ഞായർ പ്രസംഗം: ഉയിർപ്പുകാലം മൂന്നാം ഞായർ ഏപ്രിൽ 14, യോഹ. 21: 15-19 നീ എന്നെ സ്‌നേഹിക്കുന്നുവോ

ബ്രദര്‍ ആല്‍ബിന്‍ പാലക്കുടിയില്‍ MCBS

മൈ ഫെയര്‍ ലേഡി എന്ന വളരെ മനോഹരമായ ഒരു ഇംഗ്ലീഷ് ചലച്ചിത്രം. അതിലെ നായകനും നായികയും തമ്മില്‍ നല്ല സ്‌നേഹത്തിലാണ്. നായകന്‍ തന്റെ സ്‌നേഹം വാക്കുകളിലൂടെ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷേ, ആ പൂക്കാരി പെണ്‍കുട്ടി ഒരു പ്രത്യേക അവസരത്തില്‍ അവനോടു പറയുന്നു, നീ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ നിന്റെ വാക്കുകളിലൂടെ മാത്രമല്ല, നിന്റെ ചെയ്തികളിലൂടെ പ്രകടമാക്കുക.

ഈശോമിശിഹായില്‍ ഏറെ സ്‌നേഹം നിറഞ്ഞ സഹോദരങ്ങളേ,

ഉയിര്‍പ്പുകാലം മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുമ്പോള്‍ സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. നാം ക്രിസ്തുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ നമ്മുടെ വാക്കുകളിലൂടെ മാത്രമല്ല, പ്രവര്‍ത്തികളിലൂടെ അത് കാണിച്ചുകൊടുക്കുക. ഈശോ പത്രോസിനോടും ആവശ്യപ്പെടുന്നത് ഇതാണ്. നമുക്കറിയാം, കടല്‍ത്തീരത്ത് വല നന്നാക്കിയിരുന്ന അവസരത്തിലാണ് പത്രോസ് യേശുവിനെ ആദ്യമായി കണ്ടുമുട്ടുന്നത്. കൂടെപ്പോരുന്നോ എന്ന ചോദ്യത്തിന് വലയും വള്ളവും ഉപേക്ഷിച്ച് അന്നയാള്‍ ആ ചെറുപ്പക്കാരന്റെ പിറകെ കൂടിയതാണ്. അവനോടൊപ്പം എവിടെപ്പോയാലും അത്ഭുതങ്ങള്‍, ബഹുമാനം, ആദരവ്, സുഭിക്ഷമായ ഭക്ഷണം, അങ്ങനെ കുറവറിയാതെ കഴിഞ്ഞ ഒരുപാട് ദിനങ്ങള്‍.

ഒരിക്കല്‍ കയ്യാഫാസിന്റെ കൊട്ടാരമുറ്റത്ത് തീ കായവെ, ഒരു പെണ്‍കുട്ടിയുടെ, കണ്ണുരുട്ടിയുള്ള ചോദ്യത്തിനു മുമ്പില്‍ പകച്ചുപോകുകയാണ് പത്രോസ്. യേശുനാഥന്‍ പലതവണ പറഞ്ഞതാണ്, സഹനവും കുരിശുമരണവും ഉത്ഥാനവും തനിക്ക് ഉണ്ടാകുമെന്നും കട്ടയ്ക്ക് കൂടെയുണ്ടാകണമെന്നും. പക്ഷേ, തെല്ലുനേരത്തേക്ക് ഗുരുസാന്നിധ്യം പോയെന്ന തോന്നലുണ്ടായപ്പോള്‍, ഉപേക്ഷിച്ച വള്ളവും വലയും വീണ്ടും സ്വന്തമാക്കിക്കൊണ്ട്, പഴയ ജീവിതത്തിലേക്കും ജീവിതസാഹചര്യങ്ങളിലേക്കും പിന്തിരിയുകയാണ് പത്രോസ്. സ്‌നേഹിക്കുകയും എന്നാല്‍ ചില വേളകളില്‍ ഇടറിപ്പോവുകയും ചെയ്യുന്ന പത്രോസിന്റെ അടുക്കലേക്ക് ക്രിസ്തു കടന്നുവരികയാണ്. ക്രിസ്തുവിനെ മറന്ന് താന്‍ നേടാന്‍ ശ്രമിച്ച നേട്ടങ്ങളെല്ലാം വെറുതെയായിപ്പോയി എന്ന തിരിച്ചറിവിന്റെ തീരത്താണ് പത്രോസ് ഇപ്പോള്‍. ഈ പത്രോസിനോടാണ് ക്രിസ്തുവിന്റെ ചോദ്യം. ”പത്രോസേ, ഇവരെക്കാള്‍ അധികമായി നീ എന്നെ സ്‌നേഹിക്കുന്നുവോ?” തന്നെ തള്ളിപ്പറഞ്ഞവനെക്കൊണ്ടു തന്നെ മൂന്നു തവണ ഏറ്റുപറയിപ്പിക്കുകയാണ് ഉത്ഥിതനായ ക്രിസ്തു. ഓരോ തവണയും പത്രോസിന്റെ ഉത്തരം, അവന്റെ വാക്കുകള്‍ ദുര്‍ബലമായിരുന്നു. ഒടുവില്‍ സമ്പൂര്‍ണ്ണമായ സമര്‍പ്പണം. കര്‍ത്താവേ, നിനക്ക് എല്ലാം അറിയാം. എന്റെ ജീവിതവും ജീവിതസാഹചര്യങ്ങളും ബലഹീനതകളും കുറവുകളും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നതുമെല്ലാം. ഉത്ഥിതനെ കണ്ട്, അനുഭവിച്ച പത്രോസ് ഇനി പഴയ പത്രോസ് അല്ല; അവന്‍ ഉറപ്പുള്ള പാറയാണ്. ഈ പാറമേലാണ് ക്രിസ്തു തന്റെ സഭ പണിയുന്നത്.

നിന്റെ സ്‌നേഹം പ്രകടമാക്കുക. ഇതുതന്നെയാണ് ഉത്ഥിതനായ ഈശോ ഇന്ന് നമ്മോടും ആവശ്യപ്പെടുന്നത്. നമുക്ക് ദൈവത്തോടും നമ്മുടെ സഹോദരങ്ങളോടും സ്‌നേഹം പ്രകടിപ്പിക്കാനുള്ള എത്രയോ അവസരങ്ങള്‍ ലഭിച്ചു, എത്രയോ അവ സരങ്ങള്‍ വെറുതെ കടന്നുപോയി, എന്റെ ഉള്ളില്‍ എല്ലാവരോടും ഒത്തിരി സ്‌നേഹമുണ്ട് എന്നുപറഞ്ഞ് സ്വയം സമാധാനിപ്പിക്കുകയാണ് ഞാനും നിങ്ങളുമെല്ലാം. എന്റെയും നിങ്ങളുടെയും മനസ്സില്‍ സ്‌നേഹമുണ്ട് എന്ന് അപരന്‍ എങ്ങനെ അറിയും. കത്താത്ത തിരികളും വിടരാത്ത പുഷ്പങ്ങളും പ്രയോജനരഹിതമായതുപോലെ തന്നെയാണ് സ്‌നേഹം പ്രകടിപ്പിക്കാത്ത നാം ഓരോരുത്തരും. സ്‌നേഹം, അത് പ്രകടിപ്പിക്കാനുള്ളതാണ് എന്ന ഒരു വലിയ സന്ദേശം ഇന്നത്തെ വചനം നമുക്കു നല്‍കുന്നുണ്ട്. സ്‌നേഹം പ്രകടിപ്പിച്ച പത്രോസിന്റെ വലിയ ജീവിതമാതൃകയും നമുക്ക് മുന്‍പിലുണ്ട്. സുന്ദരകവാടത്തിനു മുന്നിലൂടെ നടക്കവെ ഒരു മുടന്തനോട് അയാള്‍ പറഞ്ഞു: ”സ്വര്‍ണമോ, വെള്ളിയോ ഇല്ല; നസ്രായനായ യേശു മാത്രം. എഴുന്നേറ്റു നടക്കുക.”

നടപടി പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോള്‍ ക്രിസ്തുവിനു വേണ്ടി ധൈര്യപൂര്‍വം പ്രസംഗിക്കുന്ന, അവനുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന, കാരാഗൃഹത്തില്‍ കിടക്കുന്ന, ക്രിസ്തുവിനെ തന്റെ നിഴലാക്കി മാറ്റിയ പത്രോസിനെ നാം കണ്ടുമുട്ടും. ക്രിസ്തുവിനെപ്പോലെ മരിക്കാനുള്ള യോഗ്യത എനിക്കില്ല എന്നുപറഞ്ഞ് കുരിശില്‍ തല കീഴായി തൂങ്ങിമരിക്കുന്ന പത്രോസിനെ, സ്‌നേഹം തന്റെ ചെയ്തികളിലൂടെ പ്രകടമാക്കിയ പത്രോസിനെ പാരമ്പര്യങ്ങളില്‍ നാം കാണും.

ഇന്നത്തെ പഴയനിയമ വായനയിലേക്ക് കടന്നുവരുമ്പോള്‍, മരുഭൂമിയിലൂടെ ആടുകളെ നയിച്ചുനീങ്ങിയ ആ യുവാവ് ഒരു അത്ഭുതദൃശ്യം കാണുന്നു. ഒരു മുള്‍പ്പടര്‍പ്പ് കത്തിജ്വലിക്കുന്നു. പക്ഷേ, എരിഞ്ഞ് ചാമ്പലാകുന്നില്ല. ഒരിക്കലും അസ്തമിക്കാത്ത കര്‍ത്താവിന്റെ സ്‌നേഹത്തെ അനുഭവിച്ചു കഴിയുമ്പോള്‍, ആ യുവാവ്, കര്‍ത്താവിനുവേണ്ടി ഇസ്രായേല്‍ മക്കളുടെ ഇടയനാകുന്നു. പിന്നീട് മോശ എന്ന ആ ചെറുപ്പക്കാരന്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കും. നമുക്കറിയാം, ഇന്ന് ദൈവവിളി ഞായര്‍ കൂടിയാണ്. ക്രിസ്തുവിനു വേണ്ടി അപരനെ സ്‌നേഹിക്കാനും മറ്റുള്ളവരുടെ ഇടയന്മാരാകാനുമുള്ള വിളി ഓരോ ക്രൈസ്തവനുമുണ്ട്. ഇടയന്മാരായി നില്‍ക്കുമ്പോള്‍, തീര്‍ച്ചയായും സഹ നങ്ങളുണ്ടാകും. മറ്റുള്ളവര്‍ക്കുവേണ്ടി പീഡനങ്ങള്‍ സഹിക്കേണ്ടിവരും. സഹനമില്ലാതെ സ്‌നേഹമില്ല എന്ന വലിയ തിരിച്ചറിവ് നമുക്കുണ്ടായിരിക്കട്ടെ. അതുപോലെ തന്നെ എല്ലാറ്റിലുമുപരിയായി ദൈവത്തെയും നമ്മുടെ സഹോദരരെയും സ്‌നേഹിക്കാന്‍ നമുക്കു ശ്രദ്ധിക്കാം.

വൃദ്ധസദനത്തിലെത്തിയ മകനോട് അമ്മ ചോദിച്ചു: ”നിനക്ക് ഇടയ്‌ക്കൊക്കെ എന്നെ ഒന്ന് വിളിച്ചുകൂടേ?” മകന്‍ ദേഷ്യത്തോടെ ചോദിച്ചു: ”ഞാന്‍ ഇടയ്‌ക്കൊക്കെ വരുന്നുണ്ടല്ലോ? ക്രിസ്തുമസിനും ഈസ്റ്ററിനും. അതുതന്നെ വലിയ കാര്യം. ഇവിടുത്തെ മറ്റാള്‍ക്കാരെ കാണാന്‍ ആരെങ്കിലും എത്താറുണ്ടോ.” ”ഇല്ല” എന്ന് അമ്മയുടെ മറുപടി. അമ്മയുടെ ചോദ്യം അനിഷ്ടമായ അവന്‍ ഉടന്‍ സ്ഥലം വിട്ടു. കണ്ണീരോടെ അമ്മ ഓര്‍ത്തു, കഷ്ടപ്പാടുകള്‍ സഹിച്ച് ഇവനെ ഉദരത്തില്‍ വഹിച്ചതും നൊന്തു പ്രസവിച്ചതും പാലൂട്ടി വളര്‍ത്തിയതും പ്രതിഫലം പ്രതീക്ഷിച്ചല്ല, മറ്റെല്ലാത്തിലുമുപരി അവനെ സ്‌നേഹിച്ചതുകൊണ്ടായിരുന്നു. ഇപ്പോള്‍ അവന്‍, തന്നെ കാണാനെത്തുന്നത് സ്‌നേഹം കൊണ്ടല്ല, മറിച്ച് ആളുകളെ കാണിക്കാനാണ്. ‘ആട്ടിയുറക്കിയ അമ്മയെ ആട്ടിയിറക്കിയത് മക്കളാണത്രേ’ എന്ന വരികള്‍ എത്ര നൊമ്പരപ്പെടുത്തുന്നതാണ്.

എല്ലാറ്റിലും ഉപരിയായിട്ടല്ലെങ്കിലും നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന്, എല്ലാ വൃദ്ധമാതാപിതാക്കളും മക്കളോട് മൗനമായി ചോദിക്കുന്നുണ്ട്. ഉണ്ട് എന്ന് ഉറക്കെ പറയുന്നതിനുമുമ്പ് ഒന്ന് ആലോചിക്കുക, സ്‌നേഹിക്കുന്നുണ്ടോ ഞാന്‍. അത് മാതാ പിതാക്കളെയാകാം, മക്കളെയാകാം, ജീവിതപങ്കാളിയെ ആകാം, സഹോദരങ്ങളെയാകാം. പത്രോസ് ഒടുവില്‍ തന്റെ ജീവിതം കൊണ്ട് സ്‌നേഹം കാണിച്ചുകൊടുത്തു. നമുക്ക് അവശേഷിക്കുന്നതും ജീവിതമാണ്. പത്രോസ് ശ്ലീഹാ തന്റെ ലേഖനത്തില്‍ പറയുന്നതുപോലെ, ഉത്ഥിതനിലുള്ള വിശ്വാസത്തെ സുകൃതം കൊണ്ടും സുകൃതത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ആത്മനിയന്ത്രണം കൊണ്ടും ആത്മനിയന്ത്രണത്തെ സ്ഥൈര്യം കൊണ്ടും സ്ഥൈര്യത്തെ ഭക്തി കൊണ്ടും ഭക്തിയെ സാഹോദര്യം കൊണ്ടും സാഹോദര്യത്തെ സ്‌നേഹം കൊണ്ടും സമ്പൂര്‍ണ്ണമാക്കാന്‍ നമുക്ക് പരമാവധി യത്‌നിക്കാം. എല്ലാമറിയുന്ന ദൈവത്തില്‍ നമുക്ക് സമ്പൂര്‍ണ്ണമായ സമര്‍പ്പണം നടത്താം.ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനു ഗ്രഹിക്കട്ടെ.

ബ്രദര്‍ ആല്‍ബിന്‍ പാലക്കുടിയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.