
“… നല്ല വിത്തുകൾ ദൈവരാജ്യത്തിന്റെ പുത്രന്മാരും കളകൾ ദുഷ്ടന്റെ പുത്രന്മാരുമാണ്” (വാക്യം 38).
“ദൈവം സർവശക്തനെങ്കിൽ എന്തുകൊണ്ടായിരിക്കാം ഈ ലോകത്തിൽ തിന്മകൾ അനുവദിക്കുന്നത്?” എന്ന മനുഷ്യന്റെ ചോദ്യത്തിന് ഒരു ഉത്തരമായി ‘കളകളുടെ ഉപമ’യെ കാണാം. ‘കള’യെ ‘വിള’യാക്കാൻ ദൈവത്തിന് ശക്തിയുണ്ട് എന്നതിനാലാകാം ദൈവം ഈ ലോകത്തിൽ തിന്മകളെ അനുവദിക്കുന്നത്. കള എന്നത് ഒരർഥത്തിൽ മലീമസമാക്കപ്പെട്ട വിള അഥവാ വിത്താണ്. സ്വയം വളർന്നുവലുതാകാൻ വിത്തിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന അന്തർലീനശക്തി മലീമസമാക്കപ്പെട്ടതാണ് കള എന്നു പറയാം.
ഈ അർഥത്തിൽ കുറ്റവാളികൾ, കൊള്ളക്കാർ, പാപികൾ തുടങ്ങി ലോകം കളകളായി കണക്കാക്കുന്ന മനുഷ്യകളകൾ (Human Weeds) പല കാരണങ്ങളാൽ തിന്മയുടെ സ്വാധീനത്താൽ മലീമസമാക്കപ്പെട്ട മനുഷ്യാത്മാക്കളാണ് എന്ന് കരുതാം. പാപിയെ പാപത്തോടു കൂടെ ഉന്മൂലനം എന്ന യഹൂദ മനോഭാവത്തെയാണ് യേശു ഇവിടെ തിരുത്തുന്നത്. പാപത്തെയും പാപിയെയും രണ്ടായി കാണണം.
പൗലോസ് ശ്ലീഹ പഠിപ്പിക്കുന്നതുപോലെ, “…ആരും നശിച്ചുപോകാതെ എല്ലാവരും രക്ഷ പ്രാപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്…” (2 പത്രോസ് 3:9) ‘മനുഷ്യകളകളുടെ’ ഉന്മൂലനമല്ല ,മറിച്ച് പരിവർത്തനമാണ് യേശു ലക്ഷ്യം വയ്ക്കുന്നത്.
മനുഷ്യകളകൾ പ്രക്ത്യക്ഷപ്പെട്ടപ്പോൾ തന്നെ ദൈവം അവയെ നശിപ്പിച്ചിരുന്നുവെങ്കിൽ ഒരുകാലത്ത് മനുഷ്യകളകളായിരുന്ന, ചുങ്കക്കാരനായ ലേവിയെ തീക്ഷ്ണമതിയായ മത്തായി ശ്ലീഹായായി, വേശ്യയായിരുന്ന മഗ്‌ദലേന മറിയത്തെ ആദ്യത്തെ വനിതാ ക്രിസ്തുസാക്ഷിയായി, യഹൂദ മതതീവ്രവാദിയായിരുന്ന സാവൂളിനെ സുവിശേഷപ്രവര്‍ത്തകനും അപ്പസ്‌തോലനുമായിത്തീർന്ന പൗലോസ് ശ്ലീഹായായി, മോനിക്കയുടെ താന്തോന്നിയായിരുന്ന മകനെ വി. അഗസ്തീനോസായി ഒക്കെ ലോകത്തിനും സഭയ്ക്കും ലഭിക്കുമായിരുന്നില്ല!
മനുഷ്യകളകളെ വിശുദ്ധിയുടെ വിത്തുകളാക്കുന്നത് ദൈവകാരുണ്യമാണ്. ശിക്ഷയിലൂടെയോ, പാപിയുടെ ഉന്മൂലനത്തിലൂടെയോ അല്ല, മറിച്ച് ദുഷ്ടന്മാർക്കും തിന്മ പ്രവർത്തിക്കുന്നവർക്കും ദൈവകരുണയുടെ മുഖം വെളിപ്പെടുത്തിയാണ് അവരിൽ രൂഢമൂലമായ പരിവർത്തനം വരുത്താൻ സാധിക്കുന്നത്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




