ലത്തീൻ ജനുവരി 26 ലൂക്കാ 10: 1-9 സമൂഹാത്മക സാക്ഷ്യം

“അനന്തരം, കര്‍ത്താവ്‌ വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്‌, പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കും ഈരണ്ടു പേരായി അവരെ തനിക്കു മുമ്പേ അയച്ചു” (ലൂക്കാ 10:1).

യേശു സുവിശേഷം പ്രസംഗിക്കാനായി ശിഷ്യന്മാരെ ഈരണ്ടു പേരുടെ ഗണങ്ങൾ ആയിട്ട് അയക്കുന്നു. എടുത്തുചാട്ടക്കാരനും ഭീരുവുമായ പത്രോസ്, സംശയാലുവായ തോമസ്, ശാന്തനും ധ്യാനനിരതനുമായ യൂദാ തദേവൂസ്, തീവ്രവാദിയായ ശിമയോൻ,  നിഷ്കപടനായ ബർത്തലോമിയോ എന്നിങ്ങനെ ബഹുലസ്വഭാവങ്ങൾ ഉള്ളവരെ തന്റെ ശിഷ്യരായി തിരഞ്ഞെടുക്കുക വഴി യേശു ഒരു കാര്യം ലക്ഷ്യം വച്ചിട്ടുണ്ടായിക്കണം.  വൈജാത്യങ്ങൾക്കിടയിലും സഹവാസത്തിന്റെയും സമൂഹജീവിതത്തിന്റെയും ഒരു സാക്ഷ്യം അവർ ലോകത്തിന്റെ മുൻപിൽ ജീവിച്ചു കാണിക്കണം.

ക്രിസ്തുവിന്റെ അനുയായികളായിരിക്കുക എന്നത് അടിസ്ഥാനപരമായി പരിശുദ്ധ ത്രീത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു സമൂഹമായി ഐക്യത്തിൽ ആയിരിക്കുന്നതുപോലെ ക്രിസ്തുവിൽ സഹോദരീ-സഹോദരന്മാരായി ജീവിക്കുന്നതിലാണ്. ക്രിസ്തുകേന്ദ്രീകൃത സുവിശേഷ-സാക്ഷ്യശൈലി വ്യക്തികേന്ദ്രീകൃതമല്ല മറിച്ച് സമൂഹത്മകമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.