ലത്തീൻ നവംബർ 02 യോഹ. 6: 37-40 (സകല മരിച്ചവരുടെയും തിരുനാൾ) ശുദ്ധീകരണസ്ഥലത്തെ സഭ

ഭൂമിയിലെ സഭ (Church on Earth) ശുദ്ധീകരണസ്ഥലത്തെ സഭയെ (Church in Purgatory) ഓർക്കുന്ന ദിനമാണ് സകല മരിച്ചവരുടെയും തിരുനാൾ. ശുദ്ധീകരണസ്ഥലം എന്നത് പാപം ചെയ്ത മനുഷ്യാത്മക്കളെ പീഡിപ്പിക്കുന്ന ഒരു തടങ്കൽപാളയമല്ല, മറിച്ച് പാപക്കറയേറ്റ ആത്മാക്കളെ പരിശുദ്ധിയുടെ പൂർണ്ണതയായ ദൈവവുമായുള്ള സംസർഗത്തിന് യോഗ്യത നൽകുന്ന വിശുദ്ധിക്കായി ശുദ്ധീകരിക്കുന്ന ഇടമാണ്. ഇപ്രകാരം ശുദ്ധീകരണസ്ഥലം മനുഷ്യാത്മാവിന്റെ നിത്യമായ നന്മയെ ഉദ്ദേശിച്ചുള്ളതായതിനാൽ ഒരു പീഡനത്തിന്റെ ഇടമായിട്ടല്ല, മറിച്ച് ദൈവകാരുണ്യത്തിന്റെ പ്രകാശനമായിട്ടാണ് കാണേണ്ടത്. അതിനാൽ ശുദ്ധീകരണസ്ഥലം സ്വർഗത്തിലേക്കുള്ള പ്രവേശനത്തിന്റെ ഒരുക്കസ്ഥലമായതിനാൽ സ്വർഗത്തിന്റെ ഭാഗമായാണ് കാണേണ്ടത്.

സകല മരിച്ചവരുടെയും തിരുനാൾ, മരണം മൂലം വേർപെട്ടുപോയ പ്രിയപ്പെട്ടവരോടുള്ള നമ്മുടെ  ആത്മീയസംസർഗത്തെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം പ്രാർഥനയിലൂടെയും വിശുദ്ധ ബലിയർപ്പണത്തിലൂടെയും കാരുണ്യപ്രവർത്തനങ്ങളിലൂടെയും ആത്മീയമായി സഹായിക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിക്കുന്നു. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.