ഞായർ പ്രസംഗം, ഉയിർപ്പുകാലം അഞ്ചാം ഞായർ മെയ് 15, പ്രേഷിതദൗത്യം

ബ്ര. അജോ കൊച്ചുറുമ്പില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന പ്രിയസഹോദരങ്ങളേ,

ഉയിര്‍പ്പിന്റെ അഞ്ചാം ആഴ്ചയിലൂടെ കടന്നുപോകുന്ന നമുക്ക് ഇന്ന് തിരുസഭാമാതാവ് വചനവിചിന്തനത്തിനായി വച്ചുനീട്ടുന്നത് വി. ലൂക്കായുടെ സുവിശേഷം 10-ാം അധ്യായം 1 മുതല്‍ 12 വരെയുള്ള തിരുവചന ഏടുകളാണ്. ക്രിസ്തുവിന്റെ പരസ്യജീവിതത്തിന്റെ മുന്നാസ്വാദനം എന്ന രീതിയില്‍, താന്‍ പോകാനിരിക്കുന്ന ഇടങ്ങളിലേക്ക് 72 പേരെ അയച്ച് അവിടുന്ന് ദൈവരാജ്യപ്രഘോഷണത്തിന് ആരംഭം കുറിക്കുകയാണ്. വിളവിന്റെ പെരുപ്പവും വേലക്കാരുടെ ദൗര്‍ലഭ്യവും യാത്രയില്‍ ഉപേക്ഷിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായ പ്രേഷിതദൗത്യത്തിന്റെ നവയുഗദര്‍ശനങ്ങളും ഈ സുവിശേഷഭാഗത്തിന്റെ ഇതിവൃത്തമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അന്ധകാരത്തിന് ഒരിക്കലും കീഴടക്കാനാവാത്ത പ്രകാശത്തിന്റെ മക്കളാകാനുള്ള ഗുരുവിന്റെ ക്ഷണം.

ഇന്നത്തെ മൂന്നു വായനകളിലും കേന്ദ്രപ്രമേയമാക്കുന്നത് ദൈവഹിതത്തിന്റെ പൂര്‍ത്തീകരണത്തിനായി ദൈവത്താല്‍ അയക്കപ്പെടുന്നവരെ കുറിച്ചാണ്. പഴയനിയമത്തില്‍ നാം കണ്ടുമുട്ടുന്നത് അഹറോനെയാണ്. വരാനിരിക്കുന്ന പുറപ്പാട് യാതനകളില്‍ മോശയ്‌ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പൊരുതാനും തളര്‍ച്ചയില്‍ തണലാകാനും മോശയ്ക്ക് സഹായകനായി പിതാവായ ദൈവത്താല്‍ അയക്കപ്പെടുന്ന അഹറോന്‍. നടപടി പുസ്തകത്തില്‍ നാം കാണുന്നത് അന്ത്യോക്യാസഭയില്‍ നിന്നും പരിശുദ്ധാത്മാവിനാല്‍ പ്രഘോഷണദൗത്യം പേറി സെലൂക്യായിലേക്ക് കപ്പല്‍ കയറുന്ന ബര്‍ണാബാസിനെയും സാവൂളിനെയുമാണ്. ഇവരെല്ലാം ദൈവരാജ്യശുശ്രൂഷക്കായി വിവിധ കാലഘട്ടങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ദൈവം അവരുടെ ജീവിതത്തില്‍ മറച്ചുവച്ച നിയോഗങ്ങളെ തിരിച്ചറിഞ്ഞ് തിരുവചനം പൂര്‍ത്തിയാക്കിയവര്‍.

അയക്കപ്പെടുന്നവര്‍ക്ക് അയക്കുന്നവനാല്‍ നല്‍കപ്പെടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രേഷിതപ്രവര്‍ത്തനമാകുന്ന കനല്‍വഴിയുടെ തീവ്രത വിളിച്ചറിയിക്കുന്നു. ചെന്നായ്ക്കളുടെ ഇടയിലേക്ക് അയക്കപ്പെടുന്ന കുഞ്ഞാടുകള്‍. വിപരീത അനുപാതത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് ക്രിസ്തു എന്ന് നാം പലപ്പോഴും വിചാരിച്ചുപോകും. പക്ഷേ, നാം അറിയാതെ പോകുന്നത് അവിടുത്തെ മനസാണ്. ചെന്നായും കുഞ്ഞാടും ഒരുമിച്ചുവാഴുന്ന ഒരു ലോകമാണ് അവിടുന്ന് സ്വപ്നം കാണുന്നത്. കസന്‍ദ്‌സക്കീസ് കുറിച്ചിട്ടതുപോലെ, ദൈവം സര്‍വ്വശക്തനാണ്. ചെന്നായയെ കുഞ്ഞാടാക്കാന്‍ അവനു കഴിയും.

മറ്റൊന്നാണ്, വഴിയില്‍ വച്ച് ആരെയും അഭിവാദനം ചെയ്യരുത് എന്നുള്ള ഗുരുവിന്റെ താക്കീത്. പരിചയക്കാര്‍ക്കു മുമ്പില്‍ പോലും അപരിചിതനായി നീങ്ങുക, ത്രസിപ്പിക്കുന്ന വഴിയോരക്കാഴ്ചകള്‍ക്ക് സമയം കൊടുക്കാതിരിക്കുക, യാത്രയിലെ ഇഷ്ടങ്ങളെ പലതും നഷ്ടങ്ങളാക്കുക. വി. അംബ്രോസ് ഇപ്രകാരം പറയുന്നു: “വഴിയില്‍ വച്ച് അഭിവാദനം ചെയ്യരുത് എന്ന് ക്രിസ്തു പറയുന്നതിന്റെ കാരണം, അവരുടെ ശ്രദ്ധ മുഴുവന്‍ അവര്‍ ഏറ്റെടുത്തിരിക്കുന്ന പ്രേഷിതദൗത്യത്തിലാണെന്ന ബോധ്യമുണര്‍ത്താന്‍ വേണ്ടിയാണെന്നാണ്.”

മടിശ്ശീലയും പാദരക്ഷയും യാത്രയുടെ പ്രധാന മാനദണ്ഡമായ കാലഘട്ടത്തില്‍ അവയെല്ലാം വെടിഞ്ഞ് ഈശ്വരനാമവും പ്രേഷിതതീക്ഷ്ണതയും പേറി യാത്രയാകാന്‍ ആ ഗുരു പ്രബോധിപ്പിച്ചപ്പോള്‍ അതിന് പൂര്‍ണ്ണസമ്മതം നല്‍കി വിധേയപ്പെടുന്ന ശിഷ്യസമൂഹം. അവരിലൂടെയാണ് പ്രേഷിതസഭ രൂപം കൊള്ളുന്നത്. ക്രിസ്തുവിന്റെ കാലശേഷവും മതപീഢനങ്ങള്‍ പേമാരി പോലെ പെയ്തിറങ്ങിയപ്പോഴും ഗുരുവിന്റെ മാതൃക സ്വീകരിച്ച് വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കാതെ അവര്‍ പ്രേഷിതസഭയെ പടുത്തുയര്‍ത്തി.

വിശ്വാസം ത്യജിക്കാത്തതിന്റെ പേരില്‍ കൊലമരത്തിനു ചുവട്ടിലെത്തിയതാണ് സന്യാസ സഹോദരന്മാരായ അഗത്താഞ്ചലോസും കാസിയാനും. കൊലക്കയര്‍ കാണാതെ പരിഭ്രമിച്ചു നിന്ന ആരാച്ചാര്‍ക്ക് സന്യാസവസ്ത്രത്തിന്റെ ചരട് അഴിച്ചുനല്‍കി സ്‌തോത്രഗീതവും പാടി മരണത്തിലേക്കു നടന്നുനീങ്ങിയ അവരെ കണ്ടപ്പോള്‍ കാഴ്ച്ചക്കാര്‍ മാമ്മോദീസ മുങ്ങി മാര്‍ഗ്ഗം കൂടിയെന്നാണ് ചരിത്രം പറയുന്നത്. രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണില്‍ പ്രേഷിതസഭ അവളുടെ വേരുറപ്പിച്ചു.

സ്‌നേഹമുള്ളവരേ, ഈ കാലഘട്ടത്തില്‍ ദൈവം എന്നില്‍ നിന്നും, നിന്നില്‍ നിന്നും ആഗ്രഹിക്കുന്ന പ്രേഷിതദൗത്യം തിരിച്ചറിഞ്ഞ് ആ പാത പുണരാന്‍ നമുക്ക് പരിശ്രമിക്കാം. അസീസ്സിയില്‍ പുത്തന്‍ ആദ്ധ്യാത്മികത കൊണ്ട് സഭയെ താങ്ങിനിര്‍ത്തിയ ഫ്രാന്‍സിസും, നീലക്കരയുള്ള വെള്ളസാരി ചുറ്റി അനേകരുടെ വിശപ്പടക്കിയ മദര്‍ തെരേസയും, ഇന്‍ഡോറില്‍ കുത്തിക്കീറപ്പെട്ട് റാണി മരിയയും, നീതിരഹിതമായ ഈ കാലത്ത് പാവങ്ങള്‍ക്കായി ജീവിതം ഹോ മിച്ച ഫാ. സ്റ്റാന്‍ സ്വാമിയുമെല്ലാം നമുക്ക് മുമ്പേ നടന്നുനീങ്ങിയ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ മാതൃകകളാണ്. ആയിരിക്കുന്ന അവസ്ഥയില്‍ നമുക്ക് നന്മ ചെയ്യാന്‍ കിട്ടുന്ന ഓരോ അവസരവും ജീവിതത്തിലെ പ്രേഷിതദൗത്യമാക്കി നമുക്ക് മാറ്റാം. ക്രിസ്തുവിനെ അറിയാത്തവര്‍ക്ക് സ്വന്തം ജീവിതമാതൃകയിലൂടെ ക്രിസ്തുവിനെ പകര്‍ന്നുനല്‍കാം.

കറയില്ലാത്ത ജീവിതം തന്നെ സുവിശേഷപ്രഘോഷണമാണ്. കച്ചവടത്തില്‍ അധികമായി കിട്ടുന്ന ലാഭം, വിളവിലെ സമൃദ്ധിയില്‍ നിന്ന് ചെറിയൊരു ഓഹരി, മിച്ചമായി കണ്ട് നാം സൂക്ഷിച്ചുവച്ചിരിക്കുന്ന നമ്മുടെ വസ്തുക്കള്‍ ഇവയെല്ലാം ഇല്ലാത്തവനുമായി പങ്കുവയ്ക്കാന്‍ നമുക്ക് ശ്രമിക്കാം. ‘അരിയില്ലാഞ്ഞിട്ട്’ എന്ന വൈലോപ്പിള്ളിയുടെ മനോഹരകൃതിയില്‍ വായ്ക്കരി വയ്ക്കാന്‍ നോക്കുന്ന അയല്‍ക്കാരോട് കരച്ചിലിനിടയില്‍ ആ വീട്ടമ്മ പറഞ്ഞത്, അരിയുണ്ടായാലങ്ങേരന്തരിക്കില്ലല്ലോ എന്നാണ്.

ഉയിര്‍പ്പിന്റെ മഹത്വത്തിലൂടെ കടന്നുപോകുന്ന നമുക്ക് ചിന്തിക്കാം, തിരിച്ചറിയാം നമ്മുടെ പ്രേഷിതദൗത്യം എന്താണെന്ന്. അങ്ങനെ പങ്കുവയ്ക്കലിന്റെയും പരസ്‌നേഹത്തിന്റെയും കരുതലിന്റെയും പുതിയൊരു ലോകം നമുക്ക് കെട്ടിപ്പെടുക്കാം. അതിനുള്ള അനുഗ്രഹത്തിനായി തികഞ്ഞ സ്‌നേഹത്തോടും ഉറച്ച വിശ്വാസത്തോടും പൂര്‍ണ്ണഹൃദയത്തോടും വിനീതമനസോടും അഗാധമായ മനസ്താപത്തോടും നിഷ്‌കളങ്കമായ പ്രാര്‍ത്ഥനയോടും കൂടി ഈ വിശുദ്ധ ബലിയില്‍ നമുക്ക് പങ്കുചേരാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. അജോ കൊച്ചുറുമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.