ഞായർ പ്രസംഗം: നോമ്പുകാലം ആറാം ഞായർ മാർച്ച് 17 മർക്കോ. 8:31-9:1 സഹനങ്ങളിലെ കൃപ

ബ്രദര്‍. ജോണ്‍ ചിറയത്ത്‌

ഈശോമിശിഹായില്‍ സ്‌നേഹം നിറഞ്ഞവരേ,

ഈശോയുടെ പീഢാസഹനവും മരണവും അനുസ്മരിക്കുന്ന വിശുദ്ധവാരത്തിലേക്കു കടക്കുന്നതിന്റെ ഒരുക്കമായി സഹനത്തിന്റെ മൂല്യത്തെക്കുറിച്ചാണ് ഈ ആഴ്ചയില്‍ സഭ നമ്മെ പഠിപ്പിക്കുന്നത്.വി. മര്‍ക്കോസ് എഴുതിയ സുവിശേഷം 8:31-9:1 വരെയുള്ള വാക്യങ്ങള്‍ നാം നോക്കുമ്പോള്‍ ‘മനുഷ്യപുത്രന്‍’ എന്നാണ് ഇവിടെ യേശു തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. യേശു തന്റെ ദൈവാധികാരത്തെ സൂചിപ്പിക്കാനായിരുന്നു ഈ പദം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇവിടെ യേശു തന്റെ പീഡാസഹനവുമായി ബന്ധപ്പെടുത്തിയാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്.

പഴയനിയമത്തിലെ മനുഷ്യപുത്രന്‍ ഒരേസമയം സഹിക്കുന്നവനും മരിക്കുന്നവനും മഹത്വീകൃതനുമാണ്. അതുകൊണ്ടുതന്നെ യേശുസങ്കല്‍പത്തിലെ മിശിഹായെ ഏറ്റവും ശക്തമായി അവതരിപ്പിക്കുന്ന പദമാണ് ‘മനുഷ്യപുത്രന്‍’ എന്നത്. യേശു തന്റെ സഹനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല, മറിച്ച് സൂചിപ്പിക്കുകയാണ് ചെയ്തത് എന്ന് സുവിശേഷത്തില്‍ വ്യക്തമാണ്. മിശിഹാ സഹിക്കുകയും മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യണമെന്ന ഈ വെളിപാട് ശിഷ്യര്‍ക്ക് അഗ്രാഹ്യവും അസ്വീകാര്യവുമായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പ്രത്യേകിച്ച്, പത്രോസിന് യേശു പറഞ്ഞത് എന്താണെന്ന് മനസ്സിലായി എങ്കിലും അത് അംഗീകരിക്കാന്‍ ഒരുക്കമല്ലായിരുന്നു.

ശക്തനായ രാജാവെന്ന പരമ്പരാഗത മിശിഹാസങ്കല്‍പത്തെ സഹനദാസനായ മിശിഹാ എന്ന സങ്കല്‍പവുമായി വച്ചുമാറാന്‍ പത്രോസ് തയ്യാറായിരുന്നില്ല. യേശുവിനെ തടയാനുള്ള പത്രോസിന്റെ ശ്രമവും നമുക്കു കാണാന്‍ സാധിക്കും. എന്നാല്‍ പത്രോസിന്റെ തടസ്സവാദത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത് സാത്താനാണെന്ന തിരിച്ചറിവു മൂലമാണ് പത്രോസിനെ യേശു ‘സാത്താന്‍’ എന്നു വിളിക്കുന്നത്. തന്റെ സഹനം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ശിഷ്യന്മാരോട്, സഹനം തന്റെ മാത്രം നിയോഗമല്ലെന്നും തന്റെ ശിഷ്യത്വം ആഗ്രഹിക്കുന്ന എല്ലാവരും തന്നെപ്പോലെ തന്നെ സഹിക്കേണ്ടിവരുമെന്ന് ഈ അധ്യായത്തിലൂടെ നമ്മോടു പറയുന്നുണ്ട്.

യേശുവിന്റെ ശിഷ്യനാകാന്‍ രണ്ട് നിബന്ധനകളുണ്ട്. ഒന്നാമത്തേത്, ആത്മപരിത്യാഗമാണ്. അതായത് തന്നെത്തന്നെ പരിത്യജിക്കണം. രണ്ടാമത്തേത്, അനുഗമിക്കുക എന്നതാണ്. ക്രൂശിതനെ അനുഗമിക്കുന്നവര്‍ക്ക് കുരിശ് ഒഴിവാക്കാനാവില്ല. സഹനങ്ങളെ നാം ഒരിക്കലും തേടിനടക്കണമെന്നില്ല. സുവിശേഷത്തിലെ യേശുവിനെ അനുഗമിക്കുകയും അനുകരിക്കുകയും ചെയ്യുമ്പോള്‍ സഹനവഴികളിലൂടെ നാം കടന്നുപോകേണ്ടതായി വരും.

സഹനത്തെക്കുറിച്ച് വി. ഫൗസ്റ്റീന തന്റെ ഡയറിയില്‍ കുറിച്ചത് ഇങ്ങനെയാണ്: ”സഹിക്കുന്ന ആത്മാവേ, ദൈവം നിന്നെ എത്രയധികമായി സ്‌നേഹിക്കുന്നു എന്നു നീ അറിയുകയാണെങ്കില്‍ നീ സന്തോഷാധിക്യത്താല്‍ മരിക്കും. ഒരു ദിവസം നിന്റെ സഹനത്തിന്റെ മൂല്യം നീ അറിയും. അന്നു നിനക്ക് സഹിക്കാന്‍ പറ്റില്ല.”നിയമാവര്‍ത്തന പുസ്തകം എട്ടാം അധ്യായം ഒന്നു മുതല്‍ 10 വരെയുള്ള വാക്കുകളില്‍ നമുക്കു കാണാന്‍ സാധിക്കും, വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയില്‍ ഇസ്രായേല്‍ ജനത്തിന്റെ നിരവധി സഹനങ്ങള്‍ നേരിടേണ്ടിവന്നപ്പോള്‍ മൂശ ജനങ്ങളോടു പറയുന്നത് ഇപ്രകാരമാണ്: ”നമ്മള്‍ അവിടുത്തെ കല്‍പനകള്‍ അനുസരിക്കുമോ ഇല്ലയോ എന്നറിയാന്‍ വേണ്ടിയാണ് പരീക്ഷണങ്ങളും സഹനങ്ങളും അവിടുന്ന് അനുവദിക്കുന്നത്.”

പീഡനങ്ങളുടെ കാലത്ത് മക്കബായ വിപ്ലവനേതാവ് യൂദാസ്, കര്‍ത്താവിന്റെ നിയമത്തിനും രാജ്യത്തിനും വേണ്ടി മരിക്കാന്‍പോലും ജനത്തെ സജ്ജരാക്കിയ സംഭവം ഇന്നത്തെ രണ്ടാം പ്രഘോഷണത്തില്‍ നാം ശ്രവിക്കുകയുണ്ടായി. മിശിഹായെപ്രതി സഹിക്കേണ്ടിവന്നാല്‍, അവിടുത്തെ പീഡകളില്‍ പങ്കുകാരാകേണ്ടിവന്നാല്‍ അത് ഭാഗ്യമായി കരുതി ആഹ്ലാദിക്കാന്‍ സാധിക്കണമെന്ന് പത്രോസ് ശ്ലീഹാ ഇന്നത്തെ ലേഖനത്തിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

നാം ഓന്നോര്‍ത്താല്‍, നമ്മുടെ പല വിജയങ്ങളുടെയും പിന്നില്‍ സഹനം മറഞ്ഞിരിക്കുന്നില്ലേ? പല, വലിയതും നല്ലതുമായ കാര്യങ്ങള്‍ മനുഷ്യന്‍ നേടിയെടുത്തിട്ടുള്ളത് സഹനങ്ങളിലൂടെയാണ്. ഒരുപക്ഷേ, നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥ എന്നു നാം കരുതുന്ന സമയം തന്നെയായിരിക്കും അനുഗ്രഹത്തിന്റെ നിമിഷവും. ഈശോ കുരിശിലായിരുന്ന സഹന നിമിഷം തന്നെയായിരുന്നു ലോകരക്ഷയുടെ നിമിഷവും.

ഈ നോമ്പുകാലത്തില്‍ അത്ഭുതങ്ങളിലൂടെ യേശുവിനെ മാത്രമല്ല, ക്രൂശിതനായ യേശുവിനെയും ഉള്‍ക്കൊള്ളാന്‍ നമുക്കു സാധിക്കണം. പിതാവിന്റെ ഇഷ്ടത്തിന് കുരിശുമരണംവരെ കീഴ്‌വഴങ്ങാന്‍ യേശുവിനെ ശക്തിപ്പെടുത്തിയ ഗത്സമെനിയിലെ പ്രാര്‍ഥനയാകണം ജീവിതത്തില്‍ സഹനങ്ങളുടെ സമയത്തും നമ്മുടെ മാതൃക. സഹനമാകുന്ന കുരിശ് ചുമക്കാനും ഒരു യഥാര്‍ഥ ക്രിസ്തുശിഷ്യനാകാനും സര്‍വശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ട. ആമ്മേന്‍.

ബ്രദര്‍. ജോണ്‍ ചിറയത്ത്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.