ്പെടുത്തുന്നു.
2. ശക്തി പ്രാപിക്കാനുള്ള ആഹ്വാനം (The Blessing of Divine Power):
വെറുംകൈയോടെയല്ല യേശു അവരെ ലോകത്തിലേക്ക് വിടുന്നത്. ലൂക്കാ 24:49 ല്‍ ”ഉന്നതത്തില്‍ നിന്ന് ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.” അനുഗ്രഹം എന്നത് വെറും കൈമാറ്റമല്ല, അതൊരു ഉത്തരവാദിത്വം കൂടിയാണ്. പാപമോചനത്തിനുള്ള അനുതാപം എല്ലാ ജനതകളോടും പ്രഘോഷിക്കാനുള്ള ദൗത്യമാണ്. അവന്‍ അവര്‍ക്ക് നല്‍കുന്നത്. പക്ഷേ, ആ ദൗത്യം നിര്‍വഹിക്കാന്‍ മനുഷ്യസഹജമായ കഴിവുകള്‍ മാത്രം പോരാ. അതിന് ദൈവത്തിന്റെ ശക്തി വേണം. പരിശുദ്ധാത്മാവാണ് ആ ശക്തി. നാം പലപ്പോഴും നമ്മുടെ ജീവിതത്തില്‍ പരാജയപ്പെട്ടു പോകുന്നത് നമ്മുടെ സ്വന്തം ബുദ്ധിയിലും കഴിവിലും മാത്രം ആശ്രയിക്കുന്നതുകൊണ്ടാണ്. കത്തോലിക്കാ സഭ യുടെ മതബോധനഗ്രന്ഥം (CCC) 662 ഖണ്ഡികയില്‍, പിതാവിന്റെ അടുത്തേക്ക് ഉയര്‍ത്തപ്പെട്ട മിശിഹാ പരിശുദ്ധാത്മാവിലൂടെ സഭയെ നയിക്കുകയും നമുക്കായി സ്വര്‍ഗവാതില്‍ തുറന്നുതരികയും ചെയ്തിരിക്കുന്നു. നിത്യപുരോഹിതനായ അവിടുന്ന് തന്നെ സമീപിക്കുന്നവര്‍ക്കായി എപ്പോഴും മാധ്യസ്ഥ്യം വഹിച്ചുകൊണ്ട് ജീവിക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. നഗരത്തില്‍ വസിക്കുക’ എന്നാല്‍ ദൈവം പ്രവര്‍ത്തിക്കുന്നതുവരെ കാത്തിരിക്കുക എന്നാണ് അര്‍ഥം. പ്രാര്‍ഥനയിലൂടെയും സ്തുതിപ്പിലൂടെയും ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാന്‍ കഴിയുന്നതാണ് വിശ്വാസിയുടെ കരുത്ത്. പരിശുദ്ധാത്മാവിന്റെ ഈ ശക്തിയില്ലാതെ പ്രേഷിതപ്രവര്‍ത്തനം അസാധ്യമാണെന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇതിനെ ‘ആത്മാവിനെ നയിക്കുന്ന സത്യം’ എന്ന് വിളിക്കുന്നു.
3. അനുഗ്രഹിക്കുന്ന കൈകള്‍ (The Blessing of Constant Presence):
ലൂക്കാ 24:50-51 വരെയുള്ള വചനത്തില്‍ നാം വായിക്കുന്നു: ”അവന്‍ കൈകളുയര്‍ത്തി അവരെ അനുഗ്രഹിച്ചു. അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവന്‍ അവരില്‍ നിന്ന് മറയുകയും ചെയ്തു.”
പഴയനിയമത്തില്‍ മഹാപുരോഹിതന്‍ ജനങ്ങളെ അനുഗ്രഹിക്കാനായി കൈകളുയര്‍ത്തുന്ന ഒരു പതിവുണ്ടായിരുന്നു. യേശു ഇവിടെ നിത്യപുരോഹിതനായി നിലകൊള്ളുന്നു. ശ്രദ്ധേയമായ കാര്യം, അവന്‍ അനുഗ്രഹിച്ചുകഴിഞ്ഞിട്ടല്ല സ്വര്‍ഗത്തിലേക്കു പോയത്, മറിച്ച് അനുഗ്രഹിച്ചുകൊണ്ടിരിക്കെയാണ്. ഇതിനര്‍ഥം യേശുവിന്റെ അനുഗ്രഹം അവസാനിച്ചിട്ടില്ല എന്നാണ്. ആ ഉയര്‍ത്തിയ കൈകള്‍ ഇന്നും താഴേക്കുവന്നിട്ടില്ല. സ്വര്‍ഗാരോഹണം ചെയ്ത ക്രിസ്തു ഇന്നും മനുഷ്യകുലത്തിനുമേല്‍ തന്റെ അനുഗ്രഹത്തിന്റെ കൈകള്‍ വിരിച്ചുപിടിച്ചിരിക്കുകയാണ്. ഈ ബോധ്യമാണ് ശിഷ്യന്മാര്‍ക്ക് ആനന്ദം നല്‍കിയത്. തങ്ങള്‍ തനിച്ചല്ലെന്നും തങ്ങളെ അനു ഗ്രഹിക്കുന്ന ഒരു നാഥന്‍ പിതാവിന്റെ വലതുഭാഗത്ത് ഉണ്ടെന്നുമുള്ള ഉറപ്പ് അവരെ ഭയരഹിതരാക്കി. നമ്മെ അനുഗ്രഹിക്കുന്ന ക്രിസ്തുവിലാണ് നമ്മുടെയും പ്രത്യാശ. സ്വര്‍ഗത്തിലിരുന്ന് അവന്‍ ഇന്നും സഭയെയും നമ്മെ ഓരോരുത്തരെയും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആ അനുഗ്രഹമാണ് ഈ ലോകത്തില്‍ ജീവിക്കാനും സാക്ഷ്യം നല്‍കാനും നമുക്ക് കരുത്ത് നല്‍കുന്നത്. നാം തളര്‍ന്നിരിക്കുമ്പോഴും തോറ്റുപോകുമ്പോഴും ഉയര്‍ത്തിയ കൈകളുമായി നില്‍ക്കുന്ന ഒരു ദൈവമുണ്ടെന്ന് ഓര്‍ക്കുന്നത് ജീവിതത്തിന് പുതിയ ഊര്‍ജം നല്‍കുന്നു.
സ്‌നേഹമുള്ള ദൈവജനമേ, മനസ്സ് തുറക്കുന്ന അനുഗ്രഹം സ്വീകരിച്ച, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് എങ്ങനെയാണോ ശിഷ്യസമൂഹം കര്‍ത്താവ് ഏല്‍പിച്ച ദാത്യം നിര്‍വഹിച്ചത് അതുപോലെ നമ്മുടെ അടഞ്ഞ മനസ്സുകള്‍ തുറക്കാനും പരിശുദ്ധാത്മ അഭിഷേകത്താല്‍ നമ്മുടെ പ്രേഷിതദൗത്യം നിറവേറ്റാനും നിരന്തരം ദൈവസാന്നിധ്യ സ്മരണയില്‍ ആയിരുന്നുകൊണ്ട് വിശ്വാസജീവിതത്തില്‍ വളരാന്‍ അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ മനസ്സ് തുറക്കുന്ന അനുഗ്രഹത്താലും ശക്തി പ്രാപിക്കാനുള്ള ആഹ്വാനത്താലും അനുഗ്രഹിക്കുന്ന കൈകളാലും നമ്മെ നിരന്തരം അനുഗ്രഹിക്കണമേ എന്ന് ഈ വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് ആത്മാര്‍ഥമായിട്ട് പ്രാര്‍ഥിക്കാം. ദൈവം നമ്മളെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാ വിന്റെയും നാമത്തില്‍, ആമ്മേന്‍.
ബ്രദര്‍ ലിതിന്‍ കൊല്ലംകളം MCBS




