ഞായർ പ്രസംഗം, ശ്ലീഹാക്കാലം രണ്ടാം ഞായർ ജൂൺ 12 പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍

ബ്ര. നിധിന്‍ അലക്‌സ് MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരേ,

ഇന്ന് പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍. ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ഏറ്റവും അടിസ്ഥാനമായ വിശ്വാസ സത്യമാണ് പരിശുദ്ധ ത്രീത്വം എന്നത്. 1334-ാം ആണ്ടോടു കൂടിയാണ് ജോണ്‍ 22-ാം പാപ്പ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ ആഗോളസഭയില്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ത്രീത്വവിശ്വാസം എന്നത് മാര്‍പാപ്പയുടെ ഒരു കണ്ടെത്തലായിരുന്നില്ല. എ.ഡി. 3-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഭ നേരിട്ട പാഷണ്ഡതയായിരുന്നു ആര്യനിസം. ഈശോയുടെ ദൈവത്വത്തെ നിഷേധിച്ച ആ പഠനത്തെ സഭ നേരിട്ടത് നിഖ്യാ സൂനഹദോസിലൂടെ ത്രീതൈ്വക ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണ്. 2025-ല്‍ ഈ ഏറ്റുപറച്ചിലിന്റെ 1700-ാം വാര്‍ഷികം നാം ആഘോഷിക്കുകയാണ്. സഭൈക്യത്തിനുള്ള പ്രവര്‍ത്തനങ്ങളുടെ ആക്കം കൂട്ടുന്നതിനായി ഫ്രാന്‍സിസ് പാപ്പാ ഏറെ പ്രതീക്ഷയോടെ കാണുന്ന വര്‍ഷമാണ് 2025.

ക്രിസ്തീയ വിശ്വാസം ഇന്ന് ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നത് ത്രീത്വത്തിന്റെ പേരിലാണ്. ചിലര്‍ നമ്മെ ബഹുദൈവാരാധകരായി മുദ്ര കുത്തുന്നു. ചിലര്‍ നമ്മെ ഹൈന്ദവ വിശ്വാസത്തോട് ഉപമിക്കുന്നു. സത്യത്തില്‍ എന്താണ് ത്രീത്വം.

കുര്‍ബാന സ്വീകരണത്തിന് ഒരുക്കമായുള്ള മതബോധന ക്ലാസിലാണ് ഏകദൈവത്തെക്കുറിച്ചും മൂന്ന് ആളുകളെക്കുറിച്ചും നാം കേട്ടത്. ചുറുചുറുക്കുള്ള പുത്രനെയും, താടിയും മുടിയും നരച്ച ഒരു പിതാവിനെയും പ്രാവിന്റെ രൂപത്തിലുള്ള പരിശുദ്ധാത്മാവിനെയുമാണ് മിക്കയിടത്തും നാം ദര്‍ശിക്കുക. കലാകാരന്മാര്‍ മനുഷ്യബുദ്ധിക്ക് ഗ്രാഹ്യമായ രീതിയില്‍ ത്രീതൈ്വകദൈവത്തെ ആലേഖനം ചെയ്യുന്നെങ്കിലും കേവലമനുഷ്യയുക്തി കൊണ്ടോ, ബുദ്ധികൂര്‍മ്മത കൊണ്ടോ മനസിലാക്കാന്‍ സാധിക്കുന്നതല്ല ത്രീത്വം.

അമേരിക്കന്‍ ഭരണഘടനാശില്‍പിയായ തോമസ് ജെഫേഴ്‌സണ്‍ പറഞ്ഞത്, ‘ത്രീത്വത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ ചിരിയുണര്‍ത്തുന്നതാണ്’ എന്നാണ്. സ്വതന്ത്രചിന്തകനും നാസ്തികനുമായ രവിചന്ദ്രന്‍ സി. പറഞ്ഞത്, ‘ഒരു കുളത്തെ ഒരേ സമയം വൃത്തമായും ചതുരമായും അവരിപ്പിക്കുന്ന രീതി’ എന്നാണ്. മജീഷ്യന്‍ മന്ത്രവാക്ക് പറയുന്നതു പോലെ, പുരോഹിതവര്‍ഗ്ഗം വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കി വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന മാജിക്കല്‍ വാക്കായിട്ടാണ്.

ത്രീത്വം എന്നത് മെത്രാനച്ചന്റെയോ, പുരോഹിത ദൈവശാസ്ത്രജ്ഞരുടെയോ ഭാവനാകല്‍പനയില്‍ വിരിഞ്ഞ ദൈവസങ്കല്‍പമല്ല. ത്രീതൈ്വക ദൈവവിശ്വാസമില്ലാത്ത യഹൂദരുടെ വിശുദ്ധ ഗ്രന്ഥത്തില്‍, അതായത് നമ്മുടെ പഴനയനിയമത്തില്‍ ഉല്‍പത്തി പുസ്തകത്തിന്റെ തുടക്കവാക്യത്തില്‍ തന്നെ ത്രീത്വത്തെക്കുറിച്ച് വ്യക്തമായി പറയുന്നു: “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” വി. അഗസ്റ്റിന്റെ വ്യാഖ്യാനത്തില്‍ ആദിയില്‍ എന്ന പദം പുത്രനായ ദൈവത്തെ കുറിക്കുന്നു. കാരണം, യോഹന്നാന്‍ സുവിശേഷകന്റെ ഒന്നാം അധ്യായത്തില്‍ ഇപ്രകാരം പറയുന്നു: “എല്ലാം അവനിലൂടെയും അവനു വേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്.” നമ്മുടെ വിശ്വാസപ്രമാണത്തില്‍ ‘സകല സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനായ’ പുത്രനായ ദൈവത്തിലുള്ള വിശ്വാസം നാം ഏറ്റുപറയുന്നതാണ്. പിതാവായ ദൈവത്തെ ‘ദൈവം’ എന്ന പദത്തിലൂടെ ഉല്‍പത്തി ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നു. തുടര്‍ന്നു വരുന്ന വാക്യത്തില്‍ ‘ദൈവത്തിന്റെ ചൈതന്യം ജലത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു’ എന്ന് നാം വായിക്കുന്നു. വി. അഗസ്റ്റിന്റെ വ്യാഖ്യാനത്തില്‍ ചൈതന്യം, പരിശുദ്ധാത്മാവായ ദൈവത്തെ കുറിക്കുന്നു. നാലാം ലാറ്ററന്‍ സൂനഹദോസ് ഇപ്രകാരം പഠിപ്പിക്കുന്നു: ‘ജനിപ്പിക്കുന്നവന്‍ പിതാവ്, ജനിച്ചവന്‍ പുത്രന്‍, പുറപ്പെടുന്നവന്‍ പരിശുദ്ധാത്മാവ്.’ പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെട്ട് സൃഷ്ടിയുടെ മേല്‍ ചലിച്ചിരുന്നവനാണ് പരിശുദ്ധാത്മാവ്.

ദൈവം അബ്രഹാത്തിന് തന്നെത്തന്നെ വെളിപ്പെടുത്തുന്നത് ത്രീത്വമായിട്ടാണ്. ‘അബ്രഹാം തലയുയര്‍ത്തി നോക്കിയപ്പോള്‍ മൂന്നുപേര്‍ തനിക്കെതിരെ നില്‍ക്കുന്നതു കണ്ടു’ എന്നാണ് വചനം പറയുന്നത്. എന്നാല്‍ അതേ തുടര്‍ന്ന് ലോത്തിന്റെ പക്കലേക്കു പോകുമ്പോള്‍ രണ്ട് ദൂതന്മാരായി മാറുന്നു. എന്തുകൊണ്ടാണ് ഉല്‍പത്തി രചയിതാവ് മൂന്ന് ദൂതന്മാര്‍ എന്ന് ഉപയോഗിക്കാതെ ‘മൂന്നുപേര്‍’ എന്ന് ഉപയോഗിച്ചത്. സഭാപിതാക്കന്മാരുടെ വ്യാഖ്യാനത്തില്‍ ത്രീത്വത്തെക്കുറിച്ച് ആദ്യകാല മുതലേ അറിവ് ലഭിച്ചിരുന്നു. എന്നാല്‍ പരിമിതമായ മനുഷ്യബുദ്ധി അത് മനസിലാക്കിയില്ലെന്നു മാത്രം.

പുതിയനിയമത്തില്‍ എല്ലാം സുവിശേഷകന്മാരും അവരുടെ ഒന്നാം അധ്യായത്തില്‍ തന്നെ ത്രീത്വത്തെക്കുറിച്ച് വളരെ വ്യക്തമായി പഠിപ്പിക്കുന്നു. യോഹന്നാന്‍ സുവിശേഷകന്‍, ആദിയില്‍ വചനമുണ്ടായിരുന്നു എന്നു തുടങ്ങുന്നതിലൂടെ, വി. മര്‍ക്കോസ് ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം എന്നു പറയുന്നതിലൂടെ, ലൂക്കാ സുവിശേഷകന്‍ മറിയത്തിനു ലഭിച്ച മംഗളവാര്‍ത്തിയിലൂടെ, മത്തായി ശ്ലീഹാ യേശുവിന്റെ ജനനത്തെക്കുറിച്ച് വിവരിക്കുന്ന ഒന്നാം അധ്യായത്തില്‍ ഇങ്ങനെ ത്രീത്വത്തെക്കുറിച്ച് ആദിമസഭയില്‍ വളരെ ആഴമായ അവബോധം നിലനിന്നിരുന്നു. ഈശോയുടെ മാമ്മോദീസായില്‍ സ്വയം വെളിപ്പെടുത്തി ത്രീത്വം. അതുപോലെ ഇന്നത്തെ സുവിശേഷവായനയില്‍ ത്രീത്വത്തെക്കുറിച്ച് ഈശോ തന്നെ പഠിപ്പിക്കുന്നതായി നാം കാണുന്നു.

എന്താണ് ത്രീത്വം. ഏകവും എന്നാല്‍ മൂന്ന് ആളുകളുമായ ത്രീത്വം. മതബോധനഗ്രന്ഥം 253-ാം നമ്പര്‍ ഇങ്ങനെ പറയുന്നു: ‘നമ്മള്‍ വിശ്വസിക്കുന്നത് മൂന്ന് ദൈവങ്ങളിലല്ല; എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളുകളുണ്ട്. ഈ മൂന്ന് ആളുകള്‍ ഏകസത്തയാണ്. എന്നാല്‍ മൂന്ന് ആളുകള്‍ ഏകസത്തയെ വിഭജിച്ചെടുക്കുകയല്ല. ത്രീത്വത്തിലെ ഓരോ വ്യക്തിയും പൂര്‍ണ്ണമായും ദൈവമാണ്.’

സഭാപണ്ഡിതനായ തെര്‍ത്തുല്യന്‍ ഇപ്രകാരം പഠിപ്പിക്കും, പിതാവും പുത്രനും പരിശുദ്ധാത്മാവും സത്തയില്‍ ഒന്നാണെങ്കിലും ആളത്വത്തില്‍ ഒന്നല്ല. പുത്രന്‍ എന്നത് ദൈവത്തിന്റെ ഒരംശം അല്ല; പൂര്‍ണ്ണമായും മുഴുവനായും ദൈവമാണ്. പരിശുദ്ധാത്മാവ് എന്നത് ദൈവത്തിന്റെ ഒരു ഭാഗമല്ല മറിച്ച്, പൂര്‍ണ്ണമായും മുഴുവനാം ദൈവമാണ്. സഭാപിതാവായ മാര്‍ അപ്രേം ത്രീത്വത്തെ കുറിക്കാന്‍ നിരവധി ഉപമകള്‍ ഉപയോഗിക്കുന്നു. ദൈവം എന്നത് സൂര്യനാണെങ്കില്‍ പിതാവ് സൂര്യനും പുത്രന്‍ ചൂടും പരിശുദ്ധാത്മാവ് രശ്മിയുമാണ്. എന്നാല്‍ പരമമായ രഹസ്യമായതു കൊണ്ട് ഏത് ഉദാഹരണം ഉപയോഗിച്ചാലും ത്രീത്വത്തെ പൂര്‍ണ്ണമായി അത് ഉള്‍ക്കൊള്ളുന്നില്ല. പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഈ സുദിനത്തില്‍ നാം ആത്യന്തികമായി മനസിലാക്കേണ്ട കാര്യം നാം ഏകദൈവത്തില്‍ വിശ്വസിക്കുന്നു എന്നതാണ്. നാം ത്രീ ത്വത്തില്‍ വിശ്വസിക്കുന്നെങ്കില്‍ ത്രീതൈ്വക മാതൃക നമ്മുടെ ജീവിതത്തില്‍ നാം ജീവിക്കണം. 1 യോഹ. 4:8-16 പറയുന്നു: ‘ദൈവം സ്‌നേഹമാണ്.’ അതെ, ത്രീത്വം സ്‌നേഹമാണ്. ത്രീത്വത്തെ മനസിലാകണമെങ്കില്‍ നാമും സ്‌നേഹമാകണം.

നമ്മുടെ കുടുംബജീവിതത്തില്‍ നാം സ്‌നേഹമാകണം. ഇന്ന് നമുക്കു ചുറ്റും എന്തൊക്കെ നിയമങ്ങളാണ്. ഉദരത്തില്‍ ഉരുവായ കുഞ്ഞിനെ നിഷ്‌കരുണം വധിക്കാം, പരസ്പര സമ്മതപ്രകാരമുള്ള പരദാരബന്ധങ്ങള്‍ വച്ചുപുലര്‍ത്താം, പുരുഷന് പുരുഷനെയും സ്ത്രീക്ക് സ്ത്രീയെയും വിവാഹം കഴിക്കാം. യഥാര്‍ത്ഥ സനേഹത്തില്‍ നിന്ന് നാം വഴുതിപ്പോകുന്നതു കൊണ്ടല്ലേ ഇതൊക്കെ സംഭവിക്കുന്നത്. നമുക്ക് എന്താണ് ചെയ്യാനാവുക. ഇപ്രകാരമുള്ളവരെ നാം മാറ്റിനിര്‍ത്തുകയോ, അവര്‍ക്കെതിരെ കോപാഗ്നി കൊണ്ട് നാം തകര്‍ക്കുകയുമാണോ ചെയ്യേണ്ടത്. അല്ല! ദാമ്പത്യസ്‌നേഹവും മക്കളോടുള്ള സ്‌നേഹവും കുഞ്ഞുങ്ങള്‍ ഒരു അബദ്ധമല്ല എന്നും കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണെന്നും നാം പറഞ്ഞ് ജീവിച്ചുകാണിക്കണം. നമ്മുടെ അമ്മയായ സഭയ്ക്ക് എല്ലാവരെയും സ്‌നേഹിക്കാനേ അറിയൂ. അതുകൊണ്ട് ഒരേ ലിംഗസ്‌നേഹം വച്ചുപുലര്‍ത്തുന്നവരോട് സഹാനുഭൂതിയോടെ നാം പെരുമാറണം. അതിനെ അംഗീകരിക്കുകയല്ല, അവരുടെ തിരിച്ചുവരവിനായി ക്ഷമയോടെ കാത്തിരിക്കുന്ന സമൂഹമാകണം നമ്മള്‍. വി. അഗസ്റ്റിന്റെ തിരിച്ചുവരവിനു വേണ്ടി കാത്തിരുന്ന മോനിക്കയെപ്പോലെ.

രണ്ടാമതായി, ത്രീതൈ്വകം സഭൈക്യത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. സഭയ്ക്ക് ഇന്ന് ജരാനരകള്‍ ബാധിച്ചു. അവള്‍ക്ക് പ്രായാധിക്യം വന്നിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ലിറ്റര്‍ജിയുടെ പേരിലും സമര്‍പ്പിതരുടെ കുറവുകളുടെ പേരിലും നാം കുറ്റപ്പെടുത്തിയത് സഭയെയാണ്. നമുക്കു വേണ്ടത് ചുറുചുറുക്കുള്ള, യൗവ്വനം പ്രസരിക്കുന്ന അമ്മയെയാണ്. നമ്മുടെ സഭയെ യൗവ്വനം വീണ്ടെടുക്കാന്‍ നാം സഹായിക്കണം. പരസ്പരം കുറ്റപ്പെടുത്താതെ, തിന്മകളോട് ഒരുമയോടെ പോരാടാന്‍ നമുക്ക് സാധിക്കണം. കുറവുകളെ ദൈവം അനുവദിക്കുന്നെങ്കില്‍ അത് ദൈവത്തിന്റെ ബലഹീനതയല്ല മറിച്ച് മനുഷ്യരില്‍ ദൈവം അപകടകരമാംവിധം വിശ്വസിക്കുന്നതു കൊണ്ടാണ്. അതുകൊണ്ട് പരസ്പരമുള്ള ഐക്യത്തിനായി നമുക്ക് ഒരുമിച്ച് പോരാടാം. ഇനി നമ്മുടെ ഇടയില്‍ ദളിത് കത്തോലിക്കരോ, മാര്‍ഗ്ഗം കൂടിയവരോ ഇല്ല നമ്മുടെ കൂടെ കോട്ടയം ക്രിസ്ത്യാനികളോ, മുക്കുവ ക്രിസ്ത്യാനികളോ, മലയോര ക്രിസ്ത്യാനികളോ ഇല്ല. ത്രീത്വത്തിന്റെ നാമത്തില്‍ കത്തോലിക്കാ സഭയില്‍ മാമ്മോദീസാ സ്വീകരിച്ച നാം ക്രിസ്ത്യാനികളാണ്. ഏകദൈവത്തില്‍ വിശ്വസിക്കുന്ന, ഏകമെന്ന ശുദ്ധമായ കത്തോലിക്കാ സഭയില്‍ അംഗങ്ങളായ ചങ്കുറപ്പുള്ള, ചങ്കൂറ്റമുള്ള ക്രിസ്ത്യാനികള്‍. അതിനായി ഈ വിശുദ്ധ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

ബ്ര. നിധിന്‍ അലക്‌സ് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.