ഞായര്‍ പ്രസംഗം ഉയിര്‍പ്പുകാലം ഒന്നാം ഞായര്‍ ഏപ്രില്‍ 17, ഉയിര്‍പ്പ് – പ്രതീക്ഷയുടെ ഉത്സവം

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞവരേ,

മനുഷ്യന്‍ നിര്‍ണ്ണയിച്ച അന്ത്യത്തിനു മേല്‍ ദൈവം പുലര്‍ത്തിയ വിജയത്തിന്റെ മിശിഹാരഹസ്യമാണ് ഉത്ഥാനം. ആ ഉത്ഥാനം എന്ന മൂലക്കല്ലിനെ ആധാരശിലയാക്കി പണിയപ്പെട്ട വിശ്വാസസൗധമാണ് തിരുസഭ. അങ്ങനെയുള്ള തിരുസഭ ഇന്ന് കര്‍ത്താവിന്റെ ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കുമ്പോള്‍ സഭ നമ്മിലേക്ക് പങ്കുവച്ചു നല്‍കുക, ഉത്ഥാനം എന്നുള്ളത് ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം പ്രത്യാശയുടെയും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും തിരുനാളാണ് എന്നുള്ള വസ്തുതയാണ്. അടയ്ക്കപ്പെട്ട കല്ലറയുടെ ജീവിതശൈലിയില്‍ നിന്ന് തുറക്കപ്പെട്ട കണ്ടുമുട്ടലിന്റെ ജീവിതശൈലിയിലേക്ക് വളരാന്‍ ക്രിസ്തുവിന്റെ ഉത്ഥാനം നമ്മോട് ആഹ്വാനം ചെയ്യുകയാണ്. നമ്മുടെ വ്യാകുലതകളുടെ ഇരിപ്പിടങ്ങളില്‍ നിന്ന്, അസ്വസ്ഥതകളുടെ ചങ്ങലക്കെട്ടുകളില്‍ നിന്ന് ക്രിസ്തു എന്ന ഉണര്‍വിലേക്ക് ചുവടുവയ്ക്കാന്‍ ആ ക്രിസ്തുവിനെ അനുധാവനം ചെയ്യാന്‍ തിരുസഭ നമ്മെ നിയുക്തരാക്കുകയും ചെയ്യുന്ന ഒരു ദിനവും കൂടിയാണ് കര്‍ത്താവിന്റെ ഈ ഉയിര്‍പ്പു തിരുനാള്‍.

കാല്‍വരിയും അവിടെ ഉയര്‍ന്ന മരക്കുരിശും ദുഃഖവെള്ളിയും അതിന്റെ കദനഭാരവുമൊക്കെ നമ്മുടെ ഹൃദയങ്ങളില്‍ വേദനയുടെ കനലുകള്‍ വാരിവിതറിയെങ്കില്‍ ഈശോയുടെ ഉത്ഥാനം നിത്യസന്തോഷത്തിന്റെ, ആഹ്ലാദത്തിന്റെ അതിലുപരി നമ്മുടെ വിശ്വാസത്തിന്റെ ഉജ്ജ്വലനമായി രൂപപ്പെടുകയാണ്. ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പറയുന്നുണ്ട്, “ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും ക്രിസ്തുമതത്തിന്റെ ഹൃദയമാണ്.” ഈ ലോകത്തില്‍ അവസാനിക്കാനുള്ളതല്ല. മനുഷ്യന്റെ ജീവിതം മരണശേഷം ഉത്ഥാനമുണ്ടെന്നും അവന്റെ ആത്മാവ് അനശ്വരമാണ് എന്നുമുള്ള ദൈവിക വെളിപ്പെടുത്തലാണ് ഉത്ഥിതനായ മിശിഹാ നമുക്കു നല്‍കുക. അവിടുന്ന് സഹനത്തെയും മരണത്തെയും അഭിമുഖീകരിച്ച് അതിന്മേല്‍ വിജയം നേടി നമ്മെ പ്രത്യാശയിലേക്കു നയിച്ചു. അത്തരത്തില്‍ പ്രത്യാശയുടെ സന്ദേശം നല്‍കുന്ന മഹത്തായ ദൈവവചനഭാഗങ്ങളാണ് ഇന്ന് തിരുസഭ നമ്മളുമായി പങ്കുവയ്ക്കുക.

ആദ്യവായനയില്‍ ദൈവം ഐസയാസ് പ്രവാചകന് നല്‍കുന്ന പ്രവാചകദൗത്യമാണ് നാം വായിച്ചുകേട്ടത്. ഇത് രക്ഷയുടെ വാഗ്ദാനമാണ്. ചിതറിക്കപ്പെട്ട ഇസ്രായേല്‍ ജനത്തിന് ദൈവം നല്‍കുന്ന വാഗ്ദാനം. ചിതറിപ്പോയതിനെ ഒരുമിച്ചുകൂട്ടുകയും മുറിവേറ്റതിനെ വച്ചുകെട്ടുകയും അങ്ങനെ തന്റെ ജനത്തെ ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടേയുമൊക്കെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തും എന്നുള്ള വാഗ്ദാനം. സ്‌നേഹമുള്ളവരേ, നമ്മില്‍ ദൈവവും ദൈവീകാനുഭവവും നഷ്ടപ്പെടുമ്പോഴാണ് ദുഃഖവെള്ളികള്‍ ഉണ്ടാകുന്നത്. അങ്ങനെ ദുഃഖവെള്ളികള്‍ ഉണ്ടാകുമ്പോള്‍ നിരാശരാകാതെ ക്രിസ്തുവിലേക്ക്, ക്രിസ്തുവിന്റെ ഉത്ഥാനത്തിലേക്ക് നമുക്ക് മിഴികള്‍ പതിപ്പിക്കാം. കാരണം, ഉത്ഥാനം പ്രത്യാശയുടെ തിരുനാളാണ്, വിശ്വാസത്തിന്റെ ആഘോഷമാണ്.

ശ്ലീഹന്മാരുടെ നടപടി പുസ്തകം ഓര്‍മ്മിപ്പിക്കുന്നത് മിശിഹായുടെ പ്രവര്‍ത്തനങ്ങളും അവിടുത്തെ പീഢാനുഭവ കുരിശുമരണ ഉത്ഥാനരഹസ്യങ്ങളും സുനിശ്ചിതമായ ഒരു ദൈവികപദ്ധതിയാണ് എന്നുള്ള സത്യമാണ്. ആ പദ്ധതിയെ മനസിലാക്കാന്‍ കര്‍ത്താവിന്റെ ഉത്ഥാനം വരെ ശിഷ്യസമൂഹത്തിന് കാത്തിരിക്കേണ്ടി വന്നു. പിന്നീടങ്ങോട്ട് അടിമത്തത്തിന്റെ ആത്മാവില്‍ നിന്ന് കര്‍ത്താവിന്റെ സ്വര്‍ഗ്ഗരാജ്യത്തെ പ്രഘോഷിക്കുന്ന ചുറുചുറുക്കുള്ള ക ര്‍ത്താവിന്റെ ആത്മാവ് നിറഞ്ഞ, കര്‍ത്താവിന്റെ ആത്മാവിനെ ധരിച്ച വചനപ്രഘോഷകരായി അവര്‍ ലോകത്തെ കീഴടക്കുന്ന ഒരു കാഴ്ചയാണ് പുതിയനിയമ ഏടുകളില്‍ നിന്ന് നാം ദര്‍ശിക്കുക. ഇന്ന് കര്‍ത്താവിന്റെ ഉത്ഥാനത്തില്‍ നാം സന്തോഷിക്കുമ്പോള്‍ തീക്ഷ്ണതയോടെ, ശ്ലീഹന്മാര്‍ പ്രഘോഷിച്ച കര്‍ത്താവിന്റെ വചനം നമ്മുടെ ജീവിതത്തിലൂടെ അനേകര്‍ക്ക് പങ്കുവച്ചു നല്‍കണം എന്നുള്ള സാര്‍വ്വത്രിക ദൗത്യത്തിലേക്ക് തിരുസഭ നമ്മെ ക്ഷണിക്കുകയാണ്.

കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രാരംഭത്തിലെ വലിയ സാമ്രാജ്യശക്തി സ്‌പെയിന്‍ ആയിരുന്നു. സ്‌പെയിനിന്റെ അതിര്‍ത്തി ജിബ്രാള്‍ട്ടര്‍ കടലിടുക്കാണ്. അതിനപ്പുറം നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന അറ്റ്‌ലാന്റിക് സമുദ്രമാണ്. സ്‌പെയിനിന്റെ ഔദ്യോഗികമുദ്രയായി ജിബ്രാള്‍ട്ടര്‍ കടലിടുക്കിനെ ചിത്രീകരിച്ച നാണയങ്ങളില്‍ ‘Nihil Ultra’ ‘അപ്പുറത്ത് ഒന്നുമില്ല’ എന്ന് മുദ്രണം ചെയ്തിരുന്നു. കരകാണാകടലിനപ്പുറം ഒന്നുമില്ല എന്ന് അവര്‍ നൂറ്റാണ്ടുകളായി വിശ്വസിച്ചിരുന്നു. എന്നാല്‍ 1492 -ല്‍ സാങ്താ മരിയ എന്ന കപ്പലില്‍ കൊളംബസ് അമേരിക്കയിലെത്തി തിരിച്ചുവന്നതോടെ സ്‌പെയിന്‍കാര്‍ക്കു മനസിലായി, കടലിനപ്പുറത്ത് ശൂന്യതയല്ല മറ്റൊരു ലോകമുണ്ടെന്ന്. അവര്‍ നാണയങ്ങളിലെ മുദ്രണം തിരുത്തി, ‘Plus Ultra’ ‘അപ്പുറത്ത് പലതുമുണ്ട്.’ മരണം എന്ന കരകാണാക്കടലില്‍ ഇറങ്ങിയവരാരും തിരിച്ചുവന്നിട്ടില്ലാത്തതിനാല്‍ മനുഷ്യന്‍ വിചാരിച്ചു മരണത്തിനപ്പുറം ഒന്നുമില്ല, ശൂന്യത മാത്രമേയുള്ളൂ എന്ന്. എന്നാല്‍ മരണത്തിന്റെ മറുകരയില്‍ നിന്ന് നിത്യജീവന്റെ തീരത്തേക്കുള്ള വഴി തുറന്ന് ക്രിസ്തു ഉത്ഥാനം ചെയ്തപ്പോള്‍ പ്രിയമുള്ളവരേ, ശിഷ്യസമൂഹത്തിന് ബോധ്യമായി ഈ കാണുന്ന മരണത്തിനപ്പുറത്ത് പലതുമുണ്ട് എന്ന്.

സമവീക്ഷണ സുവിശേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഉത്ഥാനാനുഭവം യോഹന്നാന്‍ സുവിശേഷകന്‍ പങ്കുവയ്ക്കുമ്പോള്‍ ഇത് വളരെ പ്രകടവുമാണ്. ക്രിസ്തു ഈ ലോകത്തില്‍ ജീവിച്ചത് മനുഷ്യനായിട്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തികളിലും പ്രവര്‍ത്തനങ്ങളിലും അവന്‍ ദൈവമായിരുന്നു, നന്മയായിരുന്നു. അതിനാല്‍ നമ്മുടെ പീഢകള്‍ സഹിച്ച് കുരിശില്‍ മരിക്കപ്പെട്ട ക്രിസ്തു നന്മയുടെ ലോകത്തെ രൂപപ്പെടുത്തി ഉത്ഥാനം ചെയ്ത് നിത്യജീവന്റെ കവാടവാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് നമുക്കായി കാത്തിരിക്കുന്നു. സഭാപിതാവായ മാര്‍ അപ്രേം പറയുന്നുണ്ട്: “നമ്മുടെ കര്‍ത്താവ് വസ്ത്രമുപേക്ഷിച്ച് മഹത്വത്തിലേക്ക് പ്രവേശിച്ചതു പോലെ നമ്മളും മഹത്വത്തിലേക്ക് പ്രവേശിക്കുന്നത് നമ്മുടെ വസ്ത്രങ്ങളുമായല്ല മറിച്ച് നമ്മുടെ പ്രവര്‍ത്തികളുമായിട്ടാണ്.”

പ്രിയമുള്ളവരേ, ഈ ലോകത്തില്‍ നന്മ ചെയ്ത് ജീവിക്കാനുള്ളതാണ് നമ്മുടെ ജീവിതം. അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ ആരെ ഞാന്‍ മാതൃകയാക്കും എന്നുള്ള ചോദ്യം നമ്മുടെ മനസുകളില്‍ ഉയരുമ്പോള്‍ അതിനുള്ള ഒരേയൊരു ഉത്തരമാണ് ക്രിസ്തു. ഉത്ഥാനം ചെയ്ത ക്രിസ്തു സഭയെ ഭരിക്കുമ്പോള്‍ സഭാംഗങ്ങളായ നമുക്കും ആ ക്രിസ്തുവിന്റെ ചൈതന്യത്തില്‍ ജീവിക്കാം. നന്മ ചെയ്ത് ലോകത്തെ സമ്പന്നമാക്കി നിത്യജീവന്റെ സന്തോഷത്തിലേക്ക് നമുക്ക് പ്രവേശിക്കാം. പ്രിയമുള്ളവരേ, പ്രിതീക്ഷയോടെ, ഉത്ഥാനസന്തോഷത്തില്‍ പരസ്പരം സ്‌നേഹത്തോടെ, ഐക്യത്തോടെ, നമ്മുടെ കുടുംബങ്ങളില്‍, സഭാസമൂഹങ്ങളിലും ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ ജീവിതത്തിലൂടെ പ്രഘോഷിക്കാം. അവിശ്വാസം നമ്മെ നിരാശയുടെ അന്ധകാരത്തില്‍ തള്ളിയിടുമ്പോള്‍ വിശ്വാസം നമ്മില്‍ പ്രത്യാശയുടെ തിരി തെളിക്കുന്നു. നമുക്ക് ഓര്‍മ്മിക്കാം, മനുഷ്യന്റെ മേല്‍ ദൈവം പുലര്‍ത്തിയ അളവില്ലാത്ത സ്‌നേഹത്തിന്റെ ആള്‍രൂപമാണ് ക്രിസ്തു. ആ ക്രിസ്തുവിന്റെ ബലിയില്‍ നാം പങ്കാളികളായിരിക്കുമ്പോള്‍ നമുക്ക് നമ്മുടെ ജീവിതങ്ങളെ തന്നെ സമര്‍പ്പിക്കാം. ക്രിസ്തുവിനെപ്പോലെ നന്മ ചെയ്ത് ജീവിക്കാന്‍ അങ്ങനെ ക്രിസ്തുവിനെ നമ്മിലൂടെ അനേകം പേര്‍ക്ക് പങ്കുവയ്ക്കാന്‍ നമ്മുടെ ജീവിതങ്ങളെ പ്രാപ്തമാക്കണമേ എന്ന് ഈ വിശുദ്ധ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ ജീവിതം നയിക്കാന്‍ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. ജെറിന്‍ കിളിയന്തറ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.