ഞായർ പ്രസംഗം: ഉയിര്‍പ്പുകാലം ആറാം ഞായര്‍ മെയ് 10, യോഹ. 5: 19-29 നിത്യജീവന്‍

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

ഉയിര്‍പ്പുകാലത്തിന്റെ ആറാം ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. തിരുസഭാമാതാവ് ഇന്ന് നമുക്ക് വിചിന്തിനത്തിനായി തന്നിരിക്കുന്നത് വി. യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായം 19 മുതല്‍ 29 വരെയുള്ള തിരുവചനഭാഗങ്ങളാണ്. ബെഥേസ്ദായില്‍ തളര്‍വാതരോഗിയെ സുഖപ്പെടുത്തി നവജീവന്‍ നല്‍കുന്നതിലൂടെ ഈശോ സാബത്തിന്റെ അധിപനും രോഗങ്ങളെയും പീഡകളെയും ശാസിക്കാന്‍ അധികാരമുള്ളവനുമാണെന്ന് തെളിയിച്ചപ്പോള്‍ ഈശോയുടെ ഈ പ്രവര്‍ത്തികളുടെമേല്‍ കുറ്റാരോപണം നടത്തുന്ന യഹൂദരുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നതാണ് ഇന്നത്തെ തിരുവചനഭാഗം. വി. യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായം 24-90 വാക്യത്തില്‍ പറയുന്നതുപോലെ, ”സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന്‍ നിത്യജീവനുണ്ട്. അവന് ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍ നിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു.”

ഇന്നത്തെ സുവിശേഷത്തില്‍ ജീവന്‍ എന്ന പദം എട്ടുതവണ നമുക്ക് കാണാന്‍ സാധിക്കും. അതോടൊപ്പം നിത്യജീവനിലേക്കുള്ള മാനദണ്ഡങ്ങള്‍ ഏതെല്ലാമാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത് വചനം കേള്‍ക്കാനും ദൈവത്തില്‍ വിശ്വസിക്കാനും ദൈവപുത്രന്റെ സ്വരം ശ്രവിക്കാനും നന്മ ചെയ്യാനുമാണെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു.

ഉല്‍പത്തിയില്‍ നിന്നുള്ള ഒന്നാം വായനയില്‍, ദൈവം നോഹയുമായി ഒരു ഉടമ്പടി സ്ഥാപിക്കുകയാണ്. ജീവനുള്ള ഒന്നും വെള്ളപ്പൊക്കം കൊണ്ട് ഇനി ഞാന്‍ നശിപ്പിക്കുകയില്ല. രണ്ടാം വായനയായ രാജാക്കന്മാരുടെ 2-ാം പുസ്തകത്തില്‍, ദൈവത്തെ സ്‌നേഹിച്ച സൈന്യങ്ങളുടെ കര്‍ത്താവിനെപ്രതിയുള്ള തീക്ഷ്ണതയാല്‍ എരിഞ്ഞ ഏലിയായെ ഈ ഭൂമിയിലായിരുന്ന് അഴുകപ്പെടാന്‍ അനുവദിക്കാതെ ദൈവം സ്വര്‍ഗത്തിലേക്ക് എടുക്കുന്നു. റോമക്കാര്‍ ക്കുള്ള ലേഖനത്തിലൂടെ പൗലോസ് ശ്ലീഹായും ഒരു ഓര്‍മ്മപ്പെടുത്തല്‍ നല്‍കുകയാണ്. ഈ ലോകവും ലോകം വച്ചുനീട്ടുന്ന മോഹങ്ങളും നിത്യജീവനില്‍ നിന്ന് നമ്മെ അകറ്റുമെന്നും ആയതിനാല്‍ ആത്മീയകാര്യങ്ങളില്‍ താല്‍പര്യം വച്ചുകൊണ്ട് ദൈവകല്‍പനകള്‍ അനുസരിച്ച് നിത്യജീവന്‍ നേടിയെടുക്കണമെന്നുമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണിത്.

സ്‌നേഹമുള്ളവരേ, ഇന്ന് നാം ജീവിക്കുന്നത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണ്. സാങ്കേതികവിദ്യ, ഭൗതികനേട്ടങ്ങള്‍, ആഡംബരങ്ങള്‍ എന്നിവയ്ക്ക് നാം വലിയ പ്രാധാന്യം നല്‍കുന്നു. എന്നാല്‍, ഈ തിരക്കിനിടയില്‍ യഥാര്‍ഥ ജീവന്‍ എന്താണെന്ന് മറന്നുപോകാറുണ്ടോ എന്ന് ഓര്‍ക്കേണ്ട ഒരു കാര്യമാണ്. സുവിശേഷത്തില്‍ നാം കാണുന്നുണ്ട്, പിതാവ് ചെയ്തുകാണുന്നതല്ലാതെ പുത്രനും സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. യേശു പിതാവിനോട് പൂര്‍ണ്ണമായും ഐക്യപ്പെട്ടിരുന്നു എന്നത് നാം തിരിച്ചറിയേണ്ട മനോഭാവമാണ്. അതുപോലെ ആയിരിക്കണം നമ്മളും.
ഇന്നത്തെ ലോകത്തില്‍, ‘ഞാന്‍’ എന്ന ഭാവമാണ് വലിയ പ്രശ്‌നം. എന്റെ ഇഷ്ടം, എന്റെ കരിയര്‍, എന്റെ ആഗ്രഹം… എന്നാല്‍, യേശു നമ്മെ പഠിപ്പിക്കുന്നത് പിതാവായ ദൈവത്തിന്റെ ഇഷ്ത്തിന് നമ്മുടെ ജീവിതത്തെ വിട്ടുകൊടുക്കാനാണ്. ഈ ആധുനികജീവിതത്തില്‍ ഭൗതികലാഭത്തിലും സുഖങ്ങളിലും പെട്ടുപോകാതെ ദൈവവിശ്വാസത്തിലും സ്‌നേഹത്തിലും വളരാന്‍ നമുക്ക് സാധിക്കട്ടെ. നമുക്ക് നമ്മുടെ സമയവും കഴിവുകളും സഹ ജീവികള്‍ക്കു വേണ്ടി വിനിയോഗിക്കാം. ലാഭത്തിനായി മാത്രം ജീവിക്കുന്ന ഈ ലോകത്ത്, ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും പ്രവര്‍ത്തികളിലൂടെ നമുക്ക് കാണിക്കാം.

ഉല്‍പത്തിയുടെ പുസ്തകം ഒന്നാം അധ്യായത്തില്‍, ”ദൈവം മനുഷ്യനായത് മനുഷ്യന്‍ ദൈവം ആകുന്നതിനു വേണ്ടിയാണ്” എന്ന് വി. അത്തനാ lസിയൂസ് പഠിപ്പിക്കുന്നു. അത് നമ്മില്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ദൈവസ്വഭാവവും ദൈവസ്‌നേഹവും ദൈവിക ഇടപെടലുകളും നമ്മില്‍ രൂപപ്പെടണം. ഇല്ലെങ്കില്‍ സര്‍പ്പം ആദ്യമനുഷ്യനെ വഞ്ചിച്ചതുപോലെ ”നീയും ദൈവത്തെപ്പോലെ ആയിത്തീരും” എന്നത് നമ്മില്‍ തിന്മ ചെയത് കപടദൈവം ആകാനുള്ള ചിന്തയാവും രൂപപ്പെടുക.

നമ്മില്‍ ദൈവം രൂപം പ്രാപിക്കണമെങ്കില്‍ നാം ആയിരിക്കുന്ന അവസ്ഥയില്‍ ദൈവിക കാര്യങ്ങള്‍ ദൈവികമനോഭാത്തോടെ ചെയ്യുന്നതു വഴിയാണ്. അത് കുടുംബങ്ങളിലാകാം, ജോലിസ്ഥലങ്ങളിലാവാം, മറ്റു സാഹചര്യങ്ങളിലുമാവാം. വി. യൗസേപ്പിതാവ് തുടങ്ങി മറ്റനേകം വിശുദ്ധരെല്ലാം ഇതിന് മാതൃകകളാണ്. വി. യൗസേപ്പിതാവ് തന്റെ ജീവിതത്തില്‍ വേദനകളും അവഗണിക്കപ്പെടലുകളും ഏറ്റെടുത്തുകൊണ്ടാണ് ഈശോയുടെയും മറിയത്തിന്റെയും ജീവിതം രക്ഷിച്ചതും പിന്നീട് തിരുക്കുടുംബമായി മാറിയതും. വി. മദര്‍ തെരേസ, അഗതികളില്‍ അഗതികളെ ശുശ്രൂഷിച്ചു. അവര്‍ ജീവനെ ദൈവത്തിന്റെ സമ്മാനമായി കണ്ടു. ഓരോ ജീവിതവും-അത് എത്ര ചെറുതായാലും അല്ലെങ്കില്‍ എത്ര അവഗണിക്കപ്പെട്ടതായാലും ദൈവത്തിന് പ്രിയപ്പെട്ടതാണെന്ന് അവര്‍ പഠിപ്പിച്ചു. വി. ജിയന്ന ബെറേറ്റ മൊല്ല, ഗര്‍ഭിണിയായിരിക്കെ ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ ജിവന്‍ രക്ഷിക്കാന്‍ വേണ്ടി തന്റെ ജീവന്‍ ത്യജിച്ച വിശുദ്ധ. ഒരു അമ്മയും ഡോക്ടറുമായിരുന്ന അവര്‍ ജീവന്റെ വിശുദ്ധിക്കായുള്ള മാതൃകയാണ്. ഈ ലോകജീവനേക്കാളും ലോകസുഖങ്ങളേക്കാളുമധികം ദൈവികജീവനെ സ്‌നേഹിച്ച, വിശുദ്ധ കുര്‍ബാനയെ പ്രണയിച്ച, ക്യാന്‍സര്‍ തന്റെ മുഖത്തെ കാര്‍ന്നുതിന്നപ്പോഴും തന്റെ ജീവിതം മുഴുവനും പൂര്‍ണ്ണമായും ഈശോയ്ക്ക് സമര്‍പ്പിച്ച വ്യക്തിയാണ്അജ്‌ന ജോര്‍ജ്. ഈശോയുടെ വേദനകളെ കൂട്ടുപിടിച്ച് ജീവിച്ച അവള്‍ നമ്മുടെ ജീവിതത്തിലെയും വേദനകളുടെ നിമിഷങ്ങളില്‍ ഈശോയില്‍ ആശ്രയിക്കാന്‍ തന്റെ ജിവിതം കൊണ്ട് നമ്മെ പഠിപ്പിക്കുന്നു. ഇനി നമുക്കോരോരുത്തർക്കും തീരുമാനിക്കാം എങ്ങനെ ജീവിക്കണമെന്ന്.

ഒരിക്കല്‍ ഒരു ശില്‍പി തന്റെ പണിപ്പുരയില്‍ മനോഹരമായ ഒരു വിഗ്രഹം കൊത്തുകയായിരുന്നു. കല്ലിന്റെ ഒരോ കഷണവും ചെത്തിമാറ്റുമ്പോള്‍ ആ കല്ല് വേദന കൊണ്ട് കരഞ്ഞു. കല്ല് ശില്‍പിയോട് ചോദിച്ചു; ”എന്തിനാണ് നീ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്?” ശില്‍പി ശാന്തനായി പറഞ്ഞു: ”ഞാന്‍ നിന്നെ വേദനിപ്പിക്കുകയല്ല; നിനക്കുള്ളിലെ അനാവശ്യമായ ഭാഗങ്ങള്‍ നീക്കം ചെയ്ത് നിന്നെ ഒരു ദേവനാക്കി മാറ്റുകയാണ്.” നമ്മുടെ ജിവിതത്തിലും ദൈവം ചിലപ്പോള്‍ ചില വേദനകള്‍ അനുവദിക്കുന്നത് നമ്മിലെ അഹങ്കാരത്തിന്റെ ഭാഗങ്ങള്‍ ചെത്തിമാറ്റി നമുക്ക് നിത്യജീവന്‍ നല്‍കാനാണ്. ആ ശില്‍പിയുടെ കൈയിലുള്ള ഉളി പോലെയാണ് ദൈവത്തിന്റെ വചനം. അത് നമ്മെ ജിവിക്കാന്‍ പ്രാപ്തരാക്കുന്നു. വിശുദ്ധ പറഞ്ഞതുപോലെ, തിരുവെഴുത്തുകളെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണ്. വചനം കേള്‍ക്കാത്തവര്‍ ആ ശില്‍പിയും രൂപപ്പെടാത്ത വെറും കല്ലുകളുമായി അവശേഷിക്കും.

സ്‌നേഹമുള്ളവരേ, ജീവന്റെ ഉറവിടം ക്രിസ്തു വാണ്. ആ ക്രിസ്തുവില്‍ വിശ്വസിക്കുന്ന നമുക്ക് മരണത്തെ ഭയപ്പെടേണ്ടതില്ല. എന്നാല്‍, ആ വിശ്വാസം നമ്മുടെ പ്രവര്‍ത്തികളില്‍ വെളിപ്പെടണം. നന്മ ചെയ്യുന്നവരായി, വചനം അനുസരിക്കുന്നവരായി നമുക്ക് മാറാം. പാപത്തിന്റെയും സ്വാര്‍ഥതയുടെയും അവസ്ഥകളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ നമുക്ക് പരിശ്രമിക്കാം. വി. കൊച്ചുത്രേസ്യ പറയുന്നതുപോലെ, ”ദൈവത്തെ പ്രീതിപ്പെടുത്താന്‍ വലിയ കാര്യങ്ങള്‍ ചെയ്യണമെന്നില്ല; ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്താല്‍ മതി.” ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ ജോയല്‍ ഒറ്റത്തെങ്ങേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.