ഞായർ പ്രസംഗം: ശ്ലീഹാക്കാലം ഒന്നാം ഞായർ മെയ് 19, യോഹ. 20: 19-23 ആത്മാവില്‍ പ്രേഷിതരാവുക

ബ്രദര്‍ ഡെറിന്‍ പുല്ലാട്ട് MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞവരെ,

ആരാധനാക്രമവത്സരത്തിലെ പുതിയ കാലത്തിലേക്കു പ്രവേശിച്ചിരിക്കുന്ന ഇന്ന്, ഒരേസമയം ആഘോഷത്തിന്റെയും അനുസ്മരണത്തിന്റെയും ദിനമാണ്. പഴയനിയമത്തിലെ ആദ്യഫല സമര്‍പ്പണത്തിന്റെ അഥവാ വിളവെടുപ്പിന്റെ തിരുനാളിന് ഇതാ പുതിയനിയമത്തില്‍ പുതിയ മാനം കൈവരികയാണ്. ഇന്ന് തിരുസഭ പെന്തക്കുസ്താദിനം ആഘോഷിക്കുകയാണ്; സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ദിനം. ശ്ലീഹാക്കാലത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്ന് സഭ അനുസ്മരിക്കുമ്പോള്‍ മാമ്മോദീസായും തൈലാഭിഷേകവും സ്വീകരിച്ച എല്ലാവരും – ശ്ലീഹന്മാരെപ്പോലെ – ‘അയയ്ക്കപ്പെട്ട’വരാണെന്ന വസ്തുത അടിവരയിട്ട് നമ്മെ ഓര്‍മപ്പെടുത്തുകയാണ്.

ഇന്നത്തെ പഴയനിയമ വായനകള്‍ വിരല്‍ചൂണ്ടുന്നത് മനുഷ്യജീവന്റെ തന്നെ ആധാരമായി നില്‍ക്കുന്നത് ദൈവികജീവനായ ദൈവത്തിന്റെ തന്നെ ശ്വാസമായ ദൈവചൈതന്യമായ പരിശുദ്ധാത്മാവാണ് എന്ന സത്യമാണ്. ഉല്‍പത്തി 2:7-ല്‍ ഇപ്ര കാരം പറയുന്നു: ”ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.” ജോബ് 34: 14-15 വാക്യങ്ങളില്‍ നാം കാണുന്നത് ”അവിടുന്ന് തന്റെ ചൈതന്യം തന്നിലേക്കു പിന്‍വലിച്ചാല്‍ തന്റെ ശ്വാസം തന്നിലേക്കു തിരിച്ചെടുത്താല്‍ എല്ലാ ശരീരവും ഒന്നോടെ നശിക്കും; മനുഷ്യന്‍ പൊടിയിലേക്കു മടങ്ങും.”

പുതിയനിയമ വായനകളില്‍ ഏറെ പ്രത്യേകമായി അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ യേശുവിന്റെ വാഗ്ദാനമായ നിത്യസഹായകനായ പരിശുദ്ധാത്മാവ് ശ്ലീഹന്മാരുടെമേല്‍ എഴുന്നള്ളിവന്നപ്പോഴുണ്ടായ മാറ്റത്തെക്കുറിച്ചാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. യോഹന്നാന്റെ സുവിശേഷം 20-ാം അധ്യായം 22-ാം വാക്യം ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: ”ഇത് പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുള്‍ചെയ്തു; നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.” ദൈവത്തിന്റെ തന്നെ ശ്വാസമാണ് പരിശുദ്ധാത്മാവ് എന്ന് വളരെ സ്പഷ്ടമായി ഈ വാക്യത്തില്‍ കാണാന്‍ സാധിക്കും.

യേശുക്രിസ്തുവില്‍ പുതിയ സൃഷ്ടിയാകേണ്ട ക്രിസ്ത്യാനികളായ എല്ലാവരും സ്വീകരിക്കേണ്ട, സ്വായത്തമാക്കേണ്ട ദൈവാത്മാവിന്റെ ശക്തിയാണ് ഇവിടെ പ്രതിപാദ്യവിഷയം. ജോയല്‍ പ്രവാചകനിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടതും 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യ പെന്തക്കുസ്താദിനത്തില്‍ ഭാഷാവരത്താല്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ ശ്ലീഹന്മാര്‍ക്ക് ശക്തി നല്‍കിയതും ദൈവത്തിന്റെ ശ്വാസമായി നമ്മില്‍ ചൈതന്യമായി നിലകൊള്ളുന്നതും പരിശുദ്ധാത്മാവാണ്. അതേ പരിശുദ്ധാത്മാവിന്റെ നിറവിലൂടെവേണം ഇന്നും സഭ വളരേണ്ടതും പരിപോ ഷിപ്പിക്കപ്പെടേണ്ടതും എന്ന് സഭാമാതാവ് ഇന്നേദിനം ആഹ്വാനം ചെയ്യുന്നു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, ലോകം മുഴുവനിലും രക്ഷയുടെ സന്ദേശം അറിയിക്കുകയെന്നത് ദൈവജനത്തിന്റെ ഉത്തരവാദിത്വമാണ്. ശ്ലീഹന്മാരെപ്പോലെ പ്രേഷിതരായിത്തീരാന്‍ ഈ കാലം നമ്മെ ഏറെ പ്രചോദിപ്പിക്കുന്നു. യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യര്‍ക്ക് സകല ഭയങ്ങളെയും അതിജീവിച്ച് സുവിശേഷം പ്രഘോഷിക്കാന്‍ ശക്തി ലഭിച്ചതു പോലെ, ആധുനികതയുടെ ഈ ലോകത്തില്‍ സഭ ഒട്ടേറെ പ്രതിസന്ധികളും പ്രശ്‌നങ്ങളും നേരിടുന്ന സാഹചര്യത്തില്‍ സഭ ഇനിയും മുന്നോട്ടു പോകേണ്ടത് അതേ ആത്മാവിന്റെ നിറവില്‍ നിന്നായിരിക്കണം.

പരിശുദ്ധ കന്യകാമറിയവും ശ്ലീഹന്മാരും ഒറ്റയ്ക്ക് പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോഴല്ല പരിശുദ്ധാത്മാവിനെ സ്വീകരിച്ചത്, മറിച്ച് സെഹിയോന്‍ മാളികയില്‍ ഒരുമിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോഴാണ്. ആത്മാവ് പറന്നിറങ്ങുന്നത് കൂട്ടായ്മയിലാണ് ഐക്യവും സ്‌നേഹവും സമാധാനവും നിലനില്‍ക്കുന്ന കൂട്ടായ്മകളിലാണ് പരി ശുദ്ധാത്മാവ് പ്രവര്‍ത്തിക്കുക. നമ്മുടെ കുടുംബത്തിലും മറ്റു കൂട്ടായ്മകളിലും ഐക്യത്തോടെ വര്‍ത്തിക്കണമെന്നാണ് തിരുവചനഭാഗം നമ്മെ പഠിപ്പിക്കുന്നത്. ഓര്‍ക്കാം, ”നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവ് തന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു” (റോമാ 8: 26).

വിശ്വാസികളായ നാം ആദ്യമേതന്നെ മനസ്സിലാക്കേണ്ടത് ക്രൈസ്തവജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്. ശിരസ്സായ ക്രിസ്തു തന്റെ അംഗങ്ങളിലേക്കു വര്‍ഷിക്കുന്ന പരിശുദ്ധാത്മാവ് സഭയെ പണിതുയര്‍ത്തുകയും സജീവമാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. നമ്മെ ജീവനുള്ള ദൈവത്തിന്റെ ആലയമാക്കുന്നതിനോടൊപ്പംതന്നെ, പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ശക്തിനല്‍കുന്നു. ‘Christus Vivit’ അഥവാ ‘ക്രിസ്തു ജീവിക്കുന്നു’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ അപ്പോസ്‌തോലിക പ്രബോധനത്തിന്റെ 130-ാം ഖണ്ഡികയില്‍ പരിശുദ്ധാത്മാവിനെ ഫ്രാന്‍സിസ് പാപ്പ വിവരിക്കുന്നത് ‘ദൈവത്തിന്റെ സന്ദേശം ശ്രവിക്കാന്‍ മൃദുലമായി ഹൃദയങ്ങള്‍ തുറക്കുന്നയാള്‍’ എന്നാണ്.

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ, ദൈവാത്മാവ് നമ്മില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ദൈവികപദ്ധതികള്‍ നമ്മിലും നിറവേറുക. നമ്മുടേതായ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ ആത്മാവിന്റെ ചൈതന്യത്തില്‍ സ്വര്‍ഗീയപിതാവിന്റെ ഹിതം നിറവേറ്റുന്നവരായി നമ്മള്‍ വളരാനാണ് ഓരോ പെന്തക്കുസ്താ തിരുനാളും അര്‍ഥം വയ്ക്കുന്നത്. അതിനായി ലേഖന ഭാഗത്ത് വായിച്ചുകേട്ടതുപോലെ ആത്മാവിനാല്‍ നിറയണം. അപ്പോഴാണ് നമ്മുടെ ജീവിതവും അനുഗ്രഹമായി മാറുക.

തങ്ങളുടെ ഗുരുവിന്റെ സന്ദേശവുമായി ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച്, പുതിയ സഭാസമൂഹങ്ങള്‍ക്കു രൂപംകൊടുത്ത ശ്ലീഹന്മാരുടെ കൂട്ടായ്മയിലും ഐക്യത്തിലും നമുക്കും പങ്കുചേരാം. നമ്മള്‍ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണെന്ന സത്യം മുറുകെപ്പിടിച്ചുകൊണ്ട്, അവിടുത്തെ നിരന്തരസഹായത്താല്‍, നമുക്കും ശ്ലീഹന്മാരെ പ്പോലെ മിശിഹായെ പ്രഘോഷിക്കാം.

പരിശുദ്ധമായ അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്ന പരിപാവനമായ ബലിയില്‍ നമുക്കു പ്രാര്‍ഥിക്കാം, സകലത്തെയും വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ, വിശുദ്ധിയില്‍ വളരാന്‍ എന്നെ സഹായിക്കേണമേ. പാപബോധം നല്‍കുന്ന പരിശുദ്ധാത്മാവേ, പശ്ചാത്താപത്താല്‍ വളരാന്‍ എന്നെ അനുഗ്രഹിക്കണമേ. നീതിബോധം നല്‍കുന്ന പരിശുദ്ധാത്മാവേ, നന്മ ചെയ്തു വളരാന്‍ എന്നെ പ്രാപ്തനാക്കണമേ. സര്‍വേശ്വരന്‍ നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ ഡെറിന്‍ പുല്ലാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.